ഉപഭോക്തൃകാര്യ, ഭക്ഷ്യ, പൊതുവിതരണ മന്ത്രാലയം

ഉപഭോക്തൃ പരാതികൾ വേഗത്തിൽ തീർപ്പാക്കാനും ഒരു മാസത്തിൽ കൂടുതൽ സമയം മാറ്റിവെക്കാൻ അനുവദിക്കരുതെന്നും ജില്ലാ, സംസ്ഥാന, ദേശീയ കമ്മീഷനുകൾക്ക് കേന്ദ്രം നിർദേശം നൽകി

Posted On: 20 MAY 2022 4:00PM by PIB Thiruvananthpuram


ന്യൂ ഡൽഹി: മെയ് 20, 2022


ഉപഭോക്തൃ പരാതികൾക്ക് വേഗത്തിലുള്ള പരിഹാരം ഉറപ്പാക്കുന്നതിന്, ഉപഭോക്തൃ സംരക്ഷണ നിയമം 2019ന് കീഴിൽ നൽകിയിരിക്കുന്ന സമയക്രമങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനും പരാതികൾ മാറ്റിവയ്ക്കുന്ന സമയപരിധി ഒരു മാസത്തിൽ കൂടരുതെന്നും ആവശ്യപ്പെട്ട് കേന്ദ്ര ഉപഭോക്തൃ കാര്യ വകുപ്പ് (DoCA) ദേശീയ, സംസ്ഥാന, ജില്ലാ കമ്മീഷനുകളുടെ രജിസ്ട്രാർമാർക്കും പ്രസിഡന്റുമാർക്കും കത്തയച്ചു. മാറ്റിവെക്കൽ അഭ്യർത്ഥനകൾ കാരണം പരാതികൾ 2 മാസത്തിനു ശേഷവും പരിഹരിക്കാൻ കഴിഞ്ഞില്ലെങ്കിൽ, കക്ഷികളുടെ മേൽ പിഴ ചുമത്തുന്നത് കമ്മീഷൻ പരിഗണിക്കുന്നതാണ്.

ഉപഭോക്താക്കൾക്ക് ചെലവുകുറഞ്ഞതും ബുദ്ധിമുട്ടില്ലാത്തതും വേഗത്തിലുള്ളതുമായ നീതി ഉറപ്പാക്കാൻ ഉപഭോക്തൃ കാര്യ വകുപ്പ് സെക്രട്ടറി ശ്രീ രോഹിത് കുമാർ സിംഗ്, തന്റെ കത്തിൽ ഊന്നിപ്പറയുന്നു.
ഏതെങ്കിലും കക്ഷികൾ പരാതി മാറ്റിവയ്ക്കാൻ രണ്ടിൽ കൂടുതൽ അഭ്യർത്ഥനകൾ നടത്തിയാൽ, അത് തടയുന്നതിനുള്ള ഒരു നടപടിയായി, ഉപഭോക്തൃ കമ്മീഷനുകൾക്ക് കക്ഷികളുടെ മേൽ പിഴ ചുമത്താം.

പരാതി പരിഹാരത്തിന് ഉൽപ്പന്നങ്ങളുടെ വിശകലനമോ പരിശോധനയോ ആവശ്യമില്ലെങ്കിൽ എതിർകക്ഷിയുടെ നോട്ടീസ് ലഭിച്ച തീയതി മുതൽ 3 മാസത്തിനുള്ളിൽ പരാതി തീർപ്പാക്കാനും, വിശകലനമോ പരിശോധനയോ ആവശ്യമാണെങ്കിൽ 5 മാസത്തിനകം പരാതി പരിഹാരത്തിനുള്ള എല്ലാ ശ്രമങ്ങളും നടത്തണമെന്ന് കത്തിൽ ഊന്നിപ്പറയുന്നു.

കൂടാതെ, മതിയായ കാരണം കാണിക്കുകയും സാവകാശം അനുവദിക്കുന്നതിനുള്ള കാരണങ്ങൾ രേഖാമൂലം നൽകുകയും ചെയ്തില്ലെങ്കിൽ ഉപഭോക്തൃ കമ്മീഷനുകൾ സാധാരണയായി കേസുകളുടെ മാറ്റിവയ്ക്കൽ അനുവദിക്കരുതെന്നും നിയമം അനുശാസിക്കുന്നു. മാറ്റിവയ്ക്കൽ മൂലമുണ്ടാകുന്ന ചെലവുകൾ സംബന്ധിച്ച ഉത്തരവിടാനും കമ്മീഷനുകൾക്ക് അധികാരമുണ്ട്.

നിയമത്തിലെ വകുപ്പ് 38(2)(എ) പ്രകാരം, കമ്മീഷൻ സ്വീകരിച്ച പരാതിയുടെ ഒരു പകർപ്പ് എതിർ കക്ഷിക്ക് അയച്ച് 30 ദിവസത്തിനകം അല്ലെങ്കിൽ അധികമായി നൽകുന്ന 15 ദിവസത്തിൽ കൂടാത്ത കാലയളവിനുള്ളിൽ കേസ് സംബന്ധിച്ച് അവരുടെ വിശദീകരണം നൽകാൻ നിർദ്ദേശിക്കും. വകുപ്പ് 38(3)(ബി)(ii) പ്രകാരം എതിർ കക്ഷി നിശ്ചിത സമയത്തിനുള്ളിൽ തന്റെ കേസ് പ്രതിനിധീകരിക്കുന്നതിനോ, അത് സംബന്ധിച്ച് എന്തെങ്കിലും നടപടി സ്വീകരിക്കുന്നതിനോ പരാജയപ്പെട്ടാൽ, തെളിവുകളുടെ അടിസ്ഥാനത്തിൽ ഏകപക്ഷീയ തീരുമാനം എടുക്കാൻ കമ്മീഷന് അധികാരമുണ്ടായിരിക്കും.

ഇ-ദാഖിൽ (e-daakhil) പോർട്ടലിലൂടെ പരാതികൾ ഫയൽ ചെയ്യാൻ ഉപഭോക്താക്കളെ പ്രോത്സാഹിപ്പിക്കുന്നതിന് ഊന്നൽ നൽകണമെന്ന് എല്ലാ സംസ്ഥാനങ്ങളുടെയും/കേന്ദ്രഭരണ പ്രദേശങ്ങളുടേയും ചീഫ് സെക്രട്ടറിമാർക്കും എല്ലാ ഉപഭോക്തൃ കമ്മീഷനുകൾക്കും കേന്ദ്ര ഉപഭോക്തൃ കാര്യ സെക്രട്ടറി കത്തയച്ചു. എല്ലാ സംസ്ഥാനങ്ങളും കേന്ദ്ര ഭരണ പ്രദേശങ്ങളും ഇ-ദാഖിൽ സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ടെന്നും കത്തിൽ എടുത്തുകാട്ടിയിട്ടുണ്ട്.

31.05.2022-ന് ദേശീയ, സംസ്ഥാന, ജില്ലാ കമ്മീഷനുകളുടെ പ്രസിഡന്റും അംഗങ്ങളുമായും സംസ്ഥാനങ്ങളിലെ/കേന്ദ്രഭരണ പ്രദേശങ്ങളിലെ ഉപഭോക്തൃ കാര്യ വകുപ്പിന്റെ ചുമതലയുള്ള സെക്രട്ടറിമാരുമായും ഒരു ദേശീയ ശിൽപശാല മന്ത്രാലയം സംഘടിപ്പിക്കുന്നുണ്ട്. പരാതി പരിഹാര സംവിധാനം കൂടുതൽ ഫലപ്രദവും വേഗമേറിയതും ഉപഭോക്താക്കൾക്ക് പ്രശ്‌നരഹിതവുമാക്കുന്നതിനെ കുറിച്ച് ശിൽപ്പശാലയിൽ ചർച്ചചെയ്യും

 
 
RRTN/SKY
 
****


(Release ID: 1826978) Visitor Counter : 140