പ്രധാനമന്ത്രിയുടെ ഓഫീസ്‌

ഗ്രാമീണ വികസനത്തില്‍ കേന്ദ്ര ബജറ്റിന്റെ ഗുണപരമായ സ്വാധീനത്തെക്കുറിച്ചുള്ള വെബിനാറില്‍ പ്രധാനമന്ത്രി ചെയ്ത പ്രസംഗം

Posted On: 23 FEB 2022 1:44PM by PIB Thiruvananthpuram

നമസ്‌കാരം.


 എന്റെ മന്ത്രിസഭയിലെ മുഴുവന്‍ സഹപ്രവര്‍ത്തകര്‍, സംസ്ഥാന ഗവണ്‍മെന്റുകളുടെ പ്രതിനിധികള്‍, സാമൂഹിക സ്ഥാപനങ്ങളില്‍ നിന്നുള്ള സഹപ്രവര്‍ത്തകര്‍, പ്രത്യേകിച്ച് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ വിദൂര പ്രദേശങ്ങളില്‍ നിന്നുള്ളവര്‍, മഹതികളെ മാന്യരേ,

 ബജറ്റ് അവതരണത്തിന് ശേഷം, ബജറ്റ് പ്രഖ്യാപനങ്ങള്‍ നടപ്പാക്കുന്നതിന് ഇന്ന് എല്ലാ പങ്കാളികളുമായുള്ള സംവാദം വളരെ പ്രധാനമാണ്.  എല്ലാവര്‍ക്കുമൊപ്പം, എല്ലാവരുടെയും വികസനത്തിന്, എല്ലാവരെയും വിശ്വാസത്തിലെടുത്ത്, എല്ലാവരുടെയും വിഷമങ്ങള്‍ക്കൊപ്പം എന്നിവയാണ് നമ്മുടെ ഗവണ്‍മെന്റിന്റെ നയങ്ങളുടെയും പ്രവര്‍ത്തനങ്ങളുടെയും അടിസ്ഥാന ശിലകള്‍. ഇന്നത്തെ പ്രമേയം, 'ഒരു പൗരനെയും പിന്നില്‍ ഉപേക്ഷിക്കരുത്' എന്നത് ഈ സൂത്രവാക്യത്തില്‍ നിന്നാ് ഉയിരെടുത്തതാണ്. 'സ്വാതന്ത്ര്യത്തിന്റെ അമൃതകാലം' എന്ന പേരില്‍ നാം കൈക്കൊണ്ട ദൃഢനിശ്ചയങ്ങള്‍ എല്ലാവരുടെയും പ്രയത്‌നത്തിലൂടെ മാത്രമേ യാഥാര്‍ഥ്യമാക്കാന്‍ കഴിയൂ. എല്ലാവരുടെയും വികസനം ഉണ്ടാകുമ്പോള്‍ മാത്രമേ എല്ലാവരുടെയും പ്രയത്‌നം സാധ്യമാകൂ, ഓരോ വ്യക്തിക്കും ഓരോ വര്‍ഗത്തിനും ഓരോ പ്രദേശത്തിനും വികസനത്തിന്റെ മുഴുവന്‍ ഗുണങ്ങളും ലഭിക്കുമ്പോള്‍. അതിനാല്‍, കഴിഞ്ഞ ഏഴ് വര്‍ഷമായി രാജ്യത്തെ ഓരോ പൗരന്റെയും ഓരോ പ്രദേശത്തിന്റെയും സാധ്യതകള്‍ വര്‍ധിപ്പിക്കാന്‍ ഞങ്ങള്‍ നിരന്തരമായ ശ്രമങ്ങള്‍ നടത്തിവരുന്നു. രാജ്യത്തെ ഗ്രാമീണരെയും ദരിദ്രരെയും അടിസ്ഥാന സൗകര്യങ്ങളായ ഉറപ്പുള്ള വീടുകള്‍, കക്കൂസ്, ഗ്യാസ്, വൈദ്യുതി, വെള്ളം, റോഡ് തുടങ്ങിയവയുമായി ബന്ധിപ്പിക്കുന്ന പദ്ധതികളുടെ ഉദ്ദേശം ഇതാണ്. ഈ പദ്ധതികളിലൂടെ രാജ്യം മികച്ച വിജയവും കണ്ടെത്തി. എന്നാല്‍ ഇപ്പോള്‍ ഈ സ്‌കീമുകളുടെ 100% ലക്ഷ്യങ്ങള്‍ കൈവരിക്കാനുള്ള സമയമാണ്.  ഇതിനായി പുതിയ തന്ത്രം സ്വീകരിക്കേണ്ടിവരും. സാങ്കേതിക വിദ്യ പൂര്‍ണമായി ഉപയോഗപ്പെടുത്തി നിരീക്ഷണത്തിനും ഉത്തരവാദിത്തത്തിനും പുതിയ സംവിധാനങ്ങള്‍ വികസിപ്പിക്കേണ്ടതുണ്ട്. നമ്മുടെ എല്ലാ ശക്തിയും സംയോജിപ്പിക്കണം.

 സുഹൃത്തുക്കളേ,


പൂര്‍ണത എന്ന ഈ വലിയ ലക്ഷ്യം കൈവരിക്കുന്നതിന് ഈ വര്‍ഷത്തെ ബജറ്റില്‍ ഗവണ്‍മെന്റ് വ്യക്തമായ മാര്‍ഗരേഖ തയ്യാറാക്കിയിട്ടുണ്ട്.  പ്രധാനമന്ത്രി ആവാസ് യോജന, ഗ്രാമീണ സഡക് യോജന, ജല ജീവന്‍ ദൗത്യം വടക്കു കിഴക്കന്‍ മേഖലയിലെ കണക്റ്റിവിറ്റി, ഗ്രാമങ്ങളുടെ ബ്രോഡ്ബാന്‍ഡ് കണക്റ്റിവിറ്റി തുടങ്ങി എല്ലാ പദ്ധതികള്‍ക്കും ബജറ്റില്‍ ആവശ്യമായ തുക വകയിരുത്തിയിട്ടുണ്ട്. ഗ്രാമീണ മേഖലകളിലും വടക്ക് കിഴക്കന്‍ അതിര്‍ത്തി പ്രദേശങ്ങളിലും വികസനാഭിലാഷ ജില്ലകളിലും സൗകര്യങ്ങള്‍ പൂര്‍ത്തിയാാക്കുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമാണിത്.  ബജറ്റില്‍ പ്രഖ്യാപിച്ച കര്‍മോല്‍സുക ഗ്രാമ പരിപാടി നമ്മുടെ അതിര്‍ത്തി ഗ്രാമങ്ങളുടെ വികസനത്തിന് വളരെ പ്രധാനമാണ്. വടക്കു കിഴക്കന്‍ മേഖലയ്ക്കായുള്ള പ്രധാനമന്ത്രിയുടെ വികസന സംരംഭം അതായത് പിഎം-ഡിവൈന്‍ വടക്കുകിഴക്കന്‍ മേഖലയിലെ വികസന പദ്ധതികളുടെ 100% പ്രയോജനം സമയപരിധിക്കുള്ളില്‍ ഉറപ്പാക്കുന്നതില്‍ വളരെയധികം മുന്നോട്ട് പോകും.

 സുഹൃത്തുക്കളേ,

 ഗ്രാമങ്ങളുടെ വികസനത്തിന് സ്വത്തിന്റെ കൃത്യമായ അതിര്‍ത്തി നിര്‍ണയം വളരെ അത്യാവശ്യമാണ്.  സ്വാമിത്വ യോജന വളരെ സഹായകരമാണെന്ന് തെളിയിക്കുന്നു.  ഈ പദ്ധതിക്ക് കീഴില്‍ ഇതുവരെ 40 ലക്ഷത്തിലധികം ഭൂവുടമസ്ഥതാ കാര്‍ഡുകള്‍ വിതരണം ചെയ്തു.  ഭൂരേഖകള്‍ രജിസ്ട്രേഷനുള്ള ദേശീയ സംവിധാനവും ഭൂമി തിരിച്ചറിയുന്നതിനുള്ള തനതായ പിന്‍ നമ്പറും വലിയ നേട്ടമായിരിക്കും. സാധാരണ ഗ്രാമീണര്‍ക്ക് റവന്യൂ വകുപ്പിനെ കുറഞ്ഞ തോതില്‍ മാത്രമേയ ആശ്രയിക്കേണ്ടി വരൂ എന്ന് ഉറപ്പാക്കണം.  ഭൂരേഖകളുടെ ഡിജിറ്റല്‍വല്‍കരണവും അതിര്‍ത്തി നിര്‍ണയവുമായി ബന്ധപ്പെട്ട പരിഹാരങ്ങള്‍ ആധുനിക സാങ്കേതികവിദ്യയുമായി സംയോജിപ്പിക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ്. എല്ലാ സംസ്ഥാന ഗവണ്‍മെന്റുകളും സമയപരിധിക്കുള്ളില്‍ പ്രവര്‍ത്തിച്ചാല്‍ ഗ്രാമങ്ങളുടെ വികസനം വളരെയധികം കുതിച്ചുയരുമെന്ന് ഞാന്‍ വിശ്വസിക്കുന്നു.  ഗ്രാമങ്ങളിലെ അടിസ്ഥാന സൗകര്യ പദ്ധതികളുടെ വേഗത വര്‍ദ്ധിപ്പിക്കുകയും ഗ്രാമങ്ങളിലെ വ്യാവസായിക പ്രവര്‍ത്തനങ്ങള്‍ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന പരിഷ്‌കാരങ്ങളാണിത്. വ്യത്യസ്ത സ്‌കീമുകളില്‍ 100% ലക്ഷ്യം നേടുന്നതിന്, പ്രോജക്റ്റുകള്‍ വേഗത്തില്‍ പൂര്‍ത്തീകരിക്കുന്നതിനും ഗുണനിലവാരത്തില്‍ വിട്ടുവീഴ്ച ചെയ്യാതിരിക്കുന്നതിനും ഞങ്ങള്‍ പുതിയ സാങ്കേതികവിദ്യയില്‍ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതുണ്ട്.

 സുഹൃത്തുക്കളേ,

 ഈ വര്‍ഷത്തെ ബജറ്റില്‍ പ്രധാനമന്ത്രി ആവാസ് യോജനയ്ക്കായി 48,000 കോടി രൂപ വകയിരുത്തിയിട്ടുണ്ട്. ഈ വര്‍ഷം 80 ലക്ഷം വീടുകള്‍ നിര്‍മിക്കുക എന്ന ലക്ഷ്യം നിശ്ചിത സമയത്തിനുള്ളില്‍ പൂര്‍ത്തീകരിക്കാന്‍ നമുക്ക് വേഗത കൂട്ടേണ്ടിവരും. രാജ്യത്തെ ആറ് നഗരങ്ങളില്‍ കുറഞ്ഞ വിലയില്‍ ഭവനങ്ങള്‍ക്കായി പുതിയ സാങ്കേതികവിദ്യ ഉപയോഗിച്ച് ഇന്ന് ആറ് ലൈറ്റ് ഹൗസ് പദ്ധതികള്‍ നടക്കുന്നുണ്ടെന്ന് നിങ്ങള്‍ക്കറിയാം. ഗ്രാമങ്ങളിലെ വീടുകള്‍ക്കും നമ്മുടെ പരിസ്ഥിതി ലോല മേഖലകളില്‍ നടക്കുന്ന നിര്‍മ്മാണ പദ്ധതികള്‍ക്കും ഇത്തരത്തിലുള്ള സാങ്കേതികവിദ്യ എങ്ങനെ ഉപയോഗിക്കാം എന്നതിനെക്കുറിച്ചുള്ള പരിഹാരങ്ങള്‍ക്ക് അര്‍ത്ഥവത്തായതും ഗൗരവമേറിയതുമായ ചര്‍ച്ച ആവശ്യമാണ്. ഗ്രാമങ്ങള്‍, മലയോര മേഖലകള്‍, വടക്കുകിഴക്കന്‍ മേഖലകള്‍ എന്നിവിടങ്ങളിലെ റോഡുകളുടെ പരിപാലനവും വലിയ വെല്ലുവിളിയാണ്. പ്രാദേശിക, ഭൂമിശാസ്ത്രപരമായ സാഹചര്യങ്ങള്‍ക്കനുസരിച്ച് ദീര്‍ഘകാലം നിലനില്‍ക്കാന്‍ കഴിയുന്ന അത്തരം വസ്തുക്കള്‍ തിരിച്ചറിയുന്നതും വളരെ പ്രധാനമാണ്.

 സുഹൃത്തുക്കളേ,

 ജലജീവന്‍ ദൗത്യത്തിനു കീഴില്‍ ഏകദേശം നാല് കോടി പൈപ്പ് വെള്ള കണക്ഷനുകള്‍ നല്‍കാനാണ് ഞങ്ങള്‍ ലക്ഷ്യമിടുന്നത്. ഈ ലക്ഷ്യം നേടുന്നതിന് നിങ്ങള്‍ കൂടുതല്‍ കഠിനാധ്വാനം ചെയ്യേണ്ടിവരും. സ്ഥാപിക്കുന്ന പൈപ്പ് ലൈനുകള്‍ വഴിയുള്ള വെള്ളത്തിന്റെ ഗുണനിലവാരത്തില്‍ വളരെയധികം ശ്രദ്ധ ചെലുത്താന്‍ എല്ലാ സംസ്ഥാന ഗവണ്‍മെന്റുകളോടും ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു. ഗ്രാമതലത്തില്‍ ജനങ്ങള്‍ക്ക് ഉടമസ്ഥാവകാശ ബോധം ഉണ്ടായിരിക്കുകയും ജലഭരണം ശക്തിപ്പെടുത്തുകയും വേണം എന്നതും ഈ പദ്ധതിയുടെ ലക്ഷ്യങ്ങളിലൊന്നാണ്. ഈ കാര്യങ്ങളെല്ലാം മനസ്സില്‍ വെച്ചുകൊണ്ട് 2024 ഓടെ എല്ലാ വീട്ടിലും പൈപ്പ് വെള്ളം നല്‍കണം.

 സുഹൃത്തുക്കളേ,

 ഗ്രാമങ്ങളുടെ ഡിജിറ്റല്‍ കണക്റ്റിവിറ്റി ഇനി ഒരു അഭിലാഷമല്ല, ഇന്നത്തെ ആവശ്യമാണ്.  ബ്രോഡ്ബാന്‍ഡ് കണക്റ്റിവിറ്റി ഗ്രാമങ്ങളില്‍ സൗകര്യങ്ങള്‍ പ്രദാനം ചെയ്യുക മാത്രമല്ല, ഗ്രാമങ്ങളില്‍ വൈദഗ്ധ്യമുള്ള യുവാക്കളുടെ വലിയൊരു കൂട്ടത്തെ സൃഷ്ടിക്കാനും സഹായിക്കും.  ഗ്രാമങ്ങളിലെ ബ്രോഡ്ബാന്‍ഡ് കണക്ടിവിറ്റി വഴി സേവനമേഖല വിപുലീകരിക്കുന്നതോടെ രാജ്യത്തിന്റെ സാധ്യതകള്‍ ഇനിയും വര്‍ധിക്കും. ഒപ്റ്റിക്കല്‍ ഫൈബര്‍ കണക്റ്റിവിറ്റിയുമായി ബന്ധപ്പെട്ട് എന്തെങ്കിലും പ്രശ്നങ്ങള്‍ ഉണ്ടെങ്കില്‍ കണ്ടെത്തുകയും പരിഹാരമുണ്ടാക്കുകയും വേണം. പ്രവൃത്തി പൂര്‍ത്തിയായ ഗ്രാമങ്ങളില്‍ ഗുണനിലവാരത്തെക്കുറിച്ചും അതിന്റെ ശരിയായ ഉപയോഗത്തെക്കുറിച്ചും അവബോധം പ്രചരിപ്പിക്കുന്നതും ഒരുപോലെ പ്രധാനമാണ്.  100 ശതമാനം പോസ്റ്റ് ഓഫീസുകളും കോര്‍ ബാങ്കിംഗ് സംവിധാനത്തിലേക്ക് കൊണ്ടുവരാനുള്ള തീരുമാനവും ഒരു പ്രധാന ചുവടുവെപ്പാണ്.  സാച്ചുറേഷനിലെത്താന്‍ ജന്‍ധന്‍ യോജനയിലൂടെ ഞങ്ങള്‍ ആരംഭിച്ച സാമ്പത്തിക ഉള്‍പ്പെടുത്തല്‍ പ്രചാരണത്തിന് ഈ നടപടി ഊര്‍ജം നല്‍കും.

 സുഹൃത്തുക്കളേ,

 ഗ്രാമീണ സമ്പദ്വ്യവസ്ഥയുടെ പ്രധാന ഉറവിടം നമ്മുടെ അമ്മമമാരുടെ ശക്തിയാണ്, നമ്മുടെ സ്ത്രീശക്തിയാണ്. സാമ്പത്തിക ഉള്‍പ്പെടുത്തല്‍ കുടുംബങ്ങളിലെ സാമ്പത്തിക തീരുമാനങ്ങളില്‍ സ്ത്രീകളുടെ കൂടുതല്‍ പങ്കാളിത്തം ഉറപ്പാക്കിയിട്ടുണ്ട്.  സ്വയം സഹായ സംഘങ്ങള്‍ വഴിയുള്ള സ്ത്രീകളുടെ പങ്കാളിത്തം കൂടുതല്‍ വിപുലപ്പെടുത്തേണ്ടതുണ്ട്.  ഗ്രാമീണ മേഖലകളില്‍ കൂടുതല്‍ കൂടുതല്‍ സ്റ്റാര്‍ട്ടപ്പുകള്‍ നേടുന്നതിനുള്ള നിങ്ങളുടെ ശ്രമങ്ങളും നിങ്ങള്‍ ശക്തമാക്കേണ്ടതുണ്ട്.

 സുഹൃത്തുക്കളേ,

 ഈ ബജറ്റില്‍ പ്രഖ്യാപിച്ച എല്ലാ പരിപാടികളും സമയപരിധിക്കുള്ളില്‍ എങ്ങനെ പൂര്‍ത്തിയാക്കാമെന്നും എല്ലാ മന്ത്രാലയങ്ങളുടെയും എല്ലാ പങ്കാളികളുടെയും ഒത്തുചേരല്‍ എങ്ങനെ ഉറപ്പാക്കാമെന്നും വിശദമായ ചര്‍ച്ച ഈ വെബിനാറില്‍ പ്രതീക്ഷിക്കുന്നു.  'ഒരു പൗരനെയും പിന്നില്‍ ഉപേക്ഷിക്കരുത്' എന്ന ലക്ഷ്യം ഇത്തരം ശ്രമങ്ങളിലൂടെ സാക്ഷാത്കരിക്കപ്പെടുമെന്ന് എനിക്ക് ഉറപ്പുണ്ട്.

 ഈ ഉച്ചകോടിയില്‍ ഗവണ്‍മെന്റിനെ പ്രതിനിധീകരിച്ച് കൂടുതല്‍ സംസാരിക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നില്ല. നിങ്ങളില്‍ നിന്ന് കേള്‍ക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു, നിങ്ങളുടെ അനുഭവങ്ങള്‍ അറിയാന്‍ ആഗ്രഹിക്കുന്നു.  ഭരണത്തിന്റെ വീക്ഷണകോണില്‍ നിന്ന് ആദ്യം എങ്ങനെ നമ്മുടെ ഗ്രാമങ്ങളുടെ ശേഷി വര്‍ദ്ധിപ്പിക്കാം?  രണ്ടോ നാലോ മണിക്കൂര്‍ ചെലവഴിച്ച് ഗ്രാമങ്ങളുടെ വികസനത്തില്‍ എന്തെങ്കിലും പങ്കുവഹിക്കുന്ന ഗവണ്‍മെന്റ് ഏജന്‍സികള്‍ ഗ്രാമതലത്തില്‍ എന്തെങ്കിലും ചര്‍ച്ച നടത്തിയിട്ടുണ്ടോ എന്ന് നിങ്ങള്‍ ചിന്തിക്കുക.  ദീര്‍ഘകാലം ഒരു സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയായിരുന്ന എനിക്ക് ഇത് ഞങ്ങളുടെ ശീലമല്ലെന്ന് തോന്നുന്നു. ഒരു ദിവസം കൃഷി വകുപ്പില്‍ നിന്ന് ആരെങ്കിലും പോകും, രണ്ടാം ദിവസം ജലസേചന വകുപ്പില്‍ നിന്ന് ഒരാളും, മൂന്നാം ദിവസം ആരോഗ്യ വകുപ്പില്‍ നിന്നുള്ള ആളും, നാലാം ദിവസം വിദ്യാഭ്യാസ വകുപ്പില്‍ നിന്നുള്ള ആളും പോകും. ആര്‍ക്കും പരസ്പരം ഒരു ധാരണയുമില്ല.  ബന്ധപ്പെട്ട എല്ലാ ഏജന്‍സികളും ഗ്രാമങ്ങളിലെ ജനങ്ങളുമായും ഗ്രാമങ്ങളിലെ തിരഞ്ഞെടുക്കപ്പെട്ട ബോഡികളുമായും ഒരുമിച്ച് ഇരിക്കുന്ന ഒരു ദിവസം മാറ്റിവെക്കാനാവില്ലേ?  ഇന്ന്, നമ്മുടെ ഗ്രാമങ്ങള്‍ക്ക് പണം ഒരു പ്രശ്നമല്ല, നമ്മുടെ പരിമിതികള്‍ ഇല്ലാതാക്കുന്നതിനും ഒത്തുചേരുന്നതിനും അത് പ്രയോജനപ്പെടുത്തുന്നതിനും.

 ദേശീയ വിദ്യാഭ്യാസ നയവും ഗ്രാമവികസനവുമായി എന്ത് ബന്ധമുണ്ടെന്ന് ഇപ്പോള്‍ നിങ്ങള്‍ ചോദ്യം ചെയ്യും.  ദേശീയ വിദ്യാഭ്യാസ നയത്തില്‍ ഒരു വിഷയമുണ്ട്, നിങ്ങള്‍ കുട്ടികള്‍ക്ക് പ്രാദേശിക കഴിവുകള്‍ പരിചയപ്പെടുത്തണം. നിങ്ങള്‍ പ്രാദേശിക മേഖലകളില്‍ ഒരു ടൂര്‍ നടത്തുക. നമ്മള്‍ വിഭാവനം ചെയ്ത ഊര്‍ജ്ജസ്വലമായ അതിര്‍ത്തി ഗ്രാമങ്ങളുടെ ആ ബ്ലോക്കിലെ സ്‌കൂളുകള്‍ തിരിച്ചറിഞ്ഞ് അവസാനത്തെ ഗ്രാമവും സന്ദര്‍ശിച്ച് എട്ട്, ഒമ്പത്, പത്ത് ക്ലാസുകളിലെ വിദ്യാര്‍ത്ഥികളുമായി രണ്ട് ദിവസം അവിടെ താമസിക്കാന്‍ നമുക്ക് കഴിയുന്നില്ലേ? ഗ്രാമങ്ങള്‍ സന്ദര്‍ശിച്ച് മരങ്ങളും ചെടികളും ആ മനുഷ്യരുടെ ജീവിതവും വീക്ഷിച്ചുകൊണ്ട് പ്രസരിപ്പ് പ്രസരിക്കാന്‍ തുടങ്ങും.

താലൂക്ക് തലത്തിലുള്ള ഒരു കുട്ടിക്ക് 40-50-100 കിലോമീറ്റര്‍ സഞ്ചരിച്ച് അവസാന അതിര്‍ത്തി ഗ്രാമത്തിലേക്ക് പോകാം. വിദ്യാഭ്യാസ പരിപാടിയുടെ ഭാഗമായി അതിര്‍ത്തി കാണാനാകും, പക്ഷേ അത് നമ്മുടെ ഊര്‍ജ്ജസ്വലമായ അതിര്‍ത്തി ഗ്രാമങ്ങള്‍ക്ക് ഉപയോഗപ്രദമാകും. അത്തരം സംവിധാനങ്ങള്‍ നമുക്ക് വികസിപ്പിക്കാന്‍ കഴിയുമോ?

 അതിര്‍ത്തി ഗ്രാമങ്ങളില്‍ തഹസില്‍ദാര്‍ തലത്തില്‍ എത്ര മത്സരങ്ങള്‍ ആസൂത്രണം ചെയ്യാം; അതിലൂടെ ഉന്മേഷം ഉണ്ടാകും.  അതുപോലെ, ഗവണ്‍മെന്റ് ജീവനക്കാരും വിരമിച്ചവരും ഗ്രാമങ്ങളിലും സമീപ പ്രദേശങ്ങളിലും സ്ഥിരതാമസമാക്കിയവരും അടങ്ങുന്ന ഒരു ഗ്രാമത്തില്‍ വാര്‍ഷിക ഒത്തുചേരല്‍ ആസൂത്രണം ചെയ്യുകയും ഗവണ്‍മെന്റിന്റെ പെന്‍ഷനോ ശമ്പളമോ ചര്‍ച്ച ചെയ്യുകയും ചെയ്യാം.  'ഇത് എന്റെ ഗ്രാമമാണ്. ഞാന്‍ ജോലിക്കായി ഒരു നഗരത്തില്‍ പോയിരിക്കുകയാണെങ്കിലും, നമുക്ക് ഒരുമിച്ചിരുന്ന് ഗ്രാമത്തിനായി എന്തെങ്കിലും പ്ലാന്‍ ചെയ്യാം.  ഞങ്ങള്‍ ഗവണ്‍മെന്റിലുണ്ട്, ഗവണ്‍മെന്റിനെ അറിയുന്നു, ഗ്രാമത്തിനു വേണ്ടി എന്തെങ്കിലും ആസൂത്രണം ചെയ്യുന്നു.' ഇതാണ് പുതിയ തന്ത്രം.  ഒരു ഗ്രാമത്തിന്റെ ജന്മദിനാഘോഷം തീരുമാനിക്കുന്നതിനെക്കുറിച്ച് നമ്മള്‍ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ?  10-15 ദിവസത്തെ ഉത്സവം നടത്തി ഗ്രാമങ്ങളുടെ ആവശ്യങ്ങള്‍ നിറവേറ്റാന്‍ ഗ്രാമങ്ങളിലെ ജനങ്ങള്‍ മുന്നിട്ടിറങ്ങിയാല്‍, ഗ്രാമങ്ങളുമായുള്ള ഈ കൂട്ടുകെട്ട് ഗ്രാമങ്ങളെ ബജറ്റിനോടൊപ്പം സമ്പന്നമാക്കും.  എല്ലാവരുടെയും പ്രയത്നത്താല്‍ അത് അതിലും കൂടുതലായിരിക്കും.

 ഉദാഹരണത്തിന്, നമുക്ക് കൃഷി വിജ്ഞാന കേന്ദ്രങ്ങളുണ്ട്. ഒരു പുതിയ തന്ത്രത്തിന്റെ ഭാഗമായി 200 കര്‍ഷകര്‍ ഉള്‍പ്പെടുന്ന ഒരു ഗ്രാമത്തിലെ 50 കര്‍ഷകരെ പ്രകൃതി കൃഷിയിലേക്ക് പരിചയപ്പെടുത്താന്‍ നമുക്ക് തീരുമാനിക്കാമോ?  ഗ്രാമീണ പശ്ചാത്തലത്തില്‍ നിന്നുള്ള കുട്ടികളില്‍ ഭൂരിഭാഗവും കാര്‍ഷിക സര്‍വകലാശാലകളില്‍ പഠിക്കാന്‍ വരുന്നു.  നമ്മള്‍ എപ്പോഴെങ്കിലും ഈ സര്‍വ്വകലാശാലകള്‍ സന്ദര്‍ശിച്ച് ഗ്രാമീണ വികസനത്തിന്റെ മുഴുവന്‍ ചിത്രവും കുട്ടികളുമായി പങ്കുവെച്ചിട്ടുണ്ടോ?  കുറച്ച് വിദ്യാഭ്യാസമുള്ളവര്‍ക്കും അവധിക്കാലത്ത് ഗ്രാമങ്ങളില്‍ പോകുന്നവര്‍ക്കും സര്‍ക്കാര്‍ പദ്ധതികള്‍ ജനങ്ങളുമായി പങ്കുവെക്കാന്‍ കഴിയുമോ?  നമുക്ക് എന്തെങ്കിലും തന്ത്രം ആസൂത്രണം ചെയ്യാന്‍ കഴിയുമോ?  ഇന്ത്യയിലെ ഒട്ടുമിക്ക സംസ്ഥാനങ്ങളിലെയും ഉല്‍പ്പാദനത്തേക്കാള്‍ ഫലത്തിന് ഊന്നല്‍ നല്‍കേണ്ടതുണ്ടെന്ന് നാം മനസ്സിലാക്കണം.  ഇന്ന് ധാരാളം പണം ഗ്രാമങ്ങളിലേക്ക് പോകുന്നു.  ആ പണം കൃത്യമായി വിനിയോഗിച്ചാല്‍ ഗ്രാമങ്ങളുടെ സ്ഥിതി മാറ്റാം.

 ഗ്രാമങ്ങളില്‍ നമുക്ക് ഒരു തരം വില്ലേജ് സെക്രട്ടേറിയറ്റ് ഉണ്ടാക്കാം. വില്ലേജ് സെക്രട്ടേറിയറ്റ് എന്നാല്‍ കെട്ടിടമോ ചേമ്പറോ ആയിരിക്കണമെന്നില്ല. നമുക്ക് ഒരുമിച്ചിരുന്ന് വിദ്യാഭ്യാസത്തെക്കുറിച്ച് എന്തെങ്കിലും ആസൂത്രണം ചെയ്യാന്‍ കഴിയുന്ന ഏത് സ്ഥലവുമാകാം.  അതുപോലെ, ഇന്ത്യാ ഗവണ്‍മെന്റ് അഭിലാഷ ജില്ലകളുടെ ഒരു പരിപാടി ഏറ്റെടുത്തു.  ജില്ലകള്‍ക്കിടയില്‍ മത്സരം നടക്കുന്ന തരത്തില്‍ അതിമനോഹരമായ അനുഭവം ഉണ്ടായിട്ടുണ്ട്. സംസ്ഥാനത്ത് പിന്നാക്കം പോകരുതെന്നാണ് ഓരോ ജില്ലയും ആഗ്രഹിക്കുന്നത്.  പല ജില്ലകളും ദേശീയ ശരാശരിയെ (ലക്ഷ്യങ്ങളുടെ) മറികടക്കാന്‍ ആഗ്രഹിക്കുന്നു.  നിങ്ങളുടെ താലൂക്കിലെ എട്ടോ പത്തോ മാനദണ്ഡങ്ങള്‍ നിങ്ങള്‍ തീരുമാനിക്കണം, ആ മാനദണ്ഡങ്ങള്‍ അടിസ്ഥാനമാക്കി ഓരോ മൂന്ന് മാസത്തിലും ഒരു മത്സരം ഉണ്ടായിരിക്കണം.  മത്സരഫലത്തിന് ശേഷം, ഏത് ഗ്രാമമാണ് ആ മാനദണ്ഡങ്ങളില്‍ മികച്ച പ്രകടനം കാഴ്ചവെച്ചതെന്നും ഏത് ഗ്രാമമാണ് മികച്ച പ്രകടനം കാഴ്ചവെക്കുന്നതെന്നും നിങ്ങള്‍ക്ക് മനസ്സിലാകും.  സംസ്ഥാന-ദേശീയ തലങ്ങളില്‍ മികച്ച ഗ്രാമത്തിനുള്ള അവാര്‍ഡ് ഉണ്ടാകാം.  തഹസില്‍ദാര്‍ തലത്തില്‍ പത്ത് പാരാമീറ്ററുകള്‍ തീരുമാനിക്കാം, തുടര്‍ന്ന് 50-100-200 വില്ലേജുകള്‍ക്കിടയില്‍ മത്സരം നടത്തണം.  ആ 10 പാരാമീറ്ററുകളില്‍ ഏത് ഗ്രാമമാണ് മികച്ചതെന്ന് നോക്കാം.  മാറ്റം നിങ്ങള്‍ കാണും.  ബ്ലോക്ക് തലത്തില്‍ അംഗീകാരം ലഭിക്കുമ്പോള്‍, മാറ്റം ആരംഭിക്കും.  അതിനാല്‍, ബജറ്റ് ഒരു പ്രശ്‌നമല്ലെന്ന് ഞാന്‍ പറയുന്നു.  ഇന്ന് നമ്മള്‍ പരിണതിക്കും മാറ്റത്തിനും വേണ്ടി പരിശ്രമിക്കണം.

 ഒരു കുട്ടിക്കും പോഷകാഹാരക്കുറവ് ഉണ്ടാകില്ല എന്ന ഒരു പ്രവണത ഗ്രാമങ്ങളില്‍ ഉണ്ടാകില്ലേ?  ഗ്രാമങ്ങളിലെ ജനങ്ങള്‍ ഗവണ്‍മെന്റിന്റെ ബജറ്റിനെക്കുറിച്ച് വിഷമിക്കില്ലെന്ന് ഞാന്‍ നിങ്ങളോട് പറയുന്നു, എന്നാല്‍ ഒരിക്കല്‍ അവര്‍ ദൃഢനിശ്ചയം ചെയ്തുകഴിഞ്ഞാല്‍, അവര്‍ ഒരു കുട്ടിക്കും പോഷകാഹാരക്കുറവ് ഉണ്ടാകാന്‍ അനുവദിക്കില്ല.  ഇന്നും നമുക്ക് ഈ ധാര്‍മ്മികതയുണ്ട്.  ഗ്രാമങ്ങളില്‍ ഒരു കൊഴിഞ്ഞുപോക്കും ഉണ്ടാകില്ലെന്ന് ഞങ്ങള്‍ തീരുമാനിച്ചാല്‍, ഗ്രാമങ്ങളിലെ ജനങ്ങള്‍ ഇതുമായി സഹകരിക്കുന്നത് നിങ്ങള്‍ കാണും.  ഗ്രാമങ്ങളിലെ പല നേതാക്കളും പഞ്ചുമാരും സര്‍പഞ്ചുമാരും ഒരിക്കലും ഗ്രാമീണ വിദ്യാലയങ്ങള്‍ സന്ദര്‍ശിക്കാത്തത് നാം കണ്ടു.  അപൂര്‍വ സന്ദര്‍ഭങ്ങളില്‍ അവര്‍ ഗ്രാമത്തിലെ സ്‌കൂളുകള്‍ സന്ദര്‍ശിക്കാറുണ്ട്, അതും ദേശീയ പതാക ഉയര്‍ത്തുന്ന ദിവസങ്ങളില്‍!  ഇത് എന്റെ ഗ്രാമമാണ്, നേതൃത്വം നല്‍കാന്‍ ഞാന്‍ അവിടെ പോകണം എന്ന ഈ ശീലം എങ്ങനെ വളര്‍ത്തിയെടുക്കാനാകും?  നമ്മള്‍ ഒരു ചെക്ക് നല്‍കിയാലോ, കുറച്ച് പണം അയച്ചാലോ, വാഗ്ദാനങ്ങള്‍ നല്‍കിയാലോ മാറ്റം വരില്ല. നാം സ്വാതന്ത്ര്യത്തിന്റെ 75 വര്‍ഷം ആഘോഷിക്കുന്ന ഈ വേളയില്‍, മഹാത്മാഗാന്ധിയുടെ ചില ആദര്‍ശങ്ങള്‍ നമുക്ക് തിരിച്ചറിയാന്‍ കഴിയുന്നില്ലേ?  ഇന്ത്യയുടെ ആത്മാവായ ശുചിത്വം ഗ്രാമങ്ങളിലാണ് കുടികൊള്ളുന്നതെന്ന് മഹാത്മാഗാന്ധി പറഞ്ഞിട്ടുണ്ട്.  നമുക്ക് ഇത് സാധ്യമാക്കാന്‍ കഴിയില്ലേ?

 സുഹൃത്തുക്കളേ,

 സംസ്ഥാന ഗവണ്‍മെന്റുകളും കേന്ദ്ര ഗവണ്‍മെന്റും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും നമ്മുടെ എല്ലാ വകുപ്പുകളും ചേര്‍ന്ന് തടസ്സങ്ങള്‍ ഒഴിവാക്കി ഒരുമിച്ച് പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചാല്‍ മികച്ച ഫലം ലഭിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്. സ്വാതന്ത്ര്യത്തിന്റെ 75 വര്‍ഷത്തില്‍ രാജ്യത്തിന് എന്തെങ്കിലും തിരികെ നല്‍കാനുള്ള മനസ്സോടെ നാം പ്രവര്‍ത്തിക്കണം.  ഗ്രാമങ്ങളില്‍ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ ബജറ്റിന്റെ ഓരോ ചില്ലിക്കാശും എങ്ങനെ പരമാവധി പ്രയോജനപ്പെടുത്താം എന്നതിനെക്കുറിച്ച് നിങ്ങള്‍ ദിവസം മുഴുവന്‍ ചര്‍ച്ച ചെയ്യാന്‍ പോകുന്നു. നമുക്ക് ഇത് ചെയ്യാന്‍ കഴിയുമെങ്കില്‍ ഒരു പൗരനും പിന്നില്‍ ഉപേക്ഷിക്കപ്പെടില്ല. നമ്മുടെ സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കപ്പെടും.  ഞാന്‍ നിങ്ങള്‍ക്ക് എല്ലാ ആശംസകളും നേരുന്നു.

വളരെ.ധികം നന്ദി.

-ND-(Release ID: 1800668) Visitor Counter : 329