പ്രധാനമന്ത്രിയുടെ ഓഫീസ്‌

പ്രധാനമന്ത്രി മാര്‍ച്ച് ആറിന് പൂനെ സന്ദര്‍ശിക്കുകയും പൂനെ മെട്രോ റെയില്‍ പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിക്കുകയും ചെയ്യും


പുനെയിലെ നഗര ചലനാത്മകതയ്ക്ക് ലോകോത്തര പശ്ചാത്തല സൗകര്യങ്ങള്‍ ലഭ്യമാക്കുന്നതിനുള്ള പദ്ധതി; 2016ല്‍ പ്രധാനമന്ത്രിയാണ് ഈ പദ്ധതിക്ക് തറക്കല്ലിട്ടത്

പൂനെ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ വളപ്പില്‍ ഛത്രപതി ശിവജി മഹാരാജിന്റെ പ്രതിമ പ്രധാനമന്ത്രി അനാച്ഛാദനം ചെയ്യും

പ്രധാനമന്ത്രി നിരവധി വികസന പദ്ധതികള്‍ക്ക് തറക്കല്ലിടും, ആര്‍ കെ ലക്ഷ്മണ്‍ ആര്‍ട്ട് ഗാലറി-മ്യൂസിയം ഉദ്ഘാടനം ചെയ്യും

സിംബിയോസിസ് സര്‍വകലാശാലയുടെ സുവര്‍ണ ജൂബിലി ആഘോഷങ്ങള്‍ക്കും പ്രധാനമന്ത്രി തുടക്കം കുറിയ്ക്കും.



Posted On: 05 MAR 2022 12:39PM by PIB Thiruvananthpuram

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 2022 മാര്‍ച്ച് 6 ന് പൂനെ സന്ദര്‍ശിക്കുകയും പൂനെ മെട്രോ റെയില്‍ പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിക്കുകയും ചെയ്യും. വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും അദ്ദേഹം നിര്‍വഹിക്കും.
പൂനെ മുനിസിപ്പല്‍ കോര്‍പ്പറേഷന്റെ പരിസരത്ത് ശ്രീ ഛത്രപതി ശിവജി മഹാരാജിന്റെ പ്രതിമ രാവിലെ ഏകദേശം 11 മണിക്ക് പ്രധാനമന്ത്രി അനാച്ഛാദനം ചെയ്യും. 1850 കിലോഗ്രാം വെങ്കലം (ഗണ്‍മെറ്റല്‍) ഉപയോഗിച്ചാണ് ഏകദേശം 9.5 അടി ഉയരമുള്ള ഈ പ്രതിമ നിര്‍മ്മിച്ചിരിക്കുന്നത്.
രാവിലെ ഏകദേശം 11.30ന് പ്രധാനമന്ത്രി പൂനെ മെട്രോ റെയില്‍ പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിക്കും. പൂനെയിലെ നഗര ചലനാത്മകതയ്ക്ക് ലോകോത്തര പശ്ചാത്തല സൗകര്യങ്ങള്‍ ഒരുക്കുന്നതിനുള്ള ശ്രമമാണ് ഈ പദ്ധതി. ഈ പദ്ധതിയുടെ ശിലാസ്ഥാപനവും 2016 ഡിസംബര്‍ 24-ന് പ്രധാനമന്ത്രി തന്നെയാണ് നിര്‍വഹിച്ചത്. മൊത്തം 32.2 കിലോമീറ്ററുള്ള പൂനെ മെട്രോ റെയില്‍ പദ്ധതിയുടെ 12 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ഭാഗമാണ് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യുന്നത്. 11,400 കോടിയിലധികം രൂപയാണ് പദ്ധതി പുര്‍ണ്ണ നിര്‍മ്മാണത്തിനായി ചെലവഴിക്കുന്നത്. ഗാര്‍വെയര്‍ മെട്രോ സ്‌റ്റേഷനിലെ പ്രദര്‍ശനത്തിന്റെ ഉദ്ഘാടനത്തിനും പരിശോധനയ്ക്കും ശേഷം അദ്ദേഹം അവിടെ നിന്ന് ആനന്ദ്‌നഗര്‍ മെട്രോ സ്‌റ്റേഷനിലേക്ക് മെട്രോ യാത്ര നടത്തും.
ഏകദേശം ഉച്ചയ്ക്ക് 12 മണിയോടെ പ്രധാനമന്ത്രി വിവിധ വികസന പദ്ധതികളുടെ തറക്കല്ലിടലും ഉദ്ഘാടനവും നിര്‍വഹിക്കും. മുള-മുത നദി പദ്ധതികളുടെ പുനരുജ്ജീവനത്തിന്റെയും മലിനീകരണ നിയന്ത്രണത്തിന്റെയും തറക്കല്ലിടലും അദ്ദേഹം നിര്‍വഹിക്കും. 1080 കോടിയിലധികം രൂപ ചെലവില്‍ നദിയുടെ 9 കിലോമീറ്റര്‍ ഭാഗത്താണ് പുനരുജ്ജീവനം നടത്തുന്നത്. നദീതീര സംരക്ഷണം, മലിനജല ശൃംഖല തടയല്‍, പൊതു സൗകര്യങ്ങള്‍, ബോട്ടിംഗ് പ്രവര്‍ത്തനം തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ ഇതില്‍ ഉള്‍പ്പെടും. ''ഒരു നഗരം ഒരു സംഘാടകര്‍'' എന്ന ആശയം നടപ്പിലാക്കുന്നതിനാണ് മുള-മുത നദിയില്‍ 1470 കോടിയിലധികം രൂപ ചെലവില്‍ മലിനീകരണ നിവാരണ പദ്ധതി നടപ്പിലാക്കുന്നത്. ഈ പദ്ധതിക്ക് കീഴില്‍ ഏകദേശം 400 എം.എല്‍.ഡി സംയോജിത ശേഷിയുള്ള മൊത്തം 11 മലിനജല ശുദ്ധീകരണ പ്ലാന്റുകള്‍ നിര്‍മ്മിക്കും. ബാനേറില്‍ നിര്‍മ്മിച്ച ഇ-ബസ് ഡിപ്പോയുടെയും 100 ഇ-ബസുകളുടെയും ഉദ്ഘാടനവും പ്രധാനമന്ത്രി നിര്‍വഹിക്കും.

പൂനെയിലെ ബലേവാഡിയില്‍ നിര്‍മ്മിച്ച ആര്‍.കെ ലക്ഷ്മണ്‍ ആര്‍ട്ട് ഗാലറി-മ്യൂസിയവും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും. മാല്‍ഗുഡി ഗ്രാമത്തെ അടിസ്ഥാനമാക്കിയുള്ള ഒരു ചെറിയ മാതൃകയാണ് മ്യൂസിയത്തിന്റെ പ്രധാന ആകര്‍ഷണം, ഓഡിയോ-വിഷ്വല്‍ ഇഫക്റ്റിലൂടെ അത് ജീവസുറ്റതുമാക്കും. കാര്‍ട്ടൂണിസ്റ്റ് ആര്‍ കെ ലക്ഷ്മണ്‍ വരച്ച കാര്‍ട്ടൂണുകളും മ്യൂസിയത്തില്‍ പ്രദര്‍ശിപ്പിക്കും. ഇതിനുശേഷം, ഉച്ചകഴിഞ്ഞ് ഏകദേശം 1:45ന് സിംബയോസിസ് യൂണിവേഴ്‌സിറ്റിയുടെ സുവര്‍ണ ജൂബിലി ആഘോഷത്തിന് പ്രധാനമന്ത്രി തുടക്കം കുറിയ്ക്കും.

-ND-



(Release ID: 1803149) Visitor Counter : 180