ബഹിരാകാശ വകുപ്പ്
ബഹിരാകാശ വകുപ്പ്, സമഗ്രവും സംയോജിതവുമായ ഒരു ബഹിരാകാശ നയം തയ്യാറാക്കുന്ന പ്രക്രിയയിൽ (DOS) ഏർപ്പെട്ടിരിക്കുകയാണെന്ന് ഡോ ജിതേന്ദ്ര സിംഗ്
Posted On:
21 JUL 2022 12:17PM by PIB Thiruvananthpuram
ന്യൂ ഡൽഹി: ജൂലൈ 20, 2022
സ്വകാര്യ ബഹിരാകാശ വ്യവസായ മേഖലയുടെ പ്രവർത്തനങ്ങൾക്ക് ദിശാബോധമേകുന്ന സമഗ്രവും സംയോജിതവുമായ ബഹിരാകാശ നയം രൂപീകരിക്കാനുള്ള ശ്രമത്തിലാണ് ഇന്ത്യൻ ബഹിരാകാശ വകുപ്പെന്ന് (DOS) കേന്ദ്ര ആണവോർജ, ബഹിരാകാശ സഹമന്ത്രി ഡോ. ജിതേന്ദ്ര സിംഗ് അറിയിച്ചു.
ലോ എർത്ത് ഓർബിറ്റിലേക്ക് (LEO) മനുഷ്യനെയെത്തിക്കുന്നതിനുള്ള ബഹിരാകാശ ശേഷി സ്വായത്തമാക്കി ബഹിരാകാശ വിനോദസഞ്ചാര മേഖലയിൽ തദ്ദേശീയമായ കഴിവുകൾ വികസിപ്പിക്കാനുള്ള ശ്രമത്തിലാണ് ISRO - യെന്ന് ഇന്ന് രാജ്യ സഭയിൽ ഒരു ചോദ്യത്തിന് നൽകിയ രേഖാമൂലമുള്ള മറുപടിയിൽ ഡോ. ജിതേന്ദ്ര സിംഗ് പറഞ്ഞു. ബഹിരാകാശ വിനോദ സഞ്ചാരം ഉൾപ്പെടെയുള്ള ബഹിരാകാശ പ്രവർത്തനങ്ങളിൽ സ്വകാര്യമേഖലയുടെ സജീവ പങ്കാളിത്തം പ്രോത്സാഹിപ്പിക്കുന്നതിന് ഇന്ത്യൻ നാഷണൽ സ്‌പേസ് പ്രൊമോഷൻ ആൻഡ് ഓതറൈസേഷൻ സെന്റർ (IN-SPACe / ഇൻ-സ്‌പേസ്) ശ്രമിച്ചുവരുന്നു.
യുവസംരംഭകരെയും വിദ്യാർത്ഥികളേയും ഉൾപ്പെടുത്തി ബഹിരാകാശ മേഖലയിൽ സ്വകാര്യമേഖലയുടെ പ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനും സഹായിക്കുന്നതിനും അംഗീകരിക്കുന്നതിനുമായി ബഹിരാകാശ വകുപ്പിന് കീഴിലുള്ള ഏകജാലക സംവിധാനമായാണ് IN-SPACe സൃഷ്ടിച്ചിരിക്കുന്നത്. ISRO കേന്ദ്രങ്ങളിൽ ഉടനീളം ലഭ്യമായ സാങ്കേതിക സൗകര്യങ്ങളും വൈദഗ്ധ്യവും സ്വകാര്യ സ്ഥാപനങ്ങളുമായി പങ്കുവയ്ക്കുന്നതിനുള്ള സംവിധാനങ്ങൾ ഏർപ്പെടുത്തും.
ബഹിരാകാശ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട വിവിധ മേഖലകളിൽ 61 രാജ്യങ്ങളുമായി ISRO അന്താരാഷ്ട്ര സഹകരണവും ബന്ധവും തുടരുന്നുണ്ടെന്ന് ബഹിരാകാശ നയതന്ത്രം സംബന്ധിച്ച ചോദ്യത്തിന് മറുപടിയായി മന്ത്രി പറഞ്ഞു.
(Release ID: 1843420)
Visitor Counter : 192