ബഹിരാകാശ വകുപ്പ്‌

ഭ്രമണപഥത്തിലുള്ള 10 വാര്‍ത്താവിനിമയ ഉപഗ്രഹങ്ങള്‍ ഇന്ത്യാ ഗവണ്‍മെന്റില്‍ നിന്ന് ന്യൂ സ്‌പേസ് ഇന്ത്യ ലിമിറ്റഡിന് (എന്‍എസ്‌ഐഎല്‍) കൈമാറുന്നതിനു മന്ത്രിസഭയുടെ അംഗീകാരം

Posted On: 08 JUN 2022 4:45PM by PIB Thiruvananthpuram

ഇന്ത്യാ ഗവണ്‍മെന്റിന്റെ പൂര്‍ണ ഉടമസ്ഥതയില്‍ ബഹിരാകാശ വകുപ്പിന്റെ ഭരണനിയന്ത്രണത്തിലുള്ള പൊതുമേഖലാ സ്ഥാപനമായ ന്യൂ സ്‌പേസ് ഇന്ത്യ ലിമിറ്റഡിന് (എന്‍എസ്‌ഐഎല്‍) ഭ്രമണപഥത്തിലുള്ള 10 വാര്‍ത്താവിനിമയ ഉപഗ്രഹങ്ങള്‍ കേന്ദ്ര ഗവണ്‍മെന്റില്‍ നിന്നു കൈമാറുന്നതിനു പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭായോഗം അംഗീകാരം നല്‍കി.

 

എന്‍എസ്‌ഐഎലിന്റെ അംഗീകൃത ഓഹരി മൂലധനം 1000 കോടി രൂപയില്‍ നിന്ന് 7500 കോടി രൂപയായി ഉയര്‍ത്താനും കേന്ദ്രമന്ത്രിസഭ അംഗീകാരം നല്‍കി.

 

ഈ ആസ്തികള്‍ എന്‍എസ്‌ഐഎലിന് കൈമാറുന്നതു മൂലധന വര്‍ധിത പരിപാടികള്‍/പദ്ധതികള്‍ യാഥാര്‍ഥ്യമാക്കുന്നതിനു കമ്പനിക്കാവശ്യമുള്ള സാമ്പത്തിക സ്വയംഭരണാവകാശം നല്‍കും. അതിലൂടെ സമ്പദ്‌വ്യവസ്ഥയുടെ മറ്റു മേഖലകള്‍ക്കു വലിയ തൊഴില്‍ സാധ്യതയും സാങ്കേതികവിദ്യാ ഉപോല്‍പ്പന്നങ്ങളും വാഗ്ദാനം ചെയ്യും. ഈ അനുമതി ബഹിരാകാശ മേഖലയില്‍ ആഭ്യന്തര സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ക്കു തുടക്കമിടുമെന്നും ആഗോള ബഹിരാകാശ വിപണിയില്‍ ഇന്ത്യയുടെ പങ്കു വര്‍ധിപ്പിക്കുമെന്നുമാണു പ്രതീക്ഷ.

 

ബഹിരാകാശ മേഖലയിലെ പരിഷ്‌കാരങ്ങള്‍ ആദ്യാവസാനമുള്ള ബഹിരാകാശ വാണിജ്യ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കാനും സമ്പൂര്‍ണ ഉപഗ്രഹ ഓപ്പറേറ്ററായി പ്രവര്‍ത്തിക്കാനും എന്‍എസ്‌ഐഎലിനെ നിര്‍ബന്ധിതമാക്കി. ഏകജാലക ഓപ്പറേറ്ററായി പ്രവര്‍ത്തിക്കുന്ന എന്‍എസ്‌ഐഎല്‍ ബഹിരാകാശ മേഖലയില്‍ വ്യവസായം ചെയ്യല്‍ സുഗമമാക്കും. വിപണിയുടെ ചലനാത്മകതയ്ക്കും ഉപഗ്രഹ വാര്‍ത്താവിനിമയ മേഖലയിലെ ആഗോള പ്രവണതകള്‍ക്കും അനുസൃതമായി ട്രാന്‍സ്പോന്‍ഡറുകളുടെ വില നിശ്ചയിക്കാന്‍ എന്‍എസ്‌ഐഎല്‍ ബോര്‍ഡിന് ഇനി അനുമതി ലഭിക്കും. എന്‍എസ്‌ഐഎലിന് അതിന്റെ ആന്തരിക നയങ്ങളും മാര്‍ഗനിര്‍ദേശങ്ങളും അനുസരിച്ചു ശേഷി വാഗ്ദാനം ചെയ്യാനും അനുവദിക്കാനും അധികാരമുണ്ട്.

-ND-



(Release ID: 1832206) Visitor Counter : 112