വാണിജ്യ വ്യവസായ മന്ത്രാലയം
azadi ka amrit mahotsav

ദേശീയ വ്യാവസായിക ഇടനാഴി വികസന പരിപാടിയുടെ ഉന്നതതല നിരീക്ഷണ അതോറിറ്റിയുടെ ആദ്യ യോഗം ധനകാര്യ-കോര്‍പ്പറേറ്റ്കാര്യ മന്ത്രി നിര്‍മല സീതാരാമന്റെ അധ്യക്ഷതയിൽ ചേർന്നു


വ്യാവസായിക ഇടനാഴികള്‍ക്കായി വിഭവങ്ങളുടെ അനുയോജ്യമായ വിനിയോഗത്തിന് ഊന്നല്‍ നല്‍കി ധനമന്ത്രി



പിഎം ഗതിശക്തി ദേശീയ ആസൂത്രണപദ്ധതി അടിസ്ഥാനസൗകര്യപദ്ധതികളിലെ എല്ലാ നിക്ഷേപങ്ങളെയും മികച്ച രീതിയില്‍ കൂട്ടിയിണക്കും: ശ്രീമതി നിര്‍മല സീതാരാമന്‍



നിക്ഷേപം ആകര്‍ഷിക്കാന്‍ സംസ്ഥാനങ്ങള്‍ ന്യായമായ വിലയ്ക്കു ഭൂമിയും വൈദ്യുതിയും കണ്ടെത്തണം: ശ്രീ ഗോയല്‍



നിക്ഷേപം ഒഴുകിയാല്‍ മാത്രമേ വ്യവസായ പാർക്കുകൾ ഫലപ്രദമാകൂ: ശ്രീ ഗോയല്‍



വ്യവസായ ഉദ്യാനങ്ങളില്‍ ചേരികളുണ്ടാകാതിരിക്കാന്‍ തൊഴിലാളികള്‍ക്കു ചെലവുകുറഞ്ഞ താമസസൗകര്യങ്ങളും ക്യാന്റീനുകളും സംസ്ഥാനങ്ങള്‍ ഉറപ്പാക്കണം: ശ്രീ ഗോയല്‍



ഇലക്ട്രോണിക് ഉല്‍പ്പാദനത്തിനു പ്രത്യേക നോഡുകള്‍ വേണമെന്നും റെയില്‍വേ പ്രോജക്ടുകള്‍, ഒപ്റ്റിക്കല്‍ ഫൈബര്‍ ഡക്റ്റുകള്‍, ഡാറ്റാ സെന്ററുകള്‍ എന്നിവയ്ക്കായി വ്യവസ്ഥകളുണ്ടാക്കണമെന്നും സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ട് അശ്വിനി വൈഷ്ണവ്



പിഎം ഗതിശക്തിയില്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സാധ്യതകള്‍ പരിശോധിക്കാന്‍ നിതി ആയോഗ് വിവിധ അടിസ്ഥാനസൗകര്യപദ്ധതികളെക്കുറിച്ചു പഠിക്കും


Posted On: 07 JUL 2022 5:12PM by PIB Thiruvananthpuram

ദേശീയ വ്യാവസായിക ഇടനാഴി വികസന പരിപാടിയുടെ പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്യാനായി രൂപംനല്‍കിയ ഉന്നത നിരീക്ഷണ അതോറിറ്റിയുടെ ആദ്യ യോഗത്തില്‍ ഇന്നു ധനകാര്യ-കോര്‍പ്പറേറ്റ്കാര്യ മന്ത്രി നിര്‍മല സീതാരാമന്‍ അധ്യക്ഷയായി. ധനമന്ത്രി ചെയര്‍പേഴ്‌സണായ സമിതിയില്‍ വാണിജ്യ-വ്യവസായ മന്ത്രാലയത്തില്‍ നിന്നു ചുമതലപ്പെട്ട മന്ത്രി, റെയില്‍വേ മന്ത്രി, റോഡ് ഗതാഗത-ഹൈവേ മന്ത്രി, ഷിപ്പിങ് മന്ത്രി, നിതി ആയോഗ് ഉപാധ്യക്ഷന്‍, ബന്ധപ്പെട്ട സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍ എന്നിവര്‍ ഉള്‍പ്പെടുന്നു. ഗുജറാത്ത്, ഹരിയാന, കര്‍ണാടകം, മധ്യപ്രദേശ്, മഹാരാഷ്ട്ര, ഉത്തരാഖണ്ഡ് എന്നീ ആറു സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും ബിഹാര്‍, ഹിമാചല്‍ പ്രദേശ്, ഉത്തര്‍പ്രദേശ്, ആന്ധ്രാപ്രദേശ്, കേരളം, രാജസ്ഥാന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള മന്ത്രിമാരും എല്ലാ സംസ്ഥാനങ്ങളിലെയും മുതിര്‍ന്ന ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുത്തു. 

യോഗത്തെ അഭിസംബോധനചെയ്ത ധനമന്ത്രി ഈ വര്‍ഷങ്ങളിലെല്ലാം മികച്ച പ്രവര്‍ത്തനങ്ങള്‍ തുടരുന്നതിനു സംസ്ഥാന മുഖ്യമന്ത്രിമാര്‍ക്കും മറ്റു മന്ത്രിമാര്‍ക്കും നന്ദി പറഞ്ഞു. “കുറച്ചു നോഡുകളുള്ള ഏകദേശം 3-4 സംസ്ഥാനങ്ങളില്‍നിന്ന് ആരംഭിച്ചത് ഇപ്പോള്‍ 18 സംസ്ഥാനങ്ങളെ ഉള്‍ക്കൊള്ളുന്നു. വ്യാവസായിക വികസനത്തിനുള്ള ആവാസവ്യവസ്ഥ വ്യത്യസ്തമായ തലവും വേഗതയും കൈവരിച്ചിരിക്കുന്നു. നാം കൂടുതല്‍ ഉദാരവല്‍ക്കരിക്കപ്പെട്ട അന്തരീക്ഷമാണു കാണുന്നതിനാലാണിത്. ഇതു ദ്രുതഗതിയിലുള്ള വര്‍ധനയാണ്. തല്‍ഫലമായി മൊത്തത്തില്‍ കൂടുതല്‍ നേട്ടങ്ങളുണ്ടാകണം. നമുക്ക് അതു നേടാന്‍ കഴിയും”. ഭൂമി ഏറ്റെടുക്കല്‍ വേഗത്തിലാക്കാനും ധനമന്ത്രി സംസ്ഥാനങ്ങള്‍ക്കു പ്രേരണയേകി. 

വിഭവങ്ങളുടെ അനുയോജ്യമായ വിനിയോഗം ഉറപ്പാക്കേണ്ടതിന്റെ ആവശ്യകത ഊന്നിപ്പറഞ്ഞ ധനമന്ത്രി, പിഎം ഗതിശക്തി ദേശീയ ആസൂത്രണപദ്ധതി അടിസ്ഥാനസൗകര്യപദ്ധതികളിലെ എല്ലാ നിക്ഷേപങ്ങളെയും മികച്ച രീതിയില്‍ കൂട്ടിയിണക്കുമെന്നു പ്രതീക്ഷിക്കുന്നതായും പറഞ്ഞു. വ്യാവസായിക ഇടനാഴികള്‍, ചരക്ക് ഇടനാഴികള്‍, പ്രതിരോധ ഇടനാഴികള്‍, എന്‍ഐഎംസെഡ് (ദേശീയ വ്യാവസായിക ഉല്‍പ്പാദന മേഖലകള്‍), പിഎല്‍ഐ അധിഷ്ഠിത വ്യാവസായിക ഉദ്യാനങ്ങള്‍,  പിഎം മിത്ര ഉദ്യാനങ്ങള്‍, മെഡിക്കല്‍-ഫാര്‍മ പാര്‍ക്കുകള്‍, ലോജിസ്റ്റിക് പാര്‍ക്കുകള്‍ തുടങ്ങി എല്ലാ വ്യത്യസ്ത പദ്ധതികളും രേഖപ്പെടുത്താന്‍ മന്ത്രി നിതി ആയോഗിനോട് ആവശ്യപ്പെട്ടു. അവയെല്ലാം പിഎം ഗതിശക്തിയുടെ കീഴില്‍ കൊണ്ടുവരേണ്ടതുണ്ട്. വിവിധ വ്യാവസായിക ഇടനാഴികളുമായി ബന്ധിപ്പിച്ചിട്ടുള്ള എല്ലാ തുറമുഖങ്ങളുടെ കാര്യത്തിലും ശരിയായ രീതിയില്‍ സമ്പര്‍ക്കസംവിധാനങ്ങളുണ്ടോ എന്ന കാര്യം പരിശോധിക്കാന്‍ ഷിപ്പിങ് മന്ത്രാലയത്തോടു ധനമന്ത്രി ആവശ്യപ്പെട്ടു. നിരീക്ഷണ സമിതിയുടെ അടുത്തയോഗം നവംബറില്‍ ചേരാനും അവര്‍ ആവശ്യപ്പെട്ടു.

ഈ വ്യാവസായിക ഇടനാഴികളില്‍ അതിവേഗം നിക്ഷേപകരെ ആകര്‍ഷിക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതുണ്ടെന്ന് വാണിജ്യ-വ്യവസായ മന്ത്രി പിയൂഷ് ഗോയല്‍ പറഞ്ഞു. വ്യവസായങ്ങളെ ആകര്‍ഷിക്കാന്‍ എന്‍ഐസിഡിഐടിയോടും സംസ്ഥാനങ്ങളോടും റോഡ് ഷോകള്‍ നടത്താന്‍ മന്ത്രി ആവശ്യപ്പെട്ടു. നിക്ഷേപം ഒഴുകിയെത്തിയാല്‍ മാത്രമേ വ്യവസായ പാര്‍ക്കുകള്‍ വിജയകരമാകൂ എന്നും മന്ത്രി പറഞ്ഞു. “നമുക്ക് വേഗത്തില്‍ ഭൂമി അനുവദിക്കണം. വ്യവസായത്തിനുള്ള ഭൂമിക്കു ന്യായമായ വില നല്‍കണം. വ്യത്യസ്ത പാട്ടക്കാലാവധി, പാട്ടത്തുകത്തവണ അടയ്ക്കാനുള്ള സൗകര്യം, വാടക മാതൃക, പാട്ടവും വാടകയ്ക്കുള്ള ഓപ്ഷനും പോലുള്ള നൂതനമായ വഴികള്‍ എന്നിവ നാം ഒരുക്കണം. നിക്ഷേപകര്‍ സൂക്ഷ്മമായി നിരീക്ഷിക്കുന്ന മറ്റൊരു കാര്യമാണു വൈദ്യുതി നിരക്ക്. താങ്ങാനാകുന്നതും സ്ഥിരതയുള്ളതുമായ നിരക്ക് ഉണ്ടായിരിക്കണം. ഉയര്‍ന്ന വൈദ്യുതി നിരക്കു വ്യവസായത്തെ തടസപ്പെടുത്തും”- മന്ത്രി കൂട്ടിച്ചേര്‍ത്തു. നിലവിലുള്ള പാര്‍ക്കുകള്‍ നല്ല രീതിയില്‍ ഉപയോഗപ്പെടുത്തിയില്ലെങ്കില്‍ പുതിയ പാര്‍ക്കുകളെ കേന്ദ്രം പിന്തുണയ്ക്കില്ലെന്നു ശ്രീ ഗോയല്‍ മുന്നറിയിപ്പ് നല്‍കി. വ്യവസായ പാർക്കുകളിൽ  ചേരികളുണ്ടാകാതിരിക്കാന്‍ തൊഴിലാളികള്‍ക്കു ചെലവുകുറഞ്ഞ താമസസൗകര്യങ്ങളും ക്യാന്റീനുകളും സംസ്ഥാനങ്ങള്‍ ഉറപ്പാക്കണമെന്നും മന്ത്രി സംസ്ഥാനങ്ങളോട് അഭ്യര്‍ഥിച്ചു.

 

റെയില്‍ സമ്പര്‍ക്കസൗകര്യങ്ങള്‍ പ്രോജക്ട് നോഡുകളുടെ ആസൂത്രണത്തിന്റെ അവിഭാജ്യഘടകമാണെന്നും റെയില്‍വേയുടെ ആവശ്യകത കണക്കിലെടുത്തു സ്ഥലമേറ്റെടുപ്പു നടത്താമെന്നും റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു. പ്രാദേശിക റെയില്‍വേയും ഹൈഡ്രജന്‍ ട്രെയിനും ആസൂത്രണം ചെയ്യുന്നുണ്ടെന്നും അടിസ്ഥാനസൗകര്യവികസനം ഈ കാര്യങ്ങള്‍ മനസില്‍കണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു. ഒപ്റ്റിക്കല്‍ ഫൈബര്‍ സ്ഥാപിക്കുന്നതിനുള്ള ഡാറ്റാ സെന്ററുകളും ഡക്ടുകളും ആസൂത്രണം ചെയ്യാന്‍ അദ്ദേഹം എന്‍ഐസിഡിഐടിയോട് ആവശ്യപ്പെട്ടു. 

ഇലക്ട്രോണിക് ഉല്‍പ്പാദനത്തിനായി സമര്‍പ്പിത നോഡുകള്‍ ഉണ്ടായിരിക്കണമെന്നു ശ്രീ വൈഷ്ണവ് സംസ്ഥാന ഗവണ്മെന്റുകളോട് അഭ്യര്‍ത്ഥിച്ചു. അതു വളരെയധികം തൊഴില്‍സാധ്യതയുള്ളതാണെന്നും അദ്ദേഹം പറഞ്ഞു. “ഇലക്ട്രോണിക് ഉല്‍പ്പാദനത്തിനു വലിയ അവസരമാണുള്ളത്. ആഗോളതലത്തില്‍ മുഴുവന്‍ മൂല്യശൃംഖലകളും വിശ്വാസയോഗ്യമല്ലാത്ത പങ്കാളികളില്‍നിന്ന് ഒഴിവാകുകയും ഇന്ത്യയെ വിശ്വസ്തപങ്കാളിയായി കാണുകയും ചെയ്യുന്നു. ഇന്ത്യയിലുണ്ടായ ഇലക്ട്രോണിക് ഉല്‍പ്പാദനവിജയം ലോകം ഉറ്റുനോക്കുകയാണ്. ഒന്നുമില്ലായ്മയില്‍ നിന്നു നാം 76 ബില്യണ്‍ ഡോളറിലെത്തി. അതിപ്പോള്‍ ഇരട്ട അക്കത്തില്‍ കുതിക്കുകയാണ്.”- മന്ത്രി കൂട്ടിച്ചേര്‍ത്തു.

 

പിഎം ഗതിശക്തി ദേശീയ ആസൂത്രണപദ്ധതിപ്രകാരം, രാജ്യത്തിന്റെ ഉല്‍പ്പാദനസാധ്യതകള്‍ സാക്ഷാത്കരിക്കാനുള്ള ഇന്ത്യാ ഗവണ്മെന്റിന്റെ പ്രയത്‌നങ്ങള്‍ക്ക് അനുബന്ധമായി എന്‍ഐസിഡിസി നാലുഘട്ടങ്ങളിലായി 32 നോഡുകള്‍/പദ്ധതികള്‍ അടങ്ങുന്ന 11 വ്യാവസായിക ഇടനാഴികള്‍ വികസിപ്പിക്കുകയാണെന്നു ഡിപിഐഐടി സെക്രട്ടറി അനുരാഗ് ജെയിന്‍ അറിയിച്ചു.

ഗുജറാത്തിലെ ധോലേര പ്രത്യേക നിക്ഷേപ മേഖല (ഡിഎസ്‌ഐആര്‍), മഹാരാഷ്ട്രയിലെ ഔറംഗബാദില്‍ ഷെന്ദ്ര ബിഡ്കിന്‍ വ്യവസായ മേഖല (എസ്ബിഐഎ), ഉത്തര്‍പ്രദേശിലെ ഗ്രേറ്റര്‍ നോയ്ഡയില്‍ സംയോജിത വ്യാവസായിക പട്ടണം (ഐഐടിജിഎന്‍), മധ്യപ്രദേശിലെ ഉജ്ജയിനിലെ വിക്രം ഉദ്യോഗ്പുരി സംയോജിത വ്യാവസായിക പട്ടണം (ഐഐടിവിയു) എന്നിങ്ങനെ ഭാവിയിലേക്കുള്ള നാല് വികസിത ‘സ്മാര്‍ട്ട് വ്യാവസായിക നഗരങ്ങള്‍’ ഒരുക്കാന്‍ എന്‍ഐസിഡിസിക്കു കഴിഞ്ഞിട്ടുണ്ടെന്ന് എന്‍ഐസിഡിസി സ്‌പെഷ്യല്‍ സെക്രട്ടറി (ലോജിസ്റ്റിക്‌സ്) അമൃത് ലാല്‍ മീണ പറഞ്ഞു. ആന്ധ്രാപ്രദേശ്, കര്‍ണാടക ഗവണ്മെന്റുകളുടെ പിന്തുണയോടെ കൃഷ്ണപട്ടണത്തും തുമക്കൂറുവിലും രണ്ടു പുതിയ നോഡുകള്‍ നടപ്പാക്കുന്നതിനുള്ള നീക്കങ്ങള്‍ മുന്നോട്ടുപോകുകയാണെന്നും അദ്ദേഹം പറഞ്ഞു. ഹരിയാനയിലെ നംഗല്‍ ചൗധരിയിലും ഉത്തര്‍പ്രദേശിലെ ദാദ്രിയിലും എന്‍ഐസിഡിസി മള്‍ട്ടി മോഡല്‍ ലോജിസ്റ്റിക്‌സ് ഹബ്ബുകള്‍ (എംഎംഎല്‍എച്ച്) വികസിപ്പിക്കുന്നു. കൂടാതെ, ഉത്തര്‍പ്രദേശിലെ ബോറാക്കിയില്‍ മള്‍ട്ടി മോഡല്‍ ട്രാന്‍സ്പോര്‍ട്ട് ഹബും (എംഎംടിഎച്ച്) വികസിപ്പിക്കുന്നുണ്ട്.
 

നാളിതുവരെ 979 ഏക്കര്‍ ഭൂമിയുള്ള 201 പ്ലോട്ടുകള്‍ വിവിധ ദേശീയ/ബഹുരാഷ്ട്ര വ്യാവസായിക യൂണിറ്റുകള്‍ക്ക് അനുവദിച്ചിട്ടുണ്ട്. പ്രതിബദ്ധതയാര്‍ന്ന 17,500 കോടി രൂപയിലധികം നിക്ഷേപവും 23,000ത്തിലധികം തൊഴിലവസരങ്ങളും ഇതിന്റെ ഭാഗമാണ്. 12 യൂണിറ്റുകളില്‍ വാണിജ്യാടിസ്ഥാനത്തിലുള്ള ഉല്‍പ്പാദനം ആരംഭിച്ചു കഴിഞ്ഞു. നാല്‍പ്പതോളം കമ്പനികള്‍ ഫാക്ടറികള്‍ സ്ഥാപിക്കുകയാണ്. വ്യാവസായിക, വാണിജ്യ, പാര്‍പ്പിട, സ്ഥാപനങ്ങള്‍ തുടങ്ങി വിവിധ ആവശ്യങ്ങള്‍ക്കായി 5400 ഏക്കറിലധികം വികസിത ഭൂമി ഉടന്‍ അനുവദിക്കുന്നതിനായി ലഭ്യമാണ്. വ്യാവസായിക ഇടനാഴി പരിപാടിക്കു കീഴില്‍, പ്ലോട്ട് അനുവദിക്കപ്പെടുന്നവര്‍ക്കു വാണിജ്യ ഉല്‍പ്പാദനത്തിലേക്കു കടക്കുന്നതുവരെ പൂര്‍ണമായ പിന്തുണയും നല്‍കുന്നു. 

വാണിജ്യ വ്യവസായ മന്ത്രാലയത്തിന്റെ ഡിപിഐഐടിയുടെ ഭരണനിയന്ത്രണത്തിലുള്ള സ്‌പെഷ്യല്‍ പര്‍പ്പസ് വെഹിക്കിളാണ് (എസ്പിവി) എന്‍ഐസിഡിസി ലിമിറ്റഡ്. ഇതു പദ്ധതിവികസനപ്രവര്‍ത്തനങ്ങള്‍ നടത്തുകയും ‘ദേശീയ വ്യാവസായിക ഇടനാഴി പരിപാടി’ക്കു കീഴില്‍ വിവിധ വ്യാവസായിക ഇടനാഴി പദ്ധതികളുടെ നടത്തിപ്പ് ഏകോപിപ്പിക്കുകയും ചെയ്യുന്നു. ഈ പരിപാടിക്കു കീഴില്‍, എന്‍ഐസിഡിസിക്കു ഗുജറാത്തിലെ ധോലേര പ്രത്യേക നിക്ഷേപ മേഖല (ഡിഎസ്‌ഐആര്‍), മഹാരാഷ്ട്രയിലെ ഔറംഗബാദില്‍ ഷെന്ദ്ര ബിഡ്കിന്‍ വ്യവസായ മേഖല (എസ്ബിഐഎ), ഉത്തര്‍പ്രദേശിലെ ഗ്രേറ്റര്‍ നോയ്ഡയില്‍ സംയോജിത വ്യാവസായിക പട്ടണം (ഐഐടിജിഎന്‍), മധ്യപ്രദേശിലെ ഉജ്ജയിനിലെ വിക്രം ഉദ്യോഗ്പുരി സംയോജിത വ്യാവസായിക പട്ടണം (ഐഐടിവിയു) എന്നിങ്ങനെ നാലു ഗ്രീന്‍ഫീല്‍ഡ് സ്മാര്‍ട്ട് സിറ്റികളുണ്ട്. ഇതിനകം തന്നെ വ്യവസായങ്ങള്‍ക്കായി സജ്ജമാക്കിയിരിക്കുകയാണ് ഈ സ്മാര്‍ട്ട് നഗരങ്ങള്‍.

-ND-


(Release ID: 1839934) Visitor Counter : 170