പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

ദേശീയ താല്‍പ്പര്യമുള്ള വിഷയങ്ങളെക്കുറിച്ച് ചെറുപ്പകാലത്തുതന്നെ അവഗാഹം വളര്‍ത്തിയതില്‍ മതിപ്പുപ്രകടിപ്പിച്ച് ഡെറാഡൂണിലെ വിദ്യാര്‍ത്ഥി അനുരാഗ് റമോളയ്ക്കു പ്രധാനമന്ത്രി കത്തെഴുതി


''വരുംവര്‍ഷങ്ങളില്‍ കരുത്തുറ്റതും സമൃദ്ധവുമായ ഇന്ത്യ കെട്ടിപ്പടുക്കുന്നതില്‍ നമ്മുടെ യുവതലമുറയ്ക്കു നിര്‍ണായക സംഭാവനയേകാനാകും''

Posted On: 11 MAR 2022 2:08PM by PIB Thiruvananthpuram

രാജ്യത്തെ യുവജനങ്ങളുടെ, പ്രത്യേകിച്ചും വിദ്യാര്‍ഥികളുടെ, ആത്മവീര്യം വര്‍ധിപ്പിക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി പതിവായി അവരുമായി സംവദിക്കാറുണ്ട്. 'മന്‍ കി ബാത്', 'പരീക്ഷ പേ ചര്‍ച്ച' എന്നിവയ്ക്കു പുറമെ വ്യക്തിപരമായ സംഭാഷണങ്ങളിലൂടെയും വിവിധ മാധ്യമങ്ങളിലൂടെയും യുവാക്കളുടെ ആശങ്കകളും ജിജ്ഞാസയും മനസ്സിലാക്കി പ്രധാനമന്ത്രി മോദി എപ്പോഴും അവരെ പ്രോത്സാഹിപ്പിക്കാറുണ്ട്. ഇതിന്റെ ഭാഗമായി ഡെറാഡൂണിലെ പതിനൊന്നാം ക്ലാസ് വിദ്യാര്‍ത്ഥി അനുരാഗ് റാമോളയുടെ കത്തിനു മറുപടി നല്‍കി അദ്ദേഹത്തിന്റെ കലാപരമായ കഴിവിനെയും ആശയങ്ങളെയും പ്രധാനമന്ത്രി ഒരിക്കല്‍കൂടി അഭിനന്ദിച്ചു.

അനുരാഗിന്റെ ചിന്തകളില്‍ മതിപ്പുതോന്നിയ പ്രധാനമന്ത്രി കത്തില്‍ ഇങ്ങനെ കുറിച്ചു: ''നിങ്ങളുടെ ആശയപരമായ പക്വതയാണു  കത്തിലെ നിങ്ങളുടെ വാക്കുകളിലുമുള്ളത്. 'ഇന്ത്യയുടെ സ്വാതന്ത്ര്യത്തിന്റെ അമൃതമഹോത്സവം' എന്ന ചിത്രത്തിനായി തെരഞ്ഞെടുത്ത പ്രമേയത്തിലും പ്രതിഫലിക്കുന്നത് അതാണ്. കുട്ടിക്കാലം മുതല്‍ക്കുതന്നെ ദേശീയ താല്‍പ്പര്യമുള്ള വിഷയങ്ങളില്‍ അവഗാഹം വളര്‍ത്തിയെടുത്തതില്‍ എനിക്കു സന്തോഷമുണ്ട്. ഉത്തരവാദിത്വമുള്ള ഒരു പൗരനെന്ന നിലയില്‍ രാജ്യത്തിന്റെ വികസനത്തില്‍ നിങ്ങളുടെ പങ്കിനെക്കുറിച്ചു നിങ്ങള്‍ ബോധവാനാണ്.''

സ്വയംപര്യാപ്ത ഇന്ത്യ സൃഷ്ടിക്കുന്നതില്‍ രാജ്യത്തെ എല്ലാ പൗരന്മാരുടെയും സംഭാവനകളെ അഭിനന്ദിച്ചുകൊണ്ട് പ്രധാനമന്ത്രി തുടര്‍ന്നു: ''സ്വാതന്ത്ര്യത്തിന്റെ ഈ അമൃതകാലത്ത് രാജ്യം 'കൂട്ടായ പരിശ്രമം' എന്ന സന്ദേശവുമായി കരുത്തോടെ മുന്നേറുകയാണ്. വരുംവര്‍ഷങ്ങളില്‍ കരുത്തുറ്റതും സമൃദ്ധവുമായ ഇന്ത്യ കെട്ടിപ്പടുക്കുന്നതില്‍ നമ്മുടെ യുവതലമുറയ്ക്കു നിര്‍ണായക സംഭാവനയേകാനാകും.''

അനുരാഗിന് വിജയകരമായ ഒരു ഭാവി ആശംസിക്കവെ, അര്‍ഹിക്കുന്ന വിജയംനേടി സര്‍ഗാത്മകമായി അദ്ദേഹം ജീവിതത്തില്‍ മുന്നോട്ടുപോകുമെന്നും പ്രധാനമന്ത്രി മോദി പ്രത്യാശ പ്രകടിപ്പിച്ചു.

അനുരാഗിനെ പ്രോത്സാഹിപ്പിക്കുന്നതിനായി നരേന്ദ്ര മോദി ആപ്പിലും narendramodi.in എന്ന വെബ്സൈറ്റിലും ഈ ചിത്രം അപ്ലോഡ് ചെയ്തിട്ടുണ്ട്.

 

ദേശീയ താല്‍പ്പര്യവുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ തന്റെ കാഴ്ചപ്പാട് അറിയിച്ച് അനുരാഗ് നേരത്തെ പ്രധാനമന്ത്രിക്ക് കത്തെഴുതിയിരുന്നു. പ്രതികൂല സാഹചര്യങ്ങളിലും ക്ഷമ കൈവിടാതിരിക്കാനും കഠിനാധ്വാനത്തോടെയും ആത്മാര്‍ത്ഥതയോടെയും ലക്ഷ്യത്തിലേക്ക് മുന്നേറാനും എല്ലാവരേയും ഒപ്പം കൂട്ടാനും പ്രധാനമന്ത്രിയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടതായും അനുരാഗ് കത്തില്‍ കുറിച്ചിരുന്നു.

കുറിപ്പ്: കലയ്ക്കും സംസ്‌കാരത്തിനുമായി ദേശീയതലത്തില്‍ പ്രധാനമന്ത്രിയുടെ പേരില്‍ കുട്ടികള്‍ക്കു നല്‍കുന്ന പുരസ്‌കാരം 2021ല്‍ അനുരാഗ് റമോളയ്ക്ക് ലഭിച്ചിരുന്നു.

 

-ND-


(Release ID: 1805059) Visitor Counter : 207