പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

ന്യൂഡല്‍ഹി പ്രഗതി മൈതാനത്ത് ബയോടെക് സ്റ്റാര്‍ട്ടപ്പ് എക്‌സ്‌പോ 2022 ഉദ്ഘാടനം ചെയ്തുകൊണ്ട് പ്രധാനമന്ത്രി നടത്തിയ പ്രസംഗം

Posted On: 09 JUN 2022 1:06PM by PIB Thiruvananthpuram

കേന്ദ്രമന്ത്രിസഭയിലെ എന്റെ സഹപ്രവര്‍ത്തകരെ, ബയോടെക് മേഖലയുമായി ബന്ധപ്പെട്ട പ്രമുഖരെ, ഇന്ത്യയില്‍ നിന്നും വിദേശത്തു നിന്നുമുള്ള അതിഥികളെ, വിദഗ്ധരെ, നിക്ഷേപകരെ, എസ്എംഇകളില്‍ നിന്നും സ്റ്റാര്‍ട്ടപ്പുകളില്‍ നിന്നുമുള്ളത് ഉള്‍പ്പെടെയുള്ള വ്യവസായ സഹപ്രവര്‍ത്തകരെ, മഹതികളെ, മഹാന്‍മാരേ!

രാജ്യത്തെ ആദ്യത്തെ ബയോടെക് സ്റ്റാര്‍ട്ട്-അപ്പ് എക്സ്പോയില്‍ പങ്കെടുക്കുന്നതിനും ഇന്ത്യയുടെ ഈ സാധ്യതകളെ ലോകത്തിന് പരിചയപ്പെടുത്തുന്നതിനും നിങ്ങളെ എല്ലാവരെയും ഞാന്‍ അഭിനന്ദിക്കുന്നു. ഈ എക്സ്പോ ഇന്ത്യയുടെ ബയോടെക് മേഖലയുടെ അപാരമായ വളര്‍ച്ചയുടെ പ്രതിഫലനമാണ്. ഇന്ത്യയുടെ ജൈവ സമ്പദ്വ്യവസ്ഥ കഴിഞ്ഞ എട്ട് വര്‍ഷത്തിനിടെ 10 ബില്യണ്‍ ഡോളറില്‍ നിന്ന് 80 ബില്യണ്‍ ഡോളറായി എട്ട് മടങ്ങ് വളര്‍ന്നു. ബയോടെക്കിന്റെ ആഗോള ആവാസവ്യവസ്ഥയിലെ മികച്ച 10 രാജ്യങ്ങളുടെ കൂട്ടത്തില്‍ എത്തുന്നതില്‍ നിന്ന് ഇന്ത്യ വളരെ അകലെയല്ല. ബയോടെക്നോളജി ഇന്‍ഡസ്ട്രി റിസര്‍ച്ച് അസിസ്റ്റന്‍സ് കൗണ്‍സില്‍ അതായത് ബി.ഐ.ആര്‍.എ.സി. ഇന്ത്യ നടത്തിയ പുതിയ കുതിപ്പില്‍ വലിയ പങ്ക് വഹിച്ചിട്ടുണ്ട്. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ഇന്ത്യയില്‍ ഗവേഷണത്തിന്റെയും നവീകരണത്തിന്റെയും അഭൂതപൂര്‍വമായ വിപുലീകരണത്തില്‍ ബി.ഐ.ആര്‍.എ.സി.  ഒരു പ്രധാന സംഭാവന നല്‍കിയിട്ടുണ്ട്. ബി.ഐ.ആര്‍.എ.സിയുടെ 10 വര്‍ഷത്തെ വിജയകരമായ യാത്രയിലെ ഈ സുപ്രധാന നാഴികക്കല്ലില്‍ ഞാന്‍ നിങ്ങളെയെല്ലാം അഭിനന്ദനങ്ങള്‍ അറിയിക്കുന്നു. ഇന്ത്യയിലെ യുവപ്രതിഭകള്‍, ഇന്ത്യയിലെ ബയോടെക് സ്റ്റാര്‍ട്ടപ്പുകള്‍, അവരുടെ സാധ്യതകള്‍, ബയോടെക് മേഖലയുടെ ഭാവി രൂപരേഖ എന്നിവ ഈ പ്രദര്‍ശനത്തില്‍ ഭംഗിയായി അവതരിപ്പിച്ചിരിക്കുന്നു. ഇന്ത്യ സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവം ആഘോഷിക്കുകയും അടുത്ത 25 വര്‍ഷത്തേക്ക് പുതിയ ലക്ഷ്യങ്ങള്‍ നിശ്ചയിക്കുകയും ചെയ്യുന്ന വേളയില്‍, രാജ്യത്തിന്റെ വികസനത്തിന് പുത്തന്‍ ഉണര്‍വ് നല്‍കുന്നതില്‍ ബയോടെക് മേഖലയുടെ പങ്ക് വളരെ പ്രധാനമാണ്. പ്രദര്‍ശനത്തില്‍ കാണാവുന്ന ബയോടെക് സ്റ്റാര്‍ട്ടപ്പുകള്‍, ബയോടെക് നിക്ഷേപകര്‍, ഇന്‍കുബേഷന്‍ സെന്ററുകള്‍ എന്നിവ പുതിയ ഇന്ത്യയുടെ അഭിലാഷങ്ങളുമായി സമന്വയിപ്പിച്ചിരിക്കുന്നു. 750 ഓളം ബയോടെക് ഉല്‍പ്പന്നങ്ങള്‍ കുറച്ച് മുമ്പ് ആരംഭിച്ച ഇ-പോര്‍ട്ടലില്‍ ലിസ്റ്റ് ചെയ്തിട്ടുണ്ട്. ഇന്ത്യയുടെ ജൈവ സമ്പദ്വ്യവസ്ഥയുടെയും അതിന്റെ വൈവിധ്യത്തിന്റെയും സാധ്യതകളും വികാസവും ഇത് കാണിക്കുന്നു.

സുഹൃത്തുക്കള,
ബയോടെക് വ്യവസായവുമായി ബന്ധപ്പെട്ട മിക്കവാറും എല്ലാ മേഖലകളുടെയും സാന്നിധ്യമുണ്ട് ഈ ഹാളില്‍. നമ്മളുമായി ഓണ്‍ലൈനില്‍ ബന്ധപ്പെട്ട ധാരാളം ബയോടെക് പ്രൊഫഷണലുകളും നമുക്കുണ്ട്. അടുത്ത രണ്ട് ദിവസങ്ങളില്‍ നടക്കുന്ന ഈ പ്രദര്‍ശനത്തില്‍ ബയോടെക് മേഖലയുടെ മുന്നിലുള്ള അവസരങ്ങളും വെല്ലുവിളികളും നിങ്ങള്‍ ചര്‍ച്ച ചെയ്യും. കഴിഞ്ഞ ഏതാനും പതിറ്റാണ്ടുകളായി, ലോകത്ത് നമ്മുടെ ഡോക്ടര്‍മാരുടെയും ആരോഗ്യ വിദഗ്ധരുടെയും പ്രശസ്തി വര്‍ദ്ധിക്കുന്നത് നാം കണ്ടു. നമ്മുടെ ഐടി പ്രൊഫഷണലുകളുടെ നൈപുണ്യവും നവീനതയും സംബന്ധിച്ച് ലോകത്തിനുള്ള വിശ്വാസം പുതിയ ഉയരത്തിലെത്തി. ഈ ദശകത്തില്‍ ഇന്ത്യയിലെ ബയോടെക് മേഖലയ്ക്ക്, ഇന്ത്യയിലെ ബയോ പ്രൊഫഷണലുകള്‍ക്ക്, അതേ വിശ്വാസവും പ്രശസ്തിയും ഉള്ളതായി നമുക്ക് കാണാന്‍ കഴിയും. ഇന്ത്യയിലെ ബയോടെക് മേഖലയെ സംബന്ധിച്ച് എനിക്ക് നിങ്ങളില്‍ വിശ്വാസമുണ്ട്. ഈ വിശ്വാസത്തിന്റെ കാരണവും വിശദീകരിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു.

സുഹൃത്തുക്കളെ,
ഇന്ന്, ബയോടെക് മേഖലയില്‍ ഇന്ത്യയെ അവസരങ്ങളുടെ നാടായി കണക്കാക്കുന്നതിനുള്ള പല കാരണങ്ങളില്‍ അഞ്ചെണ്ണമാഉ വലിയ കാരണങ്ങളായി ഞാന്‍ കാണുന്നത്. ആദ്യത്തേത് വൈവിധ്യമാര്‍ന്ന ജനസംഖ്യയും വൈവിധ്യമാര്‍ന്ന കാലാവസ്ഥാ മേഖലകളും; രണ്ടാമത് ഇന്ത്യയുടെ കഴിവുള്ള മനുഷ്യ മൂലധനം; മൂന്നാമത് ഇന്ത്യയില്‍ ബിസിനസ്സ് ചെയ്യാനുള്ള എളുപ്പം; നാലാമത് ഇന്ത്യയില്‍ ജൈവ ഉത്പന്നങ്ങളുടെ വര്‍ദ്ധിച്ചുവരുന്ന ആവശ്യം; അഞ്ചാമത് ഇന്ത്യയുടെ ബയോടെക് മേഖല, അതായത് നിങ്ങളുടെ വിജയങ്ങളുടെ ചരിത്രം. ഈ അഞ്ച് ഘടകങ്ങളും ചേര്‍ന്ന് ഇന്ത്യയുടെ ശക്തി വര്‍ദ്ധിപ്പിക്കുന്നു.

സുഹൃത്തുക്കളെ,
രാജ്യത്തിന്റെ ഈ സാധ്യതകള്‍ വിപുലീകരിക്കുന്നതിനായി കഴിഞ്ഞ എട്ട് വര്‍ഷമായി ഗവണ്‍മെന്റ് തുടര്‍ച്ചയായി പ്രവര്‍ത്തിച്ചിട്ടുണ്ട്. ഞങ്ങള്‍ സമഗ്രത് ഗവണ്‍മെന്റ് ഒന്നാകെ എന്നീ സമീപനങ്ങള്‍ക്ക് ഊന്നല്‍ നല്‍കിയിട്ടുണ്ട്. 'സബ്കാ സാത്ത് - സബ്കാ വികാസ്' എന്നതിനു ഞാന്‍ ഊന്നല്‍ നല്‍കുമ്പോള്‍, അത് ഇന്ത്യയുടെ വിവിധ മേഖലകള്‍ക്കു ബാധകമാണ്. ചില മേഖലകള്‍ മാത്രം ശക്തിപ്പെടുകയും ബാക്കിയുള്ളവ പുരോഗമിക്കാതെ അവശേഷിക്കുകയും ചെയ്ത ഒരു കാലമുണ്ടായിരുന്നു. ഈ ചിന്തയും സമീപനവും ഞങ്ങള്‍ മാറ്റി. ഇന്നത്തെ പുതിയ ഇന്ത്യയില്‍ എല്ലാ മേഖലയുടെയും വികസനം രാജ്യത്തിന്റെ വികസനത്തിന് ആക്കം കൂട്ടും. അതുകൊണ്ട് എല്ലാ മേഖലയുടെയും പിന്തുണയും വികസനവും രാജ്യത്തിന് ഇപ്പോള്‍ ആവശ്യമാണ്. അതിനാല്‍, നമ്മുടെ വളര്‍ച്ചയെ ത്വരിതപ്പെടുത്താന്‍ കഴിയുന്ന എല്ലാ വഴികളും നാം പര്യവേക്ഷണം ചെയ്യുകയാണ്. ചിന്തയിലും സമീപനത്തിലുമുള്ള ഈ സുപ്രധാന മാറ്റം രാജ്യത്തിന് മികച്ച ഫലങ്ങള്‍ നല്‍കുന്നു. നമ്മുടെ ശക്തമായ മേഖലയായ സേവന മേഖലയില്‍ ശ്രദ്ധ കേന്ദ്രീകരിച്ച് സേവന കയറ്റുമതിയില്‍ നാം 250 ബില്യണ്‍ ഡോളര്‍ റെക്കോര്‍ഡ് സൃഷ്ടിച്ചു. ചരക്കുകളുടെ കയറ്റുമതിയില്‍ ശ്രദ്ധ കേന്ദ്രീകരിച്ച് 420 ബില്യണ്‍ ഡോളറിന്റെ ഉല്‍പ്പന്നങ്ങളുടെ റെക്കോര്‍ഡ് കയറ്റുമതിയും നാം നടത്തി. മറ്റ് മേഖലകള്‍ക്കായുള്ള നമ്മുടെ ശ്രമങ്ങള്‍ ഗൗരവമായി തുടരുകയാണ്. പി.എല്‍.ഐ. പദ്ധതി ടെക്സ്റ്റൈല്‍ മേഖലയില്‍ നടപ്പിലാക്കുന്നതിനൊപ്പം  ഡ്രോണുകള്‍, അര്‍ദ്ധചാലകങ്ങള്‍, ഉയര്‍ന്ന ശേഷിയുള്ള സോളാര്‍ പിവി മൊഡ്യൂളുകള്‍ എന്നിവയ്ക്കും നാം അതേ പദ്ധതി ഏര്‍പ്പെടുത്തും. ബയോടെക് മേഖലയുടെ വികസനത്തിന് ഇന്ത്യ ഇന്ന് കൈക്കൊള്ളുന്ന നടപടികളുടെ എണ്ണം അഭൂതപൂര്‍വമാണ്.

സുഹൃത്തുക്കളെ,
നമ്മുടെ സ്റ്റാര്‍ട്ട്-അപ്പ് ഇക്കോസിസ്റ്റത്തില്‍ ഗവണ്‍മെന്റ് നടത്തുന്ന ശ്രമങ്ങള്‍ വളരെ വിശദമായി നിങ്ങള്‍ക്ക് കാണാന്‍ കഴിയും. കഴിഞ്ഞ എട്ട് വര്‍ഷത്തിനുള്ളില്‍, നമ്മുടെ രാജ്യത്ത് സ്റ്റാര്‍ട്ടപ്പുകളുടെ എണ്ണം ഏതാനും നൂറില്‍ നിന്ന് 70,000 ആയി ഉയര്‍ന്നു. ഈ 70,000 സ്റ്റാര്‍ട്ടപ്പുകള്‍ ഏകദേശം 60 വ്യത്യസ്ത വ്യവസായങ്ങളില്‍ സൃഷ്ടിക്കപ്പെട്ടിട്ടുണ്ട്. പ്രധാനമായും, 5,000-ത്തിലധികം സ്റ്റാര്‍ട്ടപ്പുകള്‍ ബയോടെക്യുമായി ബന്ധപ്പെട്ടിരിക്കുന്നു. മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍, ഇന്ത്യയിലെ ഓരോ 14-ാമത്തെ സ്റ്റാര്‍ട്ടപ്പും ബയോടെക്‌നോളജി മേഖലയില്‍ നിര്‍മ്മിക്കപ്പെടുന്നു. ഇതില്‍ 1100-ലധികം സ്റ്റാര്‍ട്ടപ്പുകള്‍ കഴിഞ്ഞ വര്‍ഷം മാത്രമാണ് സൃഷ്ടിക്കപ്പെട്ടത്. രാജ്യത്തെ പ്രതിഭയുടെ വലിയ അംശം ബയോടെക് മേഖലയിലേക്ക് അതിവേഗം നീങ്ങുന്നത് എങ്ങനെയെന്ന് നിങ്ങള്‍ക്ക് ഊഹിക്കാം.

സുഹൃത്തുക്കളെ,
അടല്‍ ഇന്നൊവേഷന്‍ മിഷന്‍, മേക്ക് ഇന്‍ ഇന്ത്യ, ആത്മനിര്‍ഭര്‍ ഭാരത് കാമ്പെയ്ന്‍ എന്നിവയ്ക്ക് കീഴില്‍ കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി നാം സ്വീകരിച്ച നടപടികളില്‍ നിന്ന് ബയോടെക് മേഖലയ്ക്കും വളരെയധികം പ്രയോജനം ലഭിച്ചു. സ്റ്റാര്‍ട്ട്-അപ്പ് ഇന്ത്യ ആരംഭിച്ചതിന് ശേഷം നമ്മുടെ ബയോടെക് സ്റ്റാര്‍ട്ടപ്പുകളില്‍ നിക്ഷേപിക്കുന്ന ആളുകളുടെ എണ്ണം ഒമ്പത് മടങ്ങ് വര്‍ദ്ധിച്ചു. ബയോടെക് ഇന്‍കുബേറ്ററുകളുടെ എണ്ണവും മൊത്തം ഫണ്ടിംഗും ഏതാണ്ട് ഏഴു മടങ്ങ് വര്‍ദ്ധിച്ചു. 2014ല്‍ നമ്മുടെ നാട്ടില്‍ ആറ് ബയോ ഇന്‍കുബേറ്ററുകള്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഇന്ന് അത് 75 ആയി ഉയര്‍ന്നു. എട്ട് വര്‍ഷം മുമ്പ് നമ്മുടെ നാട്ടില്‍ 10 ബയോടെക് ഉല്‍പ്പന്നങ്ങള്‍ ഉണ്ടായിരുന്നു. ഇന്ന് ഈ സംഖ്യ 700-ലധികമായി വളര്‍ന്നു. ഇന്ത്യ അതിന്റെ ഭൗതികവും ഡിജിറ്റല്‍പരവുമായ അടിസ്ഥാന സൗകര്യങ്ങളില്‍ നടത്തുന്ന അഭൂതപൂര്‍വമായ നിക്ഷേപങ്ങളില്‍ നിന്ന് ബയോടെക്‌നോളജി മേഖലയും പ്രയോജനം നേടുന്നു.

സുഹൃത്തുക്കളെ,
നമ്മുടെ യുവാക്കള്‍ക്കിടയില്‍ ഈ പുതിയ ഉത്സാഹത്തിന് പിന്നില്‍ മറ്റൊരു പ്രധാന കാരണമുണ്ട്. ഇപ്പോള്‍ ഗവേഷണത്തിനും വികസനത്തിനും പിന്‍തുണ നല്‍കുന്ന ആധുനിക സംവിധാനം രാജ്യത്ത് ലഭ്യമാകുന്നു എന്ന വസ്തുതയില്‍ നിന്നാണ് ഈ ആവേശം ഉടലെടുത്തത്. നയം മുതല്‍ അടിസ്ഥാന സൗകര്യങ്ങള്‍ വരെ ആവശ്യമായ എല്ലാ പരിഷ്‌കാരങ്ങളും ഏറ്റെടുക്കുന്നു. 'എല്ലാം ഗവണ്‍മെന്റിന് മാത്രമേ അറിയൂ, ഗവണ്‍മെന്റ് മാത്രം എല്ലാം ചെയ്യും' എന്ന ഈ തൊഴില്‍ സംസ്‌കാരം ഉപേക്ഷിച്ച്, ഇപ്പോള്‍ രാജ്യം എല്ലാവരുടെയും പ്രയത്‌നങ്ങള്‍ എന്ന ആശയവുമായി മുന്നേറുകയാണ്. അതിനാല്‍, ഇന്ന് ഇന്ത്യയില്‍ നിരവധി പുതിയ ഇന്റര്‍ഫേസുകള്‍ തയ്യാറാക്കപ്പെടുന്നു, കൂടാതെ ബി.ഐ.ആര്‍.എ.സി. പോലുള്ള പ്ലാറ്റ്ഫോമുകള്‍ ശാക്തീകരിക്കപ്പെടുന്നു. സ്റ്റാര്‍ട്ടപ്പുകള്‍ക്കുള്ള സ്റ്റാര്‍ട്ടപ്പ് ഇന്ത്യ കാമ്പെയ്ന്‍, ബഹിരാകാശ മേഖലയ്ക്കുള്ള ഇന്‍-സ്പേസ്, പ്രതിരോധ സ്റ്റാര്‍ട്ടപ്പുകള്‍ക്കുള്ള ഐഡെക്സ്, അര്‍ദ്ധചാലകങ്ങള്‍ക്ക് ഇന്ത്യന്‍ അര്‍ദ്ധചാലക മിഷന്‍, യുവാക്കള്‍ക്കിടയില്‍ നൂതനാശയങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനുള്ള സ്മാര്‍ട്ട് ഇന്ത്യ ഹാക്കത്തണ്‍, ബയോടെക് സ്റ്റാര്‍ട്ട്-അപ്പ് എക്സ്പോ തുടങ്ങി ഏതുമാകട്ടെ, നൂതന സ്ഥാപനങ്ങളിലൂടെ ഗവണ്‍മെന്റ് വ്യവസായത്തിലെ മികച്ച മനസ്സുകളെ ഒരു പ്ലാറ്റ്ഫോമില്‍ ഒരുമിച്ച് കൊണ്ടുവരികയും കൂട്ടായ ശ്രമങ്ങള്‍ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. ഈ പ്രയത്‌നങ്ങളില്‍ നിന്ന് രാജ്യം വലിയ തോതില്‍ പ്രയോജനം നേടുന്നുണ്ട്. ഗവേഷണത്തില്‍ നിന്നും അക്കാദമിക ലോകത്തില്‍ നിന്നും രാജ്യത്തിന് പുതിയ വഴിത്തിരിവുകള്‍ ലഭിക്കുന്നു, വ്യവസായം ഒരു യഥാര്‍ത്ഥ ലോക വീക്ഷണത്തെ സഹായിക്കുന്നു, ഗവണ്‍മെന്റ് ആവശ്യമായ നയങ്ങളും അടിസ്ഥാന സൗകര്യങ്ങളും ഒരുക്കുന്നു.

സുഹൃത്തുക്കളെ,
ഇവ മൂന്നും യോജിച്ച് പ്രവര്‍ത്തിക്കുമ്പോള്‍ എങ്ങനെയാണ് ചുരുങ്ങിയ സമയത്തിനുള്ളില്‍ അപ്രതീക്ഷിത ഫലങ്ങള്‍ ഉണ്ടാകുന്നത് എന്ന് കൊവിഡിന്റെ കാലഘട്ടത്തിലുടനീളം നമ്മള്‍ കണ്ടതാണ്. അവശ്യ മെഡിക്കല്‍ ഉപകരണങ്ങളും വൈദ്യശാസ്ത്ര അടിസ്ഥാന സൗകര്യം മുതല്‍ വാക്‌സിന്‍ ഗവേഷണം, നിര്‍മ്മാണം, വാക്‌സിനേഷന്‍ എന്നിവ വരെയും ആരും സങ്കല്‍പ്പിക്കാത്തത് ഇന്ത്യ ചെയ്തു. അക്കാലത്ത് നാട്ടില്‍ പലതരത്തിലുള്ള ചോദ്യങ്ങള്‍ ഉയര്‍ന്നിരുന്നു. പരിശോധനാ കേന്ദ്രങ്ങളുടെ അഭാവത്തില്‍ പരിശോധനകള്‍ എങ്ങനെ നടത്തും? വിവിധ വകുപ്പുകളും സ്വകാര്യമേഖലയും തമ്മിലുള്ള ഏകോപനം എങ്ങനെയുണ്ടാകും? ഇന്ത്യയില്‍ എപ്പോഴാണ് വാക്‌സിനുകള്‍ ലഭിക്കുക? വാക്സിനുകള്‍ കണ്ടുപിടിച്ചാലും ഇത്രയും വലിയ രാജ്യത്ത് എല്ലാവര്‍ക്കും കുത്തിവയ്പ് എടുക്കാന്‍ എത്ര വര്‍ഷമെടുക്കും? ഇത്തരം നിരവധി ചോദ്യങ്ങള്‍ നമുക്ക് മുന്നില്‍ വീണ്ടും വീണ്ടും വന്നുകൊണ്ടിരുന്നു. എന്നാല്‍ ഇന്ന് 'സബ്ക പ്രയാസ്' എന്ന ശക്തിയോടെ ഇന്ത്യ എല്ലാ സംശയങ്ങള്‍ക്കും ഉത്തരം നല്‍കി. 200 കോടിയോളം വാക്സിന്‍ ഡോസുകള്‍ നാം രാജ്യത്തു ജീവിക്കുന്നവര്‍ക്ക് നല്‍കിയിട്ടുണ്ട്. ബയോടെക് മുതല്‍ മറ്റെല്ലാ മേഖലകളിലേക്കും ഗവണ്‍മെന്റും വ്യവസായവും അക്കാദമിക മേഖലയും തമ്മിലുള്ള സമന്വയമാണ് ഇന്ത്യയെ വലിയ പ്രതിസന്ധിയില്‍ നിന്ന് കരകയറ്റിയത്.

സുഹൃത്തുക്കളെ,
ബയോടെക് മേഖലയാണ് ഏറ്റവും കൂടുതല്‍ ഡിമാന്‍ഡുള്ള മേഖലകളില്‍ ഒന്ന്. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ഇന്ത്യയില്‍ ജീവിതം സുഗമമാക്കാനുള്ള കാമ്പെയ്നുകള്‍ നടക്കുന്നത് ബയോടെക് മേഖലയ്ക്ക് പുതിയ സാധ്യതകള്‍ തുറന്നു. ആയുഷ്മാന്‍ ഭാരത് പദ്ധതിക്ക് കീഴില്‍ ഗ്രാമങ്ങളിലെ പാവപ്പെട്ടവര്‍ക്ക് ചികിത്സ താങ്ങാനാവുന്നതും പ്രാപ്യവുമാക്കുന്നതാക്കി മാറ്റിയതോടെ ആരോഗ്യമേഖലയുടെ സേവനത്തിനായുള്ള ആവശ്യം വളരെയധികം വര്‍ദ്ധിക്കുകയാണ്. ബയോ ഫാര്‍മയ്ക്കും പുതിയ അവസരങ്ങള്‍ ഉയര്‍ന്നുവന്നിട്ടുണ്ട്. ടെലിമെഡിസിന്‍, ഡിജിറ്റല്‍ ഹെല്‍ത്ത് ഐഡി, ഡ്രോണ്‍ സാങ്കേതികവിദ്യ എന്നിവയിലൂടെ നാം ഈ അവസരങ്ങള്‍ വിപുലപ്പെടുത്തുകയാണ്. സമീപഭാവിയില്‍ ബയോടെക്നോളജിക്കു വലിയൊരു ഉപഭോക്തൃ അടിത്തറയാണ് രാജ്യത്ത് ഉണ്ടാകാന്‍ പോകുന്നത്.

സുഹൃത്തുക്കള്‍,
ഫാര്‍മയ്ക്കൊപ്പം, കാര്‍ഷിക, ഊര്‍ജ മേഖലകളില്‍ ഇന്ത്യ അവതരിപ്പിക്കുന്ന പ്രധാന മാറ്റങ്ങള്‍ ബയോടെക് മേഖലയ്ക്കും പുതിയ പ്രതീക്ഷ നല്‍കുന്നു. രാസവള രഹിത കൃഷി പ്രോത്സാഹിപ്പിക്കുന്നതിന് ജൈവവളങ്ങളും പ്രോത്സാഹിപ്പിക്കുന്നുണ്ട്. കാലാവസ്ഥാ വ്യതിയാനം കാര്‍ഷിക മേഖലയിലുണ്ടാക്കുന്ന ആഘാതം കുറയ്ക്കുന്നതിനും പോഷകാഹാരക്കുറവ് മറികടക്കുന്നതിനുമായി ബയോ ഫോര്‍ട്ടിഫൈഡ് വിത്തുകളും പ്രോത്സാഹിപ്പിക്കുന്നുണ്ട്. ബയോ-ഇന്ധന മേഖലയില്‍ വര്‍ദ്ധിച്ചുവരുന്ന ആവശ്യകതയും ഗവേഷണ-വികസന അടിസ്ഥാന സൗകര്യങ്ങളുടെ വിപുലീകരണവും ബയോടെക്കുമായി ബന്ധപ്പെട്ട സ്റ്റാര്‍ട്ടപ്പുകള്‍ക്കും എസ്എംഇകള്‍ക്കും വലിയ അവസരമാണ്. അടുത്തിടെ, പെട്രോളില്‍ 10 ശതമാനം എത്തനോള്‍ കലര്‍ത്തുക എന്ന ലക്ഷ്യം നാം നേടിയിട്ടുണ്ട്. പെട്രോളില്‍ എത്തനോള്‍ 20 ശതമാനം കലര്‍ത്തുക എന്നതു 2030ല്‍ സാധ്യമാക്കാനാണു നേരത്തേ ലക്ഷ്യമിട്ടിരുന്നതെങ്കില്‍ ഇപ്പോള്‍ സമയപരിധി അഞ്ചു വര്‍ഷം കുറച്ച് 2025 ആകുമ്പോഴേക്കും സാധ്യമാക്കാന്‍ നാം തീരുമാനിച്ചു. ഗുണഭോക്താക്കളുടെ എണ്ണം, ദരിദ്രരുടെ സമ്പൂര്‍ണ ശാക്തീകരണം, ബയോടെക് മേഖലയ്ക്ക് പുതിയ കരുത്ത് നല്‍കല്‍ തുടങ്ങിയ പ്രചാരണങ്ങള്‍ ഗവണ്‍മെന്റ് അടുത്തിടെ ആരംഭിച്ചിട്ടുണ്ട്. ഫലത്തില്‍, ബയോടെക് മേഖലയുടെ വളര്‍ച്ചയ്ക്ക് ധാരാളം അവസരങ്ങളുണ്ട്. ജനറിക് മരുന്നുകളുടെയും വാക്സിനുകളുടെയും മേഖലയില്‍ ബയോടെക് മേഖലയ്ക്ക് മറ്റൊരു വലിയ നേട്ടമുണ്ട്. ഇത് ലോകത്ത് വലിയൊരു വിശ്വാസം സൃഷ്ടിച്ചു. അടുത്ത രണ്ട് ദിവസങ്ങളില്‍ ബയോടെക് മേഖലയുമായി ബന്ധപ്പെട്ട എല്ലാ സാധ്യതകളും നിങ്ങള്‍ വിശദമായി ചര്‍ച്ച ചെയ്യുമെന്ന് എനിക്ക് ഉറപ്പുണ്ട്. ബി.ഐ.ആര്‍.എ.സി. അതിന്റെ 10 വര്‍ഷം പൂര്‍ത്തിയാക്കി. ബി.ഐ.ആര്‍.എ.സി. 25 വര്‍ഷം പൂര്‍ത്തിയാകുമ്പോഴേക്കും മഹത്വം നേടിയെടുക്കുന്നതിനായി ഇപ്പോള്‍ മുതല്‍ ലക്ഷ്യങ്ങളും പ്രവര്‍ത്തനക്ഷമമായ കാര്യങ്ങളും യാഥാര്‍ഥ്യമാക്കുന്നതിനായി പ്രവര്‍ത്തിക്കാന്‍ ഞാന്‍ നിങ്ങളോട് അഭ്യര്‍ത്ഥിക്കുന്നു. ഈ അത്ഭുതകരമായ പരിപാടിയിലേക്ക് രാജ്യത്തെ യുവതലമുറയെ ആകര്‍ഷിച്ചതിനും രാജ്യത്തിന്റെ കഴിവുകള്‍ ലോകത്തിന് മുന്നില്‍ അവതരിപ്പിച്ചതിനും നിങ്ങളെ എല്ലാവരെയും ഞാന്‍ അഭിനന്ദിക്കുന്നു. ഞാന്‍ നിങ്ങള്‍ക്കു നന്‍മ നേരുന്നു!

ഒത്തിരി നന്ദി!

-ND-
 


(Release ID: 1833067)