പ്രധാനമന്ത്രിയുടെ ഓഫീസ്‌

അഗ്രദൂത് പത്ര ഗൂപ്പിന്റെ സുവര്‍ണ ജൂബിലി ആഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്തുകൊണ്ട് പ്രധാന മന്ത്രി നടത്തിയ പ്രസംഗം

Posted On: 06 JUL 2022 6:44PM by PIB Thiruvananthpuram

അസാമിന്റെ ഊര്‍ജ്ജസ്വലനായ മുഖ്യമന്ത്രി ശ്രീ. ഹിമന്തബിശ്വ ശര്‍മാജി, മന്ത്രിമാരായ ശ്രീ. അതുല്‍ ബോറ ജി, കേശബ് മഹന്ത ജി, പിയൂഷ് ഹസാരിക ജി, സുവര്‍ണ ജൂബിലി ആഘോഷ കമ്മിറ്റി  ചെയര്‍മാന്‍ ഡോ. ദയാനന്ത് പഥക് ജി, അഗ്രദൂത് ചീഫ് എഡിറ്ററും മുതിര്‍ന്ന പത്രപ്രവര്‍ത്തകനുമായ ശ്രീ കനക സെന്‍ ദേകാ ജി, മറ്റ് വിശിഷ്ടാതിഥികളെ മഹതീ മഹാന്മാരെ,

  പത്രപ്രവര്‍ത്തനത്തില്‍   അന്‍പതു വര്‍ഷം പൂര്‍ത്തിയാക്കിയ,  അതായത് അഞ്ചു സുവര്‍ണ വര്‍ഷങ്ങള്‍ പിന്നിട്ട,  വടക്കു കിഴക്കന്‍ ആസാമീസ് ഭാഷാ പത്രമായ അഗ്രദൂതിന്റെ   വായനക്കാരെ,  ജീവനക്കാരെ , പത്രപ്രവര്‍ത്തകരെ, വിശിഷ്ഠ വ്യക്തികളെ, എന്റെ മറ്റ്  സുഹൃത്തുക്കളെ നിങ്ങള്‍ക്ക് എല്ലാവര്‍ക്കും എന്റെ ഹൃദ്യമായ അഭിനന്ദനങ്ങളും ആശംസകളും. ഭാവിയില്‍ അഗ്രദൂത് പുതിയ ഉയരങ്ങളില്‍ എത്തുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. പ്രാണ്‍ജലിനും അദ്ദേഹത്തിന്റെ യുവ സംഘത്തിനും എന്റെ ആശംസകള്‍.
 ഈ ആഘോഷപരിപാടിയുടെ  വേദിയായി ശ്രീമന്ത ശങ്കരദേവ് കലാക്ഷേത്രത്തെ തെരഞ്ഞെടുത്തത് ഈ സന്ദര്‍ഭത്തിന് അനുയോജ്യമായി. കാരണം അസാഭാഷാ കവിതയിലൂടെയും രചനകളിലൂടെയും ഏക ഭാരത ശ്രേഷ്ഠ ഭാരത സങ്കല്‍പത്തെ ശാക്തീകരിച്ച മഹാനാണ് ശ്രീമന്ത ശങ്കരദേവ് ജി.  ഇതെ മൂല്യങ്ങളാണ് ദൈനിക് അഗ്രദൂതിനെയും അതിന്റെ പത്രപ്രവര്‍ത്തനത്തെയും സമ്പന്നമാക്കുന്നത്്.   രാജ്യത്തിന്റെ ഐക്യത്തിന്റെയും യോജിപ്പിന്റെയും ചൈതന്യത്തെ മുന്നോട്ടു കൊണ്ടു പോകുന്നതിലും സജീവമാക്കി നിര്‍ത്തുന്നതിലും അങ്ങയുടെ ഈ പത്രം വലിയ പങ്ക് വഹിച്ചിട്ടുണ്ട്.  ദേകാജിയുടെ മാര്‍ഗ്ഗനിര്‍ദ്ദേശത്തില്‍ ദൈനിക് അഗ്രദൂത് എന്നും ദേശീയ താല്പര്യങ്ങളാണ്  സംരക്ഷിച്ചത്.  അടിയന്തിരാവസ്ഥ കാലത്ത് ജനാധിപത്യം ആക്രമിക്കപ്പെട്ടപ്പോള്‍, ദൈനിക്  അഗ്രദൂതും ദേകാ ജിയും പത്രപ്രവര്‍ത്തന മൂല്യങ്ങള്‍ അടിയറ വച്ചില്ല.  അസാമില്‍ ഇന്ത്യന്‍ പത്രപ്രവര്‍ത്തനത്തെ അദ്ദേഹം ശാക്തീകരിച്ചു, മൂല്യാധിഷ്ഠിത പത്രപ്രവര്‍ത്തനത്തിന്റെ  ഒരു പുതിയ തലമുറയെ സൃഷ്ടിച്ചു.
സ്വാതന്ത്ര്യത്തിന്റെ 75-ാം  വര്‍ഷത്തില്‍ ദൈനിക് അഗ്രദൂതിന്റെ 50-ാം വാര്‍ഷികാഘോഷം  ഒരു നാഴിക കല്ലായി എന്നു മാത്രമല്ല, ആസാദി കാ അമൃത കാലത്തില്‍ പത്രപ്രവര്‍ത്തനത്തിനും രാഷ്ട്ര ധര്‍മ്മത്തിനു പ്രചോദനവുമായിരിക്കുന്നു.
സുഹൃത്തുക്കളെ,
കഴിഞ്ഞ ഏതാനും ദിവസങ്ങളായി അസാം പ്രളയ ഭീഷണി നേരിടുകയാണ്. പല ജില്ലകളിലും ജനജീവിതം താറുമാറായിരിക്കുന്നു. ഹിമന്തജിയും അദ്ദേഹത്തിന്റെ സംഘവും രാപകല്‍ രക്ഷാപ്രവര്‍ത്തനങ്ങളിലാണ്. ഇടയ്ക്ക് ഞാനും കാര്യങ്ങള്‍ അന്വേഷിക്കുന്നുണ്ട്. മുഖ്യമന്ത്രിയുമായുള്ള ചര്‍ച്ചകളും നടക്കുന്നു. നിങ്ങളുടെ ബുദ്ധിമുട്ടുകള്‍ പരിഹരിക്കാന്‍ കേന്ദ്ര സംസ്ഥാന ഗവണ്‍മെന്റുകള്‍ ഒരുമിച്ചു പ്രവര്‍ത്തിക്കുകയാണ് എന്ന്  അസാമിലെ ജനങ്ങള്‍ക്കും അഗ്രദൂതിന്റെ വായനക്കാര്‍ക്കും ഞാന്‍ ഉറപ്പു തരുന്നു.
സുഹൃത്തുക്കളെ,
ഇന്ത്യന്‍ ഭാഷാ പത്രപ്രവര്‍ത്തനത്തിന്റെ പങ്ക് ഇന്ത്യന്‍ പാരമ്പര്യത്തിന്റെ, സംസ്‌കാരത്തിന്റെ, സ്വാതന്ത്ര്യ സമരത്തിന്റെ, വികസന യാത്രയുടെ  മാര്‍ഗദീപമാണ്. പത്രപ്രവര്‍ത്തത്തില്‍ ഉണര്‍ന്ന ഒരു മേഖലയാണ്  അസാം. 150 വര്‍ഷങ്ങള്‍ക്കു മുന്നേ അസാമില്‍ പത്രപ്രവര്‍ത്തനം ഉണ്ടായിരുന്നു. അത് കാലങ്ങളിലൂടെ തുടര്‍ന്നു. പ്രാദേശിക പത്രപ്രവര്‍ത്തനത്തില്‍  പ്രഗത്ഭരായ പത്രപ്രവര്‍ത്തകരെയും എഡിറ്റര്‍മാരെയും സംഭാവന ചെയ്ത ദേശമാണ് അസാം. ഇന്നും സാധാരണക്കാരെ ഗവണ്‍മെന്റുമായി ബന്ധിപ്പിക്കുന്ന സേവനമാണ്  ഇത്തരം പത്രപ്രവര്‍ത്തനം .
അമ്പതു വര്‍ഷത്തെ ദൈനിക് അഗ്രദൂതിന്റെ യാത്ര അസാമില്‍ ഉണ്ടായ മാറ്റത്തിന്റെ കഥയാണ് പറയുന്നത്. ഈ മാറ്റത്തിന് പ്രധാന പങ്ക് വഹിച്ചത് ജനകീയ മുന്നേറ്റങ്ങളാണ്.  അതാണ് അസമിന്റെ സാംസ്‌കാരിക പൈതൃകവും അഭിമാനവും സംരംക്ഷിച്ചത്. ഇന്ന് പൊതുജന പങ്കാളിത്തത്തോടെ അസാം പുതിയ വികസന ഗാഥ രചിക്കുന്നു.
സുഹൃത്തുക്കളെ,
ജനാധിപത്യം ഇന്ത്യന്‍ സമൂഹത്തില്‍ അന്തര്‍ലീനമാണ്. കാരണം ആലോചനയിലൂടെ, തര്‍ക്കത്തിലൂടെ, ചര്‍ച്ചയിലൂടെ, അഭിപ്രായ വ്യത്യാസങ്ങള്‍ ഇവിടെ പരിഹരിക്കപ്പെടുന്നു. ചര്‍ച്ചകള്‍ നടക്കുമ്പോള്‍ പരിഹാരങ്ങള്‍ ഉരുത്തിരിയുന്നു. ചര്‍ച്ചയിലൂടെ ഇത്തരം സാധ്യതകള്‍ വികസിക്കുന്നു. അതിനാല്‍ ഇന്ത്യന്‍ ജനാധിപത്യത്തില്‍ വിജ്ഞാനത്തിന്റെ ഒഴുക്കിനൊപ്പം അറിവുകളും തുടര്‍ച്ചയായി അനന്തമായി ഒഴുകുന്നുണ്ടായിരുന്നു.  ഈ പാരമ്പര്യത്തെ മുന്നോട്ടു നയിക്കുന്ന പ്രധാനപ്പെട്ട മാധ്യമമാണ് അഗ്രദൂതും.
സുഹൃത്തുക്കളെ,
നാം ലോകത്തിന്റെ ഏതു ഭാഗത്തു ജീവിക്കുന്നു എന്നത് ഇന്ന് വിഷയമല്ല, മാതൃഭാഷയില്‍ പ്രസിദ്ധീകരിക്കപ്പെടുന്ന പത്രങ്ങള്‍ നാം വീട്ടിലാണ് എന്ന ഒരു തോന്നല്‍ നമുക്കു തരുന്നു. ആഴ്ച്ചയില്‍ രണ്ടു പ്രാവശ്യം മാത്രം അച്ചടിച്ചിരുന്ന ഒരു പത്രമാണ് ദൈനിക് അഗ്രദൂത്.  ഇന്ന ഇത് ഓണ്‍ലൈനിലുമുണ്ട്. നിങ്ങള്‍ ലോകത്തില്‍ എവിടെയുമാകട്ടെ നിങ്ങള്‍ക്ക് അസാമിലെ വാര്‍ത്തകള്‍ അറിയാം. അറിഞ്ഞുകൊണ്ടിരിക്കാം.
ഈ പത്രത്തിന്റെ വികസന യാത്ര  ഡിജിറ്റല്‍ വികസനത്തിലേയ്ക്കുള്ള രാജ്യത്തിന്റെ മാറ്റത്തെ പ്രതിഫലിപ്പിക്കുന്നു. പ്രാദേശിക ബന്ധങ്ങള്‍ക്കുള്ള ശക്തമായ ഉപകരണമായി ഡിജിറ്റല്‍ ഇന്ത്യ മാറിയിരിക്കുന്നു. ഇന്ന് ഓണ്‍ലൈന്‍ പത്രങ്ങള്‍ വായിക്കുന്നവര്‍ക്ക് എങ്ങിനെ ഓണ്‍ലൈനായി പണം അടയ്ക്കാം എന്നും അറിയാം. അസാമിലെയും രാജ്യത്തെയും ഈ മാറ്റങ്ങള്‍ക്ക്  ദൈനിക് അഗ്രദൂതും നമ്മുടെ മറ്റ് മാധ്യമങ്ങളും സാക്ഷികളാണ്.
സുഹൃത്തുക്കളെ,
നാം സ്വാതന്ത്ര്യത്തിന്റെ 75 വര്‍ഷങ്ങള്‍ പിന്നിടുകയാണ്. അപ്പോള്‍ നാം ചോദിക്കേണ്ട ഒരു ചോദ്യമുണ്ട്. എന്തിനാണ് ഒരു പ്രത്യേക ഭാഷ അറിയാവുന്ന കുറച്ച് ആളുകള്‍ക്കു മാത്രമായി  ബൗദ്ധിക മണ്ഡലം പരിമിതപ്പെടുത്തിയിരിക്കുന്നു. നിങ്ങള്‍ ചിന്തിച്ചു നോക്കൂ, കഴിഞ്ഞ മൂന്ന് വ്യവസായ വിപ്ലവങ്ങളില്‍ എന്തു കൊണ്ടാണ് ഇന്ത്യ ഗവേഷണത്തിലും വികസനത്തിലും പിന്നിലായി പോയത്. നൂറ്റാണ്ടുകളായി നമുക്ക് പരമ്പരാഗത വിജ്ഞാനം ഉണ്ടായിയരുന്നു, പുതിയ ചിന്തകളും ആശയങ്ങളും ഉണ്ടായിരുന്നു, എന്നിട്ടും.
ഇതിനുള്ള പ്രധാന കാരണം നമ്മുടെ ഈ വിജ്ഞാനം മുഴുവന്‍ ഇന്ത്യന്‍ ഭാഷയിലായിരുന്നു എന്നതത്രെ. കൊളോണിയലിസത്തിന്റെ നൂറ്റാണ്ടുകള്‍ ഇന്ത്യന്‍  ഭാഷകളുടെ വികാസത്തെ തടഞ്ഞു. ആധുനിക ശാസ്ത്രവും അറിവും ഗവേഷണവും ഏതാനും ഭാഷകളില്‍ മാത്രമായി ഒതുങ്ങി. ഇന്ത്യയിലെ മഹാഭൂരിപക്ഷത്തിനും ആ ഭാഷയില്‍ സ്വാധീനം ഇല്ലായിരുന്നു. അതിനാല്‍ പുതിയ അറിവുകളും ഗവേഷണങ്ങളും അന്യമായി,  ബൗദ്ധിക വൈദഗ്ധ്യം ചുരുങ്ങി.
21 -ാം നൂറ്റാണ്ടില്‍ ലോകം നാലാം വ്യവസായിക വിപ്ലവത്തിലേയ്ക്കു മുന്നേറിയപ്പോള്‍ ലോകത്തെ നയിക്കാനുള്ള വലിയ അവസരം ഇന്ത്യക്കു ലഭിച്ചു.  ഇതിനു കാരണം നമ്മുടെ ഡിജിറ്റല്‍ ഉള്‍ച്ചേരലും വിവര ശേഷിയുമാണ്. ഭാഷയുടെ പരിമിതികള്‍ക്കുമപ്പുറം നല്ല വിവരങ്ങളും, നല്ല അറിവും, മികവും, അവസരങ്ങളും,  ഇന്ത്യയില്‍ എല്ലാവര്‍ക്കും ലഭിക്കുന്നു എന്ന് ഉറപ്പാക്കാനാണ് നാം ശ്രമിക്കുന്നത്്.
അതിനാലാണ്, ദേശീയ വിദ്യാഭ്യാസ നയത്തില്‍ ഇന്ത്യന്‍ ഭാഷകളിലെ പഠനം പ്രോത്സാഹിപ്പിക്കുന്നത്. മാത്രഭാഷയില്‍ വിദ്യാഭ്യാസം നേടുന്ന കുട്ടികള്‍ അവര്‍ ഏതു തൊഴില്‍ തെരഞ്ഞെടുത്താലും അവരുടെ ദേശത്തിന്റെ ആഗ്രഹങ്ങളും അവിടുത്തെ ജനങ്ങളുടെ അഭിലാഷങ്ങളും മനസിലാക്കും. ലോകത്തിലെ എല്ലാ മികച്ച ഉള്ളടക്കങ്ങളും ഇന്ത്യന്‍ ഭാഷകളിലോയ്ക്ക് കൊണ്ടുവരാന്‍ നാം ശ്രമിക്കുകയാണ്. ഇതിനായി ദേശീയ ഭാഷാ വിവിര്‍ത്തന ദൗത്യം നാം നടപ്പാക്കി വരുന്നു.
എല്ലാ ഇന്ത്യക്കാരനും സ്വന്തം ഭാഷയില്‍ തന്നെ അറിവിന്റെ ശേഖരമായ ഇന്റര്‍നെറ്റ് ഉപയോഗിക്കാനുള്ള ശേഷി് നേടി എന്നു ഉറപ്പാക്കാനാണ് നാം ശ്രമിക്കുന്നത്. ഇതിനാണ്  രണ്ടു ദിവസം മുമ്പ് ഭാഷിണി പ്ലാറ്റ്‌ഫോം നാം ആരംഭിച്ചിരിക്കുന്നത്.  ഇത് ഇന്ത്യന്‍ ഭാഷകളുടെ ഏകീകൃത ഭാഷയാണ്.  ഓരോ ഇന്ത്യക്കാരനെയും ഇന്റര്‍നെറ്റുമായി എളുപ്പത്തില്‍ ബന്ധിപ്പിക്കാനും,  ആധുനിക വിവര ശേഖരവുമായി അവര്‍ക്ക് സ്വന്തം മാതൃഭാഷയില്‍ ബന്ധപ്പെടാനും ഇത് അവസരമൊരുക്കും.
ഇന്ത്യയിലെമ്പാടും കോടിക്കണക്കിന് പൗരന്മാര്‍ക്ക് ഇന്റര്‍നെറ്റ് മാതൃഭാഷയില്‍ ലഭ്യമാക്കുക എന്നത് സാമൂഹികവും സാമ്പത്തികവുമായി വളരെ പ്രധാനമാണ്. എല്ലാറ്റിനുമുപരി രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലെ ജനങ്ങളെ തമ്മില്‍ ബന്ധിപ്പിക്കും രാജ്യത്തെ സംസ്‌കാരം പഠിക്കുന്നതിനും മനസിലാക്കുന്നതിനും,  ഏഭാരതം ശ്രേഷ്ഠഭാരതം എന്ന ചൈതന്യം ശക്തമാക്കുന്നതിനും  ഇത് സഹായകരമാകും.
സുഹൃത്തുക്കളെ,
വിനോദസഞ്ചാരം, സംസ്‌കാരം, ജൈവ വൈവിധ്യം തുടങ്ങിയ മേഖലകളില്‍ വടക്കു കിഴക്കന്‍ മേഖല പ്രത്യേകിച്ച് അസാം വളരെ സമ്പന്നമാണ്. എന്നിട്ടും ഇതിന്റെ സാധ്യതകള്‍ ഉപയോഗപ്പെടുത്തിയിട്ടില്ല. അസാമിന്റെ സംഗീതവും ഭാഷയും രാജ്യത്തും ലോകത്തും എത്തണം. കഴിഞ്ഞ എട്ടു വര്‍ഷമായി നാം അസാമിനെ ആധുനിക യാത്രാ സൗകര്യങ്ങളുമായി ബന്ധിപ്പിച്ചു വരികയാണ്. ഇതു വഴി അസാമും വടക്കു കിഴക്കു മേഖലയും വളരും. വികസിക്കും.  
സുഹൃത്തുക്കളെ,
അതിനാല്‍ അഗ്രദൂത് പോലുള്ള ഭാഷാ പത്രങ്ങളോട് എനിക്ക് പ്രത്യേകമായ ഒരു അഭ്യര്‍ത്ഥന ഉണ്ട്, ഡിജിറ്റല്‍ ഇന്ത്യയ്ക്കു വേണ്ടി നാം നടത്തുന്ന പരിശ്രമങ്ങളെ എല്ലാ വായനക്കാരിലും നിങ്ങള്‍ എത്തിക്കണം എന്ന്്.  ഇത് ിന്ത്യയുടെ ഭാവിയെ ശക്തിപ്പെടുത്തുന്നതിനാണ്. സ്വഛ്ഭാരത് മിഷന്‍ പോലുള്ള ദൗത്യങ്ങളില്‍ പത്രങ്ങള്‍ വഹിച്ച പങ്ക് ഇന്നും രാജ്യവും ലോകവും വളരെ പ്രകീര്‍ത്തിക്കപ്പെടുന്നു എന്ന് നിങ്ങള്‍ ഓര്‍ക്കണം. അതുപോലെ ഈ അമൃത മഹോത്സവത്തില്‍ രാജ്യത്തിന്റെ പ്രതിജ്ഞകള്‍ പാലിക്കുന്നതിന് നിങ്ങളും പങ്കാളികളാണം, അതിന് ഊര്‍ജ്ജവും ദിശാബോധവും പകരണം.
അസാമില്‍ ജല സംരംക്ഷണം വളരെ പ്രധാന മേഖലയാണ്. ഇതിനായി രാജ്യം ഇപ്പോള്‍ അമൃത് സരേവര്‍ അഭിയാന്‍ എന്ന ഒരു പദ്ധതി ആരംഭിച്ചിട്ടുണ്ട്.  ഓരോ ജില്ലയിലും 75 വീതം അമൃത് സരേവരങ്ങള്‍ നിര്‍മ്മിക്കുക.   അഗ്രദൂതിന്റെ സഹായമുണ്ടെങ്കില്‍  അസാമില്‍ ഇത് കാര്യക്ഷമമായി നടപ്പിലാകും എന്നു എനിക്കു പൂര്‍ണ വിശ്വാസമുണ്ട്.
അതുപോലെ അസാമിലെ ജനങ്ങളും ഗോത്രവര്‍ഗ്ഗക്കാരും നമ്മുടെ സ്വാതന്ത്ര്യ സമരത്തില്‍  വലിയ സംഭാവനകള്‍ നല്‍കിയിട്ടുണ്ട്.  ഒരു മാധ്യമ സ്ഥാപനം എന്ന നിലയില്‍ ഈ ജനസമൂഹത്തിന്റെ മഹത്തായ ഭൂതകാലത്തെ കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിക്കാന്‍ നിങ്ങള്‍ക്കു സാധിക്കും,  സമൂഹത്തിന്റെ നന്മയ്ക്കായി നവ ഊര്‍ജ്ജം പകരുന്നതില്‍ അഗ്രദൂത് കഴിഞ്ഞ 50 വര്‍ഷമായി പ്രവര്‍ത്തിക്കുന്നുണ്ട്. ഈ പ്രവര്‍ത്തനങ്ങള്‍ അവര്‍ തുടര്‍ന്നും നടത്തും എന്ന് എനിക്ക് ഉറപ്പുണ്ട്. അസാമിലെ ജനങ്ങളുടെ വികസനത്തിനായി അസാമിന്റെ സംസ്‌കാരത്തിനായി അവര്‍ തുടര്‍ന്നും നിലക്കൊള്ളും.
 നല്ല അറിവുള്ള നല്ല വിവരമുള്ള സമൂഹമാണ് നമ്മുടെ ലക്ഷ്യം. ഇതിനായി നമുക്ക് ഒരുമിച്ചു പ്രവര്‍ത്തിക്കാം. ഒരിക്കല്‍ കൂടി ഈ സുവര്‍ണ യാത്രയ്ക്ക് ഭാവിയിലേയ്ക്കുള്ള നന്മകളും  ഹൃദ്യമായ ആശംസകളും അര്‍പ്പിക്കുന്നു.

-ND-



(Release ID: 1839938) Visitor Counter : 191