ഉപരാഷ്ട്രപതിയുടെ കാര്യാലയം
azadi ka amrit mahotsav

തെരഞ്ഞെടുപ്പുകളിൽ 75% വോട്ടർമാരുടെ പങ്കാളിത്തം ഉറപ്പാക്കണമെന്ന് ഉപരാഷ്ട്രപതി ആഹ്വാനം ചെയ്തു

Posted On: 25 JAN 2022 1:21PM by PIB Thiruvananthpuram



ന്യൂ ഡൽഹി: ജനുവരി 25, 2021

തിരഞ്ഞെടുപ്പ് പ്രക്രിയ കൂടുതൽ ജനപങ്കാളിത്തം ഉള്ളതാക്കാൻ അടുത്ത പൊതു തിരഞ്ഞെടുപ്പിൽ 75% പോളിങ്‌ ഉറപ്പാക്കണമെന്ന് ഉപരാഷ്ട്രപതി ശ്രീ എം. വെങ്കയ്യ നായിഡു തിരഞ്ഞെടുപ്പ് കമ്മീഷനോടും പൗരന്മാരോടും അഭ്യർത്ഥിച്ചു. ഒരേസമയം തെരഞ്ഞെടുപ്പുകൾ നടത്തുന്നത് സംബന്ധിച്ച് അദ്ദേഹം സമവായം തേടുകയും ചെയ്തു.

ഇന്ന് 12-ാമത് ദേശീയ സമ്മതിദായക ദിനത്തോടനുബന്ധിച്ച് നൽകിയ സന്ദേശത്തിൽ, ഒരു സമ്മതിദായകനും വോട്ടവകാശം വിനിയോഗിക്കാതിരിക്കരുതെന്നും യോഗ്യതയുടെ അടിസ്ഥാനത്തിൽ മത്സരാർത്ഥികളെ വിലയിരുത്തണമെന്നും ഉപരാഷ്ട്രപതി പൗരന്മാരോട് അഭ്യർത്ഥിച്ചു.

1951-52 കാലഘട്ടത്തിൽ ലോക്‌സഭയിലേക്കുള്ള ആദ്യപൊതുതെരഞ്ഞെടുപ്പിൽ 44.87% പോളിംഗ് രേഖപ്പെടുത്തിയ ഇടത്തുനിന്നും, 2019 ൽ 17-ാം ലോക്‌സഭയിലെക്ക് നടന്ന തെരഞ്ഞെടുപ്പിൽ എക്കാലത്തെയും ഉയർന്ന 67.40% പോളിങ് രേഖപ്പെടുത്തിയതായി നിരീക്ഷിച്ച ശ്രീ നായിഡു, വോട്ടിങ്ങിൽ 50 ശതമാനത്തോളം വർധനയുണ്ടായതിന് എല്ലാ പങ്കാളികളെയും അഭിനന്ദിച്ചു.

എല്ലാ തെരഞ്ഞെടുപ്പുകളിലും വോട്ടിംഗിൽ ക്രമാനുഗതമായ വർദ്ധന ഉറപ്പാക്കുക എന്നതാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ മുന്നിലുള്ള വെല്ലുവിളിയെന്ന് ശ്രീ നായിഡു ചൂണ്ടിക്കാട്ടി. 2009ലെ പൊതുതെരഞ്ഞെടുപ്പിൽ 58.21% ആയിരുന്ന വോട്ടിംഗ് ശതമാനത്തിൽ 8% വർധന രേഖപ്പെടുത്തി 2014ൽ 66.44% ആയും 2019ൽ 67.40% ആയും ഉയർന്നതായി അദ്ദേഹം പരാമർശിച്ചു.

70 വർഷത്തിനിടെ ആദ്യമായി, 2019 ലെ പൊതുതെരഞ്ഞെടുപ്പിൽ പുരുഷന്മാരേക്കാൾ, 0.17% സ്ത്രീകൾ കൂടുതൽ വോട്ട് ചെയ്തതിൽ ശ്രീ നായിഡു സന്തോഷം പ്രകടിപ്പിച്ചു.

 
RRTN/SKY
 

(Release ID: 1792517) Visitor Counter : 235