പ്രധാനമന്ത്രിയുടെ ഓഫീസ്‌

ലോകത്തിനായി ഇന്ത്യയില്‍ നിര്‍മിക്കൂ'എന്ന വിഷയത്തില്‍ ഡിപിഐഐടി സംഘടിപ്പിച്ച വെബിനാറിനെ  പ്രധാനമന്ത്രി അഭിസംബോധനചെയ്തു

''ബജറ്റില്‍ ആത്മനിര്‍ഭര്‍ ഭാരതിനും മെയ്ക്ക് ഇന്‍ ഇന്ത്യക്കുമായി നിരവധി സുപ്രധാനവ്യവസ്ഥകളുണ്ട്''

''യുവജനങ്ങളും കഴിവുറ്റവരും ഉള്‍പ്പെട്ട ജനസഞ്ചയത്തിന്റെ ജനസംഖ്യാപരമായ മെച്ചം, ജനാധിപത്യസംവിധാനം, പ്രകൃതിവിഭവങ്ങള്‍ തുടങ്ങിയ ഗുണപരമായ ഘടകങ്ങള്‍ നിശ്ചയദാര്‍ഢ്യത്തോടെ 'മേക്ക് ഇന്‍ ഇന്ത്യ'യിലേക്ക് നീങ്ങാന്‍ നമ്മെ പ്രചോദിപ്പിക്കണം''

''ദേശീയസുരക്ഷയുടെ വീക്ഷണകോണിലൂടെ നോക്കുകയാണെങ്കില്‍ ആത്മനിര്‍ഭരതയ്ക്കാണു കൂടുതല്‍ പ്രാധാന്യം''

''ഇന്ത്യയെ ഉല്‍പ്പാദനശക്തികേന്ദ്രമായാണു ലോകം കാണുന്നത്''

''നിങ്ങളുടെ സ്ഥാപനം നിര്‍മ്മിക്കുന്ന ഉല്‍പ്പന്നങ്ങളില്‍ അഭിമാനിക്കുക; നിങ്ങളുടെ ഇന്ത്യന്‍ ഉപഭോക്താക്കളിലും ഈ അഭിമാനബോധം വളര്‍ത്തുക''

''നിങ്ങള്‍ ആഗോളനിലവാരം പുലര്‍ത്തേണ്ടതുണ്ട്; മാത്രമല്ല, നിങ്ങള്‍ ആഗോളതലത്തില്‍ മത്സരാധിഷ്ഠിതവുമാകണം''

Posted On: 03 MAR 2022 1:38PM by PIB Thiruvananthpuram

കേന്ദ്രബജറ്റിന്റെ പശ്ചാത്തലത്തില്‍ വ്യാവസായിക-ആഭ്യന്തരവ്യാപാര പ്രോത്സാഹനവകുപ്പു സംഘടിപ്പിച്ച വെബിനാറിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് അഭിസംബോധനചെയ്തു. ബജറ്റിനുശേഷം നടക്കുന്ന വെബിനാര്‍പരമ്പരയിലെ എട്ടാമത്തെ വെബിനാറാണ് ഇത്. 'ലോകത്തിനായി ഇന്ത്യയില്‍ നിര്‍മിക്കൂ' എന്നതായിരുന്നു വെബിനാറിന്റെ വിഷയം.

ആത്മനിര്‍ഭര   ഭാരതത്തിനും മെയ്ക്ക് ഇന്‍ ഇന്ത്യക്കുമായി നിരവധി സുപ്രധാനവ്യവസ്ഥകള്‍ ബജറ്റിലുണ്ടെന്നു പ്രധാനമന്ത്രി പറഞ്ഞു. ഇന്ത്യപോലൊരു രാജ്യം കേവലം കമ്പോളമായി മാറുന്നത് അംഗീകരിക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു. 'മേക്ക് ഇന്‍ ഇന്ത്യ'യുടെ പ്രാധാന്യത്തെക്കുറിച്ചു പറയുന്നതിനായി മഹാമാരിക്കാലത്തെ വിതരണശൃംഖലാതടസങ്ങളെയും മറ്റ് അനിശ്ചിതത്വങ്ങളെയും അദ്ദേഹം ചൂണ്ടിക്കാട്ടി. അതേസമയം, യുവജനങ്ങളും കഴിവുറ്റവരും ഉള്‍പ്പെട്ട ജനസഞ്ചയത്തിന്റെ ജനസംഖ്യാപരമായ മെച്ചം, ജനാധിപത്യസംവിധാനം, പ്രകൃതിവിഭവങ്ങള്‍ തുടങ്ങിയ ഗുണപരമായ ഘടകങ്ങള്‍ നിശ്ചയദാര്‍ഢ്യത്തോടെ 'മേക്ക് ഇന്‍ ഇന്ത്യ'യിലേക്കു നീങ്ങാന്‍ നമ്മെ പ്രചോദിപ്പിക്കണമെന്നും പ്രധാനമന്ത്രി പറഞ്ഞു. ചുവപ്പുകോട്ടയുടെ കൊത്തളങ്ങള്‍ക്കായുള്ള 'സീറോ ഡിഫെക്റ്റ്-സീറോ ഇഫക്റ്റ്' നിര്‍മ്മാണത്തിനായുള്ള തന്റെ ആഹ്വാനത്തെക്കുറിച്ചും അദ്ദേഹം പരാമര്‍ശിച്ചു. ''ദേശീയ സുരക്ഷയുടെ വീക്ഷണകോണിലൂടെ നോക്കുകയാണെങ്കില്‍ ആത്മനിര്‍ഭരതയ്ക്കാണു കൂടുതല്‍ പ്രാധാന്യം''- അദ്ദേഹം പറഞ്ഞു.

ഇന്ത്യയെ ഉല്‍പ്പാദനശക്തികേന്ദ്രമായാണു ലോകം നോക്കിക്കാണുന്നതെന്നു പ്രധാനമന്ത്രി പറഞ്ഞു. ഇന്ത്യയുടെ ജിഡിപിയുടെ 15 ശതമാനമാണ് ഉല്‍പ്പാദനം. എന്നാല്‍ 'മേക്ക് ഇന്‍ ഇന്ത്യ'ക്കുമുന്നില്‍ അനന്തമായ സാധ്യതകളുണ്ടെന്നും ഇന്ത്യയില്‍ ശക്തമായ ഉല്‍പ്പാദന അടിത്തറ സൃഷ്ടിക്കാന്‍ മുഴുവന്‍ കരുത്തോടെയും പ്രവര്‍ത്തിക്കണമെന്നും അദ്ദേഹം പറഞ്ഞു.

സെമി കണ്ടക്ടറുകൾ , വൈദ്യുതവാഹനങ്ങള്‍ തുടങ്ങിയ മേഖലകളിലെ പുതിയ ആവശ്യങ്ങളെയും അവസരങ്ങളെയും പ്രധാനമന്ത്രി ഉദാഹരിച്ചു. ഇക്കാര്യങ്ങളില്‍ നിര്‍മാതാക്കള്‍ വിദേശസ്രോതസുകളെ ആശ്രയിക്കുന്നത് ഒഴിവാക്കണം. അതുപോലെ, ഉരുക്ക്, ചികിത്സാ ഉപകരണങ്ങള്‍ തുടങ്ങിയ മേഖലകള്‍ തദ്ദേശീയനിര്‍മാണത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.

കമ്പോളത്തിലെ ഒരുല്‍പ്പന്നത്തിന്റെയും ഇന്ത്യയില്‍ നിര്‍മിച്ച ഉല്‍പ്പന്നത്തിന്റെയും ലഭ്യതയിലുള്ള വ്യത്യാസത്തെക്കുറിച്ചു പ്രധാനമന്ത്രി ഊന്നിപ്പറഞ്ഞു. ഇന്ത്യയിലെ വിവിധ ആഘോഷങ്ങള്‍ക്കായുള്ള പല ഉല്‍പ്പന്നങ്ങളും പ്രാദേശികമായി വേഗത്തില്‍ ലഭിക്കുമെങ്കിലും വിദേശ ഉല്‍പ്പന്നങ്ങളെ ആശ്രയിക്കുന്നതിലുള്ള നിരാശ അദ്ദേഹം ആവര്‍ത്തിച്ചു. ദീപാവലിയില്‍ 'ചെരാതുകള്‍' വാങ്ങുന്നതിലുംമേലെയാണു 'പ്രാദേശികതയ്ക്കായുള്ള ശബ്ദം' എന്ന അഭിവാഞ്ഛയെന്നും പ്രധാനമന്ത്രി പറഞ്ഞു. വിപണനത്തിലും ബ്രാന്‍ഡിങ്ങിലും പ്രാദേശികത, ആത്മനിര്‍ഭര്‍ ഭാരത് എന്നിവയ്ക്ക് ഊന്നല്‍ നല്‍കാന്‍ സ്വകാര്യമേഖലയോട്  അദ്ദേഹം ആവശ്യപ്പെട്ടു. ''നിങ്ങളുടെ സ്ഥാപനം നിര്‍മ്മിക്കുന്ന ഉല്‍പ്പന്നങ്ങളില്‍ അഭിമാനിക്കുക. നിങ്ങളുടെ ഇന്ത്യന്‍ ഉപഭോക്താക്കളിലും ഈ അഭിമാനബോധം വളര്‍ത്തുക. ഇതിനായി പൊതുവായ ബ്രാന്‍ഡിങ്ങും പരിഗണിക്കാം.''- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പ്രാദേശിക ഉല്‍പ്പന്നങ്ങള്‍ക്കായി പുതിയ ലക്ഷ്യസ്ഥാനങ്ങള്‍ കണ്ടെത്തേണ്ടതിന്റെ ആവശ്യകത പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ഗവേഷണ-വികസനത്തിനായുള്ള ചെലവു കൂടുതല്‍ വകയിരുത്താനും അവരുടെ ഉല്‍പ്പന്നവിഭാഗം വൈവിധ്യവല്‍ക്കരിക്കാനും നവീകരിക്കാനും അദ്ദേഹം സ്വകാര്യമേഖലയെ ഉദ്‌ബോധിപ്പിച്ചു. ''ലോകത്ത് തിനയുടെ ആവശ്യം വര്‍ധിക്കുകയാണ്. ലോകവിപണികള്‍ പഠിക്കുന്നതിലൂടെ, പരമാവധി ഉല്‍പ്പാദനത്തിനും പാക്കേജിങ്ങിനുമായി നമ്മുടെ മില്ലുകള്‍ മുന്‍കൂട്ടി തയ്യാറാക്കണം'' - 2023 അന്താരാഷ്ട്ര തിനവര്‍ഷമായി പ്രഖ്യാപിക്കുന്നതിനെ പരാമര്‍ശിച്ചു പ്രധാനമന്ത്രി പറഞ്ഞു.

ഖനനം, കല്‍ക്കരി, പ്രതിരോധം തുടങ്ങിയ മേഖലകള്‍ തുറന്നിട്ടതിനാല്‍ പുതിയ സാധ്യതകള്‍ ഉയര്‍ന്നുവന്നതായി പ്രധാനമന്ത്രി പറഞ്ഞു. ബന്ധപ്പെട്ട പങ്കാളികളോടു പുതിയ നയം രൂപപ്പെടുത്താന്‍ പ്രധാനമന്ത്രി ആവശ്യപ്പെട്ടു. ''നിങ്ങള്‍ ആഗോളനിലവാരം പുലര്‍ത്തേണ്ടതുണ്ട്; മാത്രമല്ല, നിങ്ങള്‍ ആഗോളതലത്തില്‍ മത്സരാധിഷ്ഠിതവുമാകണം''- അദ്ദേഹം പറഞ്ഞു.

വായ്പാസൗകര്യത്തിലൂടെയും സാങ്കേതിക നവീകരണത്തിലൂടെയും എംഎസ്എംഇക്ക് ഈ ബജറ്റ് കാര്യമായ പ്രാധാന്യം നല്‍കിയിട്ടുണ്ട്. എംഎസ്എംഇകള്‍ക്കായി 6000 കോടി രൂപയുടെ 'റാംപ്' പദ്ധതിയും ഗവണ്‍മെന്റ് പ്രഖ്യാപിച്ചിട്ടുണ്ട്. കര്‍ഷകര്‍, വന്‍കിട വ്യവസായങ്ങള്‍, എംഎസ്എംഇകള്‍ എന്നിവയ്ക്കായി പുതിയ റെയില്‍വേ സേവന-വിതരണ ഉല്‍പ്പന്നങ്ങള്‍ വികസിപ്പിക്കുന്നതിലും ബജറ്റ് ശ്രദ്ധ കേന്ദ്രീകരിച്ചിട്ടുണ്ട്. തപാല്‍, റെയില്‍വേ ശൃംഖലകളുടെ സംയോജനം ചെറുകിട സംരംഭങ്ങളുടെയും വിദൂരപ്രദേശങ്ങളിലെയും സമ്പര്‍ക്കസൗകര്യപ്രതിസന്ധികള്‍ പരിഹരിക്കും. വടക്കുകിഴക്കന്‍ മേഖലയ്ക്കായി പ്രഖ്യാപിച്ച 'പിഎം ഡിവൈന്‍' മാതൃക ഉപയോഗിച്ചു പ്രാദേശിക ഉല്‍പ്പാദന ആവാസവ്യവസ്ഥയെ ശക്തിപ്പെടുത്താന്‍ കഴിയുമെന്ന് അദ്ദേഹം പറഞ്ഞു. അതുപോലെ, പ്രത്യേക സാമ്പത്തികമേഖലാനിയമത്തിലെ പരിഷ്‌കരണങ്ങള്‍ കയറ്റുമതിക്ക് ഉത്തേജനം പകരും.

പരിഷ്‌കരണങ്ങളുടെ സ്വാധീനത്തെക്കുറിച്ചും ശ്രീ മോദി വിശദീകരിച്ചു. വന്‍തോതിലുള്ള ഇലക്ട്രോണിക്‌സ് നിര്‍മ്മാണത്തിനായുള്ള ഉല്‍പ്പാദനബന്ധിത ആനുകൂല്യവുമായി ബന്ധപ്പെട്ട് 2021 ഡിസംബറില്‍ ഒരുലക്ഷംകോടി രൂപയുടെ ഉല്‍പ്പാദനം എന്ന ലക്ഷ്യം കൈവരിച്ചതായി അദ്ദേഹം പറഞ്ഞു. മറ്റു പല പിഎല്‍ഐ പദ്ധതികളും നടപ്പാക്കലിന്റെ സുപ്രധാനഘട്ടങ്ങളിലാണ്.

25,000 ചട്ടങ്ങള്‍ പാലിക്കല്‍ ഒഴിവാക്കിയതും ലൈസന്‍സുകള്‍ സ്വയംപുതുക്കുന്നതും, ചട്ടങ്ങള്‍ പാലിക്കല്‍ കടമ്പയുടെ ഭാരം ഗണ്യമായി കുറച്ചതിനെക്കുറിച്ചും പ്രധാനമന്ത്രി പരാമര്‍ശിച്ചു. അതുപോലെ, നിയന്ത്രണ ചട്ടക്കൂടില്‍ വേഗതയും സുതാര്യതയും കൊണ്ടുവരുന്നതാണു ഡിജിറ്റല്‍വല്‍ക്കരണം. ''ഒരു കമ്പനി സ്ഥാപിക്കുന്നതിന്, കോമണ്‍ സ്‌പൈസ് ഫോം മുതല്‍ ദേശീയ ഏകജാലക സംവിധാനം വരെ, ഇപ്പോള്‍ ഓരോ ഘട്ടത്തിലും നമ്മുടെ വികസനസൗഹൃദസമീപനം നിങ്ങള്‍ക്ക് അനുഭവപ്പെടും''- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ചില മേഖലകള്‍ തെരഞ്ഞെടുത്ത് അതിലെ വിദേശ ആശ്രിതത്വം ഇല്ലാതാക്കാന്‍ പ്രവര്‍ത്തിക്കണമെന്നു പ്രധാനമന്ത്രി ഉല്‍പ്പാദകരോട് ആഹ്വാനം ചെയ്തു. നയനിര്‍വഹണത്തില്‍ പങ്കാളികളുടെ വാക്കുകള്‍ കേള്‍ക്കുന്നതിനും, മെച്ചപ്പെട്ട ഫലങ്ങള്‍ക്കായി ബജറ്റ് വ്യവസ്ഥകള്‍ കൃത്യമായും സമയബന്ധിതമായും തടസരഹിതവുമായും നടപ്പാക്കാന്‍ സഹകരണസമീപനം വികസിപ്പിക്കുന്നതിനുമുള്ള അഭൂതപൂര്‍വമായ ഭരണനടപടികളാണ് ഇത്തരം വെബിനാറുകളെന്ന് അദ്ദേഹം ആവര്‍ത്തിച്ചു.

 

--ND --



(Release ID: 1802595) Visitor Counter : 257