രാജ്യരക്ഷാ മന്ത്രാലയം
രാജ്യത്തെ ആദ്യ തദ്ദേശീയ വിമാനവാഹിനിക്കപ്പൽ ഐഎൻഎസ് വിക്രാന്ത് പ്രധാനമന്ത്രി കമ്മീഷൻ ചെയ്തു
ഇന്ത്യയിലെ പ്രമുഖ വ്യവസായസ്ഥാപനങ്ങളും നൂറിലധികം എംഎസ്എംഇകളും വിതരണംചെയ്ത തദ്ദേശീയ ഉപകരണങ്ങളും യന്ത്രങ്ങളും ഉപയോഗിച്ചാണ് ഐഎൻഎസ് വിക്രാന്ത് നിർമിച്ചത്
അത്യാധുനിക യന്ത്രസംവിധാനങ്ങളോടെ നിർമിച്ചിരിക്കുന്ന വിക്രാന്ത്, ഇന്ത്യയുടെ സമുദ്രമേഖലയുടെ ചരിത്രത്തിൽ ഇതുവരെ നിർമിച്ചതിൽവച്ച് ഏറ്റവും വലിയ കപ്പലാണ്
കോളനിവാഴ്ചയുടെ ഭൂതകാലത്തിൽ നിന്നുള്ള വിടവാങ്ങൽ അടയാളപ്പെടുത്തി പ്രധാനമന്ത്രി പുതിയ നാവികപതാക അനാച്ഛാദനം ചെയ്തു; പതാക ഛത്രപതി ശിവാജിക്കായി സമർപ്പിച്ചു
“ഐഎൻഎസ് വിക്രാന്ത് ഒരു യുദ്ധക്കപ്പൽ മാത്രമല്ല. 21-ാം നൂറ്റാണ്ടിലെ ഇന്ത്യയുടെ കഠിനാധ്വാനത്തിന്റെയും കഴിവിന്റെയും സ്വാധീനത്തിന്റെയും പ്രതിബദ്ധതയുടെയും തെളിവുകൂടിയാണ്”
“ഇന്ത്യ സ്വയംപര്യാപ്തമാകുന്നതിന്റെ അതുല്യമായ പ്രതിഫലനമാണ് ഐഎൻഎസ് വിക്രാന്ത്”
“ഐഎൻഎസ് വിക്രാന്ത് തദ്ദേശീയ സാധ്യതകളുടെയും തദ്ദേശീയ വിഭവങ്ങളുടെയും തദ്ദേശീയ കഴിവുകളുടെയും പ്രതീകമാണ്”
“ഇതുവരെ ഇന്ത്യൻ നാവികസേനയുടെ പതാകയിൽ അടിമത്തത്തിന്റെ സ്വത്വം നിലനിന്നിരുന്നു. എന്നാൽ ഇന്നുമുതൽ ഛത്രപതി ശിവാജിയിൽനിന്നു പ്രചോദനം ഉൾക്കൊണ്ടു നാവികസേനയുടെ പുതിയ പതാക കടലിലും ആകാശത്തും പാറിപ്പറക്കും”
“നാവികസേനയിലെ നിരവധി വനിതാസൈനികർ വിക്രാന്തിൽ നിലയുറപ്പിക്കും. സമുദ്രത്തിന്റെ അളവില്ലാത്ത കരുത്തിനൊപ്പം അതിരുകളില്ലാത്ത സ്ത്രീ ശക്തി നവഭാരതത്തിന്റെ പ്രൗഢമായ സ്വത്വമായി മാറുകയാണ്”
Posted On:
02 SEP 2022 12:02PM by PIB Thiruvananthpuram
രാജ്യത്തെ ആദ്യ തദ്ദേശീയ വിമാനവാഹിനിക്കപ്പൽ ഐഎൻഎസ് വിക്രാന്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കമ്മീഷൻ ചെയ്തു. കോളനിവാഴ്ചയുടെ ഭൂതകാലത്തിൽ നിന്നുള്ള വിടവാങ്ങൽ അടയാളപ്പെടുത്തി പുതിയ നാവികപതാകയും (നിഷാൻ) പ്രധാനമന്ത്രി അനാച്ഛാദനം ചെയ്തു.
ഇവിടെ, ഇന്ത്യയുടെ കേരള തീരത്ത്, ഓരോ ഇന്ത്യക്കാരനും ഒരു പുതിയ ഭാവിയുടെ ഉദയത്തിനു സാക്ഷ്യംവഹിക്കുന്നുവെന്നു സമ്മേളനത്തെ അഭിസംബോധനചെയ്തു പ്രധാനമന്ത്രി പറഞ്ഞു. ഐഎൻഎസ് വിക്രാന്തിൽ നടക്കുന്ന ഈ പരിപാടി ലോകചക്രവാളത്തിൽ ഉദിച്ചുയരുന്ന ഇന്ത്യയുടെ കാഴ്ചപ്പാടിനുള്ള ആദരമാണ്. സ്വാതന്ത്ര്യസമരസേനാനികൾ കഴിവുറ്റതും കരുത്തുറ്റതുമായ ഇന്ത്യയ്ക്കായി കണ്ട സ്വപ്നത്തിന്റെ പ്രകടനമാണ് ഇന്നു നാം കാണുന്നതെന്നും അദ്ദേഹം പറഞ്ഞു. “വിക്രാന്ത് ബൃഹത്തായതും വിശാലവുമാണ്. വിക്രാന്ത്വൈശിഷ്ട്യമാർന്നതാണ്. വിക്രാന്ത് സവിശേഷതയാർന്നതാണ്. വിക്രാന്ത് വെറുമൊരു യുദ്ധക്കപ്പലല്ല. 21-ാം നൂറ്റാണ്ടിൽ ഇന്ത്യയുടെ കഠിനാധ്വാനത്തിന്റെയും കഴിവിന്റെയും സ്വാധീനത്തിന്റെയും പ്രതിബദ്ധതയുടെയും തെളിവാണിത്. ലക്ഷ്യങ്ങൾ വിദൂരമാണെങ്കിൽ, യാത്രകൾ ദൈർഘ്യമേറിയതാണെങ്കിൽ, സമുദ്രവും വെല്ലുവിളികളും അനന്തമാണ് - അതിനുള്ള ഇന്ത്യയുടെ ഉത്തരമാണു വിക്രാന്ത്. ‘ആസാദി കാ അമൃത് മഹോത്സവ’ത്തിലെ സമാനതകളില്ലാത്ത അമൃതമാണു വിക്രാന്ത്. ഇന്ത്യ സ്വയംപര്യാപ്തമാകുന്നതിന്റെ അതുല്യമായ പ്രതിഫലനമാണ് വിക്രാന്ത്.”- പ്രധാനമന്ത്രി പറഞ്ഞു.
ഒരു വെല്ലുവിളിയും ഇന്നത്തെ ഇന്ത്യയെ സംബന്ധിച്ചിടത്തോളം പ്രയാസകരമല്ലെന്നു രാജ്യത്തിന്റെ പുതിയ മനോഭാവം ചൂണ്ടിക്കാട്ടി പ്രധാനമന്ത്രി പറഞ്ഞു. തദ്ദേശീയ സാങ്കേതികവിദ്യയോടെ ഇത്രയും വലിയ വിമാനവാഹിനിക്കപ്പൽ നിർമിക്കുന്ന ലോകരാജ്യങ്ങളുടെ കൂട്ടത്തിൽ ഇന്ന് ഇന്ത്യയും അംഗമായെന്നും അദ്ദേഹം പറഞ്ഞു. “ഇന്ന് ഐഎൻഎസ് വിക്രാന്ത് രാജ്യത്ത് പുതിയ ആത്മവിശ്വാസം നിറച്ചു. രാജ്യത്ത് പുതിയ ആത്മവിശ്വാസം സൃഷ്ടിച്ചു”. നാവികസേന, കൊച്ചിൻ ഷിപ്പ്‌യാർഡിലെ എൻജിനിയർമാർ, ശാസ്ത്രജ്ഞർ, പദ്ധതിയുടെ ഭാഗമായ തൊഴിലാളികൾ എന്നിവരുടെ സംഭാവനകളെ പ്രധാനമന്ത്രി അംഗീകരിക്കുകയും അവരെ പ്രശംസിക്കുകയും ചെയ്തു. ഓണത്തിന്റെ ആഹ്ലാദകരവും ഐശ്വര്യപൂർണവുമായ അവസരവും ഈ വേളയിൽ കൂടുതൽ സന്തോഷം പകരുന്നെന്നും അദ്ദേഹം പറഞ്ഞു.
ഐഎൻഎസ് വിക്രാന്തിന്റെ ഓരോ ഭാഗത്തിനും അതിന്റേതായ ഗുണങ്ങളുണ്ട്; കരുത്തുണ്ട്. അതിന്റേതായ വികസനയാത്രയുണ്ട്. ഇതു തദ്ദേശീയമായ സാധ്യതകളുടെയും തദ്ദേശീയ വിഭവങ്ങളുടെയും തദ്ദേശീയ കഴിവുകളുടെയും പ്രതീകമാണ്. അതിന്റെ എയർബേസിൽ സ്ഥാപിച്ചിരിക്കുന്ന ഉരുക്കും തദ്ദേശീയമാണ്. ഡിആർഡിഒ ശാസ്ത്രജ്ഞർ വികസിപ്പിച്ച് ഇന്ത്യൻ കമ്പനികൾ നിർമിച്ചതാണത്- അദ്ദേഹം പറഞ്ഞു. കപ്പലിന്റെ ബൃഹത്തായ അനുപാതത്തെക്കുറിച്ചു പറഞ്ഞ പ്രധാനമന്ത്രി, ഇത് ഒഴുകുന്ന നഗരം പോലെയാണെന്നു വിശേഷിപ്പിച്ചു. 5000 വീടുകൾക്കാവശ്യമായ വൈദ്യുതിയാണ് ഇവിടെ ഉൽപ്പാദിപ്പിക്കുന്നതെന്നും ഉപയോഗിച്ചിരിക്കുന്ന വയറുകളുടെ നീളം കൊച്ചിയിൽനിന്നു കാശിയിലെത്തുന്നതിനു തുല്യമാണെന്നും അദ്ദേഹം പറഞ്ഞു. ചുവപ്പുകോട്ടയുടെ കൊത്തളങ്ങളിൽനിന്നു താൻ പ്രഖ്യാപിച്ച പഞ്ചപ്രാണങ്ങളുടെ സത്തയുടെ ജീവസ്സുറ്റ പ്രതീകമാണ് ഐഎൻഎസ് വിക്രാന്തെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യയുടെ സമുദ്രപാരമ്പര്യത്തെക്കുറിച്ചും നാവികശേഷിയെക്കുറിച്ചും പ്രധാനമന്ത്രി സംസാരിച്ചു. ഛത്രപതി വീര ശിവാജി മഹാരാജ്, ഈ കടലിന്റെ കരുത്തിന്റെ ബലത്തിൽ ഇത്തരമൊരു നാവികസേനയ്ക്കു രൂപംനൽകി. അതു ശത്രുക്കളെ വരച്ചവരയിൽ നിർത്തി. ബ്രിട്ടീഷുകാർ ഇന്ത്യയിലേക്കു വരുമ്പോൾ ഇന്ത്യൻ കപ്പലുകളുടെ ശക്തിയിൽ ഭയചകിതരാവുകയും അതിലൂടെ വ്യാപാരം നടത്തുകയും ചെയ്തു. ഇതെത്തുടർന്ന് ഇന്ത്യയുടെ നാവികശക്തിയുടെ നട്ടെല്ലു തകർക്കാൻ അവർ തീരുമാനിച്ചു. അക്കാലത്തു ബ്രിട്ടീഷ് പാർലമെന്റിൽ നിയമം കൊണ്ടുവന്ന് ഇന്ത്യൻ കപ്പലുകൾക്കും വ്യാപാരികൾക്കും എത്രമാത്രം കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തി എന്നതിനു ചരിത്രം സാക്ഷിയാണെന്നും പ്രധാനമന്ത്രി പറഞ്ഞു.
2022 സെപ്തംബർ 2 എന്ന ഈ ചരിത്രദിനത്തിൽ, അടിമത്തത്തിന്റെ ഒരംശം ഇന്ത്യ നീക്കംചെയ്തുവെന്നു പ്രധാനമന്ത്രി പറഞ്ഞു. ഇന്ത്യൻ നാവികസേനയ്ക്ക് ഇന്നു പുതിയ പതാക ലഭിച്ചു. ഇതുവരെ ഇന്ത്യൻ നാവികസേനയുടെ പതാകയിൽ അടിമത്തത്തിന്റെ സ്വത്വം നിലനിന്നിരുന്നു. എന്നാൽ ഇന്നുമുതൽ ഛത്രപതി ശിവാജിയിൽനിന്നു പ്രചോദനം ഉൾക്കൊണ്ട് നാവികസേനയുടെ പുതിയ പതാക കടലിലും ആകാശത്തും പാറിപ്പറക്കും.
നമ്മുടെ സമുദ്രമേഖലയെ സംരക്ഷിക്കാൻ വിക്രാന്ത് ഇറങ്ങുമ്പോൾ നാവികസേനയിലെ നിരവധി വനിതാ സൈനികരും അതിൽ നിലയുറപ്പിക്കുമെന്നു പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. സമുദ്രത്തിന്റെ അളവില്ലാത്ത കരുത്തിനൊപ്പം അതിരുകളില്ലാത്ത സ്ത്രീ ശക്തി നവഭാരതത്തിന്റെ പ്രൗഢമായ സ്വത്വമായി മാറുകയാണ്. ഇപ്പോൾ ഇന്ത്യൻ നാവികസേനയുടെ എല്ലാ ശാഖകളും സ്ത്രീകൾക്കായി തുറക്കാൻ തീരുമാനിച്ചു. നിലവിലുണ്ടായിരുന്ന നിയന്ത്രണങ്ങളാണ് ഇപ്പോൾ നീക്കുന്നത്. കരുത്തുള്ള തിരമാലകൾക്ക് അതിരുകളില്ലാത്തതുപോലെ, ഇന്ത്യയുടെ പുത്രിമാർക്കും അതിരുകളോ നിയന്ത്രണങ്ങളോ ഉണ്ടാകില്ല.
ഓരോ തുള്ളികൾ ചേർന്ന് വലിയ സമുദ്രം രൂപംകൊള്ളുമെന്നു പ്രധാനമന്ത്രി പറഞ്ഞു. ഈ സ്വാതന്ത്ര്യദിനത്തിൽ തദ്ദേശീയമായി നിർമിച്ച പീരങ്കി കൊണ്ടുള്ള സല്യൂട്ടിനെക്കുറിച്ച് അദ്ദേഹം പരാമർശിച്ചു. അതുപോലെ, ഇന്ത്യയിലെ ഓരോ പൗരനും ‘പ്രാദേശികതയ്ക്കായുള്ള ആഹ്വാനം’ എന്ന തത്വത്തിൽ ജീവിക്കാൻ തുടങ്ങിയാൽ, രാജ്യം സ്വയംപര്യാപ്തമാകാൻ അധികനാൾ വേണ്ടിവരില്ല.
മാറിക്കൊണ്ടിരിക്കുന്ന ഭൗമ-നയസാഹചര്യത്തെക്കുറിച്ച് അഭിപ്രായപ്പെട്ട അദ്ദേഹം, മുൻകാലങ്ങളിൽ, ഇന്തോ-പസഫിക് മേഖലയിലെയും ഇന്ത്യൻ മഹാസമുദ്രത്തിലെയും സുരക്ഷാ ആശങ്കകൾ വളരെക്കാലമായി അവഗണിക്കപ്പെട്ടിരുന്നുവെന്നു ചൂണ്ടിക്കാട്ടി. പക്ഷേ, ഇന്ന് ഈ പ്രദേശം നമുക്കു രാജ്യത്തിന്റെ പ്രധാന പ്രതിരോധ മുൻഗണനയാണ്. അതുകൊണ്ടാണു നാവികസേനയുടെ ബജറ്റ് വർധിപ്പിക്കുന്നതുമുതൽ ശേഷിവർധിപ്പിക്കുന്നതുവരെ എല്ലാ ദിശകളിലും ഞങ്ങൾ പ്രവർത്തിക്കുന്നത്- അദ്ദേഹം പറഞ്ഞു. കരുത്തുറ്റ ഇന്ത്യ സമാധാനപരവും സുരക്ഷിതവുമായ ലോകത്തിനു വഴിയൊരുക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.
കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, മുഖ്യമന്ത്രി പിണറായി വിജയൻ, കേന്ദ്രമന്ത്രിമാരായ രാജ്‌നാഥ് സിങ്, സർബാനന്ദ സോനോവാൾ, അജയ് ഭട്ട്, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ, നാവികസേനാ മേധാവി ആർ ഹരികുമാർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
ഐഎൻഎസ് വിക്രാന്ത്
ഇന്ത്യൻ നാവികസേനയുടെ സ്വന്തം യുദ്ധക്കപ്പൽ രൂപകൽപ്പന ബ്യൂറോ (ഡബ്ല്യുഡിബി) രൂപകൽപ്പന ചെയ്ത ഐഎൻഎസ് വിക്രാന്ത്, തുറമുഖ-ഷിപ്പിങ്-ജലപാതാ മന്ത്രാലയത്തിനു കീഴിലുള്ള പൊതുമേഖലാ കപ്പൽശാലയായ കൊച്ചിൻ ഷിപ്പ്‌യാർഡ് ലിമിറ്റഡാണു നിർമിച്ചത്. അത്യാധുനിക യന്ത്രസംവിധാനങ്ങളോടെ നിർമിച്ചിരിക്കുന്ന വിക്രാന്താണ് ഇന്ത്യയുടെ സമുദ്രമേഖലയുടെ ചരിത്രത്തിൽ ഇതുവരെ നിർമിച്ചതിൽവച്ച് ഏറ്റവും വലിയ കപ്പൽ.
1971ലെ യുദ്ധത്തിൽ നിർണായകപങ്കു വഹിച്ച ഇന്ത്യയുടെ ആദ്യത്തെ വിമാനവാഹിനിക്കപ്പലായ വിക്രാന്തിന്റെ പേരാണ് ആദ്യ തദ്ദേശീയ വിമാനവാഹിനിക്കപ്പലിനും നൽകിയിരിക്കുന്നത്. രാജ്യത്തെ പ്രമുഖ വ്യവസായസ്ഥാപനങ്ങളും നൂറിലധികം എംഎസ്എംഇകളും നിർമിച്ചുനൽകിയ നിരവധി തദ്ദേശീയ ഉപകരണങ്ങളും യന്ത്രങ്ങളും കപ്പൽ ഉൾക്കൊള്ളുന്നു. വിക്രാന്ത് കമ്മീഷൻ ചെയ്യുന്നതോടെ പ്രവർത്തനക്ഷമമായ രണ്ടു വിമാനവാഹിനിക്കപ്പലുകൾ ഇന്ത്യക്കു സ്വന്തമാകും. ഇതു രാജ്യത്തിന്റെ സമുദ്രസുരക്ഷയ്ക്കു കരുത്തേകും.
കോളനിവാഴ്ചയുടെ ഭൂതകാലത്തിൽ നിന്നുള്ള വിടവാങ്ങൽ അടയാളപ്പെടുത്തി പുതിയ നാവിക പതാക (നിഷാൻ) ചടങ്ങിൽ പ്രധാനമന്ത്രി അനാച്ഛാദനം ചെയ്തു.
-ND-
(Release ID: 1856237)
Visitor Counter : 318