പ്രധാനമന്ത്രിയുടെ ഓഫീസ്
ചീഫ് സെക്രട്ടറിമാരുടെ ആദ്യ ദേശീയ സമ്മേളനത്തില്‍ ജൂണ്‍ 16, 17 തീയതികളില്‍ പ്രധാനമന്ത്രി അധ്യക്ഷനാകും; പരിപാടി ധര്‍മശാലയില്‍
കേന്ദ്ര-സംസ്ഥാന ഗവണ്മെന്റുകള്‍ തമ്മിലുള്ള പങ്കാളിത്തത്തിനു കൂടുതല്‍ കരുത്തേകുന്ന സുപ്രധാന ചുവടുവയ്പാകും സമ്മേളനം
മൂന്നു വിഷയങ്ങളില്‍ വിശദചര്‍ച്ചകള്‍ നടക്കും: എന്‍ഇപി നടപ്പാക്കല്‍, നഗരപരിപാലനം; വിള വൈവിധ്യവല്‍ക്കരണവും കാര്‍ഷിക ഉല്‍പ്പന്നങ്ങളില്‍ സ്വയംപര്യാപ്തത കൈവരിക്കലും
ഓരോ വിഷയത്തിലും സംസ്ഥാനങ്ങളില്‍/കേന്ദ്രഭരണപ്രദേശങ്ങളില്‍ നിന്നുള്ള മികച്ച രീതികള്‍ അവതരിപ്പിക്കും
‘ആസാദി കാ അമൃത് മഹോത്സവ്: 2047ലേക്കുള്ള മാര്‍ഗരേഖ’ എന്ന വിഷയത്തില്‍ പ്രത്യേക സെഷന്‍
വ്യവസായ നടത്തിപ്പു സുഗമമാക്കല്‍; പദ്ധതികള്‍ പൂര്‍ണതയിലെത്തിക്കലും അങ്ങേയറ്റംവരെ എത്തുന്നുവെന്ന് ഉറപ്പാക്കലും; പിഎം ഗതി ശക്തിയിലൂടെ ഇന്ത്യയുടെ അടിസ്ഥാനസൗകര്യങ്ങളുടെ പരിവര്‍ത്തനം; ശേഷിവര്‍ദ്ധന എന്നീ നാലുവിഷയങ്ങളില്‍ പ്രത്യേക സെഷനുകള്‍
വികസനം കാംക്ഷിക്കുന്ന ജില്ലകളുടെ കാര്യത്തിലും പ്രത്യേക സെഷന്‍
കര്‍മപദ്ധതിക്ക് അന്തിമരൂപം നല്‍കാന്‍ നിതി ആയോഗിന്റെ നിര്‍വഹണസമിതി യോഗത്തില്‍ സമ്മേളനഫലങ്ങള്‍ ചര്‍ച്ചചെയ്യും
Posted On:
14 JUN 2022 8:56AM by PIB Thiruvananthpuram
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 2022 ജൂണ്‍ 16, 17 തീയതികളില്‍ ചീഫ് സെക്രട്ടറിമാരുടെ പ്രഥമ ദേശീയ സമ്മേളനത്തില്‍ അധ്യക്ഷനാകും. ഹിമാചല്‍ പ്രദേശിലെ ധര്‍മ്മശാലയിലുള്ള എച്ച്പിസിഎ സ്റ്റേഡിയത്തിലാണു പരിപാടി. കേന്ദ്ര-സംസ്ഥാന ഗവണ്മെന്റുകള്‍ തമ്മിലുള്ള പങ്കാളിത്തത്തിനു കൂടുതല്‍ കരുത്തേകുന്ന സുപ്രധാന ചുവടുവയ്പാകും ഈ സമ്മേളനം.
ചീഫ് സെക്രട്ടറിമാരുടെ ദേശീയ സമ്മേളനം 2022 ജൂണ്‍ 15 മുതല്‍ 17 വരെയാണു നടക്കുന്നത്. കേന്ദ്ര ഗവണ്മെന്റിനെയും എല്ലാ സംസ്ഥാനങ്ങളെയും/ കേന്ദ്ര ഭരണ പ്രദേശങ്ങളെയും വിവിധ മേഖലകളിലെ വിദഗ്ധരെയും പ്രതിനിധാനംചെയ്ത് 200ലധികം പേര്‍ സമ്മേളനത്തില്‍ പങ്കെടുക്കും. മൂന്നു ദിവസങ്ങളിലായി നടക്കുന്ന സമ്മേളനം സംസ്ഥാനങ്ങളുടെ പങ്കാളിത്തത്തോടെയുള്ള ദ്രുതവും സുസ്ഥിരവുമായ സാമ്പത്തിക വളര്‍ച്ചയില്‍ ശ്രദ്ധ കേന്ദ്രീകരിക്കും. ‘ടീം ഇന്ത്യ’യായി പ്രവര്‍ത്തിക്കുമ്പോള്‍ സുസ്ഥിരത, തൊഴിലവസരങ്ങള്‍ സൃഷ്ടിക്കല്‍, വിദ്യാഭ്യാസം, ജീവിത സൗകര്യങ്ങള്‍, കാര്‍ഷിക മേഖലയിലെ സ്വയംപര്യാപ്തത എന്നിവയ്ക്കൊപ്പം ഉയര്‍ന്ന വളര്‍ച്ചയ്ക്കുള്ള സഹകരണ പ്രവര്‍ത്തനത്തിനും സമ്മേളനം അടിത്തറയിടും. പൊതു വികസന അജന്‍ഡയുടെ വികാസത്തിനും നടപ്പാക്കലിനും ജനങ്ങളുടെ അഭിലാഷങ്ങള്‍ നേടിയെടുക്കുന്നതിനുള്ള യോജിച്ച പ്രവര്‍ത്തനത്തിനുള്ള രൂപരേഖയ്ക്കും സമ്മേളനം ഊന്നല്‍ നല്‍കും.
ആറുമാസത്തിലേറെ നീണ്ട നൂറിലധികം തവണ നടന്ന ചര്‍ച്ചകള്‍ക്കുശേഷമാണ് ഈ സമ്മേളനത്തിന്റെ ആശയവും വിഷയങ്ങളും ഒരുക്കിയത്. മൂന്നു വിഷയങ്ങളാണു സമ്മേളനത്തില്‍ വിശദമായി ചര്‍ച്ചചെയ്യുന്നത്: (i) ദേശീയ വിദ്യാഭ്യാസ നയം നടപ്പാക്കല്‍; (ii) നഗരപരിപാലനം; (iii) വിള വൈവിധ്യവല്‍ക്കരണവും എണ്ണക്കുരുക്കള്‍, പയര്‍വര്‍ഗങ്ങള്‍, മറ്റു കാര്‍ഷികോല്‍പ്പന്നങ്ങള്‍ എന്നിവയില്‍ സ്വയംപര്യാപ്തത കൈവരിക്കല്‍. ദേശീയ വിദ്യാഭ്യാസനയത്തിനു കീഴില്‍, സ്‌കൂളുകളെക്കുറിച്ചും ഉന്നത വിദ്യാഭ്യാസത്തെക്കുറിച്ചും ചര്‍ച്ചചെയ്യും. ഓരോ വിഷയത്തിലും സംസ്ഥാനങ്ങളില്‍/കേന്ദ്രഭരണപ്രദേശങ്ങളില്‍ നിന്നുള്ള മികച്ച രീതികള്‍ പരസ്പര പഠനത്തിനായി സമ്മേളനത്തില്‍ അവതരിപ്പിക്കും.
വികസനം കാംക്ഷിക്കുന്ന ജില്ലകളെ സംബന്ധിച്ച സെഷനും സമ്മേളനത്തിലുണ്ടാകും. വിവരാധിഷ്ഠിത ഭരണനിര്‍വഹണം ഉള്‍പ്പെടെ, ഈ ജില്ലകള്‍ ഇതുവരെ കൈവരിച്ച നേട്ടങ്ങളെക്കുറിച്ചു യുവ കലക്ടര്‍മാരുടെ വിലയിരുത്തലുകളും ഇതിന്റെ ഭാഗമായുണ്ടാകും.
‘ആസാദി കാ അമൃത് മഹോത്സവ്: 2047ലേക്കുള്ള മാര്‍ഗരേഖ’ എന്ന വിഷയത്തില്‍ പ്രത്യേക സെഷനുണ്ടാകും. ചട്ടങ്ങള്‍ പാലിക്കല്‍ കുറച്ചും ചെറിയ കുറ്റകൃത്യങ്ങളുടെ ഒഴിവാക്കലിലൂടെയും വ്യവസായനടത്തിപ്പു സുഗമമാക്കല്‍; കേന്ദ്ര-സംസ്ഥാന സഹകരണത്തിലൂടെ പദ്ധതികള്‍ പൂര്‍ണതയിലെത്തിക്കലും അങ്ങേയറ്റംവരെ എത്തുന്നുവെന്ന് ഉറപ്പാക്കലും; പിഎം ഗതി ശക്തിയിലൂടെ ഇന്ത്യയുടെ അടിസ്ഥാനസൗകര്യങ്ങളുടെ പരിവര്‍ത്തനം; ഐഗോട്ട്-മിഷന്‍ കര്‍മയോഗി നടപ്പാക്കലിലൂടെ ശേഷിവര്‍ദ്ധന എന്നീ നാലുവിഷയങ്ങളില്‍ പ്രത്യേക സെഷനുകള്‍ നടത്തും.
സമ്മേളനഫലങ്ങള്‍ പിന്നീടു നിതി ആയോഗിന്റെ ഭരണനിര്‍വഹണസമിതി യോഗത്തില്‍ ചര്‍ച്ചചെയ്യും. എല്ലാ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും മുഖ്യമന്ത്രിമാരും ഭരണകര്‍ത്താക്കളും പങ്കെടുക്കും. അതുകൊണ്ടുതന്നെ ഉന്നതതലത്തില്‍ വിശാലമായ സമവായത്തോടെ കര്‍മപദ്ധതിക്ക് അന്തിമരൂപം നല്‍കാനാകും.
-ND-
(Release ID: 1833703)
Visitor Counter : 216
Read this release in:
English
,
Urdu
,
Marathi
,
Hindi
,
Bengali
,
Manipuri
,
Assamese
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada