രാഷ്ട്രപതിയുടെ കാര്യാലയം
വളർന്നുവരുന്ന ഇന്ത്യ-നെതർലൻഡ് ഉഭയകക്ഷി ബന്ധത്തിന്റെ നെടുംതൂണാണ് അവിടുത്തെ ഇന്ത്യൻ സമൂഹം: രാഷ്ട്രപതി കോവിന്ദ്
Posted On:
07 APR 2022 11:25AM by PIB Thiruvananthpuram
ന്യൂ ഡൽഹി: ഏപ്രിൽ 7 , 2022
വളർന്നുവരുന്ന ഇന്ത്യ-നെതർലൻഡ് ഉഭയകക്ഷി ബന്ധത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട ഘടകമാണ് നെതർലാൻഡിലെ ഇന്ത്യൻ സമൂഹമെന്നും ഇന്ത്യയ്ക്കും നെതർലൻഡിനും മാത്രമല്ല, ഇന്ത്യയ്ക്കും യൂറോപ്പിനുമിടയിലും ഒരു പാലമായി ഈ സമൂഹം വർത്തിക്കുന്നതായും രാഷ്ട്രപതി ശ്രീ രാം നാഥ് കോവിന്ദ് പറഞ്ഞു. നെതർലൻഡ്‌സിലെ ഇന്ത്യൻ അംബാസഡർ ശ്രീമതി റീനത്ത് സന്ധു ഇന്നലെ വൈകുന്നേരം (ഏപ്രിൽ 6, 2022) ആംസ്റ്റർഡാമിൽ നൽകിയ സ്വീകരണത്തിൽ ഇന്ത്യൻ സമൂഹത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. 200,000-ത്തിലധികം ഹിന്ദുസ്ഥാനി-സുരിനാമി സമുദായ അംഗങ്ങളും 60,000-ലധികം ഇന്ത്യൻ പ്രൊഫഷണലുകളും വിദ്യാർത്ഥികളും ഉള്ള നെതർലാൻഡിലെ ഇന്ത്യൻ സമൂഹം യൂറോപ്പിലെ തന്നെ ഏറ്റവും വലുതാണെന്ന് അദ്ദേഹം പറഞ്ഞു
സംരംഭകർ, ഡോക്ടർമാർ, ബാങ്കിങ് വിദഗ്ധർ , സാങ്കേതിക വിദഗ്ധർ എന്നീ നിലകളിൽ ഇന്ത്യൻ പ്രൊഫഷണലുകൾ ഡച്ച് സമൂഹത്തിനും സമ്പദ്‌വ്യവസ്ഥയ്ക്കും ആഗോള സമൂഹത്തിനും വലിയ സംഭാവന നൽകുന്നുണ്ടെന്ന് രാഷ്ട്രപതി ചൂണ്ടിക്കാട്ടി. ഇന്ത്യയുടെ പരിവർത്തന യാത്രയിൽ ചേരാനും അവരുടെതായ ആശയങ്ങളും വ്യാപാര മാതൃകകളും നിക്ഷേപവും സംഭാവന ചെയ്യാനും രാഷ്ട്രപതി ഇന്ത്യൻ സമൂഹത്തിലെ അംഗങ്ങളോട് ആവശ്യപ്പെട്ടു.
കഴിഞ്ഞ ഏഴര പതിറ്റാണ്ടിനിടെ ഇന്ത്യയും നെതർലൻഡും തമ്മിലുള്ള ഉഭയകക്ഷി വ്യാപാരവും നിക്ഷേപവും ശ്രദ്ധേയമായ രീതിയിൽ വളർന്നതായി രാഷ്ട്രപതി പറഞ്ഞു. ഇപ്പോൾ ഇന്ത്യയിലെ മൂന്നാമത്തെ വലിയ നിക്ഷേപകരാണ് നെതർലൻഡ്‌സ്. അതുപോലെ, നെതർലൻഡിലെ ഏറ്റവും മികച്ച നിക്ഷേപകരിൽ ഒന്നായി ഇന്ത്യയും ഉയർന്നുവരുന്നു. ജല പരിപാലനത്തിലും ശാസ്ത്രീയ അറിവിലും നെതർലാൻഡ്‌സ് ഒരു മുൻനിര രാജ്യമാണ്. ഈ മേഖലയിൽ നിരവധി പദ്ധതികൾ നടപ്പിലാക്കുന്നതിന് ഇരുപക്ഷവും ഒരുമിച്ച് പ്രവർത്തിക്കുന്നു. കൃഷി, ആരോഗ്യം, തുറമുഖം, കപ്പൽ ഗതാഗതം, ശാസ്ത്ര സാങ്കേതിക വിദ്യ, ഉന്നത വിദ്യാഭ്യാസം, നഗര വികസനം എന്നീ മേഖലകളിൽ സഹകരിക്കാൻ പദ്ധതിയുണ്ട്
ഇന്ന് (ഏപ്രിൽ 7, 2022), തുർക്ക്മെനിസ്ഥാനിലെയും നെതർലാൻഡിലെയും ദ്വി രാഷ്ട്ര സന്ദർശനം പൂർത്തിയാക്കിയ ശേഷം രാഷ്ട്രപതി ന്യൂഡൽഹിയിലേക്ക് പുറപ്പെടും.
രാഷ്ട്രപതിയുടെ പ്രസംഗം കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക
IE/SKY
(Release ID: 1814459)
Visitor Counter : 158