പ്രധാനമന്ത്രിയുടെ ഓഫീസ്
പണ്ഡിറ്റ് ജസ്‌രാജ് കള്‍ച്ചറല്‍ ഫൗണ്ടേഷന്റെ സമാരംഭ വേളയില്‍ പ്രധാനമന്ത്രി നല്‍കിയ സന്ദേശം
Posted On:
28 JAN 2022 5:43PM by PIB Thiruvananthpuram
നമസ്‌കാരം!
ഈ സവിശേഷ പരിപാടിയില്‍ പങ്കെടുക്കുന്ന ദുര്‍ഗ്ഗ ജസ്‌രാജ് ജി, ശരംഗ്‌ദേവ് പണ്ഡിറ്റ് ജി, പണ്ഡിറ്റ് ജസ്‌രാജ് കള്‍ച്ചറല്‍ ഫൗണ്ടേഷന്റെ സഹസ്ഥാപകന്‍ നീരജ് ജെയ്റ്റ്‌ലി ജി, രാജ്യത്തെയും ലോകത്തെയും എല്ലാ സംഗീതജ്ഞരേ കലാകാരന്മാരേ, മഹതികളെ മാന്യരെ!
സംഗീതം, 'സുര'(ശ്രുതി), 'സ്വരം' എന്നിവ നമ്മുടെ രാജ്യത്ത് അനശ്വരമായി കണക്കാക്കപ്പെടുന്നവയാണ്. സ്വരത്തിന്റെ ഊര്‍ജ്ജവും അതിന്റെ പ്രഭാവവും അനശ്വരമാണെന്നും പറയപ്പെടുന്നു. അതുകൊണ്ട്, തന്റെ ജീവിതത്തിലുടനീളം സംഗീതത്തില്‍ ജീവിച്ച, തന്റെ അസ്തിത്വത്തിന്റെ ഓരോ കണികയിലും അത് പ്രതിധ്വനിക്കുന്ന ആ മഹത്തായ ആത്മാവ്, ശരീരം വിട്ടശേഷവും പ്രപഞ്ചത്തിന്റെ ഊര്‍ജ്ജത്തിലും ബോധത്തിലും അനശ്വരമായി തന്നെ തുടരുന്നു.
ഈ പരിപാടിയിലെ സംഗീതജ്ഞരുടെയും കലാകാരന്മാരുടെയും പ്രകടനങ്ങളും പണ്ഡിറ്റ് ജസ്‌രാജ് ജിയുടെ സ്വരം ഇവിടെ പ്രതിധ്വനിച്ച രീതിയും ഈ സംഗീത ബോധത്തില്‍ പണ്ഡിറ്റ് ജസ്‌രാജ് ജി നമ്മുടെ കൂടെയുണ്ട് എന്ന പ്രതീതിയാണ് നല്‍കുന്നത്.
നിങ്ങളെല്ലാവരും അദ്ദേഹത്തിന്റെ ശാസ്ത്രീയ പൈതൃകം മുന്നോട്ട് കൊണ്ടുപോകുന്നതിലും തലമുറകള്‍ക്കും വരാനിരിക്കുന്ന നൂറ്റാണ്ടുകള്‍ക്കുമായി അത് സംരക്ഷിക്കുന്നതിലും എനിക്ക് സന്തോഷമുണ്ട്. ഇന്ന് പണ്ഡിറ്റ് ജസ്‌രാജ് ജിയുടെ ജന്മവാര്‍ഷികദിനം കൂടിയാണ്. ഇന്ന്, പണ്ഡിറ്റ് ജസ്‌രാജ് കള്‍ച്ചറല്‍ ഫൗണ്ടേഷന്‍ സ്ഥാപിക്കുന്നതിനുള്ള ഈ നൂതനാശയ സംരംഭത്തിന് ഞാന്‍ നിങ്ങളെ എല്ലാവരെയും അഭിനന്ദിക്കുന്നു. നിങ്ങളുടെ പിതാവിന്റെ പ്രചോദനം, അദ്ദേഹത്തിന്റെ തപസ്സ്, ലോകത്തിനാകെ സമര്‍പ്പിക്കാനുള്ള ഉത്തരവാദിത്തം ഏറ്റെടുത്തതിന് ദുര്‍ഗ ജസ്‌രാജ് ജിക്കും പണ്ഡിറ്റ് ശരംഗ്‌ദേവ് ജിക്കും ഞാന്‍ പ്രത്യേകം ആശംസകള്‍ നേരുന്നു. പണ്ഡിറ്റ് ജസ്‌രാജ് ജിയെ പലതവണ കാണാനും കേള്‍ക്കാനുമുള്ള ഭാഗ്യം എനിക്കും ലഭിച്ചിട്ടുണ്ട്.
സുഹൃത്തുക്കളെ,
സംഗീതം വളരെ സങ്കീര്‍ണ്ണമായ ഒരു വിഷയമാണ്. എനിക്ക് അതില്‍ അത്ര ഗ്രാഹ്യമില്ല, പക്ഷേ നമ്മുടെ ഋഷിമാര്‍ 'സ്വരം', 'നാദം' എന്നിവയെക്കുറിച്ച് നല്‍കിയ സമഗ്രമായ അറിവ് തന്നെ അത്ഭുതകരമാണ്. ഇത് നമ്മുടെ സംസ്‌കൃത ഗ്രന്ഥങ്ങളില്‍ എഴുതിയിട്ടുമുണ്ട്.
नाद रूपः स्मृतो ब्रह्मा, नाद रूपो जनार्दनः।
नाद रूपः पारा शक्तिः, नाद रूपो महेश्वरः॥
അതായത്, പ്രപഞ്ചത്തിന് ജന്മം നല്‍കുകയും അതിനെ പരിപാലിക്കുകയും നിയന്ത്രിക്കുകയും ചെയ്യുന്ന ശക്തികള്‍ ശബ്ദത്തിന്റെ രൂപങ്ങളാണ് എന്നതാണ്. പ്രാപഞ്ചിക ഊര്‍ജ്ജം അനുഭവിക്കാനുള്ള ഈ കഴിവും ജഗത്തിന്റെ ഒഴുക്കില്‍ സംഗീതം കാണാനുള്ള കഴിവുമാണ് ഇന്ത്യന്‍ ശാസ്ത്രീയ സംഗീത പാരമ്പര്യത്തെ അസാധാരണമാക്കുന്നത്. നമ്മുടെ ലൗകിക കടമകളെക്കുറിച്ച് നമ്മെ ബോധവാന്മാരാക്കുന്ന ഒരു മാധ്യമവുമാണ് സംഗീതം, ലൗകികമായ ബന്ധങ്ങളെ അതിജീവിക്കാന്‍ അത് നമ്മെ സഹായിക്കുന്നു. സംഗീതത്തിനെ സവിശേഷമാക്കുന്നത് എന്തെന്നാല്‍, നിങ്ങള്‍ക്ക് തൊടാന്‍ കഴിയുന്നില്ലെങ്കിലും അത് അനന്തത വരെ പ്രതിധ്വനിക്കുന്നു എന്നതാണ്.
പണ്ഡിറ്റ് ജസ്‌രാജ് കള്‍ച്ചറല്‍ ഫൗണ്ടേഷന്റെ പ്രാഥമിക ലക്ഷ്യം ഇന്ത്യയുടെ ദേശീയ പൈതൃകവും കലയും സംസ്‌കാരവും സംരക്ഷിക്കുകയും വികസിപ്പിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുക എന്നതായിരിക്കുമെന്ന് എനിക്ക് അറിയാന്‍ കഴിഞ്ഞിട്ടുണ്ട്. വളര്‍ന്നുവരുന്ന കലാകാരന്മാര്‍ക്ക് ഈ ഫൗണ്ടേഷന്‍ പിന്തുണ നല്‍കുമെന്നും അവരെ സാമ്പത്തികമായി പ്രാപ്തരാക്കാന്‍ ശ്രമിക്കുമെന്നും അറിയുന്നതിലും എനിക്ക് സന്തോഷമുണ്ട്. ഈ ഫൗണ്ടേഷനിലൂടെ സംഗീത മേഖലയിലെ വിദ്യാഭ്യാസവും ഗവേഷണവും പ്രോത്സാഹിപ്പിക്കുന്നതും നിങ്ങള്‍ പരിഗണിക്കുന്നുണ്ട്. നിങ്ങള്‍ രൂപപ്പെടുത്തിയ പ്രവര്‍ത്തനമാര്‍രേഖയും ഈ മുന്‍കൈയും തന്നെ പണ്ഡിറ്റ് ജസ്‌രാജ് ജിയെപ്പോലുള്ള ഒരു മഹത്തായ വ്യക്തിത്വത്തിനായുള്ള ഒരു വലിയ ആദരവാണെന്ന് ഞാന്‍ വിശ്വസിക്കുന്നു. അദ്ദേഹത്തിന്റെ ശിഷ്യന്മാര്‍ ഗുരുദക്ഷിണ നല്‍കേണ്ട സമയമാണിതെന്നും ഞാന്‍ പറയും.
സുഹൃത്തുക്കളെ,
സംഗീതലോകത്ത് സാങ്കേതിക വിദ്യ ഏറെ കടന്നുകയറിയ സമയത്താണ് ഇന്ന് നാം ഒത്തുചേരുന്നത്. ഈ സാംസ്‌കാരിക അടിത്തറയോട് രണ്ട് കാര്യങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു. ആഗോളവല്‍ക്കരണത്തെക്കുറിച്ച് നമ്മള്‍ പലപ്പോഴും കേള്‍ക്കാറുണ്ട്, എന്നാല്‍ അത് പ്രധാനമായും സമ്പദ്വ്യവസ്ഥയെ ചുറ്റിപ്പറ്റിയാണ്. ഇന്നത്തെ ആഗോളവല്‍ക്കരണ കാലഘട്ടത്തില്‍ ഇന്ത്യന്‍ സംഗീതം അതിന്റെ ആഗോള സ്വത്വം ഉണ്ടാക്കുകയും ആഗോളതലത്തില്‍ അതിന്റെ സ്വാധീനം സൃഷ്ടിക്കുകയും ചെയ്യിക്കേണ്ടത് നമ്മുടെ ഉത്തരവാദിത്തമാണ്.
മനുഷ്യ മനസ്സിന്റെ ആഴങ്ങളെ ഇളക്കിവിടാനുള്ള ശക്തി ഇന്ത്യന്‍ സംഗീതത്തിനുണ്ട്. അതോടൊപ്പം, അത് പ്രകൃതിയുടെയും ദൈവികതയുടെയും അഖണ്ഡ അനുഭവത്തെ ഊന്നിപ്പറയുകയും ചെയ്യുന്നു. അതുപോലെ അന്താരാഷ്ട്ര യോഗ ദിനത്തിലൂടെ ! ലോകമെമ്പാടും ഒരുതരം സ്വതസിദ്ധമായ അസ്തിത്വമായി യോഗ ഉയര്‍ന്നുവന്നു. ഇന്ത്യയുടെ ഈ പൈതൃകത്തില്‍ നിന്ന് മുഴുവന്‍ മനുഷ്യരാശിക്കും ലോകത്തിനാകെയും പ്രയോജനം ലഭിച്ചതായും നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. ഇന്ത്യന്‍ സംഗീകതത്തില്‍ നിന്ന് അറിയാനും പഠിക്കാനും പ്രയോജനം നേടാനും ലോകത്തിലെ എല്ലാ മനുഷ്യരും അര്‍ഹരാണ്. ഈ പുണ്യ കര്‍മ്മം നിറവേറ്റേണ്ടത് നമ്മുടെ കടമയാണ്.
സാങ്കേതികവിദ്യയുടെ സ്വാധീനം ജീവിതത്തിന്റെ എല്ലാ മേഖലകളിലും ഉണ്ടാകുമ്പോള്‍ സംഗീതത്തിന്റെ രംഗത്തും സാങ്കേതികവിദ്യയുടെയും വിവരസാങ്കേതിക വിദ്യയുടെയും വിപ്ലവം ഉണ്ടാകണം എന്നതാണ് എന്റെ രണ്ടാമത്തെ നിര്‍ദ്ദേശം. സംഗീതം, സംഗീതോപകരണങ്ങള്‍, സംഗീതപാരമ്പര്യം എന്നിവയ്ക്കായി പൂര്‍ണ്ണമായും സമര്‍പ്പിതമായ സ്റ്റാര്‍ട്ടപ്പുകള്‍ ഇന്ത്യയില്‍ ഉണ്ടാകണം. ഗംഗ പോലെയുള്ള ഇന്ത്യന്‍ സംഗീതത്തിന്റെ പുണ്യ ധാരകളെ ആധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ച് എങ്ങനെ സജ്ജീകരിക്കാം എന്നതിനെക്കുറിച്ച് നിരവധി കാര്യങ്ങള്‍ ചെയ്യേണ്ടതുണ്ട്. ഗുരു-ശിഷ്യ പാരമ്പര്യം അതേപടി നിലനിര്‍ത്തുമ്പോള്‍ തന്നെ, ആഗോള ശക്തിയാകാനുള്ള ശ്രമങ്ങളുണ്ടാകണം, സാങ്കേതികവിദ്യയിലൂടെ മൂല്യവര്‍ദ്ധനവ് ഉണ്ടാക്കുകയും വേണം.
സുഹൃത്തുക്കളെ,
ഇന്ത്യയുടെ വിജ്ഞാനത്തിന്റെയും തത്ത്വചിന്തയുടെയും കാതലില്‍, നമ്മുടെ ചിന്തകള്‍, ധാര്‍മ്മികത, സംസ്‌കാരം, സംഗീതം എന്നിവ മനുഷ്യരാശിയുടെ സേവനത്തിന് വേണ്ടിയുള്ള ആത്മാവാണ്, നൂറ്റാണ്ടുകളായി അത് നമ്മളിലെല്ലാവരിലും അവബോധത്തിന്റെ ഉദ്ദീപനവസ്തുവുമാണ്. ലോകത്തിന്റെ മുഴുവന്‍ ക്ഷേമത്തിനായുള്ള ആഗ്രഹം വ്യക്തമായി അതില്‍ പ്രകടവുമാണ്. അതുകൊണ്ട്, ഇന്ത്യയെയും അതിന്റെ പാരമ്പര്യങ്ങളെയും സ്വത്വത്തെയും നാം എത്രയധികം പ്രോത്സാഹിപ്പിക്കുന്നുവോ മനുഷ്യരാശിയെ സേവിക്കാനുള്ള അത്രയധികം അവസരങ്ങള്‍ നമ്മള്‍ സൃഷ്ടിക്കുകയായിരിക്കും. ഇതാണ് ഇന്നത്തെ ഇന്ത്യയുടെ ഉദ്ദേശ്യവും മന്ത്രവും.
കാശി പോലെയുള്ള നമ്മുടെ കലാ സാംസ്‌കാരിക കേന്ദ്രങ്ങളെ ഇന്ന് നാം പുനരുജ്ജീവിപ്പിക്കുകയാണ്. പരിസ്ഥിതി സംരക്ഷണത്തിലും പ്രകൃതി സ്‌നേഹത്തിലുമുള്ള നമ്മുടെ വിശ്വാസം ലോകത്തിന് സുരക്ഷിത ഭാവിയിലേക്കുള്ള വഴി കാട്ടികൊടുക്കുകയാണ്. വികസനത്തോടൊപ്പം പൈതൃകമെന്ന മന്ത്രവുമായി ഇന്ത്യ ആരംഭിച്ച ഈ യാത്രയില്‍ 'സബ്ക പ്രയാസ് '(എല്ലാവരുടെയും പരിശ്രമം) ഉള്‍ക്കൊള്ളിക്കണം.
നിങ്ങളുടെ എല്ലാവരുടെയും സജീവമായ സംഭാവനയാല്‍ പണ്ഡിറ്റ് ജസ്‌രാജ് കള്‍ച്ചറല്‍ ഫൗണ്ടേഷന്‍ വിജയത്തിന്റെ പുതിയ ഉയരങ്ങളിലെത്തുമെന്ന് എനിക്ക് ഉറപ്പുണ്ട്. സംഗീതത്തിനും 'സാധന'യ്ക്കുമുള്ള സേവനത്തിന് വേണ്ടിയും നമ്മുടെ രാജ്യത്തോടുള്ള പ്രതിജ്ഞ നിറവേറ്റുന്നതിനുമുള്ള ഒരു സുപ്രധാനമാധ്യമമായി ഈ ഫൗണ്ടേഷന്‍ മാറും.
ഈ വിശ്വാസത്തോടെ, ഈ പുതിയ ഉദ്യമത്തിന് നിങ്ങള്‍ക്ക് വളരെയധികം നന്ദിയും ആശംസകളും നേരുന്നു!
നന്ദി!
ND ****
(Release ID: 1793498)
Visitor Counter : 154
Read this release in:
English
,
Urdu
,
Hindi
,
Marathi
,
Assamese
,
Bengali
,
Manipuri
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada