പ്രധാനമന്ത്രിയുടെ ഓഫീസ്
മുംബൈ സമാചാര്‍ ദ്വിശതാബ്ദി മഹോത്സവത്തെ അഭിസംബോധന ചെയ്തു പ്രധാനമന്ത്രി നടത്തിയ പ്രസംഗം
Posted On:
14 JUN 2022 9:26PM by PIB Thiruvananthpuram
മഹാരാഷ്ട്ര ഗവര്‍ണര്‍ ശ്രീ ഭഗത് സിംഗ് കോശ്യാരി ജി, മഹാരാഷ്ട്ര മുഖ്യമന്ത്രി ശ്രീ ഉദ്ധവ് താക്കറെ ജി, മഹാരാഷ്ട്ര പ്രതിപക്ഷ നേതാവ് ശ്രീ ദേവേന്ദ്ര ഫഡ്നാവിസ് ജി, മുംബൈ സമാചാര്‍ മാനേജിംഗ് ഡയറക്ടര്‍മാരായ ശ്രീ എച്ച് എന്‍ കാമ ജി, ശ്രീ മെഹര്‍വാന്‍ കാമ ജി, എഡിറ്റര്‍ നിലേഷ് ദവേ ജി, പത്രവുമായി ബന്ധപ്പെട്ട സഹപ്രവര്‍ത്തകരെ സഹോദരീ സഹോദരന്‍മാരെ,
ആദ്യംതന്നെ നീലേഷ്ഭായ് പറഞ്ഞതിനെ ഞാന്‍ എതിര്‍ക്കുകയാണ്. ഇന്ത്യയുടെ ഭാഗ്യത്തിന്റെ സ്രഷ്ടാവ് എന്നാണ് അദ്ദേഹം എന്നെ വിശേഷിപ്പിച്ചത്. ഇന്ത്യയുടെ ഭാഗ്യത്തിന്റെ സ്രഷ്ടാവ് അവിടുത്തെ ജനങ്ങളാണ്, 130 കോടി പൗരന്‍മാരാണ്. ഞാന്‍ ഒരു സേവകന്‍ മാത്രമാണ്.
ഇന്ന് ഞാന്‍ ഇവിടെ വന്നില്ലായിരുന്നുവെങ്കില്‍, എനിക്ക് ഒരുപാട് നഷ്ടം സംഭവിക്കുമായിരുന്നു, കാരണം എനിക്ക് അറിയാവുന്ന പല മുഖങ്ങളെയും ഇവിടെ കാണാന്‍ സാധിക്കുന്നുണ്ട്. ഇത്രയധികം ആളുകളെ പരിചയപ്പെടാന്‍ അവസരം ലഭിക്കുന്നതിലും വലിയ സന്തോഷം തരുന്ന മറ്റൊരു അവസരമുണ്ടാവില്ല.
ചരിത്രപരമായ ഈ പത്രത്തിന്റെ 200-ാം വാര്‍ഷികത്തില്‍ എല്ലാ വായനക്കാര്‍ക്കും പത്രപ്രവര്‍ത്തകര്‍ക്കും മുംബൈ സമാചാറിലെ ജീവനക്കാര്‍ക്കും ഹൃദയംഗമമായ അഭിനന്ദനങ്ങള്‍! ഈ രണ്ട് നൂറ്റാണ്ടുകളില്‍ നിരവധി തലമുറകളുടെ ആശങ്കകള്‍ പുറത്തറിയിക്കുന്ന ശബ്ദമായി മുംബൈ സമാചാര്‍ നിലകൊണ്ടിട്ടുണ്ട്. മുംബൈ സമാചാര്‍ സ്വാതന്ത്ര്യ സമരത്തിന് ശബ്ദം നല്‍കി. കൂടാതെ സ്വതന്ത്ര ഇന്ത്യയുടെ 75 വര്‍ഷത്തെ എല്ലാ പ്രായത്തിലുമുള്ള വായനക്കാരിലും എത്തിച്ചു. ഉപയോഗപ്പെടുത്തിയ ഭാഷഗുജറാത്തിയായി തന്നെ തുടര്‍ന്നെങ്കിലുംപ്രചരിപ്പിച്ചതു ദേശീയ തലത്തിലുള്ള ആശങ്കകളായിരുന്നു. വിദേശികളുടെ സ്വാധീനത്തില്‍ ഈ നഗരം ബോംബെ ആയപ്പോഴും ഈ പത്രം അതിന്റെ പ്രാദേശിക ബന്ധം ഉപേക്ഷിച്ചില്ല. വേരുമായുള്ള ബന്ധം ഉപേക്ഷിച്ചില്ല. അത് അന്നും ഒരു സാധാരണ മുംബൈക്കാരുടെ പത്രമായിരുന്നു; ഇന്നും അങ്ങനെത്തന്നെ - മുംബൈ സമാചാര്‍! മുംബൈ സമാചാറിന്റെ ആദ്യ പത്രാധിപരായിരുന്ന മെഹര്‍ജിഭായിയുടെ ലേഖനങ്ങള്‍ അക്കാലത്തു വളരെ താല്പര്യത്തോടെയാണ് വായിച്ചിരുന്നത്. ഈ പത്രത്തില്‍ പ്രസിദ്ധീകരിച്ച വാര്‍ത്തയുടെ ആധികാരികത സംശയാതീതമാണ്. മഹാത്മാഗാന്ധിയും സര്‍ദാര്‍ പട്ടേലും മുംബൈ സമാചാറിനെ പതിവായി ഉദ്ധരിച്ചു. ഇന്ന് പ്രദര്‍ശിപ്പിച്ച തപാല്‍ സ്റ്റാമ്പിന്റെയും പുസ്തക കവറിന്റെയും ഡോക്യുമെന്ററിയുടെയും പ്രകാശനത്തിലൂടെ നിങ്ങളുടെ ഈ അത്ഭുതകരമായ യാത്ര രാജ്യത്തു മാത്രമല്ല ലോകത്താകെ പ്രചരിക്കാന്‍ പോവുകയാണ്.
സുഹൃത്തുക്കളെ,
ഇന്നത്തെ കാലത്ത് ഒരു പത്രം 200 വര്‍ഷമായി തുടരുന്നു എന്ന് കേള്‍ക്കുമ്പോള്‍ അത്ഭുതം തോന്നുക സ്വാഭാവികം. ഈ പത്രം തുടങ്ങിയപ്പോള്‍ റേഡിയോ കണ്ടുപിടിച്ചിട്ടില്ല, ടിവി എന്ന ചോദ്യമേ ഉയര്‍ന്നിട്ടില്ല. കഴിഞ്ഞ രണ്ട് വര്‍ഷങ്ങളില്‍, 100 വര്‍ഷങ്ങള്‍ക്ക് മുമ്പുള്ള സ്പാനിഷ് ഫ്‌ളൂ മഹാവ്യാധിയെക്കുറിച്ച് നാമെല്ലാവരും ചര്‍ച്ച ചെയ്തിട്ടുണ്ട്. എന്നാല്‍ ഈ പത്രം ആരംഭിച്ചത് 100 വര്‍ഷം മുമ്പ് ആ ആഗോള മഹാമാരിക്കും മുമ്പാണ്. അതിവേഗം മാറിക്കൊണ്ടിരിക്കുന്ന കാലത്ത് ഇത്തരം വസ്തുതകള്‍ പുറത്തുവരുമ്പോള്‍, മുംബൈ സമാചാറിന്റെ 200 വര്‍ഷത്തെ പ്രാധാന്യം ഇന്ന് കൂടുതല്‍ പ്രസക്തമായിത്തീരുന്നു. മുംബൈ സമാചറിന്റെ 200 വര്‍ഷവും ഇന്ത്യയുടെ സ്വാതന്ത്ര്യത്തിന്റെ 75 വര്‍ഷവും ഈ വര്‍ഷം തന്നെയാണ് എന്നതു സന്തോഷകരമായ യാദൃച്ഛികതയാണ്. അതിനാല്‍, ഇന്ന് നമ്മള്‍ ഇന്ത്യയുടെ പത്രപ്രവര്‍ത്തനത്തിന്റെ ഉയര്‍ന്ന നിലവാരം, ദേശസ്‌നേഹത്തിന്റെ തീക്ഷ്ണതയുമായി ബന്ധപ്പെട്ട പത്രപ്രവര്‍ത്തനം ആഘോഷിക്കുക മാത്രമല്ല, ഈ ആഘോഷം സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവത്തെ സമ്പന്നമാക്കുകയും ചെയ്യുന്നു. രാജ്യത്ത് ബോധവല്‍ക്കരണം നടത്തുന്നതിനു നിങ്ങള്‍ പുലര്‍ത്തുന്ന മൂല്യങ്ങളും ദൃഢനിശ്ചയങ്ങളും തടസ്സമില്ലാതെ തുടരുമെന്ന് എനിക്ക് ഉറപ്പുണ്ട്.
സുഹൃത്തുക്കളെ,
മുംബൈ സമാചാര്‍ എന്നത് വാര്‍ത്തകളുടെ ഒരു മാധ്യമം മാത്രമല്ല, ഒരു പൈതൃകമാണ്. മുംബൈ സമാചാര്‍ ഇന്ത്യയുടെ തത്വശാസ്ത്രവും ആവിഷ്‌കാരവുമാണ്. മുംബൈ സമാചറില്‍ ഓരോ കൊടുങ്കാറ്റിലും ഇന്ത്യ എങ്ങനെ ഉറച്ചു നിന്നു എന്നതിന്റെ ഒരു നേര്‍ക്കാഴ്ചയും നമുക്ക് ലഭിക്കും. കാലാകാലങ്ങളില്‍ ഓരോ സാഹചര്യത്തിലും ഇന്ത്യ സ്വയം മാറിക്കൊണ്ടിരിക്കുന്നു, പക്ഷേ അതിന്റെ അടിസ്ഥാന തത്വങ്ങള്‍ കൂടുതല്‍ ശക്തിപ്പെടുത്തി. മുംബൈ സമാചാര്‍ എല്ലാ പുതിയ മാറ്റങ്ങളെയും സ്വീകരിച്ചു. ആഴ്ചയിലൊരിക്കല്‍ മുതല്‍ ആഴ്ചയില്‍ രണ്ടുതവണ, തുടര്‍ന്ന് ദിവസേനയും ഇപ്പോള്‍ ഡിജിറ്റലുമായി, ഈ പത്രം ഓരോ കാലഘട്ടത്തിന്റെയും പുതിയ വെല്ലുവിളികളോട് നന്നായി പൊരുത്തപ്പെട്ടു. സ്വന്തം മൂല്യങ്ങളില്‍ അഭിമാനം പുലര്‍ത്തി അടിയുറച്ചുനിന്നുകൊണ്ട് പരിവര്‍ത്തനത്തെ എങ്ങനെ ഉള്‍ക്കൊള്ളാമെന്നതിന്റെ സാക്ഷ്യപത്രം കൂടിയാണ് മുംബൈ സമാചാര്‍.
സുഹൃത്തുക്കളെ,
മുംബൈ സമാചാര്‍ തുടങ്ങിയത് അടിമത്തത്തിന്റെ ഇരുട്ട് പരന്നിരുന്ന കാലത്താണ്. അത്തരമൊരു കാലഘട്ടത്തില്‍ ഗുജറാത്തി പോലൊരു ഇന്ത്യന്‍ ഭാഷയില്‍ ഒരു പത്രം പ്രസിദ്ധീകരിക്കുക എന്നത് അത്ര എളുപ്പമായിരുന്നില്ല. ആ കാലഘട്ടത്തില്‍ മുംബൈ സമാചാര്‍ ഭാഷാ പത്രപ്രവര്‍ത്തനം വിപുലീകരിച്ചു. അതിന്റെ വിജയം അതിനെ ഒരു മാധ്യമമാക്കി മാറ്റി. ലോകമാന്യ തിലക് ജി 'കേസരി', മറാത്ത വാരികകളിലൂടെ സ്വാതന്ത്ര്യ സമരത്തിന് മുന്‍തൂക്കം നല്‍കി. സുബ്രഹ്മണ്യഭാരതിയുടെ കവിതകളും രചനകളും വിദേശശക്തിയെ ആക്രമിച്ചു.
സുഹൃത്തുക്കളെ,
ഗുജറാത്തി പത്രപ്രവര്‍ത്തനവും സ്വാതന്ത്ര്യ സമരത്തിന്റെ വളരെ ഫലപ്രദമായ ഒരു മാധ്യമമായി മാറിയിരുന്നു. ഗുജറാത്തി പത്രപ്രവര്‍ത്തനത്തിനു ശക്തമായ അടിത്തറ പാകിയത് ഫര്‍ദുഞ്ചിയാണ്. ജുനഗഡിലെ പ്രശസ്തനായ മന്‍സുഖ്ലാല്‍ നാസര്‍ ആയിരുന്നു ഗാന്ധിജി തന്റെ ആദ്യ പത്രമായ 'ഇന്ത്യന്‍ ഒപിനിയന്‍' ദക്ഷിണാഫ്രിക്കയില്‍ നിന്ന് ആരംഭിച്ചത്. ഇതിനുശേഷം, ഇന്ദുലാല്‍ യാഗ്‌നിക് ജി അദ്ദേഹത്തിന് കൈമാറിയ ഗുജറാത്തി പത്രമായ 'നവ്ജീവന്‍' എഡിറ്ററായി ബാപ്പു ആദ്യമായി ചുമതലയേറ്റു. ഒരു കാലത്ത് എ ഡി ഗോര്‍വാലയുടെ 'അഭിപ്രായം' ഡല്‍ഹിയിലെ അധികാരത്തിന്റെ ഇടനാഴികളില്‍ ഏറെ പ്രചാരം നേടിയിരുന്നു. അടിയന്തരാവസ്ഥക്കാലത്തെ സെന്‍സര്‍ഷിപ്പ് കാരണം, നിരോധിച്ചപ്പോള്‍ അതിന്റെ സൈക്ലോസ്‌റ്റൈലുകള്‍ പ്രസിദ്ധീകരിച്ചു. സ്വാതന്ത്ര്യത്തിനായുള്ള പോരാട്ടമായാലും ജനാധിപത്യത്തിന്റെ പുനഃസ്ഥാപനമായാലും, പത്രപ്രവര്‍ത്തനം വളരെ പ്രധാനപ്പെട്ട പങ്ക് വഹിച്ചിട്ടുണ്ട്. ഇതിലും ഗുജറാത്തി പത്രപ്രവര്‍ത്തനത്തിന്റെ പങ്ക് വളരെ ഉയര്‍ന്നതാണ്.
സുഹൃത്തുക്കളെ,
സ്വാതന്ത്ര്യത്തിന്റെ 'അമൃത് കാലത്തു' പോലും ഇന്ത്യന്‍ ഭാഷകള്‍ ഒരു പ്രധാന പങ്ക് വഹിക്കാന്‍ പോകുന്നു. നാം ശ്വസിക്കുന്ന, നാം ചിന്തിക്കുന്ന ഭാഷയിലൂടെ രാജ്യത്തിന്റെ സര്‍ഗ്ഗാത്മകത പോഷിപ്പിക്കാന്‍ നാം ആഗ്രഹിക്കുന്നു. ഇത് കണക്കിലെടുത്ത് പുതിയ ദേശീയ വിദ്യാഭ്യാസ നയത്തില്‍ മെഡിക്കല്‍, സയന്‍സ്, ടെക്നോളജി പഠനങ്ങള്‍ പ്രാദേശിക ഭാഷയില്‍ നടത്താനുള്ള സൗകര്യം നല്‍കിയിട്ടുണ്ട്. ലോകത്തിലെ ഏറ്റവും മികച്ച ഉള്ളടക്കം ഇന്ത്യന്‍ ഭാഷകളില്‍ സൃഷ്ടിക്കുന്നതിനും ഊന്നല്‍ നല്‍കുന്നുണ്ട്.
സുഹൃത്തുക്കളെ,
ഇന്ത്യന്‍ ഭാഷകളിലെ ഭാഷാ പത്രപ്രവര്‍ത്തനവും സാഹിത്യവും സ്വാതന്ത്ര്യ സമരത്തില്‍ ഒരു പ്രധാന പങ്ക് വഹിച്ചു. പൊതുജനങ്ങളിലേക്കെത്താന്‍ ബാപ്പു പത്രപ്രവര്‍ത്തനത്തെ ഒരു പ്രധാന സ്തംഭമാക്കി. നേതാജി സുഭാഷ് ചന്ദ്രബോസ് റേഡിയോ തന്റെ മാധ്യമമാക്കി.
സുഹൃത്തുക്കളെ,
ഇന്ന് ഞാന്‍ നിങ്ങളോട് മറ്റൊരു വശത്തെക്കുറിച്ച് സംസാരിക്കാന്‍ ആഗ്രഹിക്കുന്നു. ഈ പത്രം ആരംഭിച്ചത് ഫര്‍ദൂന്‍ജി മര്‍സബാന്‍ ആണെന്നും ഒരു പ്രതിസന്ധി വന്നപ്പോള്‍ കാമ കുടുംബമാണ് അത് ഏറ്റെടുത്തതെന്നും നിങ്ങള്‍ക്കറിയാം. ഈ കുടുംബം ഈ പത്രത്തിന് പുതിയ ഉയരങ്ങള്‍ നല്‍കുകയും ആരംഭിച്ചതെന്തിനാണോ ആ ലക്ഷ്യത്തിലേക്കു കൂടുതല്‍ കരുത്തോടെ നയിക്കുകയും ചെയ്തു.
സുഹൃത്തുക്കളെ,
ആയിരക്കണക്കിന് വര്‍ഷത്തെ ഇന്ത്യയുടെ ചരിത്രം നമ്മെ പലതും പഠിപ്പിക്കുന്നു. ചെറിയവരോ വലിയവരോ ദുര്‍ബലരോ ശക്തരോ ആകട്ടെ; ഇവിടെ വന്നവര്‍ ആരായാലും അവര്‍ക്കു മാ ഭാരതി എല്ലാവര്‍ക്കും തഴച്ചുവളരാന്‍ ധാരാളം അവസരം നല്‍കി. അതിനു പാഴ്‌സി സമൂഹത്തേക്കാള്‍ മികച്ച ഉദാഹരണം വേറെയില്ല. ഒരുകാലത്ത് ഇന്ത്യയില്‍ വന്നവര്‍ ഇന്ന് എല്ലാ മേഖലയിലും തങ്ങളുടെ രാജ്യത്തെ ശാക്തീകരിക്കുന്നു. സ്വാതന്ത്ര്യസമരം മുതല്‍ ഇന്ത്യയുടെ പുനര്‍നിര്‍മ്മാണം വരെ പാഴ്സി സഹോദരിമാരുടെയും സഹോദരന്‍മാരുടെയും സംഭാവന വളരെ വലുതാണ്. സംഖ്യകളുടെ അടിസ്ഥാനത്തില്‍ നോക്കിയാല്‍ രാജ്യത്തെ ഏറ്റവും ചെറിയ സമൂഹമാണ്; ഒരുതരം സൂക്ഷ്മ ന്യൂനപക്ഷം. എന്നാല്‍ സാധ്യതകളുടെയും സേവനത്തിന്റെയും കാര്യത്തില്‍ വളരെ വലുതാണ്. ഇന്ത്യന്‍ വ്യവസായം, രാഷ്ട്രീയം, സാമൂഹിക സേവനം, ജുഡീഷ്യറി, കായികം, പത്രപ്രവര്‍ത്തനം തുടങ്ങിയ രംഗങ്ങളില്‍ മുതല്‍ സൈന്യത്തില്‍ പോലും എല്ലാ മേഖലകളിലും പാഴ്‌സി സമൂഹത്തിന്റെ മുദ്ര ദൃശ്യമാണ്. സുഹൃത്തുക്കളേ, ഇന്ത്യയുടെ ഈ പാരമ്പര്യവും മൂല്യങ്ങളും നമ്മെ മികച്ചവരാക്കുന്നു.
സുഹൃത്തുക്കളെ,
ജനാധിപത്യത്തില്‍, അത് ജനങ്ങളുടെയോ രാഷ്ട്രീയ പാര്‍ട്ടികളുടെയോ പാര്‍ലമെന്റിന്റെയോ ജുഡീഷ്യറിയുടെയോ പ്രതിനിധികളായാലും, ഓരോ ഘടകത്തിനും അതിന്റേതായ പങ്കുണ്ട്. ഈ പങ്കു തുടര്‍ച്ചയായി പൂര്‍ത്തീകരിക്കപ്പെടുക എന്നതു വളരെ പ്രധാനമാണ്. ഗുജറാത്തിയില്‍ ഒരു പഴഞ്ചൊല്ലുണ്ട്: जेनु काम तेनु थाय; बिज़ा करे तो गोता खाय അതായത്, ഒരാള്‍ ചെയ്യാന്‍ പറ്റുന്നതു ചെയ്യണം. ഈ പഴഞ്ചൊല്ല് രാഷ്ട്രീയ മേഖലയില്‍ ആയാലും മാധ്യമ മേഖലയില്‍ ആയാലും എന്നു വേണ്ട, ഏതു മേഖലയില്‍ ആയാലും എല്ലാവര്‍ക്കും പ്രസക്തമാണ്. വാര്‍ത്തകള്‍ എത്തിക്കുക എന്നത് പത്രങ്ങളുടെയും മാധ്യമങ്ങളുടെയും കടമയാണ്, സമൂഹത്തിലും ഗവണ്‍മെന്റിലും എന്തെങ്കിലും പോരായ്മകളുണ്ടെങ്കില്‍ അത് പുറത്തു കൊണ്ടുവരണം. മാധ്യമങ്ങള്‍ക്ക് വിമര്‍ശിക്കാനുള്ള അവകാശം പോലെ തന്നെ ക്രിയാത്മകമായ വാര്‍ത്തകള്‍ പുറത്തു കൊണ്ടുവരിക എന്ന ഉത്തരവാദിത്തവും ഉണ്ട്. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി, ദേശീയ സാമൂഹിക താല്‍പ്പര്യങ്ങളുമായി ബന്ധപ്പെട്ട കാമ്പെയ്നുകള്‍ വലിയൊരു വിഭാഗം മാധ്യമങ്ങള്‍ നടത്തുകയും അതിന്റെ നല്ല ഫലം ഇന്ന് രാജ്യം അനുഭവിക്കുകയും ചെയ്യുന്നു. സ്വച്ഛ് ഭാരത് അഭിയാന്‍ കൊണ്ട് ഗ്രാമത്തിന്റെയും രാജ്യത്തെ പാവപ്പെട്ടവരുടെയും ജീവിതം മെച്ചപ്പെടുന്നുവെങ്കില്‍, അതില്‍ ചില മാധ്യമപ്രവര്‍ത്തകരും പ്രശംസനീയമായ പങ്ക് വഹിച്ചിട്ടുണ്ട്. ഇന്ന്, ഡിജിറ്റല്‍ പണമിടപാടിന്റെ കാര്യത്തില്‍ ഇന്ത്യ ലോകനേതാവാകുന്നതിനു പൊതു വിദ്യാഭ്യാസത്തിനായുള്ള മാധ്യമ പ്രചാരണം രാജ്യത്തെ സഹായിച്ചിട്ടുണ്ട്. ആഗോള ഡിജിറ്റല്‍ ഇടപാടുകളുടെ 40% ഇന്ത്യയിലാണ് നടക്കുന്നത് എന്നറിയുന്നതില്‍ നിങ്ങള്‍ സന്തോഷിക്കുന്നുണ്ടാവണം. കഴിഞ്ഞ രണ്ട് വര്‍ഷമായി കൊറോണ കാലത്ത് നമ്മുടെ പത്രപ്രവര്‍ത്തകരായ സഹപ്രവര്‍ത്തകര്‍ രാജ്യതാല്‍പ്പര്യത്തിനായി 'കര്‍മ്മയോഗികളെ' പോലെ പ്രവര്‍ത്തിച്ച രീതിയും എക്കാലവും ഓര്‍മ്മിക്കപ്പെടും. 100 വര്‍ഷത്തെ ഏറ്റവും വലിയ ഈ പ്രതിസന്ധിയെ നേരിടാന്‍ മാധ്യമങ്ങളുടെ ക്രിയാത്മകമായ സംഭാവന ഇന്ത്യയെ വളരെയധികം സഹായിച്ചു. സ്വാതന്ത്ര്യത്തിന്റെ 'അമൃത കാല'ത്തില്‍ രാജ്യത്തെ മാധ്യമങ്ങള്‍ ക്രിയാത്മകമായ പങ്ക് കൂടുതല്‍ വിപുലപ്പെടുത്തുമെന്ന് എനിക്ക് ഉറപ്പുണ്ട്. സംവാദങ്ങളിലൂടെയും ചര്‍ച്ചകളിലൂടെയും മുന്നോട്ട് കൊണ്ടുപോകുന്ന സമ്പന്നമായ പാരമ്പര്യമാണ് ഈ രാജ്യത്തിനുള്ളത്. ആയിരക്കണക്കിന് വര്‍ഷങ്ങളായി നാം ആരോഗ്യകരമായ സംവാദങ്ങളും ആരോഗ്യകരമായ വിമര്‍ശനങ്ങളും ശരിയായ ന്യായവാദവും സാമൂഹിക വ്യവസ്ഥയുടെ ഭാഗമാക്കിയിട്ടുണ്ട്. വളരെ ബുദ്ധിമുട്ടുള്ള സാമൂഹിക വിഷയങ്ങളില്‍ നാം തുറന്നതും ആരോഗ്യകരവുമായ ചര്‍ച്ചകള്‍ നടത്തിയിട്ടുണ്ട്. നാം ശക്തിപ്പെടുത്തേണ്ട ഇന്ത്യയുടെ പാരമ്പര്യമാണിത്.
സുഹൃത്തുക്കളെ,
ഇന്ന് ഞാന്‍ മുംബൈ സമാചാരിന്റെ എക്‌സിക്യൂട്ടീവുകളോടും പത്രപ്രവര്‍ത്തകരോടും ഒരു പ്രത്യേക അഭ്യര്‍ത്ഥന നടത്താന്‍ ആഗ്രഹിക്കുന്നു. നിങ്ങളുടെ കൈവശമുള്ള 200 വര്‍ഷത്തെ ആര്‍ക്കൈവ് ലഭ്യമാക്കേണ്ടത് വളരെ പ്രധാനമാണ്. അതില്‍ രാജ്യത്തിനും ലോകത്തിനുമായി ഇന്ത്യയുടെ ചരിത്രത്തിലെ നിരവധി വഴിത്തിരിവുകള്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഈ പത്രപ്രവര്‍ത്തന സമ്പത്ത് വിവിധ ഭാഷകളിലുള്ള പുസ്തകങ്ങളുടെ രൂപത്തില്‍ രാജ്യത്തിനു മുന്നിലേക്ക് കൊണ്ടുവരാന്‍ മുംബൈ സമാചാര്‍ ശ്രമിക്കണമെന്ന് ഞാന്‍ നിര്‍ദ്ദേശിക്കുന്നു. മഹാത്മാഗാന്ധിയെയും സ്വാമി വിവേകാനന്ദനെയും കുറിച്ച് നിങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതും ഇന്ത്യയുടെ സമ്പദ്വ്യവസ്ഥയുടെ ഉയര്‍ച്ച താഴ്ചകളെ വിശദമായി വിവരിച്ചതും ഇനി വെറും റിപ്പോര്‍ട്ടുകളല്ല. ഇന്ത്യയുടെ ഭാഗധേയം മാറ്റിമറിച്ച നിമിഷങ്ങളാണിത്. അതിനാലാണ് നിങ്ങള്‍ക്ക് ഒരു വലിയ നിധിയും മഹത്തായ മാധ്യമവും ഭാവിതലമുറയെ പ്രചോദിപ്പിക്കാന്‍ കാമ സാഹേബും ഉണ്ടെന്നും രാജ്യം ഇതിനൊക്കെയായി കാത്തിരിക്കുന്നു എന്നും പറയുന്നത്. ഭാവിയില്‍ പത്രപ്രവര്‍ത്തനത്തിനുള്ള വലിയൊരു പാഠവും നിങ്ങളുടെ ആര്‍ക്കൈവില്‍ മറഞ്ഞിരിക്കുന്നു. നിങ്ങള്‍ എല്ലാവരും ഈ ദിശയില്‍ പരിശ്രമിക്കണം. ഞാന്‍ നേരത്തെ പറഞ്ഞതുപോലെ, 200 വര്‍ഷത്തെ ഈ യാത്രയില്‍ നിങ്ങള്‍ എത്രയെത്ര ഉയര്‍ച്ച താഴ്ചകള്‍ കണ്ടിരിക്കണം. 200 വര്‍ഷം തടസ്സമില്ലാതെ തുടരുക എന്നതു തന്നെ ഒരു വലിയ ശക്തിയാണ്. ഈ സുപ്രധാന അവസരത്തിലേക്ക് എന്നെ ക്ഷണിച്ചതിന് എല്ലാവരോടും ഞാന്‍ നന്ദി പറയുന്നു, നിങ്ങളുടെ എല്ലാവരുടെയും ഇടയില്‍ ഇരിക്കാനും ഇത്രയും വലിയൊരു സമൂഹത്തെ കാണാനും എനിക്ക് അവസരം ലഭിച്ചു. ഒരിക്കല്‍ ഞാന്‍ ഏതോ സാഹിത്യ പരിപാടിക്കായി മുംബൈയില്‍ വന്നിരുന്നു. ഒരുപക്ഷേ സൂരജ്ഭായ് ദലാല്‍ എന്നെ ക്ഷണിച്ചിരിക്കാം. മുംബൈയും മഹാരാഷ്ട്രയും ഗുജറാത്തിന്റെ ഭാഷയുടെ ജന്മസ്ഥലങ്ങളാണെന്ന് അന്ന് ഞാന്‍ പറഞ്ഞിരുന്നു. മുംബൈ സമാചാറിന്റെ 200-ാം വാര്‍ഷികത്തില്‍ ഒരിക്കല്‍ കൂടി ഞാന്‍ നിങ്ങള്‍ക്ക് എല്ലാവിധ ആശംസകളും നേരുന്നു. കാമ കുടുംബം രാജ്യത്തിന് മികച്ച സേവനം ചെയ്തിട്ടുണ്ട്. മുഴുവന്‍ കുടുംബവും അഭിനന്ദനങ്ങള്‍ അര്‍ഹിക്കുന്നു. മുംബൈ സമാചാറിന്റെ എല്ലാ വായനക്കാര്‍ക്കും എന്റെ ഹൃദയംഗമമായ അഭിനന്ദനങ്ങള്‍ അറിയിക്കുന്നു. കാമ സാഹിബ് പറഞ്ഞത് വെറും വാക്കുകളല്ല! 200 വര്‍ഷമായി ഒരു പത്രം സ്ഥിരമായി വായിക്കുകയും ഒരു വീട്ടില്‍ തലമുറതലമുറയായി ചര്‍ച്ച ചെയ്യുകയും ചെയ്യുന്നത് വലിയ ശക്തിയാണ്. നിങ്ങള്‍ ഈ ശക്തി നല്‍കി, അതിനാല്‍, ഗുജറാത്തികളുടെ ഈ കഴിവിനെ അഭിനന്ദിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ഞാന്‍ അതിന്റെ പേര് പറയാന്‍ ആഗ്രഹിക്കുന്നില്ല; പക്ഷേ ഇന്നും ഗുജറാത്തി ഭാഷയിലുള്ള പത്രത്തിന് ഏറ്റവും കൂടുതല്‍ പ്രചാരമുള്ള ഒരു രാജ്യമുണ്ട്. ഇതിനര്‍ത്ഥം ഗുജറാത്തികള്‍ക്ക് അധികാരം എവിടെയാണെന്ന് പെട്ടെന്ന് മനസ്സിലാക്കാന്‍ കഴിയുമെന്നായിരിക്കാം. ഈ രസകരമായ സായാഹ്നത്തിന് വളരെ നന്ദി!
--ND--
(Release ID: 1834649)
Visitor Counter : 193
Read this release in:
English
,
Urdu
,
Hindi
,
Marathi
,
Bengali
,
Manipuri
,
Assamese
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada