രാജ്യരക്ഷാ മന്ത്രാലയം
azadi ka amrit mahotsav

ലംബ വിക്ഷേപണം നടത്താവുന്ന ഹ്രസ്വദൂര ഉപരിതല-വ്യോമ മിസൈൽ DRDO യും ഇന്ത്യൻ നാവികസേനയും ചേർന്ന് ഒഡീഷ തീരത്ത് വിജയകരമായി പരീക്ഷിച്ചു

Posted On: 24 JUN 2022 2:43PM by PIB Thiruvananthpuram

ലംബ വിക്ഷേപണം നടത്താവുന്ന ഹ്രസ്വദൂര ഉപരിതല-വ്യോമ മിസൈൽ (Vertical Launch Short Range Surface to Air Missile - VL-SRSAM)  2022 ജൂൺ 24 ന് DRDO യും ഇന്ത്യൻ നാവികസേനയും ചേർന്ന് ഒഡീഷ തീരത്തെ ചാന്ദിപൂരിലെ ഇന്റഗ്രേറ്റഡ് ടെസ്റ്റ് റേഞ്ചിൽ (ITR) വിജയകരമായി പരീക്ഷിച്ചു. കപ്പലിൽ സ്ഥാപിതമായ VL-SRSAM ആയുധ സംവിധാനം സമീപപരിധിയിലുള്ള വിവിധ ആകാശ ഭീഷണികളെ നിർവീര്യമാക്കാൻ ശേഷിയുള്ളതാണ്.

വിമാനത്തിന് സമാനമായ ഒരു അതിവേഗ വ്യോമ ലക്ഷ്യത്തിനെതിരെ വിക്ഷേപിച്ചാണ് ഈ സംവിധാനം  പരീക്ഷിച്ചത്. പരീക്ഷണം പൂർണ്ണ വിജയമായിരുന്നു. ചാന്ദിപൂർ ITR വിന്യസിച്ചിട്ടുള്ള നിരവധി നിരീക്ഷണ ഉപകരണങ്ങൾ ഉപയോഗിച്ച് വാഹനത്തിന്റെ ആകാശ പാതയും പ്രവർത്തന മേന്മയും നിരീക്ഷിച്ചു.

പരീക്ഷണ വിക്ഷേപണത്തിന്റെ വിജയത്തിൽ DRDO യെയും ഇന്ത്യൻ നാവികസേനയെയും വ്യവസായമേഖലയെയും രാജ്യ രക്ഷാമന്ത്രി ശ്രീ രാജ്‌നാഥ് സിംഗ് അഭിനന്ദിക്കുകയും വ്യോമ ഭീഷണികൾക്കെതിരെ ഇന്ത്യൻ നാവികസേനയുടെ കപ്പലുകളുടെ പ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്ന ഒരു കവചമായി ഈ സംവിധാനം മാറുമെന്നു പ്രസ്താവിക്കുകയും ചെയ്തു.


(Release ID: 1836772) Visitor Counter : 201