പരിസ്ഥിതി, വനം മന്ത്രാലയം
azadi ka amrit mahotsav

കടുവ സംരക്ഷണത്തെക്കുറിച്ചുള്ള നാലാമത് ഏഷ്യ മന്ത്രിതല സമ്മേളനത്തിൽ ഇന്ത്യയുടെ പ്രസ്താവനയുമായി ശ്രീ ഭൂപേന്ദർ യാദവ്

Posted On: 21 JAN 2022 3:15PM by PIB Thiruvananthpuram
പ്രകൃതിവിഭവങ്ങളെ ആശ്രയിക്കുന്ന സമൂഹം കടുവ സംരക്ഷണത്തിന്റെ നിർണ്ണായക വശമാണെന്നും ഇന്ത്യയുടെ 'കടുവ അജണ്ട'യിൽ 'ജനകീയ അജണ്ട' പ്രമുഖ സ്ഥാനത്താണെന്നും പരിസ്ഥിതി, വനം, കാലാവസ്ഥാ വ്യതിയാന മന്ത്രി ശ്രീ ഭൂപേന്ദർ യാദവ് പറഞ്ഞു. ഗ്ലോബൽ ടൈഗർ റിക്കവറി പ്രോഗ്രാമിന്റെ പുരോഗതിയും കടുവ സംരക്ഷണത്തിനുള്ള പ്രതിബദ്ധതയും അവലോകനം ചെയ്യുന്നതിനുള്ള സുപ്രധാന പരിപാടിയായ കടുവ സംരക്ഷണത്തെക്കുറിച്ചുള്ള നാലാമത് നാലാമത് ഏഷ്യ മന്ത്രിതല സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി.
 
കടുവ സംരക്ഷണത്തെക്കുറിച്ചുള്ള നാലാമത് ഏഷ്യ മന്ത്രിതല സമ്മേളനം സംഘടിപ്പിച്ചതിന് മലേഷ്യൻ ഗവൺമെന്റിനെയും ഗ്ലോബൽ ടൈഗർ ഫോറത്തെയും (GTF) രാജ്യത്തിന്റെ പ്രസ്താവനയിൽ ശ്രീ യാദവ് അഭിനന്ദിച്ചു.
 
ഈ വർഷം അവസാനം റഷ്യയിലെ വ്ലാഡിവോസ്‌റ്റോക്കിൽ നടക്കുന്ന ആഗോള കടുവ ഉച്ചകോടിക്ക് മുന്നോടിയായി, ന്യൂ ഡൽഹി പ്രഖ്യാപനത്തിന് അന്തിമരൂപം നൽകാൻ ടൈഗർ റേഞ്ച് രാജ്യങ്ങൾക്ക് ഇന്ത്യ സൗകര്യമൊരുക്കുമെന്ന് മന്ത്രി പറഞ്ഞു. 2010-ൽ ന്യൂ ഡൽഹിയിൽ നടന്ന "പ്രീ-ടൈഗർ സമ്മിറ്റ്" യോഗത്തിലാണ് ആഗോള കടുവ ഉച്ചകോടിക്കുള്ള കടുവ സംരക്ഷണത്തെക്കുറിച്ചുള്ള കരട് പ്രഖ്യാപനത്തിന് അന്തിമരൂപം നൽകിയത്.
 
ലക്ഷ്യമിട്ടിരുന്ന 2022-ന് 4 വർഷം മുമ്പ്, 2018-ൽ തന്നെ കടുവകളുടെ എണ്ണം ഇരട്ടിയാക്കുകയെന്ന നേട്ടം ഇന്ത്യ കൈവരിച്ചതായി പ്രഖ്യാപിച്ച ശ്രീ യാദവ്, ഇന്ത്യയുടെ കടുവാ സംരക്ഷണ വിജയത്തിന്റെ മാതൃക ഇപ്പോൾ മറ്റ് വന്യജീവികളുടെ കാര്യത്തിലും ആവർത്തിക്കുകയാണെന്ന് അറിയിച്ചു. രാജ്യത്ത് ചീറ്റയെ പുനരവതരിപ്പിക്കാനുള്ള പദ്ധതി അന്തിമഘട്ടത്തിലാണ്.
 
കടുവ സംരക്ഷണത്തിനുള്ള ബജറ്റ് വിഹിതം 2014-ലെ 185 കോടി രൂപയിൽ നിന്ന് 2022-ൽ 300 കോടി രൂപയായി വർധിച്ചിട്ടുണ്ടെന്നും ഇന്ത്യയിലെ 14 ടൈഗർ റിസർവുകൾക്ക് അന്താരാഷ്ട്ര CA|TS അംഗീകാരം ലഭിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
 
കടുവ സംരക്ഷണത്തിന്റെ പ്രധാന സ്തംഭം മുൻനിരയിലെ ജീവനക്കാരാണെന്നും അതിനാൽ e-Sharm - ന് കീഴിൽ ഓരോ കരാർ/താത്കാലിക തൊഴിലാളികൾക്കും 2 ലക്ഷം രൂപ ഇൻഷുറൻസ് പരിരക്ഷയും ആയുഷ്മാൻ യോജന പ്രകാരം 5 ലക്ഷം രൂപ ആരോഗ്യ പരിരക്ഷയും നൽകിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
 
ടൈഗർ റേഞ്ച് രാജ്യങ്ങളുടെ ഗവൺമെന്റ് തല വേദിയായ ഗ്ലോബൽ ടൈഗർ ഫോറത്തിന്റെ സ്ഥാപകാംഗമാണ് ഇന്ത്യ.

 

*** (Release ID: 1791530) Visitor Counter : 56