സാംസ്‌കാരിക മന്ത്രാലയം

വൈശാഖ ബുദ്ധപൂര്‍ണിമയായ നാളെ നേപ്പാളിലെ ലുംബിനിയില്‍ ബുദ്ധമത സംസ്‌കാരത്തിനും പൈതൃകത്തിനുമായുള്ള തനതുകേന്ദ്രത്തിന്റെ നിര്‍മ്മാണത്തിനുള്ള 'ശിലാന്യാസ്' ചടങ്ങില്‍ പ്രധാനമന്ത്രി പങ്കെടുക്കും



സാംസ്‌കാരിക മന്ത്രാലയം അന്താരാഷ്ട്ര ബുദ്ധമത സഖ്യവുമായി (ഐബിസി) സഹകരിച്ച് ന്യൂഡല്‍ഹിയില്‍ നാളെ വര്‍ണാഭമായ പരിപാടി സംഘടിപ്പിക്കും


Posted On: 15 MAY 2022 11:21AM by PIB Thiruvananthpuram

നേപ്പാള്‍ ലുംബിനി ഔദ്യോഗിക സന്ദര്‍ശനവേളയില്‍ വൈശാഖബുദ്ധ പൂര്‍ണിമയായ 2022 മെയ് 16ന് ലുംബിനി മൊണാസ്റ്റിക് മേഖലയില്‍ ബുദ്ധ സംസ്കാരത്തിനും പൈതൃകത്തിനുമുള്ള തനതുകേന്ദ്ര നിര്‍മ്മാണത്തിനുള്ള 'ശിലാന്യാസ്' ചടങ്ങില്‍ പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദി പങ്കെടുക്കും. ലുംബിനിയില്‍ പ്രധാനമന്ത്രി മായാദേവി ക്ഷേത്രം സന്ദര്‍ശിച്ചു പ്രാര്‍ത്ഥന നടത്തും. നേപ്പാള്‍ ഗവണ്‍മെന്റിനു കീഴിലുള്ള ലുംബിനി വികസന ട്രസ്റ്റ് സംഘടിപ്പിക്കുന്ന ബുദ്ധജയന്തി പരിപാടിയിലും പ്രധാനമന്ത്രി പ്രസംഗിക്കും.
 
ലുംബിനി വികസന ട്രസ്റ്റിന്റെ ആഭിമുഖ്യത്തില്‍ കേന്ദ്ര സാംസ്കാരിക മന്ത്രാലയത്തിന്റെ സാമ്പത്തിക സഹായത്തോടെ ബുദ്ധമത സംസ്കാരത്തിനും പൈതൃകത്തിനുമുള്ള തനത് ഇന്ത്യ അന്താരാഷ്ട്ര കേന്ദ്രത്തിന്റെ നിര്‍മാണം, ഇന്ത്യയിലെ അന്താരാഷ്ട്ര ബുദ്ധമത സഖ്യം ഏറ്റെടുക്കും. സാംസ്കാരിക മന്ത്രാലയത്തിന്റെ ധനസഹായത്തോടെ പ്രവര്‍ത്തിക്കുന്ന സമിതിയാണ് അന്താരാഷ്ട്ര ബുദ്ധമത സഖ്യം. നേപ്പാളിലെ ആദ്യത്തെ 'നെറ്റ് സീറോ എമിഷന്‍' കെട്ടിടമായിരിക്കും ഈ ബുദ്ധമതകേന്ദ്രം.

ഈ സന്ദര്‍ഭത്തില്‍, സാംസ്കാരിക മന്ത്രാലയം അന്താരാഷ്ട്ര ബുദ്ധമത സഖ്യത്തിന്റെ (ഐബിസി) സഹകരണത്തോടെ ന്യൂഡല്‍ഹിയില്‍ വൈശാഖ ബുദ്ധ പൂര്‍ണിമ ആഘോഷങ്ങളുടെ ഭാഗമായി വര്‍ണാഭമായ പരിപാടികള്‍ സംഘടിപ്പിക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദി നേപ്പാളിലെ ലുംബിനിയില്‍ ബുദ്ധമത സംസ്കാരത്തിനും പൈതൃകത്തിനുമായി നിര്‍മിക്കുന്ന കേന്ദ്രത്തിന്റെ ശിലാസ്ഥാപന ചടങ്ങുമായി ബന്ധപ്പെട്ട സിനിമാപ്രദര്‍ശനമാണ് ഇതിന്റെ മുഖ്യഭാഗം. സ്‌ക്രീനില്‍ പ്ലേ ചെയ്യുന്ന, വിവിധ ബുദ്ധമത സ്ഥലങ്ങളില്‍ നിന്നുള്ള മന്ത്രോച്ചാരണത്തോടെ ഉച്ചയ്ക്ക് 2ന് പരിപാടി ആരംഭിക്കും.

ചടങ്ങില്‍ കേന്ദ്ര നിയമ-നീതി മന്ത്രി ശ്രീ കിരണ്‍ റിജിജു മുഖ്യാതിഥിയാകും. സാംസ്കാരിക മന്ത്രി ശ്രീ ജി കിഷന്‍ റെഡ്ഡി, സാംസ്കാരിക സഹമന്ത്രി ശ്രീ അര്‍ജുന്‍ റാം മേഘ്‌വാള്‍ എന്നിവരും പ്രത്യേക അതിഥികളാകും.

പവിത്രമായ വൈശാഖ ബുദ്ധ പൂര്‍ണിമ ദിവസം ലുംബിനി ബുദ്ധമത കേന്ദ്രത്തിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ചാണ് പ്രധാനമന്ത്രിയുടെ നേപ്പാള്‍ സന്ദര്‍ശനമെന്നതു പ്രാധാന്യമര്‍ഹിക്കുന്നു. ശ്രീബുദ്ധന്റെ ജനനം, ബോധോദയം, മഹാപരിനിര്‍വാണം എന്നിവ അടയാളപ്പെടുത്തുന്ന മൂന്നുതവണ അനുഗൃഹീതമായ ദിവസമായാണ് ഈ ദിനം കണക്കാക്കപ്പെടുന്നത്. ബുദ്ധന്‍ നേപ്പാളിലെ ലുംബിനിയില്‍ ജനിച്ചപ്പോള്‍, ബിഹാറിലെ ബോധ്ഗയയില്‍ ബോധോദയം നേടുകയും സാരാനാഥില്‍ തന്റെ ആദ്യ ധര്‍മപ്രഭാഷണം നടത്തുകയും ഉത്തര്‍പ്രദേശിലെ കുശിനഗറില്‍ നിര്‍വാണം പ്രാപിക്കുകയും ചെയ്തു.

ബുദ്ധമത പാരമ്പര്യപ്രകാരം, ബിസി 623ല്‍ രാജ്ഞി മഹാമായാദേവി, സിദ്ധാര്‍ത്ഥ ഗൗതമനെ പ്രസവിച്ച പുണ്യസ്ഥലമാണ് ലുംബിനി. ലുംബിനിയിലെ പ്രശസ്തമായ പൂന്തോട്ടത്തിലാണ് ബുദ്ധഭഗവാന്‍ ജനിച്ചത്. അതു പിന്നീട് തീര്‍ത്ഥാടനകേന്ദ്രമായി മാറി.

അവിടെയെത്തിയ തീര്‍ത്ഥാടകരില്‍ ഇന്ത്യയിലെ അശോക ചക്രവര്‍ത്തിയുമുണ്ടായിരുന്നു. അദ്ദേഹം തന്റെ സ്മരണിക സ്തംഭങ്ങളിലൊന്ന് അവിടെ സ്ഥാപിച്ചു. ഈ സ്ഥലം ഇപ്പോള്‍ ബുദ്ധമത തീര്‍ത്ഥാടനകേന്ദ്രമായി വികസിപ്പിച്ചുകൊണ്ടിരിക്കുന്നു. ഭഗവാന്‍ ബുദ്ധന്റെ ജനനവുമായി ബന്ധപ്പെട്ട പുരാവസ്തുശകലങ്ങള്‍ ഇവിടത്തെ പ്രധാന സവിശേഷതയാണ്.
മ്യാന്‍മറിലെ സുവര്‍ണക്ഷേത്രം, താര ഫൗണ്ടേഷന്‍ ക്ഷേത്രം, ശ്രീലങ്ക മൊണാസ്ട്രി, കൊറിയന്‍ ക്ഷേത്രം (ദേ സുങ് ഷാക്യ), കംബോഡിയന്‍ മൊണാസ്ട്രി, വിയറ്റ്‌നാമീസ് ഫാറ്റ് ക്വാക്‌തു ക്ഷേത്രം എന്നിവയാണ് ഈ പ്രദേശത്തെ മറ്റു ചില വിഹാരങ്ങളും ആശ്രമങ്ങളും.
നേപ്പാളിലെ ഏറ്റവും പവിത്രവും സുപ്രധാനവുമായ സ്ഥലങ്ങളില്‍ ഒന്നാണ് ലുംബിനി. യുനെസ്കോ ലോക പൈതൃക പ്രദേശങ്ങളുടെ പട്ടികയില്‍ ഇത് ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ലോകമെമ്പാടുമുള്ള ബുദ്ധമതവിശ്വാസികള്‍ക്കായുള്ള പൊതുവേദിയായി വര്‍ത്തിക്കുന്നതിന് ന്യൂഡല്‍ഹി ആസ്ഥാനമായി 2013ലാണ് അന്താരാഷ്ട്ര ബുദ്ധമത സഖ്യം (ഐബിസി), ഇന്ത്യ എന്ന അന്താരാഷ്ട്ര ബുദ്ധമത സംഘടന രൂപീകരിച്ചത്. പരമോന്നത ബുദ്ധമത പാരമ്പര്യത്തിന്റെ കാര്‍മികത്വത്തില്‍ സ്ഥാപിക്കപ്പെട്ടു എന്ന അംഗീകാരവും ഇതിനുണ്ട്. ലോകമെമ്പാടുമുള്ള വിവിധ ബുദ്ധമത സംഘടനകള്‍ക്കും പാരമ്പര്യങ്ങള്‍ക്കും ബുദ്ധമത മൂല്യങ്ങളും തത്വങ്ങളും സംരക്ഷിക്കാനും പ്രചരിപ്പിക്കാനും പ്രോത്സാഹിപ്പിക്കാനും വേദിയൊരുക്കുക എന്നതാണ് ഇതിന്റെ ലക്ഷ്യം. ആഗോള പ്രശ്നങ്ങള്‍ക്ക് പൊതുവായ പരിഹാരങ്ങള്‍ കണ്ടെത്തുക എന്നതും സഖ്യം ലക്ഷ്യമിടുന്നു.

നേപ്പാളിലെ ബുദ്ധമത സംഘടനകളുമായി ഇടപഴകുന്നതില്‍ ഐബിസി സജീവമാണ്. കൂടാതെ നിരവധി മുതിര്‍ന്ന ബുദ്ധ സന്ന്യാസിമാരുമായും ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്നു. പ്രധാനമന്ത്രിയുടെ സന്ദര്‍ശനവും ലുംബിനി മൊണാസ്റ്റിക് സമുച്ചയത്തിനുള്ളില്‍ ഇന്ത്യാകേന്ദ്രം നിര്‍മിക്കുന്നതും ബുദ്ധമത പാരമ്പര്യത്തിലൂടെയും പൈതൃകത്തിലൂടെയുമുള്ള ബന്ധത്തിനു കൂടുതല്‍ കരുത്തുപകരും.

2022 മെയ് 16 രാവിലെ 8 മുതല്‍ ഐബിസിയുടെ ഇനിപ്പറയുന്ന ലിങ്കുകളിലൂടെ പരിപാടി കാണാനാകും:
 
'വെര്‍ച്വല്‍ വൈശാഖ ബുദ്ധ പൂര്‍ണിമ ദിവസ്' ഇനിപ്പറയുന്ന ലിങ്കുകളില്‍ തത്സമയം കാണാം:

Facebook: https://www.facebook.com/ibcworld.org
 
Youtube :  https://www.youtube.com/c/IBCWorld
.. ND..



(Release ID: 1825521) Visitor Counter : 138