വാണിജ്യ വ്യവസായ മന്ത്രാലയം
azadi ka amrit mahotsav

സൗരോർജ്ജം, പ്രതിരോധ വ്യാപാരം, സൈനിക വിനിമയം, ഭൗതിക-ഡിജിറ്റൽ അടിസ്ഥാന സൗകര്യങ്ങൾ, ആരോഗ്യ സംരക്ഷണം, ഔഷധങ്ങൾ എന്നിവയുടെ മേഖലകളിൽ ആഫ്രിക്കയുമായുള്ള പങ്കാളിത്തം ശക്തിപ്പെടുത്താൻ ഇന്ത്യ പദ്ധതിയിടുന്നു: ശ്രീ പിയൂഷ് ഗോയൽ

Posted On: 19 JUL 2022 2:30PM by PIB Thiruvananthpuram

ഇരു രാജ്യങ്ങളുടെയും അഭിലാഷങ്ങൾ നിറവേറ്റുന്നതിനായി നാല് സുപ്രധാന മേഖലകളിൽ ആഫ്രിക്കയുമായുള്ള പങ്കാളിത്തം ശക്തിപ്പെടുത്താൻ ഇന്ത്യ പദ്ധതിയിടുന്നു. സൗരോർജ്ജമാണ് ആദ്യ മേഖല. ശുദ്ധമായ ഊർജ്ജവും ഊർജ്ജ സുരക്ഷയും പ്രദാനം ചെയ്യാനും ആഫ്രിക്കയിൽ കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും ഇത് സഹായകമാകും. ഇന്ത്യൻ മഹാസമുദ്ര മേഖലയിലെ പ്രതിരോധ വ്യാപാരവും സൈനിക വിനിമയവും മെച്ചപ്പെടുത്തുകയും കവചിത വാഹനങ്ങളുടെയും ആളില്ലാ വിമാനങ്ങളുടെയും നിർമ്മാണവും ആണ് രണ്ടാമത്തേത്. ഭൗതിക, ഡിജിറ്റൽ അടിസ്ഥാന സൗകര്യങ്ങൾ, ഐടി/കൺസൾട്ടൻസി, പ്രോജക്ട് എക്‌സ്‌പോർട്സ് എന്നിവയാണ് മൂന്നാമത്തേത്. ആരോഗ്യ സംരക്ഷണ, ഔഷധ മേഖലയാണ് നാലാമത്തേത്.

ഇന്ത്യ-ആഫ്രിക്ക വളർച്ചാ പങ്കാളിത്തം സംബന്ധിച്ച CII-EXIM ബാങ്ക് കോൺക്ലേവിന്റെ ഉദ്ഘാടന പരിപാടിയിൽ സംസാരിക്കവെ, വർഷങ്ങൾ കൊണ്ട് ഉരുത്തിരിഞ്ഞ ചരിത്രപരമായ സമാനതകൾ, വ്യാപാര ബന്ധം, സിനിമയോടുള്ള സ്നേഹം എന്നിവ ആധാരമാക്കി ഇന്ത്യയും ആഫ്രിക്കയും തമ്മിൽ നിലനിൽക്കുന്ന ആഴത്തിലുള്ള സൗഹൃദം കൂടുതൽ വികസിക്കുകയാണെന്ന് കേന്ദ്ര വാണിജ്യ, വ്യവസായ, ഉപഭോക്തൃകാര്യ, ഭക്ഷ്യ, പൊതുവിതരണ, ടെക്സ്റ്റൈൽ മന്ത്രി ശ്രീ പിയൂഷ് ഗോയൽ പറഞ്ഞു. ആഫ്രിക്കയിലാണ് മഹാത്മാഗാന്ധി ആദ്യമായി സത്യം, അഹിംസ എന്നീ തത്വങ്ങൾ പ്രവർത്തികമാക്കിയതെന്ന് അദ്ദേഹം പറഞ്ഞു. സ്വാതന്ത്ര്യ സമരങ്ങളിലെ സമാനതകൾ നമ്മുടെ സൗഹൃദത്തിന് അടിത്തറ പാകി.

ആഫ്രിക്കയുമായുള്ള ബന്ധത്തിന് നമ്മുടെ ഗവണ്മെന്റ ഏറ്റവും ഉയർന്ന മുൻഗണന നൽകുന്നുവെന്ന് ശ്രീ ഗോയൽ വ്യക്തമാക്കി. ആഫ്രിക്കയുമായുള്ള ഇന്ത്യയുടെ ബന്ധം വിശ്വാസം, സൗഹൃദം, പരസ്പര ആവശ്യകതകളെ സംബന്ധിച്ച ആഴത്തിലുള്ള ധാരണ എന്നിവയിൽ അധിഷ്ഠിതമാണെന്ന് അദ്ദേഹം പറഞ്ഞു.

ഇരു മേഖലകളും ഒന്നിക്കുമ്പോൾ ലോകജനസംഖ്യയുടെ 1/3 വരുമെന്നതിനാൽ ഇന്ത്യ-ആഫ്രിക്ക പങ്കാളിത്തം മുന്നോട്ടുള്ള യാത്രയിൽ സുപ്രധാന പങ്ക് വഹിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

CII-യും EXIM- ബാങ്കും ആഫ്രിക്കൻ രാജ്യങ്ങളുമായി ചേർന്ന് നടത്തുന്ന ഇടപെടലുകൾ ആഫ്രിക്കയിലെയും ഇന്ത്യയിലെയും ജനങ്ങളുടെ ഭാവിയിലും അഭിവൃദ്ധിയിലും നിർണായക പങ്ക് വഹിക്കുമെന്ന് ശ്രീ ഗോയൽ പറഞ്ഞു.

 

വികസ്വര രാജ്യങ്ങളെ ഭക്ഷ്യ അരക്ഷിതാവസ്ഥയിൽ നിന്ന് കരകയറ്റാൻ പ്രവർത്തിച്ചു വരികയാണെന്നും ഇന്ത്യയിലെയും ആഫ്രിക്കയിലെയും ജനങ്ങൾക്ക് മികച്ച ജീവിത ഗുണനിലവാരവും സമൃദ്ധിയും ഉറപ്പാക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. കൊവിഡ് കാലഘട്ടത്തിൽ വാക്സിൻ-മൈത്രി മുഖേന നടത്തിയ നിരന്തര ഇടപെടലുകളിലൂടെ അഗാധമായ നമ്മുടെ സൗഹൃദം മികച്ച രീതിയിൽ പ്രകടമാക്കാനായിട്ടുണ്ട് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
 
RRTN/SKY
****

(Release ID: 1843019) Visitor Counter : 130