പ്രധാനമന്ത്രിയുടെ ഓഫീസ്
ഗുജറാത്തിലെ ദാഹോദില്‍ നിരവധി വികസന പദ്ധതികളുടെ ഉദ്ഘാടന വേളയില്‍ പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിന്റെ മലയാളം പരിഭാഷ
Posted On:
20 APR 2022 9:49PM by PIB Thiruvananthpuram
ഭാരത് മാതാ കീ -- ജയ്, ഭാരത് മാതാ കീ -- ജയ്
ആദ്യമായി, ദാഹോദിലെ ജനങ്ങളോട് മാപ്പ് പറയാന്‍ ഞാന്‍ ആഗ്രഹിക്കുകയാണ്. തുടക്കത്തില്‍ കുറച്ചുനേരം ഞാന്‍ ഹിന്ദിയില്‍ സംസാരിക്കും, അതിനുശേഷം ഞാന്‍ എന്റെ മാതൃഭാഷയില്‍ സംസാരിക്കും.
മൃദുഭാഷിയും ജനപ്രിയനുമായ ഗുജറാത്ത് മുഖ്യമന്ത്രി ശ്രീ ഭൂപേന്ദ്രഭായ് പട്ടേല്‍, കേന്ദ്രമന്ത്രിസഭയിലെ എന്റെ സഹപ്രവര്‍ത്തകനും രാജ്യത്തെ റെയില്‍വേ മന്ത്രിയുമായ ശ്രീ അശ്വിനി വൈഷ്ണവ്ജി, മന്ത്രി സഭയിലെ എന്റെ സഹപ്രവര്‍ത്തകന്‍ ദര്‍ശനബെന്‍ ജര്‍ദോഷ്, പാര്‍ലമെന്റിലെ എന്റെ മുതിര്‍ന്ന സഹപ്രവര്‍ത്തകനും ഗുജറാത്ത് പ്രദേശ് ഭാരതീയ ജനതാ പാര്‍ട്ടി പ്രസിഡന്റുമായ ശ്രീ.സി.ആര്‍.പാട്ടീല്‍, ഗുജറാത്ത് ഗവണ്‍മെന്റിലെ മന്ത്രിമാര്‍, എം.പി.മാര്‍, എം.എല്‍.എമാര്‍, വലിയതോതില്‍ ഇവിടെ എത്തിയ എന്റെ പ്രിയപ്പെട്ട ഗോത്രവര്‍ഗ്ഗ സഹോദരീസഹോദരന്മാരെ...
ഇന്ന്, ഗോത്രവര്‍ഗ്ഗ മേഖലകളില്‍ നിന്നുള്ള ലക്ഷക്കണക്കിന് സഹോദരിമാരും സഹോദരന്മാരും നമ്മെ അനുഗ്രഹിക്കാന്‍ ഇവിടെ എത്തിയിട്ടുണ്ട്. നാം ജീവിക്കുന്ന സ്ഥലവും പരിസ്ഥിതിയും നമ്മുടെ ജീവിതത്തെ സ്വാധീനിക്കുമെന്ന് വിശ്വസിക്കപ്പെടുന്നു. എന്റെ പൊതുജീവിതത്തിന്റെ ആദ്യകാലഘട്ടത്തില്‍, കിഴക്കന്‍ ഗുജറാത്തിലെ ഉമര്‍ ഗ്രാമം മുതല്‍ അംബാജി വരെയുള്ള മുഴുവന്‍ ഗോത്രവര്‍ഗ്ഗ പ്രദേശങ്ങളായിരുന്നു എന്റെ പ്രവര്‍ത്തന മേഖല. ഗോത്രവര്‍ഗ്ഗക്കാര്‍ക്ക് ഇടയില്‍ താമസിക്കുക, അവരോടൊപ്പം ജീവിതം ചെലവഴിക്കുക, അവരെ മനസ്സിലാക്കുക എന്നിവ എന്റെ ജീവിതത്തിന്റെ ആദ്യ കാലങ്ങളുടെ ഭാഗമായിരുന്നു. ഈ ഗോത്രവര്‍ഗ്ഗ അമ്മമാരും സഹോദരിമാരും സഹോദരന്മാരുമാണ് എന്നെ നയിച്ചത്, എന്നെ ഒരുപാട് പഠിപ്പിച്ചു, അതാണ് നിങ്ങള്‍ക്ക് വേണ്ടി എന്തെങ്കിലും ചെയ്യാനുള്ള എന്റെ പ്രേരണയായതും.
ഗോത്രവര്‍ഗ്ഗ സമൂഹത്തിന്റെ ജീവിതം ഞാന്‍ വളരെ അടുത്ത് നിന്ന് കണ്ടിട്ടുണ്ട്. ഇന്ന് ഗുജറാത്ത്, മദ്ധ്യപ്രദേശ്, ഛത്തീസ്ഗഡ്, ഝാര്‍ഖണ്ഡ് അല്ലെങ്കില്‍ ഇന്ത്യയിലെ ഏത് ഗോത്രവര്‍ഗ്ഗ മേഖലയിലായാലും എന്റെ ഗോത്രവര്‍ഗ്ഗ സഹോദരങ്ങളുടെ ജീവിതം ജലം പോലെ നൈര്‍മ്മല്യവും മുകുളങ്ങള്‍ പോലെ മൃദുലവുമാണെന്ന് എനിക്ക് ആദരവോടെ പറയാന്‍ കഴിയും. ദാഹോദിലെ ഈ പ്രദേശത്തെ പല കുടുംബങ്ങളോടൊപ്പം ഞാന്‍ വളരെക്കാലം ചെലവഴിച്ചിട്ടുണ്ട്. ഇന്ന്, നിങ്ങളെ എല്ലാവരെയും കണ്ടുമുട്ടാനുള്ള ഭാഗ്യവും എനിക്കുണ്ടായി.
സഹോദരീ സഹോദരന്മാരേ,
രാജ്യത്തുടനീളമുള്ള ആദിവാസി സമൂഹത്തിന്റെ, പ്രത്യേകിച്ച് നമ്മുടെ സഹോദരിമാരുടെയും പെണ്‍മക്കളുടെയും പ്രശ്‌നങ്ങള്‍ സേവന മനോഭാവത്തോടെ അഭിവൃദ്ധിപ്പെടുത്താന്‍ ഗുജറാത്തിലേയും ഇന്ത്യയിലേയും ഇരട്ട എഞ്ചിന്‍ ഗവണ്‍മെന്റ് പ്രതിജ്ഞാബദ്ധമായതിന്റെ കാരണം ഇതാണ്.
സഹോദരീ സഹോദരന്മാരേ,
ഈ പരിശ്രമങ്ങളുടെ ഭാഗമായി ദാഹോദിന്റേയും പഞ്ച്മാര്‍ഗ്ഗിന്റേയും വികസനത്തിന് 22,000 കോടിയിലധികം രൂപയുടെ പദ്ധതികള്‍ ഇന്ന് ഉദ്ഘാടനം ചെയ്യപ്പെടുകയോ തറക്കല്ലിടുകയോ ചെയ്തിട്ടുണ്ട്. ഇന്ന് ഉദ്ഘാടനം ചെയ്ത പദ്ധതികളില്‍ ഒന്ന് കുടിവെള്ള പദ്ധതിയാണ് കൂടാതെ ദാഹോദിനെ സ്മാര്‍ട് സിറ്റിയാക്കാനുള്ള മറ്റു പല പദ്ധതികളുമുണ്ട്. ഈ കുടിവെള്ള പദ്ധതിയിലൂടെ ദാഹോദിലെ നൂറുകണക്കിനു ഗ്രാമങ്ങളിലെ അമ്മമാരുടെയും സഹോദരിമാരുടെയും ജീവിതം വളരെ സുഖകരമാകും.
സുഹൃത്തുക്കളെ,
ഈ മുഴുവന്‍ പ്രദേശത്തിന്റെയും വികസനം കാംഷിക്കുന്നതുമായി ബന്ധപ്പെട്ട മറ്റൊരു പ്രധാന സംരംഭവും ഇന്ന് ആരംഭിച്ചിട്ടുണ്ട്. ഇപ്പോള്‍ മേക്ക് ഇന്‍ ഇന്ത്യയുടെയും വലിയ കേന്ദ്രമായി ദഹോദ് മാറാന്‍ പോകുന്നു. അടിമത്വത്തിന്റെ കാലത്ത് ആവി എന്‍ജിന് വേണ്ടി ഇവിടെ ആരംഭിച്ച വര്‍ക്ക്‌ഷോപ്പ് ഇനി മേക്ക് ഇന്‍ ഇന്ത്യ സംഘടിതപ്രവര്‍ത്തനത്തിന് ഊര്‍ജം പകരും. ഇപ്പോള്‍ ദഹോദിലെ പരേലില്‍ 20,000 കോടി രൂപയുടെ ഫാക്ടറി സ്ഥാപിക്കും.
ഞാന്‍ ദാഹോദ് സന്ദര്‍ശിക്കുമ്പോഴെല്ലാം വൈകുന്നേരം പരേലിലെ സെര്‍വന്റ്‌സ് ക്വാര്‍ട്ടേഴ്‌സ് സന്ദര്‍ശിക്കാറുണ്ടായിരുന്നു, ചെറുകുന്നുകള്‍ക്ക് നടുവില്‍ കിടക്കുന്ന പരേലിന്റെ ഭൂപ്രകൃതിയെ ഞാന്‍ സ്‌നേഹിച്ചിരുന്നു. അവിടെ പ്രകൃതിയോടൊത്ത് സമയം ചിലവഴിക്കാന്‍ എനിക്ക് അവസരം ലഭിച്ചിരുന്നു. എന്നാല്‍, പരേലും റെയില്‍വേ മേഖലയും മുഴുവനും ക്രമേണ ജീവനില്ലാത്തതായി മാറുന്നത് കണ്ട് ഞാന്‍ വേദനിച്ചു. എന്നാല്‍, പ്രധാനമന്ത്രിയായതിന് ശേഷം ഒരിക്കല്‍ കൂടി അതിനെ സജീവമാക്കുകയും മഹത്വപ്പെടുത്തുകയും ചെയ്യണമെന്ന് എനിക്ക് ഒരു സ്വപ്‌നമുണ്ടായിരുന്നു. ഇന്ന് 20,000 കോടി രൂപയോളം വരുന്ന വലിയ മുതല്‍മുടക്കില്‍ ഈ ഗ്രോത്രവര്‍ഗ്ഗ മേഖലയില്‍ മുഴുവനുമായി എന്റെ സ്വപ്‌നം സാക്ഷാത്കരിക്കപ്പെടുകയാണ്, ആയിരക്കണക്കിന് യുവാക്കള്‍ക്ക് തൊഴിലവസരം സൃഷ്ടിക്കപ്പെടുകയും ചെയ്യും.
അതിവേഗ വൈദ്യുതീകരണത്തിലൂടെ ഇന്ത്യന്‍ റെയില്‍വേ ഇന്ന് ആധുനികമായി മാറുകയാണ്. ചരക്ക് തീവണ്ടികള്‍ക്കായി പ്രത്യേക ചരക്ക് ഇടനാഴികള്‍ വികസിപ്പിക്കുന്നു. ചരക്ക് തീവണ്ടികള്‍ വേഗത്തില്‍ ഓടാനും അതിവേഗത്തിലും താങ്ങാനാവുന്നതുമായ നിലയില്‍ ചരക്ക് ഗതാഗതം സാദ്ധ്യമാക്കാനും രാജ്യത്തുതന്നെ തീവണ്ടി എന്‍ജിനുകള്‍ നിര്‍മ്മിക്കേണ്ടത് പ്രധാനമാണ്, അതുവഴി . വിദേശ രാജ്യങ്ങളിലും ഇലക്ര്ടിക് ലോക്കോമോട്ടീവുകള്‍ക്കുള്ള(വൈദ്യുതി തീവണ്ടി എന്‍ജിനുകള്‍) ആവശ്യം ദ്രുതഗതിയിലാകുകയാണ്. ഈ ആവശ്യം നിറവേറ്റുന്നതില്‍ ദാഹോദ് വലിയ പങ്ക് വഹിക്കും. ദാഹോദിലെ യുവാക്കള്‍ എപ്പോഴൊക്കെ വിദേശത്ത് പോകുന്നുവോ അപ്പോഴൊക്കെ, ദഹോദില്‍ നിര്‍മ്മിച്ച തീവണ്ടി എന്‍ജിനുകള്‍ അവിടെ ഓടുന്നത് അവര്‍ കാണുകയും അത്യധികം സന്തോഷിക്കുകയും ചെയ്യും.
9,000 കുതിരശക്തിയുള്ള ശക്തമായ തീവണ്ടി എന്‍ജിനുകള്‍ നിര്‍മ്മിക്കുന്ന ലോകത്തിലെ ചുരുക്കം രാജ്യങ്ങളിലൊന്നാണ് ഇപ്പോള്‍ ഇന്ത്യ. ഈ പുതിയ ഫാക്ടറിയിലൂടെ ആയിരക്കണക്കിന് യുവാക്കള്‍ക്ക് തൊഴില്‍ ലഭിക്കുകയും സമീപങ്ങളില്‍, പുതിയ വ്യാപാര സാദ്ധ്യതകള്‍ വളരുകയും ചെയ്യും. ഒരു നവദഹോദ് രൂപീകരിക്കുപ്പെടും. കഠിനാദ്ധ്വാനത്തിലൂടെ നമ്മുടെ ദാഹോദ് ബറോഡയെ മറികടക്കാന്‍ പോകുന്നുവെന്ന് ചിലപ്പോള്‍ തോന്നും.
എന്റെ ജീവിതത്തിലെ നിരവധി ദശകങ്ങള്‍ ഞാന്‍ ദാഹോദില്‍ ചെലവഴിച്ചിട്ടുണ്ട്, എന്നാല്‍ ഇന്ന് നിങ്ങളുടെ ആവേശം സമാനതകളില്ലാത്തതാണ്. ഇവിടെ പല പരിപാടികളിലും പങ്കെടുക്കാന്‍ സ്‌കൂട്ടറിലോ ബസിലോ ഞാന്‍ വന്നിരുന്ന ഒരു കാലമുണ്ടായിരുന്നു. ഞാന്‍ മുഖ്യമന്ത്രിയായിരുന്ന കാലത്ത് ഇവിടെ നിരവധി പരിപാടികള്‍ സംഘടിപ്പിച്ചിരുന്നു. എന്നാല്‍ ഇത്രയും വലിയൊരു പരിപാടി ഞാന്‍ മുഖ്യമന്ത്രിയായിരുന്നപ്പോള്‍ നടന്നിട്ടില്ല. ഇന്ന് ഗുജറാത്തിന്റെ ജനപ്രിയ മുഖ്യമന്ത്രി ഭൂപേന്ദ്രഭായ് പട്ടേല്‍ മുമ്പൊന്നും കണ്ടിട്ടില്ലാത്ത ഇത്തരത്തിലുള്ള ഒരു ഗംഭീരപരിപാടി സംഘടിപ്പിച്ചതില്‍ ഞാന്‍ അഭിമാനിക്കുന്നു. എന്റെ മുന്നില്‍ അത്ര വലിയ ജനസാഗരമാണ്! ഭൂപേന്ദ്രഭായിയെയും സി.ആര്‍ പാട്ടീലിനെയും അവരുടെ ടീമിനെ മുഴുവനേയും ഞാന്‍ അഭിനന്ദിക്കുന്നു.
ഒരു കാര്യം പ്രധാനമാണ്, സഹോദരീ സഹോദരന്മാരേ, അത് പുരോഗതിയിലേക്കുള്ള ഈ പാതയില്‍ നമ്മുടെ അമ്മമാരേയും സഹോദരിമാരേയും ഉപേക്ഷിക്കരുത് എന്നതാണ്. ഈ പുരോഗതിയോടൊപ്പം അവരും മുന്നേറണം, അതുകൊണ്ട്,അമ്മമാരുടേയും സഹോദരിമാരുടേയും ക്ഷേമവും പങ്കാളിത്തവും എപ്പോഴും എന്റെ പദ്ധതികളുടെ കാതലായിരിക്കും. ജലക്ഷാമം ഉണ്ടായാല്‍ അമ്മമാര്‍ക്കും സഹോദരിമാര്‍ക്കുമാണ് പരമാവധി പ്രശ്‌നം നേരിടേണ്ടിവരുന്നത്. അതുകൊണ്ട്, ടാപ്പിലൂടെ വെള്ളം നല്‍കുന്നത് ഉറപ്പാക്കാന്‍ ഞാന്‍ പ്രതിജ്ഞയെടുത്തു. അമ്മമാരുടേയും സഹോദരിമാരുടേയും അനുഗ്രഹത്തോടെ ഞാന്‍ ഉടന്‍ തന്നെ ഈ പ്രതിജ്ഞ നിറവേറ്റാന്‍ പോകുകയാണ്. നിങ്ങളുടെ വീടുകളില്‍ വെള്ളം എത്തിക്കാനുള്ള അവസരം എനിക്ക് ലഭിക്കും. കഴിഞ്ഞ രണ്ടര വര്‍ഷത്തിനിടെ ആറ് കോടിയിലധികം കുടുംബങ്ങള്‍ക്ക് പൈപ്പ് ലൈനിലൂടെ വെള്ളം എത്തിക്കുന്നതില്‍ ഞങ്ങള്‍ വിജയിച്ചിട്ടുണ്ട്. ഗുജറാത്തിലും അഞ്ച് ലക്ഷം ഗോത്രവര്‍ഗ്ഗ കുടുംബങ്ങള്‍ക്ക് ഞങ്ങള്‍ പൈപ്പ് വെള്ളം ഉറപ്പാക്കിയിട്ടുണ്ട്, ഭാവിയില്‍ ഇത് വേഗത്തിലാകാന്‍ പോകുകയുമാണ്.
സഹോദരീ സഹോദരന്മാരേ, കൊറോണയുടെ പ്രതിസന്ധി ഇതുവരെ അവസാനിച്ചിട്ടില്ല, ഇപ്പോള്‍ യുദ്ധത്തിന്റെ റിപ്പോര്‍ട്ടുകളും വരുന്നുണ്ട്. ഇപ്പോഴിതാ കൊറോണയുടെ നടുവില്‍ പുതിയൊരു പ്രശ്‌നം. ഇതൊക്കെയാണെങ്കിലും, പ്രശ്‌നങ്ങള്‍ക്കും അനിശ്ചിതത്വങ്ങള്‍ക്കും നടുവില്‍ രാജ്യം ക്ഷമയോടെ മുന്നേറുകയാണ്. ദുരിതകാലത്തുപോലും പാവപ്പെട്ടവരെ ഗവണ്‍മെന്റ് മറന്നില്ല. സമൂഹത്തിന്റെ അവസാന തട്ടിലുള്ള പാവപ്പെട്ടവര്‍, ഗോത്രവിഭാഗങ്ങള്‍, ദളിതര്‍, ഒ.ബി.സി (മറ്റ് പിന്നാക്ക വിഭാഗങ്ങള്‍) വിഭാഗങ്ങള്‍ എന്നിവരുടെ ക്ഷേമത്തിനായിരുന്നു എന്റെ പ്രധാന പരിഗണന. ജോലിക്കായി നഗരങ്ങളിലേക്ക് പോകുന്ന ദാഹോദ് നിവാസികള്‍ എല്ലാം അടച്ചുപൂട്ടികഴിഞ്ഞ് വീട്ടിലേക്ക് മടങ്ങി എത്തുമ്പോഴും പാവപ്പെട്ടവരുടെ അടുപ്പുകള്‍ കത്തുന്നത് ഉറപ്പാക്കാന്‍ ഞാന്‍ ഉണര്‍ന്നിരുന്നു. കഴിഞ്ഞ രണ്ട് വര്‍ഷമായി 80 കോടി കുടുംബങ്ങള്‍ക്ക് സൗജന്യ ഭക്ഷ്യധാന്യങ്ങള്‍ നല്‍കി നമ്മള്‍ ഒരു ലോക റെക്കോര്‍ഡ് തന്നെ സൃഷ്ടിച്ചു.
എന്റെ പാവപ്പെട്ട ഗോത്രവര്‍ഗ്ഗ കുടുംബങ്ങള്‍ക്ക് ഒരു സമ്പൂര്‍ണ്ണ വീട് (പക്കാഹൗസ്) ശൗച്യാലയം, വൈദ്യുതി, വെള്ളം, പാചകവാതക കണക്ഷന്‍ എന്നിവ ഉണ്ടായിരിക്കണമെന്നും അവരുടെ ഗ്രാമങ്ങള്‍ക്ക് സമീപം ഒരു സൗഖ്യകേന്ദ്രം, ആശുപത്രി, 108 (ഡയല്‍) സൗകര്യങ്ങള്‍ എന്നിവ ഉണ്ടാകണമെന്നും ഞങ്ങള്‍ സ്വപ്‌നം കണ്ടു. പാവപ്പെട്ട കുട്ടികള്‍ക്ക് നല്ലൊരു സ്‌കൂള്‍ സൗകര്യവും ഗ്രാമങ്ങളില്‍ നല്ല റോഡുകളും ഉണ്ടാകണം. ഗുജറാത്തിലെ ഗ്രാമങ്ങളില്‍ ഈ സൗകര്യങ്ങളെല്ലാം ഉറപ്പാക്കാന്‍ കേന്ദ്ര ഗവണ്‍മെന്റും സംസ്ഥാന ഗവണ്‍മെന്റും ഒരുമിച്ച് പ്രവര്‍ത്തിക്കുകയാണ്. ഇക്കാര്യത്തില്‍, നാം മുന്നോട്ട് പോകുകയുമാണ്.
ഇവിടെ വരുന്നതിന് മുമ്പ് കേന്ദ്ര-ഗുജറാത്ത് ഗവണ്‍മെന്റുകളുടെ വിവിധ പദ്ധതികളുടെ ഗുണഭോക്താക്കള്‍ക്കൊപ്പം ഇരുന്ന് അവരുടെ അനുഭവങ്ങള്‍ കേള്‍ക്കുമ്പോള്‍ എനിക്ക് വലിയ സന്തോഷമുണ്ടായി. അത് വാക്കുകളിലൂടെ പ്രകടിപ്പിക്കാന്‍ എനിക്ക് കഴിയില്ല. അഞ്ചാം ക്ലാസോ ഏഴാം ക്ലാ സോ വരെ കഷ്ടിച്ച് പഠിച്ചിട്ടുള്ള എന്റെ അമ്മമാരും സഹോദരിമാരും തങ്ങള്‍ ജൈവകൃഷിയിലൂടെ ഭൂമിയെ രാസവസ്തുക്കളില്‍ നിന്ന് മുക്തമാക്കാന്‍ ദൃഢനിശ്ചയം ചെയ്തുവെന്നും അവരുടെ പച്ചക്കറികള്‍ അഹമ്മദാബാദിലെ വിപണികളില്‍ ഇരട്ടി വിലയ്ക്ക് വില്‍ക്കുന്നുവെന്നും പറഞ്ഞു. എന്നോട് സംസാരിക്കുമ്പോള്‍ ഗോത്രവര്‍ഗ്ഗ ഊരുകളിലെ അമ്മമാരുടെയും സഹോദരിമാരുടെയും കണ്ണുകളിലെ തിളക്കം എനിക്ക് കാണാമായിരുന്നു. ദാഹോദില്‍ പുഷ്പകൃഷിക്ക് ആക്കം കൂടിയ കാലത്തെക്കുറിച്ച് ഞാന്‍ ഓര്‍ക്കുകയാണ്; ദാഹോദിലെ പൂക്കള്‍ അന്ന് മുംബൈയിലെ ദേവതകള്‍ക്ക് സമര്‍പ്പിച്ചിരുന്നു. ഇന്ന് നമ്മുടെ കര്‍ഷകര്‍ ജൈവകൃഷിയിലേക്ക് തിരിഞ്ഞിരിക്കുന്നു. ഗോത്രവര്‍ഗ്ഗ സഹോദരങ്ങള്‍ ഇത്രയും വലിയ മാറ്റത്തിന് തുടക്കമിടുമ്പോള്‍, എല്ലാവരും അവരെ പിന്തുടരേണ്ടതുണ്ടെന്ന് നിങ്ങള്‍ മനസ്സിലാക്കണം. ദാഹോദ് ഇത് ചെയ്തു കാണിച്ചു.
ഇന്ന് എനിക്ക് ഒരു ദിവ്യാംഗ ദമ്പതികളെ കാണാനുള്ള അവസരം ലഭിച്ചു, ഗവണ്‍മെന്റിന്റെ സാമ്പത്തിക സഹായത്തോടെ അവര്‍ ഒരു പൊതുസേവന കേന്ദ്രം ആരംഭിച്ചത് എന്നെ അത്ഭുതപ്പെടുത്തി. ഗവണ്‍മെന്റ് തന്നെ ഒരുപാട് സഹായിച്ചിട്ടുണ്ടെന്ന് എന്നോട് പറഞ്ഞ അദ്ദേഹം, എന്നാല്‍ ഇപ്പോള്‍ സേവനങ്ങള്‍ക്ക് ദിവ്യാംഗനില്‍ നിന്നും ഒരു പൈസ പോലും ഈടാക്കേണ്ടതില്ലെന്ന് തീരുമാനിച്ചുവെന്നും അറിയിച്ചു. ഈ കുടുംബത്തെ ഞാന്‍ അഭിവാദ്യം ചെയ്യുന്നു. ഉയര്‍ന്നുവരുന്ന ഗോത്രവര്‍ഗ്ഗ കുടുംബങ്ങളെ നോക്കുക, അവരില്‍ നിന്ന് നമുക്ക് ഒരുപാട് പഠിക്കാന്‍ കഴിയും. ഗോത്രവര്‍ഗ്ഗ കുടുംബങ്ങളുടെ ക്ഷേമത്തിനായാണ് വനബന്ധു കല്യാണ്‍ യോജന ആരംഭിച്ചത്. തെക്കന്‍ ഗുജറാത്ത് ദീര്‍ഘനാളായി അരിവാള്‍ (സിക്കിള്‍ സെല്‍) രോഗത്തിനാല്‍ ബുദ്ധിമുട്ടുകയാണ്. നിരവധി ഗവണ്‍മെന്റുകള്‍ വന്നു, എന്നാല്‍ ഞങ്ങള്‍ അത് നേരിടാന്‍ തീരുമാനിച്ചു, ഇന്ന് ഇക്കാര്യത്തില്‍ വലിയ തോതിലുള്ള പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. ശാസ്ത്രം തീര്‍ച്ചയായും നമ്മെ സഹായിക്കുമെന്ന് ഗോത്രവര്‍ഗ്ഗകുടുംബങ്ങള്‍ക്ക് ഉറപ്പുനല്‍കാന്‍ ഞാന്‍ ആഗ്രഹിക്കുകയാണ്, നിരവധി ശാസ്ത്രീയ കണ്ടുപിടുത്തങ്ങള്‍ നടക്കുന്നുമുണ്ട്. എന്റെ ആദിവാസി പുത്രന്‍മാരും പെണ്‍മക്കളും വര്‍ഷങ്ങളോളം സഹിക്കേണ്ടിവന്ന അരിവാള്‍ കോശ രോഗത്തിന്റെ ഈ പ്രശ്‌നം പരിഹരിക്കാന്‍ ഞങ്ങള്‍ കഠിനമായി പരിശ്രമിക്കുകയാണ്.
സഹോദരീ സഹോദരന്മാരേ,
സ്വാതന്ത്ര്യം ലഭിച്ച് 75 വര്‍ഷം തികയുന്ന വേളയില്‍ ഇന്ത്യ സ്വാതന്ത്ര്യത്തിന്റെ അമൃത് മഹോത്സവം ആഘോഷിക്കുകയാണ്, എന്നാല്‍ ഏഴു പതിറ്റാണ്ടുകള്‍ പിന്നിട്ടിട്ടും സ്വാതന്ത്ര്യസമരത്തിലെ യഥാര്‍ത്ഥ പോരാളികളായിരുന്നവര്‍ക്ക് നേരെ ചരിത്രം കണ്ണടച്ചത് ഈ നാടിന്റെ ദൗര്‍ഭാഗ്യമാണ്. അവര്‍ക്ക് അര്‍ഹമായ സ്ഥാനം ലഭിച്ചില്ല. ഞാന്‍ ഗുജറാത്തിലായിരുന്നപ്പോഴാണ് ഇക്കാര്യത്തില്‍ മുന്‍കൈ എടുത്തത്. കഷ്ടിച്ച് 20-22 വയസ്സുണ്ടായിരുന്നപ്പോഴാണ് നമ്മുടെ ഗോത്രവര്‍ഗ്ഗ യുവാവായ ഭഗവാന്‍ ബിര്‍സ മുണ്ട 1857ലെ സ്വാതന്ത്ര്യസമരകാലത്ത് ബ്രിട്ടീഷുകാര്‍ക്ക് ജീവിതം ദുസ്സഹമാക്കിയത്. ജനങ്ങള്‍ അദ്ദേഹത്തെ മറന്നു, എന്നാല്‍ ഞങ്ങള്‍ ജാര്‍ഖണ്ഡില്‍ ഭഗവാന്‍ ബിര്‍സ മുണ്ടയ്ക്ക് ഒരു മഹത്തായ മ്യൂസിയം നിര്‍മ്മിച്ചു.
ദാഹോദിന്റെ സഹോദരീസഹോദരന്മാരോട്, പ്രത്യേകിച്ച് വിദ്യാഭ്യാസ ലോകത്തെ ആളുകളോട് എനിക്ക് ഒരു അഭ്യര്‍ത്ഥനയുണ്ട്. ഓഗസ്റ്റ് 15, ജനുവരി 26, മെയ് 1 തീയതികള്‍ വിവിധ ജില്ലകളില്‍ ആഘോഷിക്കുന്നത് നിങ്ങള്‍ക്കറിയാമല്ലോ. ദഹോദിലെ ഗോത്രസമൂഹത്തിന്റെ ത്യാഗത്തെ അനുസ്മരിക്കുന്ന ഒരു ഉത്സവം ഒരിക്കല്‍ ദഹോദില്‍ ഉണ്ടായിരുന്നു. നമ്മുടെ ഗോത്ര സമൂഹം ദേവഗഡ് ബാരിയയില്‍ 22 ദിവസം യുദ്ധം ചെയ്യുകയും മംഗര്‍ഹിലെ പര്‍വതപ്രദേശത്ത് ബ്രിട്ടീഷുകാരെ വല്ലാതെ വിയര്‍ക്കുകയും ചെയ്തു. ഗോവിന്ദ് ഗുരുവിനെ നമുക്ക് മറക്കാന്‍ കഴിയില്ല. ് ഗോവിന്ദ് ഗുരുവിന്റെ ത്യാഗങ്ങളുടെ സ്മരണയ്ക്കായി മംഗഡില്‍ നമ്മുടെ ഗവണ്‍മെന്റ ഒരു സ്മാരകം നിര്‍മ്മിച്ചു.
ദേവ്ഗഢ് ബാരിയ, ലിംഖേഡ, ലിംബ്ഡി, ദാഹോദ്, സന്ത്രംപൂര്‍, ജലോദ് എന്നിങ്ങനെ 1857ലെ സ്വാതന്ത്ര്യസമരത്തില്‍ ബ്രിട്ടീഷുകാര്‍ക്കെതിരെ ഗോത്രസമൂഹം അസ്ത്രമെടുത്ത് യുദ്ധക്കളത്തിലേക്ക് ഇറങ്ങാത്ത ഒരു പ്രദേശവും ഉണ്ടായിരുന്നില്ല. അവയൊക്കെ ചരിത്രത്തിലുമുണ്ട്. അവരില്‍ പലരും തൂക്കിലേറ്റപ്പെട്ടു. ജാലിയന്‍ വാലാബാഗില്‍ നടന്നതിന് സമാനമായ കൂട്ടക്കൊലയാണ് ഈ ഗോത്രവര്‍ഗ്ഗ മേഖലയിലും ബ്രിട്ടീഷുകാര്‍ നടത്തിയത്. എന്നാല്‍ ചരിത്രം എല്ലാം മറന്നു. അതുകൊണ്ട് സ്‌കൂളുകളില്‍ നാടകങ്ങള്‍ സംഘടിപ്പിക്കാനും പാട്ടുകള്‍ എഴുതാനും ഗോവിന്ദ് ഗുരുവിന്റെ ത്യാഗങ്ങള്‍ ഉള്‍പ്പെടെയുള്ള സംഭവവികാസങ്ങള്‍ക്ക് ചൈതന്യം വരുത്താനും വിദ്യാര്‍ത്ഥികളെ പ്രേരിപ്പിക്കാനും സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷിക വേളയില്‍ ദഹോദിലെ സ്‌കൂളുകളോടും അദ്ധ്യാപകരോടും ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു. അങ്ങനെ ഭാവി തലമുറ അവരെ കുറിച്ച് അറിയുകയും അവരില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് പ്രവര്‍ത്തിക്കുകയും ചെയ്യണം.
സഹോദരീ സഹോദരന്മാരേ, നമ്മുടെ ഗോത്രവര്‍ഗ്ഗ പുത്രന്‍മാരും പെണ്‍മക്കളും ഡോക്ടര്‍മാരും നഴ്‌സുമാരും ആകണമെന്ന് ഞാന്‍ എപ്പോഴും സ്വപ്‌നം കണ്ടിരുന്നു. ഞാന്‍ ഗുജറാത്ത് മുഖ്യമന്ത്രിയായപ്പോള്‍, അംബാജി മുതല്‍ ഉമര്‍ഗാവ് വരെ ഈ മേഖലയില്‍ സ്‌കൂളുകള്‍ ഉണ്ടായിരുന്നുവെങ്കിലും സയന്‍സ് സ്‌കൂളുകളും കോളേജുകളും ഉണ്ടായിരുന്നില്ല. സയന്‍സ് സ്‌കൂളുകളുടെയും കോളേജുകളുടെയും അഭാവത്തില്‍ എന്റെ ഗോത്രവര്‍ഗ്ഗമക്കള്‍ എങ്ങനെ എഞ്ചിനീയറോ ഡോക്ടറോ ആകും? അതിനാല്‍, ഞാന്‍ സയന്‍സ് സ്‌കൂളുകളില്‍ തുടങ്ങി ഗോത്രവര്‍ഗ്ഗ മേഖലകളിലെ എല്ലാ താലൂക്കുകളിലും ഒരു സയന്‍സ് സ്‌കൂള്‍ നിര്‍മ്മിക്കാന്‍ തീരുമാനിച്ചു. ഇന്ന് ഗോത്രവര്‍ഗ്ഗ ജില്ലകളില്‍ മെഡിക്കല്‍ കോളേജുകളും ഡിപ്ലോമ എഞ്ചിനീയറിംഗ് കോളേജുകളും നഴ്‌സിംഗ് കോളേജുകളും പ്രവര്‍ത്തിക്കുന്നതും എന്റെ ഗോത്രവര്‍ഗ്ഗ മക്കള്‍ ഡോക്ടര്‍മാരാകാന്‍ തയ്യാറായകുന്നതിലും എനിക്ക് സന്തോഷമുണ്ട്. കേന്ദ്ര ഗവണ്‍മെന്റിന്റെ വിവിധ പദ്ധതികളിലൂടെ ഇവിടെ നിന്നുള്ള മക്കള്‍ വിദേശത്ത് പഠിക്കാന്‍ പോയിട്ടുണ്ട്. സഹോദരീ സഹോദരന്മാരേ, പുരോഗതിയുടെ ദിശ ഞങ്ങള്‍ കാട്ടിതരികയും, ആ പാതയിലൂടെ ഞങ്ങള്‍ നടക്കുകയുമാണ്. ഇന്ന് രാജ്യത്തുടനീളം 750 ഏകലവ്യ മോഡല്‍ സ്‌കൂളുകള്‍ സ്ഥാപിക്കാനാണ് ഞങ്ങളുടെ പ്രയത്‌നം, അതായത്, മിക്കവാറും എല്ലാ ജില്ലകളിലും ഒരു ഏകലവ്യ മോഡല്‍ സ്‌കൂളെങ്കിലും ഉണ്ടാക്കുക. നമ്മുടെ ഗോത്രവര്‍ഗ്ഗ വിഭാഗത്തിലെ കുട്ടികള്‍ക്ക് ഏകലവ്യ സ്‌കൂളുകളിലൂടെ ആധുനിക വിദ്യാഭ്യാസം ലഭിക്കുന്നുണ്ടെന്ന് ഞങ്ങള്‍ ഉറപ്പാക്കുന്നു.
സ്വാതന്ത്ര്യാന് ശേഷം 18 ട്രൈബല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടുകള്‍ (ഗോത്രവര്‍ഗ്ഗ ഗവേഷണ കേന്ദ്രങ്ങള്‍) മാത്ര േഉണ്ടായിരുന്നുള്ളൂ, ഏഴു പതിറ്റാണ്ടിനിടെ 18 എണ്ണം മാത്രം. എന്റെ ഗോത്രവര്‍ഗ്ഗ സഹോദരി സഹോദരങ്ങളേ, എന്നെ അനുഗ്രഹിക്കൂ, ഏഴ് വര്‍ഷത്തിനുള്ളില്‍ ഞാന്‍ ഒമ്പത് എണ്ണം കൂടി നിര്‍മ്മിച്ചു. എങ്ങനെയാണ് പുരോഗതി കൈവരിക്കുന്നത് എന്നതിന്റെ ഉദാഹരണമാണിത്. പുരോഗതിയെക്കുറിച്ച് ഞങ്ങള്‍ ആശങ്കാകുലരാണ്, അതുകൊണ്ടാണ് ഞാന്‍ മറ്റൊരു മുന്‍കൈ സ്വീകരിച്ചത്. ജനങ്ങള്‍ക്കിടയില്‍ ഞാന്‍ പോകുമ്പോള്‍ അവരുടെ ചെറിയ ചെറിയ പ്രശ്‌നങ്ങള്‍ മനസിലാക്കിയിരുന്നത് ഞാന്‍ ഓര്‍ക്കുന്നു. 108 (ഡയല്‍) (അടിയന്തര സേവനങ്ങള്‍ക്കുള്ള സൗജന്യ ടെലിഫോണ്‍ നമ്പര്‍) സൗകര്യം ഉണ്ടായിരുന്നു. ദാഹോദില്‍ വന്ന് ഞാന്‍ ചില സഹോദരിമാരെ കണ്ടപ്പോള്‍. ഞാന്‍ അവരുടെ വീടുകള്‍ സന്ദര്‍ശിക്കുകയും അവരോടൊപ്പം ഉച്ചഭക്ഷണം കഴിക്കുകയും ചെയ്യുമായിരുന്നു. 108 എന്ന നമ്പറില്‍ വിളിച്ച് പാമ്പ് കടിയേറ്റ ഒരാളെ അടിയന്തരമായി ആശുപത്രിയില്‍ എത്തിക്കാന്‍ കഴിയുമ്പോഴേക്കും ശരീരത്തില്‍ വിഷം പടര്‍ന്ന് മരിക്കുന്ന സ്ഥിതിയുണ്ടാകുമെന്ന് അവര്‍ എന്നോട് പറഞ്ഞു. ദക്ഷിണ ഗുജറാത്ത്, മദ്ധ്യ ഗുജറാത്ത്, വടക്കന്‍ ഗുജറാത്ത് എന്നിവിടങ്ങളില്‍ ഈ പാമ്പുകടി പ്രശ്‌നം നിലനിന്നിരുന്നു. അപ്പോള്‍ പാമ്പ് കടിയേറ്റവരെ രക്ഷിക്കാന്‍ അടിയന്തിര കുത്തിവയ്പ്പ് ഉറപ്പാക്കാന്‍ ഞാന്‍ തീരുമാനിച്ചു, ഇന്ന് ഈ സൗകര്യം 108 ല്‍ ലഭ്യമാണ്.
മൃഗസംരക്ഷണം ... ഇന്ന് പഞ്ച്മഹലിലെ ക്ഷീരസംഘം മുഴങ്ങുകയും സ്വന്തമായി ഒരു പേര് കൊത്തിയെടുക്കുകയും ചെയ്തിരിക്കുകയാണ്, അല്ലാത്തപക്ഷം, നേരത്തെ അതിനെക്കുറിച്ച് ആരും അറിഞ്ഞിരുന്നില്ല. വികസനത്തിന്റെ എല്ലാ മേഖലകളിലും ഗുജറാത്ത് മുന്നേറിയിട്ടുണ്ട്. മിക്കവാറും എല്ലാ ഗ്രാമങ്ങളിലും സഖി മണ്ഡലം പ്രവര്‍ത്തിക്കുന്നതിലും സഖി മണ്ഡലത്തിനെ സഹോദരിമാര്‍ തന്നെ നയിക്കുന്നതിലും എനിക്ക് സന്തോഷമുണ്ട്. നൂറുക്കണക്കിന് ആയിരിക്കണക്കിന് ഗോത്രവര്‍ഗ്ഗ കുടുംബങ്ങള്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കുന്നു. സാമ്പത്തിക പുരോഗതി, ആധുനിക കൃഷി, എല്ലാ വീട്ടിലും ടാപ്പ് വെള്ളം, വീടുകള്‍, വൈദ്യുതി, ശൗച്യാലയങ്ങള്‍, വിദ്യാര്‍ത്ഥികള്‍ക്കുള്ള സ്‌കൂളുകള്‍ എന്നിങ്ങനെയുള്ള സര്‍വതോന്മുഖമായ വികസനമാണ് ഞങ്ങള്‍ ഉറപ്പാക്കുന്നത്. ഇന്ന്, ഞാന്‍ ദഹോദ് ജില്ലയില്‍ അഭിസംബോധന ചെയ്യുമ്പോള്‍, ഉമര്‍ഗാം മുതല്‍ അംബാജി വരെയുള്ള എന്റെ എല്ലാ ഗോത്ര നേതാക്കളും വേദിയില്‍ ഇരിക്കുന്ന സാഹചര്യത്തില്‍, എനിക്ക് ഒരു ആഗ്രഹമുണ്ട്, ഈ ആഗ്രഹം നിങ്ങള്‍ക്ക് നിറവേറ്റാന്‍ കഴിയും. നിങ്ങള്‍ അത് നിറവേറ്റുമോ? നിങ്ങളുടെ കൈ ഉയര്‍ത്തി നിങ്ങള്‍ അത് ചെയ്യുമെന്ന് എനിക്ക് ഉറപ്പുനല്‍കുക. ഈ ക്യാമറ എല്ലാം റെക്കോര്‍ഡ് ചെയ്യുന്നുണ്ട്, ഞാന്‍ പിന്നീട് അത് പരിശോധിക്കും. നിങ്ങള്‍ എന്നെ ഒരിക്കലും നിരാശപ്പെടുത്തിയിട്ടില്ല. ഒരു ഗോത്രവര്‍ഗ്ഗ സഹോദരന്‍ പോലും എന്തെങ്കിലും ചെയ്യുമെന്ന് എന്നോട് പറഞ്ഞിട്ടുണ്ടെങ്കില്‍ അവന്‍ അത് ചെയ്യുമെന്നും എനിക്കറിയാം. നാം സ്വാതന്ത്ര്യത്തിന്റെ 75 വര്‍ഷം ആഘോഷിക്കുന്ന ഈ സമയത്ത്, ഓരോ ഗോത്രവര്‍ഗ്ഗ ജില്ലയിലും മഴവെള്ളം നിറയാന്‍ 75 കുളങ്ങള്‍ പണിയാന്‍ നമുക്ക് കഴിയില്ലേ? നിങ്ങള്‍ ഈ പ്രതിജ്ഞയെടുക്കുകയാണെങ്കില്‍, അംബാജി മുതല്‍ ഉമര്‍ഗം വരെയുള്ള മുഴുവന്‍ പ്രദേശങ്ങളും ജലത്താല്‍ സമൃദ്ധമാകും. സ്വാതന്ത്ര്യത്തിന്റെ ഈ അമൃത് മഹോത്സവത്തില്‍ നമുക്ക് ജലോത്സവങ്ങള്‍ സംഘടിപ്പിക്കാം, കുളങ്ങള്‍ ഉണ്ടാക്കാം. സ്വാതന്ത്ര്യത്തിന്റെ 75-ാം വര്‍ഷത്തിനും സ്വാതന്ത്ര്യത്തിന്റെ 100-ാം വര്‍ഷത്തിനും ഇടയിലുള്ള 25 വര്‍ഷത്തെ ഈ പുണ്യകാലം വളരെ പ്രധാനമാണ്.
ഇന്നത്തെ 18-20 വയസ്സ് പ്രായമുള്ള യുവാക്കള്‍ അന്ന് രാജ്യത്തെ നയിക്കുമ്പോള്‍ രാജ്യം അത്ര ഉയരത്തിലായിരിക്കണം. എന്റെ ഗോത്രവര്‍ഗക്കാരായ സഹോദരങ്ങളും ഗുജറാത്തും ഈ പ്രവര്‍ത്തനത്തില്‍ ഒട്ടും പിന്നിലാകില്ലെന്ന് എനിക്ക് പൂര്‍ണ വിശ്വാസമുണ്ട്. ഇത്രയധികം കൂട്ടമായി നിങ്ങള്‍ വന്ന് എന്നെ അനുഗ്രഹിക്കുകയും എനിക്ക് വളരെയധികം ബഹുമാനം നല്‍കുകയും ചെയ്തു. ഞാന്‍ നിങ്ങളില്‍ ഒരാളാണ്, നിങ്ങളുടെ ഇടയില്‍ നിന്ന് വളര്‍ന്നതാണ്. നിങ്ങളില്‍ നിന്ന് ഒരുപാട് കാര്യങ്ങള്‍ പഠിച്ചാണ് ഞാന്‍ ജീവിതത്തില്‍ മുന്നേറിയത്. ഞാന്‍ നിങ്ങളോട് കടപ്പെട്ടിരിക്കുന്നു, അതിനാല്‍, നിങ്ങളുടെ കടങ്ങള്‍ തിരിച്ചടയ്ക്കാനുള്ള ഒരു അവസരവും ഞാന്‍ ഒരിക്കലും നഷ്ടപ്പെടുത്തുന്നില്ല. ഒരിക്കല്‍ കൂടി, ഗോത്രവര്‍ഗ്ഗ സമൂഹത്തിലെ എല്ലാ സ്വാതന്ത്ര്യ സമര സേനാനികള്‍ക്കും ഞാന്‍ ആദരപൂര്‍വമായ ആദരാഞ്ജലികള്‍ അര്‍പ്പിക്കുകയും അവരെ വണങ്ങുകയും ചെയ്യുന്നു. ഭാവി തലമുറ രാജ്യത്തെ മുന്നോട്ട് കൊണ്ടുപോകട്ടെ എന്ന് ആഗ്രഹിക്കുന്നു.
എന്നോടൊപ്പം പറയൂക
ഭാരത് മാതാ കീ -- ജയ്
ഭാരത് മാതാ കീ -- ജയ്
ഭാരത് മാതാ കീ -- ജയ്
ഒത്തിരി നന്ദി!
-ND-
(Release ID: 1818829)
Visitor Counter : 168
Read this release in:
English
,
Urdu
,
Marathi
,
Hindi
,
Bengali
,
Assamese
,
Manipuri
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada