പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav g20-india-2023

പ്രധാനമന്ത്രി രാഷ്ട്രീയ ബാല പുരസ്‌കാര ജേതാക്കളുമായി പ്രധാനമന്ത്രി സംവദിച്ചു


'ഇന്ത്യയുടെ നാഗരികതയ്ക്കും സംസ്‌കാരത്തിനും വിശ്വാസത്തിനും മതത്തിനും വേണ്ടി ഗുരു ഗോവിന്ദ് സിംഗ് ജിയുടെ പുത്രന്മാരുടെ ത്യാഗം സമാനതകളില്ലാത്തതാണ്''

''ഇന്ത്യയിലെ യുവാക്കള്‍ സ്റ്റാര്‍ട്ടപ്പുകളുടെ ലോകത്ത് ഇന്ന് മികവ് പുലര്‍ത്തുന്നത് കാണുമ്പോള്‍ നമുക്ക് അഭിമാനം തോന്നുന്നു. ഇന്ത്യയിലെ യുവാക്കള്‍ രാജ്യത്തെ നവീകരിക്കുകയും മുന്നോട്ട് കൊണ്ടുപോകുകയും ചെയ്യുന്നത് കാണുമ്പോള്‍ നമുക്ക് അഭിമാനം തോന്നുന്നു''

''ഇത് നവീനതയില്‍ നിന്ന് പിന്മാറാത്ത നവ ഇന്ത്യയാണിത്. ധൈര്യവും നിശ്ചയദാര്‍ഢ്യവുമാണ് ഇന്നത്തെ ഇന്ത്യയുടെ മുഖമുദ്ര''

''ഇന്ത്യയിലെ കുട്ടികള്‍ പ്രതിരോധ കുത്തിവയ്പ്പ് പരിപാടിയില്‍ അവരുടെ ആധുനികവും ശാസ്ത്രീയവുമായ സ്വഭാവം പ്രകടിപ്പിച്ചു, ജനുവരി 3 മുതല്‍, വെറും 20 ദിവസത്തിനുള്ളില്‍, 40 ദശലക്ഷത്തിലധികം കുട്ടികള്‍ കൊറോണ പ്രതിരോധകുത്തിവയ്പ്പ് എടുത്തു''


Posted On: 24 JAN 2022 1:45PM by PIB Thiruvananthpuram

പ്രധാന്‍ മന്ത്രി രാഷ്ട്രീയ ബാല പുരസ്‌കാര (പി.എം.ആര്‍.ബി.പി) ജേതാക്കളുമായി പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് വീഡിയോ കോണ്‍ഫറന്‍സ് വഴി സംവദിച്ചു. ബ്ലോക്ക്‌ചെയിന്‍ സാങ്കേതികവിദ്യ ഉപയോഗിച്ച് 2022, 2021 വര്‍ഷങ്ങളിലെ പി.എം.ആര്‍.ബി.പി അവാര്‍ഡ് ജേതാക്കള്‍ക്ക് ഡിജിറ്റല്‍ സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കി. അവാര്‍ഡ് ജേതാക്കള്‍ക്ക് സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതിന് ആദ്യമായാണ് ഈ സാങ്കേതികവിദ്യ ഉപയോഗിക്കുന്നത്. കേന്ദ്ര വനിതാ ശിശുവികസന മന്ത്രി ശ്രീമതി സ്മൃതി സുബിന്‍ ഇറാനിയും സഹമന്ത്രി ഡോ. മുന്‍ജ്പാറ മഹേന്ദ്രഭായിയും ചടങ്ങില്‍ സന്നിഹിതരായിരുന്നു.
മദ്ധ്യപ്രദേശ് ഇന്‍ഡോറിലെ മാസ്റ്റര്‍ അവി ശര്‍മ്മയുമായി സംവദിച്ച പ്രധാനമന്ത്രി രാമായണത്തിന്റെ വിവിധ വശങ്ങളുമായി ബന്ധപ്പെട്ട   സമൃദ്ധമായ അവബോധത്തിന്റെ  രഹസ്യം ആരാഞ്ഞു. അടച്ചിടല്‍ കാലത്ത് രാമായണം സീരിയല്‍ സംപ്രേക്ഷണം ചെയ്യാനുള്ള തീരുമാനത്തില്‍ നിന്നാണ് തനിക്ക് പ്രചോദനം ലഭിച്ചതെന്ന് മാസ്റ്റര്‍ അവി ശര്‍മ്മ പറഞ്ഞു. അവി തന്റെ സൃഷ്ടിയില്‍ നിന്നുള്ള ചില ഈരടികളും ചൊല്ലി. കുട്ടിയായിരുന്നപ്പോള്‍ സുശ്രീ ഉമാഭാരതി ജി ഒരു പരിപാടിയില്‍ അപാരമായ ആത്മീയ ആഴവും വിജ്ഞാനവും കാണിച്ചതിനെക്കുറിച്ച് താന്‍ ശ്രവിച്ച ഒരുസംഭവം പ്രധാനമന്ത്രി വിവരിച്ചു. ഇത്തരത്തില്‍ പ്രായാധിക്യബുദ്ധിയുള്ള പ്രതിഭകള്‍ക്ക് ജന്മം നല്‍കുന്ന ചിലത് മദ്ധ്യപ്രദേശിന്റെ മണ്ണിലുണ്ടെന്നും അദ്ദേഹം പറഞ്ഞു. അവി ഒരു പ്രചോദനമാണെന്നും വലിയ കാര്യങ്ങള്‍ ചെയ്യാന്‍ നിങ്ങള്‍ ഒരിക്കലും ചെറുപ്പം തടസമല്ല എന്ന പഴഞ്ചൊല്ലിന്റെ ഉദാഹരണവുമാണെന്ന് പ്രധാനമന്ത്രി അവി പറഞ്ഞു.
കര്‍ണാടകത്തില്‍ നിന്നുള്ള കുമാരി റെമോണ ഇവറ്റ് പെരേരയുമായി സംവദിക്കവേ, ഇന്ത്യന്‍ നൃത്തത്തോടുള്ള  അഭിനിവേശത്തെക്കുറിച്ച് പ്രധാനമന്ത്രി ചര്‍ച്ച ചെയ്തു. തന്റെ അഭിനിവേശത്തെ പിന്തുടരുന്നതില്‍ അവള്‍ക്ക് അഭിമുഖീകരിക്കേണ്ടി വന്ന ബുദ്ധിമുട്ടുകളെക്കുറിച്ച് അദ്ദേഹം ആരാഞ്ഞു. തന്റെ മകളുടെ സ്വപ്‌നങ്ങള്‍ സാക്ഷാത്കരിക്കാന്‍ സ്വന്തം പ്രതികൂല സാഹചര്യങ്ങളെപോലും അവഗണിച്ച റെമോണയുടെ  അമ്മയെ പ്രധാനമന്ത്രി അഭിനന്ദിച്ചു. റെമോണയുടെ നേട്ടങ്ങള്‍ അവളുടെ പ്രായത്തേക്കാള്‍ വളരെ വലുതാണെന്ന് പറഞ്ഞ പ്രധാനമന്ത്രി, മഹത്തായ രാജ്യത്തിന്റെ കരുത്ത് പ്രകടിപ്പിക്കാനുള്ള ഒരു മാര്‍ഗ്ഗമാണ് അവളുടെ കലയെന്നും പറഞ്ഞു.
ത്രിപുരയിലെ കുമാരി പുഹാബി ചക്രബര്‍ത്തിയുമായി സംവദിച്ച പ്രധാനമന്ത്രി, കോവിഡുമായി ബന്ധപ്പെട്ട അവളുടെ നൂതനാശയങ്ങളെക്കുറിച്ച് ആരാഞ്ഞു. കായിക താരങ്ങള്‍ക്കുള്ള തന്റെ കായികക്ഷമത ആപ്പിനെക്കുറിച്ചും അവര്‍ പ്രധാനമന്ത്രിയെ അറിയിച്ചു. തന്റെ ഉദ്യമത്തിന് സ്‌കൂളില്‍ നിന്നും സുഹൃത്തുക്കളില്‍ നിന്നും രക്ഷിതാക്കളില്‍ നിന്നും ലഭിക്കുന്ന പിന്തുണയെ കുറിച്ച് പ്രധാനമന്ത്രി ചോദിച്ചു. കായികവിനോദങ്ങള്‍ക്കും നൂതനാശയ ആപ്പുകള്‍ വികസിപ്പിക്കുന്നതിലും അവളുടെ സമയം സന്തുലിതമായി സമര്‍പ്പിക്കുന്നതിനെക്കറിച്ചും അദ്ദേഹം ചോദിച്ചു.
ബീഹാറിലെ പശ്ചിമ  ചമ്പാരനില്‍ നിന്നുള്ള മാസ്റ്റര്‍ ധീരജ് കുമാറുമായി സംവദിക്കവേ, തന്റെ അനുജനെ മുതലയുടെ ആക്രമണത്തില്‍ നിന്ന് രക്ഷിച്ച സംഭവത്തെക്കുറിച്ച് പ്രധാനമന്ത്രി ആരാഞ്ഞു. ഇളയസഹോദരനെ രക്ഷിക്കുമ്പോഴുണ്ടായിരുന്ന അദ്ദേഹത്തിന്റെ മാനസികാവസ്ഥയെക്കുറിച്ചും ഇപ്പോള്‍ പ്രശസ്തി ലഭിച്ച ശേഷം അദ്ദേഹത്തിന് എന്ത് തോന്നുന്നുവെന്നും പ്രധാനമന്ത്രി ചോദിച്ചു. അദ്ദേഹത്തിന്റെ ധൈര്യത്തെയും മനസാന്നിധ്യത്തെയും പ്രധാനമന്ത്രി പ്രശംസിച്ചു. ഒരു സൈനികനെന്ന നിലയില്‍ രാജ്യത്തെ സേവിക്കാന്‍ ആഗ്രഹിക്കുന്നുവെന്ന് ധീരജ് പ്രധാനമന്ത്രിയോട് പറഞ്ഞു.
പഞ്ചാബില്‍ നിന്നുള്ള മാസ്റ്റര്‍ മീധാന്‍ഷ് കുമാര്‍ ഗുപ്തയുമായി സംവദിച്ച പ്രധാനമന്ത്രി, കോവിഡ് പ്രശ്‌നങ്ങള്‍ക്കായി ഒരു ആപ്പ് സൃഷ്ടിച്ചതിലെ നേട്ടത്തെക്കുറിച്ച് ആരാഞ്ഞു. മീധാന്‍ഷിനെപ്പോലുള്ള കുട്ടികളില്‍ സംരംഭകത്വം പ്രോത്സാഹിപ്പിക്കാനുള്ള ഗവണ്‍മെന്റിന്റെ പരിശ്രമങ്ങള്‍ ഫലം കാണുന്നുവെന്നും തൊഴിലന്വേഷകരാകുന്നതിനുപകരം തൊഴില്‍ ദാതാക്കളാകാനുള്ള പ്രവണത കൂടുതല്‍ പ്രകടമായിക്കൊണ്ടിരിക്കുകയാണെന്നും പ്രധാനമന്ത്രി പറഞ്ഞു.
ചണ്ഡീഗഡില്‍ നിന്നുള്ള കുമാരി തരുഷി ഗൗറുമായി സംവദിക്കവേ, കായിക വിനോദവും പഠനവും തമ്മിലുള്ള സന്തുലിതാവസ്ഥയെക്കുറിച്ചുള്ള അവരുടെ അഭിപ്രായം പ്രധാനമന്ത്രി ആരാഞ്ഞു. ബോക്‌സര്‍ മേരി കോമിനെ തരുശ്രീ എന്തുകൊണ്ടാണ് ആരാധിക്കുന്നതെന്ന് പ്രധാനമന്ത്രി ചോദിച്ചു. ഒരു കായികതാരം എന്ന നിലയിലും അമ്മയെന്ന നിലയിലും അവര്‍ പ്രകടമാക്കുന്ന മികവിനും സന്തുലിതാവസ്ഥയ്ക്കും ഉള്ള പ്രതിബദ്ധത മൂലമാണ് അവരെ ഇഷ്ടപ്പെടുന്നതെന്ന് അവര്‍ പ്രധാനമന്ത്രിയെ അറിയിച്ചു. കായിക താരങ്ങള്‍ക്ക് എല്ലാ സൗകര്യങ്ങളും ഒരുക്കാനും എല്ലാ തലത്തിലും വിജയിക്കാനുള്ള മാനസികാവസ്ഥ സൃഷ്ടിക്കാനും ഗവണ്‍മെന്റ് പ്രതിജ്ഞാബദ്ധമാണെന്നും പ്രധാനമന്ത്രി പറഞ്ഞു.
രാജ്യം ആസാദി കാ അമൃത് മഹോത്സവം ആഘോഷിക്കുന്ന സുപ്രധാന കാലഘട്ടത്തില്‍ സമ്മാനിച്ച പുരസ്‌ക്കാരങ്ങള്‍ എന്നതിന്റെ വെളിച്ചത്തില്‍ ഈ പുരസ്‌കാരങ്ങള്‍ കൂടുതല്‍ പ്രാധാന്യമര്‍ഹിക്കുന്നതായി സദസിനെ അഭിസംബോധന ചെയ്തുകൊണ്ട് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. അമൃത് കാലത്തിന്റെ വരാനിരിക്കുന്ന 25 വര്‍ഷങ്ങളില്‍ മികച്ച നേട്ടങ്ങള്‍ കൈവരിക്കാന്‍ ഭൂതകാലത്തില്‍ നിന്ന് ഊര്‍ജം ഉള്‍ക്കൊണ്ട് കൊണ്ട് ഓരോരുത്തരും സ്വയം സമര്‍പ്പിക്കേണ്ട സമയമാണിതെന്ന് അദ്ദേഹം പറഞ്ഞു. ദേശീയ പെണ്‍കുട്ടികളുടെ ദിനത്തില്‍ രാജ്യത്തെ പെണ്‍മക്കള്‍ക്കും അദ്ദേഹം ആശംസകള്‍ നേര്‍ന്നു. സ്വാതന്ത്ര്യ സമരത്തിന്റെ തിളങ്ങുന്ന ചരിത്രവും ബിര്‍ബല കനകലത ബറുവ, ഖുദിറാം ബോസ്, റാണി ഗൈഡിനിലു എന്നിവരുടെ സംഭാവനകളും പ്രധാനമന്ത്രി അനുസ്മരിച്ചു. ''ഈ പോരാളികള്‍ വളരെ ചെറുപ്പത്തില്‍ തന്നെ രാജ്യത്തിന്റെ സ്വാതന്ത്ര്യം തങ്ങളുടെ ജീവിത ദൗത്യമാക്കി മാറ്റുകയും അതിനായി അവരെ സ്വയം സമര്‍പ്പിക്കുകയും ചെയ്തു'' , പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.
കഴിഞ്ഞ വര്‍ഷം ദീപാവലി ദിനത്തില്‍ ജമ്മു കാശ്മീരിലെ നൗഷേര സെക്ടറില്‍ സന്ദര്‍ശനം നടത്തിയപ്പോള്‍ സ്വാതന്ത്ര്യാനന്തര യുദ്ധത്തില്‍ ബാല സൈനികരായി സേവനമനുഷ്ഠിച്ച ബല്‍ദേവ് സിങ്ങിനെയും ബസന്ത് സിങ്ങിനെയും കണ്ടതും പ്രധാനമന്ത്രി അനുസ്മരിച്ചു. തങ്ങളുടെ ജീവിതത്തെക്കുറിച്ച് ചിന്തിക്കാതെ ആ ചെറുപ്രായത്തില്‍ തന്നെ അവര്‍ തങ്ങളുടെ സൈന്യത്തെ സഹായിച്ചു. ഈ വീരന്മാരുടെ ധീരതയ്ക്ക് പ്രധാനമന്ത്രി ആദരവ് അര്‍പ്പിച്ചു.
ഗുരു ഗോവിന്ദ് സിംഗ് ജിയുടെ പുത്രന്മാരുടെ ധീരതയുടെയും ത്യാഗത്തിന്റെയും ഉദാഹരണങ്ങളും പ്രധാനമന്ത്രി ഉദ്ധരിച്ചു. പുത്രന്മാർ  അപാരമായ വീര്യത്തോടെ  ത്യാഗം ചെയ്തപ്പോള്‍ അവര്‍ വളരെ ചെറുപ്പമായിരുന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഇന്ത്യയുടെ നാഗരീകതയ്ക്കും സംസ്‌കാരത്തിനും വിശ്വാസത്തിനും മതത്തിനും വേണ്ടിയുള്ള അവരുടെ ത്യാഗം സമാനതകളില്ലാത്തതാണ്. സാഹിബ്‌സാദമാരെയും അവരുടെ ത്യാഗത്തെയും കുറിച്ച് കൂടുതല്‍ അറിയാന്‍ പ്രധാനമന്ത്രി യുവാക്കളോട് ആവശ്യപ്പെട്ടു.
ഡല്‍ഹിയിലെ ഇന്ത്യാ ഗേറ്റിന് സമീപം നേതാജി സുഭാഷ് ചന്ദ്രബോസിന്റെ ഡിജിറ്റല്‍ പ്രതിമയും സ്ഥാപിച്ചിട്ടുണ്ടെന്ന് പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. '' നേതാജിയില്‍ നിന്ന് നമുക്ക് ഏറ്റവും വലിയ പ്രചോദനം ലഭിക്കുന്നു - രാജ്യത്തോടുള്ള കടമ ആദ്യം. നേതാജിയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് നിങ്ങളും രാജ്യത്തോടുള്ള കടമയുടെ പാതയില്‍ മുന്നോട്ട് പോകണം'', ശ്രീ മോദി കൂട്ടിച്ചേര്‍ത്തു.
ഏത് മേഖലയിലായാലും യുവത്വത്തെ കേന്ദ്രത്തില്‍ നിലനിര്‍ത്തുന്നത് നയങ്ങളും മുന്‍കൈകളുമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. സ്വയം പര്യാപ്ത ഇന്ത്യയ്ക്ക് വേണ്ടിയുള്ള ജനകീയ മുന്നേറ്റത്തിനൊപ്പം സ്റ്റാര്‍ട്ട് അപ്പ് ഇന്ത്യ, സ്റ്റാന്‍ഡ് അപ്പ് ഇന്ത്യ, ഡിജിറ്റല്‍ ഇന്ത്യ, മേക്ക് ഇന്‍ ഇന്ത്യ തുടങ്ങിയ സംരംഭങ്ങളും ആധുനിക പശ്ചാത്തല സൗകര്യങ്ങളുടെ സൃഷ്ടിയും അദ്ദേഹം എടുത്തുപറഞ്ഞു. ഇന്ത്യയിലും പുറത്തും ഈ പുതിയ യുഗത്തിന് നേതൃത്വം നല്‍കുന്ന ഇന്ത്യയിലെ യുവാക്കളുടെ വേഗതയുമായി സമന്വയിക്കുന്നതാണിതെന്ന് അദ്ദേഹം പറഞ്ഞു. നൂതനാശയങ്ങള്‍, സ്റ്റാര്‍ട്ടപ്പ് മേഖലകളില്‍ ഇന്ത്യയുടെ വളര്‍ന്നുവരുന്ന കഴിവില്‍ പ്രധാനമന്ത്രി അടിവരയിട്ടു. പ്രമുഖ ആഗോള കമ്പനികളെ യുവ ഇന്ത്യന്‍ സി.ഇ.ഒമാര്‍ നയിക്കുന്നതിലെ രാജ്യത്തിന്റെ അഭിമാനം അദ്ദേഹം പകര്‍ന്നുനല്‍കി. '' ഇന്ത്യയിലെ യുവാക്കള്‍ സ്റ്റാര്‍ട്ടപ്പുകളുടെ ലോകത്ത് 
ഇന്ന്  മികവ് പുലര്‍ത്തുന്നത് കാണുമ്പോള്‍ നമുക്ക്  അഭിമാനം തോന്നുന്നു. ഇന്ന് ഇന്ത്യയിലെ യുവാക്കള്‍ രാജ്യത്തെ നവീകരിക്കുകയും മുന്നോട്ട് കൊണ്ടുപോകുകയും ചെയ്യുന്നത് കാണുമ്പോള്‍ നമുക്ക് അഭിമാനം തോന്നുന്നു'', പ്രധാനമന്ത്രി പറഞ്ഞു.
നേരത്തെ പെണ്‍മക്കളെ പോലും അനുവദിക്കാത്ത മേഖലകളില്‍ പോലും പെണ്‍മക്കള്‍ ഇന്ന് അത്ഭുതങ്ങള്‍ സൃഷ്ടിക്കുകയാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഇത് നവീകരണത്തില്‍ നിന്ന് പിന്മാറാത്ത നവഇന്ത്യയാണിത്, ധൈര്യവും നിശ്ചയദാര്‍ഢ്യവുമാണ് ഇന്നത്തെ ഇന്ത്യയുടെ മുഖമുദ്ര.
പ്രതിരോധകുത്തിവയ്പ്പ് പരിപാടിയിലും ഇന്ത്യയിലെ കുട്ടികള്‍ തങ്ങളുടെ ആധുനികവും ശാസ്ത്രീയവുമായ ചിന്തകള്‍ പ്രകടിപ്പിച്ചതായി പ്രധാനമന്ത്രി അഭിനന്ദിച്ചു. ജനുവരി 3 മുതല്‍, വെറും 20 ദിവസത്തിനുള്ളില്‍ 40 ദശലക്ഷത്തിലധികം കുട്ടികള്‍ കൊറോണ പ്രതിരോധകുത്തിവയ്പ്പ് സ്വീകരിച്ചു. സ്വച്ഛ് ഭാരത് അഭിയാനിലെ അവരുടെ നേതൃത്വത്തെയും അദ്ദേഹം അഭിനന്ദിച്ചു. പ്രാദേശികതയ്ക്ക് വേണ്ടിയുള്ള ശബ്ദത്തിന്റെ (വോക്കല്‍ ഫോര്‍ ലോക്കല്‍) അംബാസഡിറമാരാകാനും ആത്മനിര്‍ഭര്‍ ഭാരതിന്റെ സംഘടിതപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കാനും പ്രധാനമന്ത്രി അവരോട് അഭ്യര്‍ത്ഥിച്ചു.

ND

(Release ID: 1792154) Visitor Counter : 174