പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

ടിഇആര്‍ഐ ലോക സുസ്ഥിരവികസന ഉച്ചകോടിയില്‍ പ്രധാനമന്ത്രി നടത്തിയ ഉദ്ഘാടന പ്രസംഗത്തിന്റെ പൂർണ്ണരൂപം

Posted On: 16 FEB 2022 6:14PM by PIB Thiruvananthpuram

ഇരുപത്തിയൊന്നാമതു ലോക സുസ്ഥിരവികസന ഉച്ചകോടിയില്‍ നിങ്ങളോടൊപ്പം പങ്കെടുക്കാനായതില്‍ എനിക്ക് ആഹ്ലാദമുണ്ട്. ആദ്യം ഗുജറാത്തിലും ഇപ്പോള്‍ ദേശീയ തലത്തിലും, എന്റെ 20 വര്‍ഷത്തെ ഭരണത്തിലുടനീളം സുപ്രധാന ശ്രദ്ധ നല്‍കിയ മേഖലകളാണു പരിസ്ഥിതിയും സുസ്ഥിരവികസനവും.

സുഹൃത്തുക്കളേ,

നമ്മുടെ ഗ്രഹത്തെ ദുര്‍ബലമെന്നു ചിലര്‍ വിളിക്കുന്നതു നാം കേട്ടിട്ടുണ്ട്. എന്നാല്‍ ഗ്രഹമല്ല ദുര്‍ബലം; നമ്മളാണ്. നാമാണു ദുര്‍ബലര്‍. ഗ്രഹത്തോടും പ്രകൃതിയോടുള്ള നമ്മുടെ പ്രതിബദ്ധതകളും ദുര്‍ബലമാണ്. 1972ലെ സ്റ്റോക്ക്ഹോം സമ്മേളനത്തിനു പിന്നാലെ കഴിഞ്ഞ 50 വര്‍ഷമായി ഒരുപാട് കാര്യങ്ങള്‍ നാം ചര്‍ച്ച ചെയ്തിട്ടുണ്ട്. പക്ഷേ, വളരെ കുറച്ചേ അതു പ്രാവര്‍ത്തികമായുള്ളൂ. എന്നാല്‍ ഇന്ത്യയില്‍ ഞങ്ങള്‍ ഏറെക്കാര്യങ്ങള്‍ പ്രവൃത്തിപഥത്തിലെത്തിച്ചു.

പാവപ്പെട്ടവര്‍ക്കും നിഷ്പക്ഷമായി ഊര്‍ജം ലഭ്യമാക്കലാണു നമ്മുടെ പരിസ്ഥിതിനയത്തിന്റെ ആധാരശില. ഉജ്വല യോജനയ്ക്കുകീഴില്‍ 90 ദശലക്ഷം കുടുംബങ്ങള്‍ക്കു ശുദ്ധമായ പാചക ഇന്ധനം ലഭ്യമാക്കി. പിഎം-കുസും പദ്ധതിയുടെ കീഴില്‍ കര്‍ഷകര്‍ക്കു പുനരുപയോഗ ഊര്‍ജം ലഭിക്കാന്‍ സോളാര്‍ പാനലുകള്‍ സ്ഥാപിക്കുകയും മിച്ചവൈദ്യുതി വിതരണശൃംഖലയിലേയ്ക്കു വില്‍ക്കാന്‍ കര്‍ഷകരെ പ്രോത്സാഹിപ്പിക്കുകയും ചെയ്തു. സ്വയംപ്രവര്‍ത്തിക്കുന്ന സൗരോര്‍ജ പമ്പുകള്‍ക്കു പുറമെ നിലവിലുള്ള പമ്പുകള്‍ സൗരോര്‍ജത്താല്‍ പ്രവര്‍ത്തിപ്പിക്കുന്നതിനുള്ള ശ്രമങ്ങളും തുടരുന്നു. 'രാസരഹിത പ്രകൃതിദത്ത കൃഷി'യില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് സുസ്ഥിരതയും തുല്യതയും പ്രോത്സാഹിപ്പിക്കുന്നതിനും സഹായകമാകും.

സുഹൃത്തുക്കളേ,

ഏഴുവര്‍ഷത്തിലേറെയായി ഞങ്ങളുടെ എല്‍ഇഡി ബള്‍ബ് വിതരണപദ്ധതി മുന്നോട്ടുപോകുകയാണ്. പ്രതിവര്‍ഷം 220 ബില്യണ്‍ യൂണിറ്റിലധികം വൈദ്യുതി ലാഭിക്കാനും 180 ബില്യണ്‍ ടണ്‍ കാര്‍ബണ്‍ ഡൈ ഓക്‌സൈഡ് ബഹിര്‍ഗമനം കുറയ്ക്കാനും ഇതു സഹായിച്ചു. ദേശീയ ഹൈഡ്രജന്‍ ദൗത്യത്തിനു തുടക്കം കുറിച്ചതായും നാം പ്രഖ്യാപിച്ചു. നമ്മുടെ ഭാവിക്കു കരുത്തുപകരുന്ന ആവേശ്വോജ്വല സാങ്കേതികവിദ്യയായ ഹരിത ഹൈഡ്രജന്‍ പ്രയോജനപ്പെടുത്താനാണ് ഇതു ലക്ഷ്യമിടുന്നത്. ഹരിത ഹൈഡ്രജന്റെ സാധ്യതകള്‍ തിരിച്ചറിയാനുള്ള പദ്ധതികള്‍ വളര്‍ത്തിയെടുക്കാന്‍ ടിഇആര്‍ഐ പോലുള്ള അക്കാദമിക്, ഗവേഷണ സ്ഥാപനങ്ങളെ ഞാന്‍ പ്രോത്സാഹിപ്പിക്കുകയാണ്.

സുഹൃത്തുക്കളേ,

വലിയ വൈവിധ്യങ്ങള്‍ ഉള്‍ക്കൊള്ളുന്ന രാജ്യമാണ് ഇന്ത്യ. ലോകത്തിലെ ഭൂവിസ്തൃതിയുടെ 2.4 ശതമാനം വരുന്ന ഇന്ത്യ, ലോകത്തിലെ 8 ശതമാനം ജീവിവര്‍ഗങ്ങളെയും ഉള്‍ക്കൊള്ളുന്നു. ഈ ആവാസവ്യവസ്ഥയെ സംരക്ഷിക്കേണ്ടതു നമ്മുടെ കടമയാണ്. നമ്മുടെ സംരക്ഷിതമേഖലാശൃംഖല ഞങ്ങള്‍ ശക്തിപ്പെടുത്തുകയാണ്. പ്രകൃതി സംരക്ഷണത്തിനുള്ള അന്താരാഷ്ട്ര സഖ്യം (ഐയുസിഎന്‍) നമ്മുടെ ശ്രമങ്ങള്‍ക്ക് അംഗീകാരമേകി. ഹരിയാനയിലെ ആരവല്ലി ജൈവവൈവിധ്യോദ്യാനം ജൈവവൈവിധ്യത്തിന്റെ ഫലപ്രദമായ സംരക്ഷണത്തിനായി ഒഇസിഎം പ്രദേശമായി പ്രഖ്യാപിച്ചു. അടുത്തിടെ ഇന്ത്യയിലെ രണ്ടു തണ്ണീര്‍ത്തടങ്ങള്‍ കൂടി റാംസര്‍ സൈറ്റുകളായി അംഗീകരിക്കപ്പെട്ടതില്‍ ഞാന്‍ ആഹ്ലാദിക്കുന്നു. ഇന്ത്യയില്‍ ഇപ്പോള്‍ 49 റാംസര്‍ സൈറ്റുകള്‍ 1 ദശലക്ഷം ഹെക്ടറിലധികം വ്യാപിച്ചു കിടക്കുന്നു. ശോഷണം സംഭവിച്ച ഭൂപ്രദേശങ്ങള്‍ പുനഃസ്ഥാപിക്കുന്നതിനു ഞങ്ങള്‍ വലിയ പ്രാധാന്യം നല്‍കിവരികയാണ്. 2015 മുതല്‍ 11.5 ദശലക്ഷത്തിലധികം ഹെക്ടറുകളാണു പുനഃസ്ഥാപിച്ചത്. ബോണ്‍ ചലഞ്ചിന് കീഴില്‍ ഭൂശോഷണനിഷ്പക്ഷതയില്‍ ദേശീയ പ്രതിബദ്ധത ഉറപ്പാക്കുന്നതിനുള്ള പാതയിലാണ് ഞങ്ങള്‍. യുഎന്‍എഫ്‌സിസിസിക്കു കീഴിലുള്ള ഞങ്ങളുടെ എല്ലാ പ്രതിബദ്ധതകളും നിറവേറ്റുന്നതില്‍ ഞങ്ങള്‍ ഉറച്ചുവിശ്വസിക്കുന്നു. ഗ്ലാസ്ഗോയില്‍ നടന്ന സിഒപി-26 വേളയില്‍ ഞങ്ങള്‍ ഞങ്ങളുടെ ലക്ഷ്യങ്ങള്‍ വര്‍ധിപ്പിക്കുകയും ചെയ്തു.

സുഹൃത്തുക്കളേ,

കാലാവസ്ഥാനീതിയിലൂടെ മാത്രമേ പാരിസ്ഥിതിക സുസ്ഥിരത കൈവരിക്കാന്‍ കഴിയൂ എന്നു ഞാന്‍ ഉറച്ചു വിശ്വസിക്കുന്നു. ഇക്കാര്യം നിങ്ങള്‍ സമ്മതിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്. അടുത്ത ഇരുപത് വര്‍ഷത്തിനുള്ളില്‍ ഇന്ത്യയിലെ ജനങ്ങളുടെ ഊര്‍ജ ആവശ്യകത ഏകദേശം ഇരട്ടിയാകുമെന്ന് പ്രതീക്ഷിക്കുന്നു. ഈ ഊര്‍ജ്ജം നിഷേധിക്കുന്നത് ദശലക്ഷക്കണക്കിന് ആളുകള്‍ക്ക് ജീവിതംതന്നെ നിഷേധിക്കുന്നതുപോലെയാകും. വിജയകരമായ കാലാവസ്ഥാ പ്രവര്‍ത്തനങ്ങള്‍ക്ക് മതിയായ ധനസഹായവും വേണ്ടതുണ്ട്. ഇതിനായി വികസിത രാജ്യങ്ങള്‍ സാമ്പത്തിക, സാങ്കേതിക കൈമാറ്റങ്ങളില്‍ തങ്ങളുടെ പ്രതിബദ്ധത പാലിക്കേണ്ടതുണ്ട്.

സുഹൃത്തുക്കളേ,

ആഗോള പൊതുവിഭവങ്ങളില്‍ കൂട്ടായപ്രവര്‍ത്തനമാണു സുസ്ഥിരതയ്ക്ക് ആവശ്യം. ഞങ്ങളുടെ ശ്രമങ്ങള്‍ ഈ പരസ്പരാശ്രിതത്വം തിരിച്ചറിഞ്ഞു. അന്താരാഷ്ട്ര സൗരസഖ്യത്തില്‍ നാം ലക്ഷ്യമിടുന്നത് 'ഏകസൂര്യന്‍, ഏകലോകം, ഏക വിതരണശൃംഖല' എന്നതാണ്. ലോകവ്യാപക വിതരണശൃംഖലയില്‍നിന്ന് എല്ലായ്‌പ്പോഴും എല്ലായിടവും ശുദ്ധമായ ഊര്‍ജത്തിന്റെ ലഭ്യത ഉറപ്പാക്കാന്‍ നാം പ്രവര്‍ത്തിക്കണം. ഇതാണ് ഇന്ത്യയുടെ മൂല്യങ്ങള്‍ ഉള്‍ക്കൊള്ളുന്ന 'ലോകം മുഴുവന്‍' എന്ന സമീപനം.

സുഹൃത്തുക്കളേ,

അടിക്കടി പ്രകൃതിദുരന്തങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുള്ള പ്രദേശങ്ങളില്‍ ശക്തമായ അടിസ്ഥാന സൗകര്യങ്ങള്‍ കെട്ടിപ്പടുക്കാനാണു ദുരന്ത അതിജീവന അടിസ്ഥാനസൗകര്യ കൂട്ടായ്മ (സിഡിആര്‍ഐ) ലക്ഷ്യമിടുന്നത്. സിഒപി 26ന്റെ പശ്ചാത്തലത്തില്‍, 'അതിജീവനശേഷിയുള്ള ദ്വീപ് സംസ്ഥാനങ്ങള്‍ക്കായുള്ള അടിസ്ഥാനസൗകര്യങ്ങള്‍' എന്ന സംരംഭത്തിനും ഞങ്ങള്‍ തുടക്കം കുറിച്ചു. ദ്വീപ് വികസ്വര സംസ്ഥാനങ്ങളിലാണ് ഏറ്റവും അപകടസാധ്യതയുള്ളത്. അതിനാല്‍ അടിയന്തര സംരക്ഷണം ആവശ്യമാണ്.

സുഹൃത്തുക്കളേ,

ഈ രണ്ടു സംരംഭങ്ങളിലേക്കും ഞങ്ങള്‍ 'ലൈഫ്' (പരിസ്ഥിതിക്കായുള്ള ജീവിതശൈലി) കൂടി ചേര്‍ക്കുകയാണ്. നമ്മുടെ പരിസ്ഥിതിക്ക് അനുകൂലമായവിധത്തില്‍ ജീവിതശൈലി തെരഞ്ഞെടുക്കുന്ന പരിപാടിയാണ് 'ലൈഫ്'. സുസ്ഥിരമ ജീവിതശൈലി പ്രോത്സാഹിപ്പിക്കുന്ന ലോകമെമ്പാടുമുള്ള സമാനചിന്താഗതിക്കാരുടെ കൂട്ടായ്മയായിരിക്കും 'ലൈഫ്'. ഞാന്‍ അവരെ 3 'പി'കള്‍ (പരിസ്ഥിതിസൗഹൃദ ജനത). ആഗോളതലത്തിലെ ഈ പരിസ്ഥിത സൗഹൃദ ജനകീയ മുന്നേറ്റം 'ലൈഫി'ന്റെ സഖ്യമാണ്. ഈ മൂന്ന് ആഗോള സഖ്യങ്ങള്‍ ആഗോള പൊതുവിഭവങ്ങള്‍ മെച്ചപ്പെടുത്തുന്നതിനുള്ള നമ്മുടെ പരിസ്ഥിതിശ്രമങ്ങള്‍ക്കു മൂന്നുമുഖമേകും.

സുഹൃത്തുക്കളേ,

നമ്മുടെ പാരമ്പര്യങ്ങളും സംസ്‌കാരവുമാണ് എന്റെ പ്രചോദനത്തിന് ഉറവിടമാകുന്നത്. 2021ല്‍, ജനങ്ങളുടെ ആരോഗ്യവും പരിസ്ഥിതിയും എങ്ങനെ പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു എന്നതിനെക്കുറിച്ച് ഞാന്‍ സംസാരിച്ചു. ഇന്ത്യക്കാര്‍ എന്നും പ്രകൃതിയോട് ഇണങ്ങി ജീവിച്ചവരാണ്. നമ്മുടെ സംസ്‌കാരം, അനുഷ്ഠാനങ്ങള്‍, ദൈനംദിന സമ്പ്രദായങ്ങള്‍, നിരവധി വിളവെടുപ്പ് ഉത്സവങ്ങള്‍ എന്നിവ പ്രകൃതിയുമായുള്ള നമ്മുടെ കരുത്തുറ്റ ബന്ധം പ്രകടമാക്കുന്നു. ചുരുക്കുക, പുനരുപയോഗിക്കുക, പുനചംക്രമണം ചെയ്യുക, വീണ്ടെടുക്കുക, പുനര്‍രൂപകല്‍പ്പന ചെയ്യുക, പുനര്‍നിര്‍മ്മിക്കുക എന്നിവ ഇന്ത്യയുടെ സാംസ്‌കാരിക ധാര്‍മ്മികതയുടെ ഭാഗമാണ്. കാലാവസ്ഥാ അതിജീവന നയങ്ങള്‍ക്കായി ഇന്ത്യ പ്രവര്‍ത്തിക്കുകയും നാം എല്ലായ്‌പ്പോഴും ചെയ്യുന്ന കാര്യങ്ങള്‍ തുടരുകയും ചെയ്യും.

ഈ വാക്കുകളിലൂടെയും ആ മഹത്തായ പ്രതിജ്ഞയിലൂടെയും ടിഇആര്‍ഐക്കും ലോകമെമ്പാടുനിന്നും ഈ ഉച്ചകോടിയില്‍ പങ്കെടുക്കുന്ന എല്ലാവര്‍ക്കും ഞാന്‍ ആശംസകള്‍ നേരുന്നു.

നന്ദി!

വളരെയധികം നന്ദി!

--ND--


(Release ID: 1798906) Visitor Counter : 193