ഷിപ്പിങ് മന്ത്രാലയം
azadi ka amrit mahotsav

ഇന്ത്യൻ തുറമുഖ ബില്ലി (2022) ന്റെ കരട്, ബന്ധപ്പെട്ടവരുടെ അഭിപ്രായത്തിനായി പുറത്തിറക്കി

Posted On: 18 AUG 2022 4:34PM by PIB Thiruvananthpuram

ന്യൂ ഡൽഹി: ഓഗസ്റ്റ് 18, 2022  

തുറമുഖങ്ങളുമായി ബന്ധപ്പെട്ട നിയമങ്ങൾ ഏകീകരിക്കുന്നതിനും ഭേദഗതി ചെയ്യുന്നതിനുമായി കരട് ഇന്ത്യൻ തുറമുഖ ബിൽ, 2022 (IP ബിൽ 2022) തയ്യാറാക്കിയിട്ടുണ്ട്. തുറമുഖങ്ങളുടെ സംരക്ഷണത്തിനുള്ള നടപടികൾ സ്വീകരിക്കുക; ഇന്ത്യയിലെ ചെറിയ തുറമുഖങ്ങളുടെ കാര്യക്ഷമമായ ഭരണത്തിനും നിയന്ത്രണത്തിനും പരിപാലനത്തിനും ആയി സംസ്ഥാന മാരിടൈം ബോർഡുകളെ ശാക്തീകരിക്കുകയും സ്ഥാപിക്കുകയും ചെയ്യുക; തുറമുഖ സംബന്ധമായ തർക്കങ്ങൾ പരിഹരിക്കുന്നതിന് നീതി ന്യായ സംവിധാനങ്ങൾ തയ്യാറാക്കുക; തുറമുഖ മേഖലയുടെ ഘടനാപരമായ വളർച്ചയും വികസനവും പ്രോത്സാഹിപ്പിക്കുന്നതിന് ഒരു ദേശീയ കൗൺസിൽ സ്ഥാപിക്കുക; രാജ്യത്തിന്റെ തീരപ്രദേശത്തിന്റെ പരമാവധി വിനിയോഗം ഉറപ്പാക്കുക തുടങ്ങിയവയെല്ലാം കരട് ബില്ലിൽ ഉൾപ്പെടുത്തിയിരിക്കുന്നു.

കരട് ഇന്ത്യൻ തുറമുഖ ബിൽ 2022, നിലവിലുള്ള 1908 ലെ നിയമം റദ്ദാക്കി, അതിനു പകരമായാണ് വിഭാവനം ചെയ്തിരിക്കുന്നത്. നിർദ്ദിഷ്ട ബില്ലിന്റെ പ്രാഥമിക ലക്ഷ്യങ്ങൾ നാല് തലങ്ങളിലാണ്:

 1.  സംസ്ഥാനങ്ങൾ തമ്മിലും കേന്ദ്ര- സംസ്ഥാനങ്ങൾ തമ്മിലും, പൂർണ്ണമായും ചർച്ചകളും നിർദേശങ്ങളും അടങ്ങിയ ഒരു ചട്ടക്കൂടിലൂടെ സംയോജിത ആസൂത്രണം പ്രോത്സാഹിപ്പിക്കുക;

 2. അന്താരാഷ്ട്ര ഉടമ്പടികൾക്ക് കീഴിലുള്ള രാജ്യത്തിന്റെ ബാധ്യതകൾ ഉൾപ്പെടുത്തിക്കൊണ്ട് എല്ലാ തുറമുഖങ്ങളിലും മലിനീകരണം തടയുന്നതിനുള്ള നടപടികൾ ഉറപ്പാക്കുക;

 3. വളർന്നുവരുന്ന തുറമുഖ മേഖലയുടെ തർക്ക പരിഹാര ചട്ടക്കൂടിലെ വിടവുകൾ നികത്തുക.

 4.   വിവരങ്ങളുടെ ഉപയോഗത്തിലൂടെ വികസനത്തിലും മറ്റ് കാര്യങ്ങളിലും സുതാര്യതയും സഹകരണവും ഉറപ്പുവരുത്തുക.

നിർദിഷ്ട ബിൽ സമുദ്രമേഖലയുടെ വികസനം ഏകീകരിക്കുകയും കാര്യക്ഷമമാക്കുകയും ചെയ്യുന്നു. അതോടൊപ്പം, അനാവശ്യമായ കാലതാമസവും വിയോജിപ്പുകളും ഒഴിവാക്കുകയും, ഉത്തരവാദിത്തങ്ങൾ നിർവചിച്ചുകൊണ്ട് വ്യാപാര നടപടികൾ ലളിതമാക്കുകയും ചെയ്യും. മാരിടൈം സ്റ്റേറ്റ് ഡെവലപ്‌മെന്റ് കൗൺസിൽ സഹകരണ ഫെഡറലിസം ഉറപ്പാക്കും. കേന്ദ്ര-സംസ്ഥാന/കേന്ദ്ര ഭരണ പ്രദേശ ഗവൺമെന്റ്കൾ  രാജ്യത്തിനായി പുരോഗമനപരമായ കർമപദ്ധതി തയ്യാറാക്കുന്നതിന് ഒരുമിച്ച് പ്രവർത്തിക്കും. നിലവിലെ നിയമത്തിലെ അനാവശ്യ വ്യവസ്ഥകൾ ഒഴിവാക്കുകയോ പകരം സമകാലിക വ്യവസ്ഥകൾ ഉൾപ്പെടുത്തുകയോ ചെയ്തിട്ടുണ്ട്. കൂടാതെ, നിലവിലുള്ള നിയമത്തിലെ കാലഹരണപ്പെട്ട പിഴകൾ ഇന്നത്തെ സാഹചര്യത്തിന് അനുയോജ്യമായി നവീകരിക്കുകയും ചെയ്തിട്ടുണ്ട്.

ഈ ബില്ലിന്റെ മൂന്ന് മുൻ പതിപ്പുകൾ പ്രധാന തുറമുഖങ്ങൾ, സംസ്ഥാന ഗവൺമെൻറുകൾ, സംസ്ഥാന മാരിടൈം ബോർഡുകൾ, വിവിധ കേന്ദ്ര ഗവൺമെന്റ്  മന്ത്രാലയങ്ങൾ എന്നിവയുൾപ്പെടെ വിവിധ പങ്കാളികൾക്ക് മന്ത്രാലയം വിതരണം ചെയ്തു. ലഭിച്ച എല്ലാ അഭിപ്രായങ്ങളും കണക്കിലെടുത്താന് 2022 ലെ കരട് തുറമുഖ ബിൽ രൂപീകരിച്ചിരിക്കുന്നത്.

 

2022ലെ കരട് ഇന്ത്യൻ തുറമുഖ ബില്ലിനെക്കുറിച്ച് എല്ലാ പങ്കാളികളിൽ നിന്നും അഭിപ്രായങ്ങളും നിർദ്ദേശങ്ങളും തേടാൻ മന്ത്രാലയം ഉദ്ദേശിക്കുന്നു. യഥാക്രമം https://shipmin.gov.in/https://sagarmala.gov.in/ എന്നീ ലിങ്കുകളിൽ കേന്ദ്ര തുറമുഖ മന്ത്രാലയം, സാഗർമാല എന്നിവയുടെ വെബ്‌സൈറ്റുകളിൽ നിന്ന് കരടുബിൽ ഡൗൺലോഡ് ചെയ്യാനാകും. നിർദ്ദേശങ്ങൾ sagar.mala[at]gov[dot]in എന്ന വിലാസത്തിലേക്ക് അയയ്‌ക്കാവുന്നതാണ്.
 
**************************************
 
RRTN

(Release ID: 1852912) Visitor Counter : 208