ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം

കോവിഡ് മരണങ്ങൾ എണ്ണം കുറച്ച് റിപ്പോർട്ട് ചെയ്യുന്നു എന്ന തരത്തിലുള്ള മാധ്യമ റിപ്പോർട്ടുകൾ തെറ്റിദ്ധാരണാജനകവും, അടിസ്ഥാനരഹിതവും, സത്യ വിരുദ്ധവുമാണ്

Posted On: 14 JAN 2022 2:22PM by PIB Thiruvananthpuramന്യൂ ഡൽഹി, ജനുവരി 14, 2022

കോവിഡ്-19 ന്റെ ആദ്യ രണ്ട് തരംഗത്തിൽ മരണമടഞ്ഞവരുടെ എണ്ണം ഗണ്യമായ തോതിൽ കുറച്ചു രേഖപ്പെടുത്തുന്നു എന്ന തരത്തിൽ ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. മരണമടഞ്ഞവരുടെ എണ്ണം ഏറെയാണെന്നും ഇത് മൂന്നു ദശലക്ഷം പിന്നിടാനാണ് സാധ്യതയെന്നും ഇവർ തങ്ങളുടെ റിപ്പോർട്ടുകളിൽ ഉന്നയിച്ചിരുന്നു.

എന്നാൽ ഇത്തരം മാധ്യമ റിപ്പോർട്ടുകൾ തെറ്റായതും അബദ്ധജടിലവുമാണെന്ന് വ്യക്തമായിട്ടുണ്ട്. ജനന-മരണ കണക്കുകൾ രേഖപ്പെടുത്തുന്നതിൽ സുശക്തമായ ഒരു സംവിധാനമാണ് ഇന്ത്യക്കുള്ളത്. ഗ്രാമ പഞ്ചായത്ത് മുതൽ ജില്ലാ-സംസ്ഥാന തലങ്ങൾ വരെ കൃത്യമായ ഇടവേളകളിൽ നടക്കുന്ന കണക്കെടുപ്പുകളെ അടിസ്ഥാനമാക്കിയാണ് അത് പ്രവർത്തിക്കുന്നത്. രജിസ്ട്രാർ ജനറൽ ഓഫ് ഇന്ത്യയുടെ മേൽനോട്ടത്തിന് കീഴിലാണ് ഈ മുഴുവൻ പ്രവർത്തനങ്ങളും നടക്കുന്നത്. മാത്രമല്ല ആഗോളതലത്തിൽ അംഗീകരിച്ചിട്ടുള്ള മാനദണ്ഡങ്ങളടിസ്ഥാനപ്പെടുത്തി, കോവിഡ് മരണങ്ങളെ തിരിച്ചറിയാൻ ഒരു സമഗ്രമായ നിർവചനമാണ് ഭാരത സർക്കാർ പിന്തുടരുന്നത്.

സംസ്ഥാനങ്ങൾ സ്വതന്ത്രമായി റിപ്പോർട്ട് ചെയ്യുന്ന മരണങ്ങൾ കേന്ദ്ര തലത്തിൽ ഒരുമിച്ചാക്കുകയാണ് ചെയ്യുന്നത്. മരണ കണക്കു സംബന്ധിച്ചു സംസ്ഥാനങ്ങൾ വിവിധ സമയങ്ങളിൽ സമർപ്പിക്കുന്ന കൂട്ടിച്ചേർക്കലുകൾ, ഭാരത സർക്കാരിന്റെ കോവിഡ് മരണം സംബന്ധിച്ച വിവരങ്ങളിൽ
കൃത്യമായും നിരന്തരമായും ഉൾപ്പെടുത്തുന്നുണ്ട്. കുറച്ചധികം സംസ്ഥാനങ്ങൾ കോവിഡ് മരണം സംബന്ധിച്ച് നേരത്തെ സമർപ്പിച്ച വിവരങ്ങളിൽ കൃത്യമായ ഇടവേളകളിൽ കൂട്ടിചേർക്കലുകൾ നടത്തിയിട്ടുണ്ട്. ഇത്തരത്തിൽ വിട്ടുപോയ മരണങ്ങൾ തികച്ചും സുതാര്യമായ രീതിയിലാണ് അവർ നല്കിയിട്ടുള്ളത്. അതുകൊണ്ടുതന്നെ മരണ കണക്കുകൾ കുറച്ച് റിപ്പോർട്ട് ചെയ്യുന്നു എന്ന തരത്തിലുള്ള വാദങ്ങൾ അടിസ്ഥാനമില്ലാത്തതും ന്യായീകരണം ഇല്ലാത്തതുമാണ്.

 
മാത്രമല്ല കോവിഡ് മഹാമാരിയിൽ മരണമടയുന്നവർക്ക് നഷ്ടപരിഹാരത്തിന് അർഹത ഉള്ളതിനാൽ കൊവിഡ് മരണങ്ങൾ റിപ്പോർട്ട്ചെയ്യുന്നതിൽ ഒരു പ്രോത്സാഹനമുണ്ട്. മഹാമാരി പോലെ തികച്ചും മോശമായ ഒരു സാഹചര്യത്തിൽ മറ്റുപല കാരണങ്ങൾ കൊണ്ടും യഥാർത്ഥത്തിൽ മരണമടഞ്ഞവരുടെ എണ്ണം, റിപ്പോർട്ട് ചെയ്യപ്പെടുന്ന മരണങ്ങളെക്കാൾ കൂടുതലാകാൻ സാധ്യതയുണ്ട്.
 
 
****
 


(Release ID: 1789933) Visitor Counter : 225