പരിസ്ഥിതി, വനം മന്ത്രാലയം

ദേശീയതലത്തിൽ പുതുക്കി നിർണയിച്ച ഇന്ത്യയുടെ സംഭാവനകൾ ഐക്യരാഷ്ട്ര സഭയുടെ കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ചുള്ള ചട്ടക്കൂട് കൺവെൻഷനെ അറിയിക്കുന്നതിനു കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം


സിഒപി 26ൽ മെച്ചപ്പെട്ട കാലാവസ്ഥാ ലക്ഷ്യങ്ങൾക്കായി പ്രധാനമന്ത്രി പ്രഖ്യാപിച്ച ‘പഞ്ചാമൃതം’ പ്രായോഗിക തലത്തിലെത്തിക്കുന്നതിന് അംഗീകാരം


2070 ഓടെ ‘നെറ്റ്-സീറോ’ എന്ന ഇന്ത്യയുടെ ദീർഘകാലലക്ഷ്യം കൈവരിക്കുന്നതിനുള്ള ചുവടുവയ്പ്പ്


2030 ഓടെ ജിഡിപിയുടെ പുറന്തള്ളൽ തീവ്രത 45 ശതമാനം കുറയ്ക്കാൻ ഇന്ത്യ ഇപ്പോൾ പ്രതിജ്ഞാബദ്ധം


പ്രധാനമന്ത്രി മുന്നോട്ടുവച്ച ആശയമായ ‘ലൈഫ്’ (പരിസ്ഥിതിക്കനുസൃതമായ ജീവിതശൈലി) എന്ന ബഹുജനമുന്നേറ്റം കാലാവസ്ഥാ വ്യതിയാനത്തെ ചെറുക്കുന്നതിനുള്ള സുപ്രധാന ഘടകമായി

Posted On: 03 AUG 2022 2:34PM by PIB Thiruvananthpuram

ദേശീയതലത്തിൽ പുതുക്കി നിർണയിച്ച ഇന്ത്യയുടെ സംഭാവനകൾ (എൻഡിസി) ഐക്യരാഷ്ട്ര സഭയുടെ കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ചുള്ള ചട്ടക്കൂടു കൺവെൻഷനെ (യുഎൻഎഫ്‌സിസിസി) അറിയിക്കുന്നതിനു കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം. പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന കേന്ദ്രമന്ത്രിസഭാ യോഗമാണ് യാണ് ഇതിന് അംഗീകാരം നൽകിയത് . 

പാരീസ് ഉടമ്പടി പ്രകാരം അംഗീകരിച്ച കാലാവസ്ഥാ വ്യതിയാന ഭീഷണിയോടുള്ള ആഗോള പ്രതികരണം ശക്തിപ്പെടുത്തുന്നതിന്റെ നേട്ടത്തിലേക്കുള്ള ഇന്ത്യയുടെ സംഭാവനകൾ വർധിപ്പിക്കാനാണു പുതുക്കിയ എൻഡിസി ശ്രമിക്കുന്നത്.  ഈ നടപടികൾ ഇന്ത്യയെ മലിനീകരണം കുറഞ്ഞ വളർച്ചാപാതയിലേക്കു നയിക്കാനും സഹായിക്കും. ഇതു രാജ്യത്തിന്റെ താൽപ്പര്യങ്ങൾ സംരക്ഷിക്കുകയും യുഎൻഎഫ്‌സിസിസിയുടെ തത്വങ്ങളും വ്യവസ്ഥകളും അടിസ്ഥാനമാക്കി അതിന്റെ ഭാവി വികസന ആവശ്യങ്ങൾ സംരക്ഷിക്കുകയും ചെയ്യും.

യുകെയിലെ ഗ്ലാസ്ഗോയിൽ നടന്ന യുണൈറ്റഡ് നേഷൻസ് ഫ്രെയിംവർക്ക് കൺവെൻഷൻ ഓൺ ക്ലൈമറ്റ് ചെയ്ഞ്ചി(യുഎൻഎഫ്‌സിസിസി)ലെ അംഗങ്ങളുടെ സമ്മേളനത്തിന്റെ (സിഒപി 26) 26-ാം സെഷനിൽ, അഞ്ച് അമൃതഘടകങ്ങൾ (പഞ്ചാമൃതം) ലോകത്തിനു മുന്നിൽ അവതരിപ്പിച്ചു കാലാവസ്ഥാപ്രവർത്തനങ്ങൾ തീവ്രമാക്കുമെന്ന് ഇന്ത്യ വെളിപ്പെടുത്തി. ഇന്ത്യയുടെ കാലാവസ്ഥാ പ്രവർത്തനത്തെക്കുറിച്ച് സിഒപി 26ൽ പ്രഖ്യാപിച്ച ‘പഞ്ചാമൃതം’, ഇന്ത്യയുടെ നിലവിലുള്ള എൻഡിസിയിലേക്കുള്ള പുതിയ വിവരങ്ങൾ, മെച്ചപ്പെടുത്തിയ കാലാവസ്ഥാ ലക്ഷ്യങ്ങളിലേക്കു  പ്രായോഗികതലത്തിലെത്തുന്നു. 2070ഓടെ ‘നെറ്റ്-സീറോ’യിലെത്തുകയെന്ന ഇന്ത്യയുടെ ദീർഘകാല ലക്ഷ്യം കൈവരിക്കുന്നതിനുള്ള ചുവടുവയ്പുകൂടിയാണ് ഈ പുതുക്കൽ.
 

നേരത്തെ, 2015 ഒക്‌ടോബർ 2നാണ് ഇന്ത്യ ദേശീയതലത്തിൽ നിർണയിക്കപ്പെട്ട സംഭാവന (എൻഡിസി) യുഎൻഎഫ്‌സിസിസിക്കു സമർപ്പിച്ചത്. 2015ലെ എൻഡിസി എട്ടു ലക്ഷ്യങ്ങളാണ് ഉൾക്കൊള്ളുന്നത്. ഇവയിൽ മൂന്നെണ്ണം 2030ൽ കൈവരിക്കേണ്ടതാണ്. ഫോസിൽ ഇതര സ്രോതസുകളിൽ നിന്നുള്ള ആകെ വൈദ്യുതി സ്ഥാപിത ശേഷി 40% വരെയാക്കൽ; 2005ലെ നിലയുമായി താരതമ്യപ്പെടുത്തുമ്പോൾ ജിഡിപിയുടെ പുറന്തള്ളൽ തീവ്രത 33 മുതൽ 35 ശതമാനം വരെ കുറയ്ക്കുക; വനമേഖല വർധിപ്പിക്കുന്നതിലൂടെയും മരങ്ങളിലൂടെയും 2.5 മുതൽ 3 ബില്യൺ ടൺ വരെ കാർബൺ ഡൈ ഓക്സൈഡിനു തുല്യമായ അധിക കാർബൺ സിങ്ക് സൃഷ്ടിക്കുക എന്നിവയാണവ.


പുതുക്കിയ എൻഡിസി പ്രകാരം, 2005ലെ നിലവാരത്തിൽ നിന്ന് 2030ഓടെ ജിഡിപിയുടെ പുറന്തള്ളൽ തീവ്രത 45 ശതമാനം കുറയ്ക്കാനും 2030ഓടെ ഫോസിൽ ഇതര ഊർജസ്രോതസുകളിൽനിന്ന് 50 ശതമാനം ആകെ വൈദ്യുതസ്ഥാപിതശേഷി കൈവരിക്കാനും ഇന്ത്യ പ്രതിജ്ഞാബദ്ധമാണ്. ഇന്നു നൽകിയ അനുമതി, കാലാവസ്ഥാ വ്യതിയാനമുണ്ടാക്കുന്ന പ്രതികൂല ഫലങ്ങളിൽനിന്നു ദരിദ്രരെയും ദുർബലരെയും സംരക്ഷിക്കുന്നതിനുള്ള സുസ്ഥിര ജീവിതശൈലിയും കാലാവസ്ഥാനീതിയും സംബന്ധിച്ചു പ്രധാനമന്ത്രിക്കുള്ള കാഴ്ചപ്പാടിനെയും മുന്നോട്ടുകൊണ്ടുപോകുന്നു. പരിഷ്കരിച്ച എൻഡിസി ഇങ്ങനെ പറയുന്നു, “കാലാവസ്ഥാ വ്യതിയാനത്തെ ചെറുക്കുന്നതിനുള്ള സുപ്രധാനഘടകമായ ‘ലൈഫ്’ (ലൈഫ്സ്റ്റൈൽ ഫോർ എൻവയോൺമെന്റ്) എന്ന ബഹുജന പ്രസ്ഥാനത്തിലൂടെയുൾപ്പെടെ, സംരക്ഷണത്തിന്റെയും മിതത്വത്തിന്റെയും പാരമ്പര്യങ്ങളെയും മൂല്യങ്ങളെയും അടിസ്ഥാനമാക്കി ആരോഗ്യകരവും സുസ്ഥിരവുമായ ജീവിതരീതി മുന്നോട്ടുവയ്ക്കുകയും കൂടുതൽ പ്രചരിപ്പിക്കുകയും ചെയ്യുക”. ഹരിതഗൃഹ വാതക പുറന്തള്ളലിൽ നിന്നുള്ള സാമ്പത്തിക വളർച്ചയെ വേർപെടുത്തുന്നതിനുള്ള ഏറ്റവും ഉയർന്നതലത്തിലുള്ള ഇന്ത്യയുടെ പ്രതിബദ്ധതയാണു മെച്ചപ്പെടുത്തിയ എൻഡിസിയിലൂടെ തെളിയുന്നത്.

നമ്മുടെ ദേശീയ സാഹചര്യങ്ങളും, പൊതുവായതും എന്നാൽ വ്യത്യസ്തവുമായ ഉത്തരവാദിത്വങ്ങളുടെയും അതതു കഴിവുകളുടെയും (സിബിഡിആർ-ആർസി) തത്വവും, ശ്രദ്ധാപൂർവം പരിഗണിച്ചശേഷമാണ് ഇന്ത്യയുടെ പുതുക്കിയ എൻഡിസി തയ്യാറാക്കിയിരിക്കുന്നത്. സുസ്ഥിര വികസന ലക്ഷ്യങ്ങൾ കൈവരിക്കാൻ ഒരേസമയം പരിശ്രമിക്കുന്നതോടൊപ്പം കുറഞ്ഞ കാർബൺ പുറന്തള്ളലിനായി പ്രവർത്തിക്കാനുള്ള നമ്മുടെ പ്രതിബദ്ധതയും ഇന്ത്യയുടെ പുതുക്കിയ എൻഡിസി ആവർത്തിച്ചുറപ്പിക്കുന്നു.

 

കാലാവസ്ഥാവ്യതിയാനത്തിൽ ജീവിതശൈലിയ്ക്കു വലിയ പങ്കുണ്ട് എന്നു തിരിച്ചറിഞ്ഞ ഇന്ത്യൻ പ്രധാനമന്ത്രി സിഒപി 26ൽ ആഗോളസമൂഹത്തിനായി ‘ഒറ്റവാക്ക് മുന്നേറ്റം’ നിർദേശിച്ചു. ‘ലൈഫ്’ (LIFE) എന്നതാണ് ഈ വാക്ക്. അതായത് പരിസ്ഥിതിക്കനുസൃതമായ ജീവിതശൈലി. നമ്മുടെ ഭൂമിയുമായി ഇണങ്ങിച്ചേർന്ന് അതിനെ ദോഷകരമായി ബാധിക്കാത്ത ഒരു ജീവിതശൈലി നയിക്കുക എന്നതാണു ‘ലൈഫി’ന്റെ കാഴ്ചപ്പാട്. ഇന്ത്യയുടെ പുതുക്കിയ എൻഡിസി കാലാവസ്ഥാ വ്യതിയാനം ചെറുക്കുന്നതിനുള്ള ഈ പൗരകേന്ദ്രീകൃത സമീപനവും ഉൾക്കൊള്ളുന്നു.

 
പുതുക്കിയ എൻഡിസി 2021-2030 കാലയളവിൽ ശുദ്ധമായ ഊർജത്തിലേക്കുള്ള ഇന്ത്യയുടെ പരിവർത്തന ചട്ടക്കൂടിനെ പ്രതിനിധാനം ചെയ്യുന്നു. പുതുക്കിയ ചട്ടക്കൂട്, നികുതി ഇളവുകൾ, ഉൽപ്പാദനം പ്രോത്സാഹിപ്പിക്കുന്നതിനും പുനരുപയോഗ ഊർജം സ്വീകരിക്കുന്നതിനുമുള്ള ഉൽപ്പാദനബന്ധിത ആനുകൂല്യപദ്ധതി തുടങ്ങിയ പ്രോത്സാഹനങ്ങൾ ഉൾപ്പെടെയുള്ള ഗവൺമെന്റിന്റെ മറ്റു നിരവധി സംരംഭങ്ങൾക്കൊപ്പം, ഇന്ത്യയുടെ ഉൽപ്പാദനശേഷി വർധിപ്പിക്കുന്നതിനും കയറ്റുമതി വർദ്ധിപ്പിക്കുന്നതിനും അവസരമൊരുക്കും. പുനരുപയോഗ ഊർജം, ശുദ്ധ ഊർജ വ്യവസായങ്ങൾ- ഓട്ടോമോട്ടീവുകൾ, വൈദ്യുതവാഹനങ്ങൾ, വർധിതകാര്യശേഷിയുള്ള വീട്ടുപകരണങ്ങൾ തുടങ്ങിയ കാർബൺ പുറന്തള്ളൽ കുറഞ്ഞ ഉൽപ്പന്നങ്ങളുടെ നിർമാണം, ഹരിത ഹൈഡ്രജൻ പോലുള്ള നൂതന സാങ്കേതികവിദ്യകൾ തുടങ്ങിയവ ഹരിതപ്രവർത്തനങ്ങളിൽ മൊത്തത്തിലുള്ള വർധനയ്ക്ക് ഇടയാക്കും. ഇന്ത്യയുടെ പുതുക്കിയ എൻഡിസി 2021-2030 കാലയളവിൽ പ്രസക്തമായ മന്ത്രാലയങ്ങളുടെ/വകുപ്പുകളുടെ പരിപാടികളിലൂടെയും പദ്ധതികളിലൂടെയും, സംസ്ഥാനങ്ങളുടെയും കേന്ദ്രഭരണപ്രദേശങ്ങളുടെയും അർഹമായ പിന്തുണയോടെയും നടപ്പിലാക്കും. പൊരുത്തപ്പെടുത്തലിലും ലഘൂകരിക്കലിലും ഇന്ത്യയുടെ പ്രവർത്തനങ്ങൾ വർധിപ്പിക്കുന്നതിനു ഗവൺമെന്റ് നിരവധി പദ്ധതികളും പരിപാടികളും ആരംഭിച്ചിട്ടുണ്ട്. ജലം, കൃഷി, വനം, ഊർജം, സംരംഭം, സുസ്ഥിര മൊബിലിറ്റി, പാർപ്പിടം, മാലിന്യസംസ്കരണം, വർത്തുള സമ്പദ്‌വ്യവസ്ഥ, വിഭവകാര്യശേഷി തുടങ്ങി നിരവധി മേഖലകളിൽ ഈ പദ്ധതികൾക്കും പരിപാടികൾക്കും കീഴിൽ ഉചിതമായ നടപടികൾ സ്വീകരിച്ചുവരുന്നു. ഹരിതഗൃഹ വാതക പുറന്തള്ളലിൽനിന്നുള്ള സാമ്പത്തിക വളർച്ചയുടെ വേർതിരിക്കൽ ക്രമാനുഗതമായി തുടരുന്നു. ഇന്ത്യൻ റെയിൽവേയുടെ 2030ഓടെയുള്ള 'നെറ്റ് സീറോ' ലക്ഷ്യം മാത്രം പ്രതിവർഷം 60 ദശലക്ഷം ടൺ മലിനീകരണം കുറയ്ക്കും. അതുപോലെ, ഇന്ത്യയുടെ വൻതോതിലുള്ള എൽഇഡി ബൾബ് പ്രചാരണം പ്രതിവർഷം 40 ദശലക്ഷം ടൺ കാർബൺ പുറന്തള്ളൽ കുറയ്ക്കുന്നു.

ഇന്ത്യയുടെ കാലാവസ്ഥാ പ്രവർത്തനങ്ങൾക്ക് ഇതുവരെ ധനസഹായം ലഭിച്ചത് ആഭ്യന്തര വിഭവങ്ങളിൽ നിന്നാണ്. എന്നിരുന്നാലും, പുതിയതും അധികവുമായ സാമ്പത്തിക സ്രോതസുകൾ പ്രദാനം ചെയ്യുന്നതും ആഗോള കാലാവസ്ഥാ വ്യതിയാന വെല്ലുവിളിയെ അഭിമുഖീകരിക്കുന്നതിനുള്ള സാങ്കേതികവിദ്യയുടെ കൈമാറ്റവും യുഎൻഎഫ്‌സിസിസിയുടെയും പാരീസ് ഉടമ്പടിയുടെയും കീഴിലുള്ള വികസിത രാജ്യങ്ങളുടെ പ്രതിബദ്ധതകളിലും ഉത്തരവാദിത്വങ്ങളിലും ഉൾപ്പെടുന്നു. അത്തരത്തിലുള്ള അന്താരാഷ്ട്ര സാമ്പത്തിക സ്രോതസുകളിൽ നിന്നും സാങ്കേതിക പിന്തുണയിൽ നിന്നും അർഹമായ വിഹിതം ഇന്ത്യക്കും ആവശ്യമാണ്.

ഇന്ത്യയുടെ എൻ‌ഡി‌സി ഏതെങ്കിലും മേഖലാ നിർദിഷ്ട ലഘൂകരണ ബാധ്യതകളുമായോ നടപടികളുമായോ മാത്രം ഒതുക്കുന്നില്ല. ഇന്ത്യയുടെ ലക്ഷ്യം, മൊത്തത്തിലുള്ള പുറന്തള്ളൽ തീവ്രത കുറയ്ക്കുകയും സമ്പദ്‌വ്യവസ്ഥയുടെ ഊർജകാര്യക്ഷമത കാലക്രമേണ മെച്ചപ്പെടുത്തുകയും, അതോടൊപ്പം, സമ്പദ്‌വ്യവസ്ഥയിലെയും നമ്മുടെ സമൂഹത്തിലെയും ദുർബലമായ മേഖലകളെയും വിഭാഗങ്ങളെയും സംരക്ഷിക്കുകയും ചെയ്യുക എന്നതാണ്.

--ND--

 



(Release ID: 1847937) Visitor Counter : 294