വാണിജ്യ വ്യവസായ മന്ത്രാലയം
azadi ka amrit mahotsav

ടയർ 2, 3 നഗരങ്ങളിൽ നിന്നുള്ള സ്റ്റാർട്ടപ്പുകളിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ ആഗോള വെഞ്ചർ ക്യാപിറ്റൽ ഫണ്ടുകളോട് ശ്രീ പിയൂഷ് ഗോയൽ അഭ്യർത്ഥിച്ചു

Posted On: 14 JAN 2022 2:11PM by PIB Thiruvananthpuram


ന്യൂ ഡൽഹി, ജനുവരി 14, 2022


ടയർ 2, 3 നഗരങ്ങളിൽ നിന്നുള്ള സ്റ്റാർട്ടപ്പുകളിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ ആഗോള വെഞ്ചർ ക്യാപിറ്റൽ (വിസി) ഫണ്ടുകളോട് കേന്ദ്ര വാണിജ്യ, വ്യവസായ മന്ത്രി ശ്രീ പിയൂഷ് ഗോയൽ ആഹ്വാനം ചെയ്തു.

ഡിപിഐഐടി സംഘടിപ്പിച്ച ഗ്ലോബൽ വെഞ്ചർ ക്യാപിറ്റൽ ഫണ്ടുകളുമായുള്ള നാലാമത് റൗണ്ട് ടേബിൾ കോൺഫറൻസിൽ ശ്രീ ഗോയൽ അധ്യക്ഷത വഹിച്ചു. നിക്ഷേപത്തിന് പുതിയ മേഖലകൾ കണ്ടെത്താനും, ഇന്ത്യൻ യുവ സംരംഭകർ സൃഷ്ടിച്ച ബൗദ്ധിക സ്വത്ത് സംരക്ഷിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനും, കൂടുതൽ മൂലധന നിക്ഷേപം വികസിപ്പിക്കാനും, ആവശ്യമായ വൈദഗ്ധ്യം നൽകാനും VC-കളെ അദ്ദേഹം ക്ഷണിച്ചു. സ്റ്റാർട്ടപ്പുകളെ പിന്തുണയ്ക്കുന്നതിനായി ഗവൺമെന്റ് ഇതിനകം നിരവധി നടപടികൾ കൈക്കൊണ്ടിട്ടുണ്ടെന്നും ഭാവിയിലും അത് ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

55 വ്യവസായ മേഖലകളിലായി വ്യാപിച്ചുകിടക്കുന്ന 61,000-ഇൽ അധികം അംഗീകൃത സ്റ്റാർട്ടപ്പുകൾ ഇന്ത്യയിൽ ഉണ്ടെന്നും, അവയിൽ 45%, ടയർ 2, 3 നിര നഗരങ്ങളിൽ നിന്ന് ഉയർന്നുവരുന്നവയാണെന്നും, 45% സ്റ്റാർട്ടപ്പുകളിൽ കുറഞ്ഞത് ഒരു വനിതാ ഡയറക്ടറെങ്കിലും ഉണ്ടെന്നും യോഗത്തിൽ ചൂണ്ടിക്കാട്ടി. വാണിജ്യ വ്യവസായ പ്രവർത്തനങ്ങൾ വർധിപ്പിക്കുന്നതിനും മൂലധന സമാഹരണം എളുപ്പമാക്കുന്നതിനും അനാവശ്യ നടപടികൾ കുറയ്ക്കുന്നതിനുമായി ഗവൺമെന്റ് 49 പരിഷ്‌കാരങ്ങൾ നടപ്പാക്കിയിട്ടുണ്ട്.

2022 ജനുവരി 10 മുതൽ 16 വരെ നടക്കുന്ന സ്റ്റാർട്ടപ്പ് ഇന്ത്യ നൂതനാശയ വാരത്തിന്റെ ഭാഗമായി വീഡിയോ കോൺഫറൻസിലൂടെയാണ് റൗണ്ട് ടേബിൾ നടന്നത്. 75 വെഞ്ചർ ക്യാപിറ്റൽ ഫണ്ട് നിക്ഷേപകർ ചർച്ചകളിൽ പങ്കെടുത്തു. 

 


(Release ID: 1789948) Visitor Counter : 210