റോഡ് ഗതാഗത, ഹൈവേ മന്ത്രാലയം

2020-ൽ റോഡപകടങ്ങൾ ഗണ്യമായി കുറഞ്ഞു; 2020-ൽ റോഡ് അപകടങ്ങളിൽ ഗണ്യമായ കുറവ് കൈവരിച്ച പ്രധാന സംസ്ഥാനങ്ങളിൽ കേരളവും ഉൾപ്പെടുന്നു

Posted On: 26 MAY 2022 12:07PM by PIB Thiruvananthpuram



ന്യൂ ഡൽഹി: മെയ് 26, 2022  

2019-നെ അപേക്ഷിച്ച് 2020-ൽ റോഡപകടങ്ങൾ ഗണ്യമായി കുറഞ്ഞു. മൊത്തം അപകടങ്ങളുടെ എണ്ണം ശരാശരി 18.46 ശതമാനം കുറഞ്ഞു. മരിച്ചവരുടെ എണ്ണം 12.84 ശതമാനം കുറഞ്ഞു. പരിക്കേറ്റവരുടെ എണ്ണം മുൻവർഷത്തെ ശരാശരിയെ അപേക്ഷിച്ച്  22.84 ശതമാനവും  കുറഞ്ഞു. 2020 കലണ്ടർ വർഷത്തിൽ സംസ്ഥാനങ്ങളും കേന്ദ്ര ഭരണ പ്രദേശങ്ങളും മൊത്തം 3,66,138 റോഡ് അപകടങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഈ അപകടങ്ങളിൽ 1,31,714 പേർ മരിക്കുകയും 3, 48,279 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.

റോഡ് ട്രാൻസ്‌പോർട്ട് ആൻഡ് ഹൈവേസ് മന്ത്രാലയത്തിന്റെ (MoRTH) ട്രാൻസ്‌പോർട്ട് റിസർച്ച് വിംഗ് (TRW) തയ്യാറാക്കിയ 'ഇന്ത്യയിലെ റോഡപകടങ്ങൾ - 2020' റിപ്പോർട്ട് അനുസരിച്ച്, 2018-ലെ 0.46 ശതമാനത്തിന്റെ നേരിയ വർധന ഒഴിച്ചു നിർത്തിയാൽ, 2016 മുതൽ റോഡപകടങ്ങളുടെ എണ്ണം കുറഞ്ഞുവരികയാണ്. തുടർച്ചയായ രണ്ടാം വർഷവും, 2020-ൽ, മൊത്തം റോഡപകട മരണങ്ങളുടെ എണ്ണം കുറഞ്ഞു. പരിക്കേറ്റവരുടെ എണ്ണവും 2015 മുതൽ കുറഞ്ഞുവരികയാണ്.

തുടർച്ചയായ മൂന്നാം വർഷവും, 2020-ൽ, മാരകമായ റോഡപകടത്തിന് ഇരയായവരിൽ കൂടുതലും കർമ്മ ശേഷിയുള്ള പ്രായത്തിലെ യുവാക്കളാണ്. 2020-ൽ, 18 മുതൽ 45 വയസ് പ്രായമുള്ള വരെ യുവാക്കളാണ് റോഡപകടങ്ങളിലെ ഇരകളിൽ 69 ശതമാനവും. ജോലി ചെയ്യാൻ കഴിയുന്ന 18 മുതൽ 60 വയസ് വരെ പ്രായമുള്ളവരാണ് റോഡപകടങ്ങളിൽ മരണമടയുന്നവരിൽ 87.4 ശതമാനം.

ഈ റിപ്പോർട്ടിൽ നൽകിയിരിക്കുന്ന ഡാറ്റ/വിവരങ്ങൾ, സംസ്ഥാന/കേന്ദ്ര ഭരണ പ്രദേശങ്ങളിലെ പോലീസ് ഡിപ്പാർട്ട്‌മെന്റുകളിൽ നിന്ന് ഏഷ്യാ പസഫിക് റോഡ് ആക്‌സിഡന്റ് ഡാറ്റ (APRAD) ബേസ് പ്രോജക്റ്റിന് കീഴിൽ UNESCAP നൽകിയിട്ടുള്ള സ്റ്റാൻഡേർഡൈസ്ഡ് ഫോർമാറ്റുകളിൽ കലണ്ടർ വർഷ അടിസ്ഥാനത്തിൽ ശേഖരിച്ചവയാണ്.

റിപ്പോർട്ട് അനുസരിച്ച്, മാരകമായ അപകടങ്ങളുടെ എണ്ണത്തിലും (കുറഞ്ഞത് ഒരു മരണമെങ്കിലും ഉണ്ടാകുന്ന അപകടങ്ങൾ) കുറവുണ്ടായിട്ടുണ്ട്. 2020ൽ മൊത്തം 1,20,806 മാരകമായ അപകടങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടു. ഇത് 2019ലെ 1,37,689 എന്നതിനേക്കാൾ 12.23 ശതമാനം കുറവാണ്.

കേരളം, തമിഴ്‌നാട്, ഉത്തർപ്രദേശ്, മഹാരാഷ്ട്ര, കർണാടക എന്നിവയാണ് 2020-ൽ റോഡ് അപകടങ്ങളിൽ ഗണ്യമായ കുറവ് കൈവരിച്ച പ്രധാന സംസ്ഥാനങ്ങൾ.

 
RRTN/SKY
 
***


(Release ID: 1828493) Visitor Counter : 187