പ്രധാനമന്ത്രിയുടെ ഓഫീസ്‌

തമിഴ്നാട്ടില്‍ 11 പുതിയ മെഡിക്കല്‍ കോളേജുകളും സിഐസിടിയുടെ പുതിയ കാമ്പസും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു


വിരുദുനഗര്‍, നാമക്കല്‍, നീലഗിരി, തിരുപ്പൂര്‍, തിരുവള്ളൂര്‍, നാഗപട്ടണം, ഡിണ്ടിഗല്‍, കല്ലക്കുറിച്ചി, അരിയല്ലൂര്‍, രാമനാഥപുരം, കൃഷ്ണഗിരി എന്നീ ജില്ലകളിലാണ് പുതിയ മെഡിക്കല്‍ കോളേജുകള്‍

കഴിഞ്ഞ ഏഴ് വര്‍ഷത്തിനിടെ മെഡിക്കല്‍ കോളേജുകളുടെ എണ്ണം 54 ശതമാനം വര്‍ധിച്ച് 596 ആയി ഉയര്‍ന്നു.

മെഡിക്കല്‍ അണ്ടര്‍ ഗ്രാജുവേറ്റ്, പോസ്റ്റ് ഗ്രാജ്വേറ്റ് സീറ്റുകള്‍ 2014-ലെ 82,000 സീറ്റുകളില്‍ നിന്ന് 80% വര്‍ധിച്ച് ഏകദേശം 1,48,000 സീറ്റുകളായി

2014-ല്‍ 7 ആയിരുന്ന എയിംസുകളുടെ എണ്ണം ഇന്ന് 22 ആയി വര്‍ധിച്ചു

''ആരോഗ്യസംരക്ഷണത്തില്‍ നിക്ഷേപം നടത്തുന്ന സമൂഹങ്ങള്‍ക്കാണു ഭാവിയുള്ളത്. ഇന്ത്യാഗവണ്‍മെന്റ് ഈ മേഖലയില്‍ നിരവധി പരിഷ്‌കരണങ്ങള്‍ കൊണ്ടുവന്നു''

''അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ തമിഴ്നാടിന് മൂവായിരം കോടിയിലധികം രൂപയുടെ സഹായം നല്‍കും. ഈ തുക സംസ്ഥാനത്തുടനീളം നഗരങ്ങളില്‍ ആരോഗ്യ/ക്ഷേമ കേന്ദ്രങ്ങളും ജില്ലാ തലത്തില്‍ പൊതുജനാരോഗ്യ ലാബുകളും സങ്കീര്‍ണ രോഗ പരിചരണ ബ്ലോക്കുകളും ആരംഭിക്കുന്നതിന് സഹായിക്കും''

''ഞാന്‍ എപ്പോഴും തമിഴ് ഭാഷയും സംസ്‌കാരവും ആശ്ചര്യത്തോടെയാണ് നോക്കിക്കാണുന്നത്''

Posted On: 12 JAN 2022 5:45PM by PIB Thiruvananthpuram

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് തമിഴ്നാട്ടില്‍ 11 പുതിയ മെഡിക്കല്‍ കോളേജുകളും സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ക്ലാസിക്കല്‍ തമിഴിന്റെ (സിഐസിടി) പുതിയ കാമ്പസും വീഡിയോ കോണ്‍ഫറന്‍സിലൂടെ ഉദ്ഘാടനം ചെയ്തു. കേന്ദ്രമന്ത്രി ഡോ. മന്‍സുഖ് മാണ്ഡവ്യ, ഡോ. എല്‍ മുരുകന്‍, ഡോ. ഭാരതി പവാര്‍, തമിഴ്നാട് മുഖ്യമന്ത്രി ശ്രീ എം കെ സ്റ്റാലിന്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. സദസ്സിനെ അഭിസംബോധന ചെയ്യവേ, 11 മെഡിക്കല്‍ കോളേജുകളുടെ ഉദ്ഘാടനവും സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ക്ലാസിക്കല്‍ തമിഴിന്റെ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനവും നടക്കുന്നതോടെ സമൂഹത്തിന്റെ ആരോഗ്യം മെച്ചപ്പെടുമെന്നും അതോടൊപ്പം സംസ്‌കാരവുമായുള്ള  നമ്മുടെ ബന്ധം കൂടുതല്‍ ദൃഢമായിക്കൊണ്ടിരിക്കുകയാണെന്നും പ്രധാനമന്ത്രി പറഞ്ഞു.

ഡോക്ടര്‍മാരുടെ അഭാവം കാലങ്ങളായുള്ള പ്രശ്നമാണെന്ന് പറഞ്ഞ പ്രധാനമന്ത്രി പ്രശ്നം പരിഹരിക്കുന്നതിന് നിലവിലെ ഗവണ്‍മെന്റ് മുന്‍ഗണന നല്‍കിയതായി വ്യക്തമാക്കി. 2014ല്‍ രാജ്യത്ത് 387 മെഡിക്കല്‍ കോളേജുകള്‍ ഉണ്ടായിരുന്നിടത്ത് ഏഴുവര്‍ഷത്തിനുള്ളില്‍ 596 ആയി വര്‍ധിച്ചതായി അദ്ദേഹം പറഞ്ഞു. അതായത് 54 ശതമാനം വര്‍ധന. 2014ല്‍ രാജ്യത്ത് 82,000 മെഡിക്കല്‍ ബിരുദ-ബിരുദാനന്തര ബിരുദ സീറ്റുകളാണുണ്ടായിരുന്നത്. എന്നാല്‍ കഴിഞ്ഞ 7 വര്‍ഷത്തിനുള്ളില്‍ സീറ്റുകളുടെ എണ്ണം 1,48,000 ആയി വര്‍ധിച്ചു. ഇത് 80 ശതമാനത്തിന്റെ വര്‍ധനയാണ്. 2014ല്‍ രാജ്യത്ത് ഏഴ് എയിംസുകള്‍ ഉണ്ടായിരുന്നത് ഇപ്പോള്‍ 22 എണ്ണമായി വളര്‍ന്നു. അതേസമയം ആരോഗ്യ വിദ്യാഭ്യാസമേഖലയെ കൂടുതല്‍ സുതാര്യമാക്കാന്‍ നിരവധി നടപടികള്‍ സ്വീകരിച്ചിട്ടുള്ളതായി അദ്ദേഹം വ്യക്തമാക്കി. തമിഴ്നാട്ടില്‍ ഒരുമിച്ച് 11 മെഡിക്കല്‍ കോളേജുകള്‍ ഉദ്ഘാടനം ചെയ്ത താന്‍ മുമ്പ് ഉത്തര്‍പ്രദേശില്‍ ഒരേ ദിവസം 9 മെഡിക്കല്‍ കോളേജുകള്‍ ഉദ്ഘാടനം ചെയ്ത തന്റെ തന്നെ റെക്കോര്‍ഡ് പഴങ്കഥയാക്കിയതായി പറഞ്ഞു. വികസനം കാംക്ഷിക്കുന്ന ജില്ലകളായ രാമനാഥപുരം, വിരുദുനഗര്‍ എന്നിവിടങ്ങളില്‍ മെഡിക്കല്‍ കോളേജ് സ്ഥാപിക്കാനായതില്‍ സ്ന്തോഷമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. അവയ്ക്കൊപ്പം മലകളാല്‍ സമൃദ്ധമായ നീലഗിരി ജില്ലയിലും മെഡിക്കല്‍ കോളേജ് ഉദ്ഘാടനം ചെയ്യുക വഴി പ്രാദേശികമായ സമത്വം പാലിക്കാനായതായി അദ്ദേഹം പറഞ്ഞു.

ജീവിതകാലത്തിലൊരിക്കല്‍ മാത്രമുണ്ടാകുന്ന കോവിഡ് 19 മഹാമാരി ആരോഗ്യ മേഖലയുടെ പ്രാധാന്യം ആവര്‍ത്തിച്ചുറപ്പിച്ചതായി പ്രധാനമന്ത്രി വ്യക്തമാക്കി. ആരോഗ്യ രംഗത്ത് നിക്ഷേപം നടത്തുന്ന സമൂഹങ്ങള്‍ക്കേ സുരക്ഷിതമായ ഭാവിയുള്ളു. കേന്ദ്രം ആരോഗ്യ മേഖലയില്‍ നിരവധി മാറ്റങ്ങള്‍ നടപ്പിലാക്കി. ആയുഷ്മാന്‍ ഭാരതിന്റെ ഫലമായി പാവപ്പെട്ടവര്‍ക്ക് ഗുണനിലവാരമുള്ള ചികിത്സ ഇന്ന് പ്രാപ്യമാണ്. മുട്ടുചിരട്ട മാറ്റി വയ്ക്കലിനും സ്റ്റെന്റുകള്‍ക്കുമുള്ള ചെലവ് മൂന്നിലൊന്നായി കുറഞ്ഞു. ഒരു രൂപയ്ക്ക് സാനിറ്ററി നാപ്കിനുകള്‍ വിതരണം ചെയ്യുന്നത് സ്ത്രീകള്‍ക്കിടയില്‍ ആരോഗ്യകരമായ ജീവിതശൈലിക്കു വഴിവയ്ക്കും. പ്രധാനമന്ത്രി ആയുഷ്മാന്‍ ഭാരത് അടിസ്ഥാന സൗകര്യ ദൗത്യം ആരോഗ്യ മേഖലയിലെ പോരായ്മകള്‍, പ്രത്യേകിച്ച് ജില്ലാതലത്തിലുള്ളത് പരിഹരിക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. അടുത്ത അഞ്ച് വര്‍ഷം തമിഴ്നാടിന് 3,000 കോടി രൂപയിലധികം ധനസഹായം നല്‍കും. ഈ തുക സംസ്ഥാനത്തുടനീളം നഗരങ്ങളില്‍ ആരോഗ്യ/ക്ഷേമ കേന്ദ്രങ്ങളും ജില്ലാ തലത്തില്‍ പൊതുജനാരോഗ്യ ലാബുകളും സങ്കീര്‍ണ രോഗ പരിചരണ ബ്ലോക്കുകളും ആരംഭിക്കുന്നതിന് സഹായിക്കും. ''കുറച്ച് വര്‍ഷങ്ങള്‍ക്കുള്ളില്‍ ഇന്ത്യ ആരോഗ്യ രംഗത്ത് ചെലവ് കുറഞ്ഞതും ഗുണനിലവാരമുള്ളതുമായ ചികിത്സയുടെ കേന്ദ്രമായി മാറും. മെഡിക്കല്‍ വിനോദസഞ്ചാരത്തിന്റെ കേന്ദ്രമായി മാറാന്‍ ആവശ്യമായ എല്ലാം ഇന്ത്യയിലുണ്ട്. ഇത് നമ്മുടെ ഡോക്ടര്‍മാരുടെ കഴിവിന്റെ ഫലമാണെന്ന് എനിക്ക് പറയാന്‍ കഴിയും''- അദ്ദേഹം പറഞ്ഞു. ടെലിമെഡിസിന്‍ സാധ്യതയും പരിശോധിക്കാന്‍ അദ്ദേഹം ആരോഗ്യ രംഗത്ത് പ്രവര്‍ത്തിക്കുന്നവരോട് ആവശ്യപ്പെട്ടു.

തമിഴ് ഭാഷയുടേയും തമിഴ് സംസ്‌കാരത്തിന്റെയും പ്രഭാവം തന്നെ എല്ലാക്കാലത്തും ആകര്‍ഷിച്ചിട്ടുള്ളതായി അദ്ദേഹം പറഞ്ഞു. ''ഐക്യരാഷ്ട്ര സഭയില്‍ ലോകത്തെ ഏറ്റവും പ്രായമുള്ള ഭാഷയായ തമിഴില്‍ കുറച്ച് വാക്കുകള്‍ സംസാരിക്കാന്‍ അവസരം ലഭിച്ചത് എന്റെ ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ നിമിഷങ്ങളിലൊന്നായിരുന്നു''- അദ്ദേഹം വെളിപ്പെടുത്തി. ബനാറസ് ഹിന്ദു സര്‍വകലാശാലയില്‍ 'സുബ്രഹ്‌മണ്യ ഭാരതി ചെയര്‍' സ്ഥാപിച്ചുവെന്ന ബഹുമതിയും തന്റെ ഗവണ്‍മെന്റിനാണെന്ന് അദ്ദേഹം പറഞ്ഞു. തന്റെ പാര്‍ലമെന്റ് മണ്ഡലത്തില്‍ സ്ഥിതി ചെയ്യുന്ന ഈ ചെയര്‍ തമിഴ് ഭാഷയെക്കുറിച്ച് ആളുകളില്‍ താല്‍പര്യം ജനിപ്പിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

2020ലെ ദേശീയ വിദ്യാഭ്യാസ നയത്തില്‍ ഇന്ത്യന്‍ ഭാഷകളും ഇന്ത്യന്‍ വിജ്ഞാന സമ്പ്രദായങ്ങളും ഉള്‍പ്പെടുത്തുന്നതിനെക്കുറിച്ച് സംസാരിക്കവേ തമിഴ് ഇപ്പോള്‍ സെക്കന്‍ഡറി-മധ്യതലങ്ങളില്‍ ക്ലാസിക് ഭാഷ എന്ന നിലയില്‍ പഠിക്കാനാകുമെന്ന് പറഞ്ഞു. സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് വിവിധ ഇന്ത്യന്‍ ഭാഷകളിലെ 100 വരികള്‍ ഓഡിയോ-വീഡിയോ രൂപത്തില്‍ പരിചിതമാക്കുന്ന ഭാഷാ സംഗമത്തില്‍ തമിഴ് ഒരു ഭാഷയായി ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഭാരതവാണി പദ്ധതിക്കുകീഴില്‍ തമിഴ് ഇ-ഉള്ളടക്കം ഡിജിറ്റല്‍വല്‍ക്കരിച്ചതായും അദ്ദേഹം പറഞ്ഞു. ''മാതൃഭാഷയില്‍ വിദ്യാഭ്യാസം നടത്തുന്നതിനെയും പ്രാദേശിക ഭാഷ സ്‌കൂളുകളില്‍ ഉപയോഗിക്കുന്നതിനേയും ഞങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നു. എന്‍ജിനീയറിംഗ് പോലുള്ള സാങ്കേതിക കോഴ്സുകള്‍ ഇന്ത്യന്‍ ഭാഷകളില്‍ പഠിക്കുന്നതിനുള്ള സൗകര്യങ്ങള്‍ ഗവണ്‍മെന്റ് ചെയ്തിട്ടുണ്ട്''- അദ്ദേഹം പറഞ്ഞു.

'ഏക് ഭാരത് ശ്രേഷ്ഠ ഭാരത്' നാനാത്വത്തിലെ ഏകത്വം എന്ന വികാരം ശക്തമാക്കുകയും ജനങ്ങളെ കൂടുതല്‍ അടുപ്പിക്കുകയും ചെയ്തതായി പ്രധാനമന്ത്രി പറഞ്ഞു. ''ഹരിദ്വാറിലുള്ള ഒരു ചെറിയ കുട്ടി തിരുവള്ളുവരുടെ പ്രതിമ കാണുകയും അദ്ദേഹത്തിന്റെ മഹത്വം അന്വേഷിച്ചറിയുകയും ചെയ്യുമ്പോള്‍ 'ഏക് ഭാരത് ശ്രേഷ്ഠ ഭാരതി'ന്റെ വിത്ത് ആ കുട്ടിയുടെ മനസില്‍ വിതയ്ക്കുകയാണ് ചെയ്യുന്നത്''- അദ്ദേഹം പറഞ്ഞു. എല്ലാവരോടും കോവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാനും പ്രധാനമന്ത്രി ആഹ്വാനം ചെയ്തു.

4000 കോടി ചെലവിലാണ് പുതിയ മെഡിക്കല്‍ കോളേജുകള്‍ സ്ഥാപിച്ചത്. ഇതില്‍ 2145 കോടി കേന്ദ്ര വിഹിതവും ബാക്കി തമിഴ്‌നാട് ഗവണ്‍മെന്റിന്റേതുമാണ്.  വിരുദുനഗര്‍, നാമക്കല്‍, നീലഗിരി, തിരുപ്പൂര്‍, തിരുവള്ളൂര്‍, നാഗപട്ടണം, ഡിണ്ടിഗല്‍, കല്ലക്കുറിച്ചി, അരിയല്ലൂര്‍, രാമനാഥപുരം, കൃഷ്ണഗിരി ജില്ലകളിലാണ് പുതിയ മെഡിക്കല്‍ കോളേജുകള്‍ ഉദ്ഘാടനം ചെയ്യപ്പെട്ടത്. രാജ്യത്തിന്റെ എല്ലാ ഭാഗത്തും കുറഞ്ഞ ചെലവില്‍ മെഡിക്കല്‍ വിദ്യാഭ്യാസവും ആരോഗ്യ രംഗത്തെ അടിസ്ഥാന സൗകര്യ വികസനവും സാധ്യമാക്കാനുമുള്ള പ്രധാനമന്ത്രിയുടെ നിശ്ചയദാര്‍ഢ്യത്തിന്റെ ഫലമായാണ് പുതിയ മെഡിക്കല്‍ കോളേജുകള്‍ സ്ഥാപിക്കപ്പെട്ടത്. നിലവിലുള്ള ജില്ലാ/റെഫറല്‍ ആശുപത്രികളെ പുതിയ മെഡിക്കല്‍ കോളേജുകളാക്കി ഉയര്‍ത്തുന്ന, കേന്ദ്രാവിഷ്‌കൃതപദ്ധതിയുടെ ഭാഗമായാണ് 1450 സീറ്റുകള്‍ വീതമുള്ള മെഡിക്കല്‍ കോളേജുകള്‍ സ്ഥാപിക്കപ്പെട്ടത്. ഗവണ്‍മെന്റ്-സ്വകാര്യ മേഖലകളില്‍ മെഡിക്കല്‍ കോളേജുകളില്ലാത്ത ജില്ലകളിലാണ് പുതുതായി മെഡിക്കല്‍ കോളേജുകള്‍ ആരംഭിച്ചത്.


ഇന്ത്യന്‍ പൈതൃകം സംരക്ഷിക്കുന്നതിനും ക്ലാസിക്കല്‍ ഭാഷകള്‍ പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള പ്രധാനമന്ത്രിയുടെ കാഴ്ചപ്പാടുകള്‍ക്ക് ഊന്നല്‍ നല്‍കിയാണ് ചെന്നൈയില്‍ സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ക്ലാസിക്കല്‍ തമിഴ് (സിഐസിടി) ഒരു പുതിയ ക്യാമ്പസ് സ്ഥാപിക്കുന്നത്. ഇത് പൂര്‍ണ്ണമായും കേന്ദ്ര ഗവണ്‍മെന്റ് സഹായത്തിലാണ് നിര്‍മിച്ചത്. 24 കോടി രൂപയാണ് ഇതിനായി ചെലവഴിച്ചത്. ഇതുവരെ ഒരു വാടകക്കെട്ടിടത്തില്‍ പ്രവര്‍ത്തിച്ചിരുന്ന സിഐസിടി ഇനി മുതല്‍ പുതിയ മൂന്നുനില ക്യാമ്പസില്‍ പ്രവര്‍ത്തിക്കും. വിശാലമായ ലൈബ്രറി, ഇ-ലൈബ്രറി, സെമിനാര്‍ ഹാളുകള്‍, മള്‍ട്ടിമീഡിയ ഹാള്‍ എന്നിവ പുതിയ ക്യാമ്പസില്‍ സജ്ജീകരിച്ചിരിക്കുന്നു.


കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന് കീഴിലുള്ള ഒരു സ്വയംഭരണ സ്ഥാപനമായ സിഐസിടി, തമിഴ് ഭാഷയുടെ പൗരാണികതയും ശ്രേഷ്ഠതയും പഠിപ്പിക്കുന്നതിനായി ഗവേഷണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിലൂടെ ക്ലാസിക്കല്‍ തമിഴ് പ്രോത്സാഹിപ്പിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തുന്നു. സിഐസിടി ലൈബ്രറിയില്‍ 45,000-ലധികം പുരാതന തമിഴ് പുസ്തകങ്ങളുടെ സമ്പന്നമായ ശേഖരമുണ്ട്. ക്ലാസിക്കല്‍ തമിഴ് പ്രോത്സാഹിപ്പിക്കുന്നതിനും വിദ്യാര്‍ത്ഥികള്‍ക്ക് ഗവേഷണാവശ്യങ്ങള്‍ക്കായും സെമിനാറുകള്‍, പരിശീലന പരിപാടികള്‍ നടത്തല്‍, ഫെലോഷിപ്പ് നല്‍കല്‍ തുടങ്ങിയ അക്കാദമിക് പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നു. വിവിധ ഇന്ത്യന്‍ ഭാഷകളിലും 100 വിദേശ ഭാഷകളിലും 'തിരുക്കുറല്‍' പരിഭാഷപ്പെടുത്താനും പ്രസിദ്ധീകരിക്കാനും ഇത് ലക്ഷ്യമിടുന്നു. ലോകമെമ്പാടും ക്ലാസിക്കല്‍ തമിഴ് പ്രോത്സാഹിപ്പിക്കുന്നതിനുള്ള മികച്ച അന്തരീക്ഷമാണ് സ്ഥാപനം ഒരുക്കുന്നത്.

***

DS/AK




(Release ID: 1789457) Visitor Counter : 195