പ്രധാനമന്ത്രിയുടെ ഓഫീസ്
പ്രധാനമന്ത്രിയുടെ രാഷ്ട്രത്തോടുള്ള അഭിസംബോധനയുടെ മലയാളം പരിഭാഷ
Posted On:
25 DEC 2021 11:01PM by PIB Thiruvananthpuram
എന്റെ പ്രിയപ്പെട്ട നാട്ടുകാരേ,
നിങ്ങള്‍ക്കെല്ലാവര്‍ക്കും ക്രിസ്മസ് ആശംസകള്‍! ഈ വര്‍ഷത്തിന്റെ അവസാന ആഴ്ചയിലാണ് നമ്മള്‍. 2022 അടുത്തെത്തിയിരിക്കുകയാണ്. നിങ്ങളെല്ലാവരും 2022 നെ വരവേല്‍ക്കാനുള്ള തയാറെടുപ്പിന്റെ തിരക്കിലാണ്. എന്നാല്‍ ഉത്സാഹത്തിനും ആഹ്ലാദത്തിനും ഒപ്പം ജാഗ്രത പാലിക്കേണ്ട സമയവുമാണിത്.
കൊറോണയുടെ പുതിയ വകഭേദമായ ഒമിക്രോണ്‍ കാരണം ഇന്ന് ലോകത്തിന്റെ വിവിധ രാജ്യങ്ങളില്‍ രോഗബാധ പടരുകയാണ്. ഇന്ത്യയിലും ഒട്ടേറെപേരെ ഒമിക്രോണ്‍ ബാധിതരായി കണ്ടെത്തിയിട്ടുണ്ട്. പരിഭ്രാന്തരാകരുതെന്നാണ് ഞാന്‍ നിങ്ങളോട് എല്ലാവരോടും അഭ്യര്‍ത്ഥിക്കുന്നത്, എന്നാല്‍ ശ്രദ്ധയും ജാഗ്രതയും പുലര്‍ത്തുകകയും വേണം. പതിവായി മാസ്‌ക് ധരിക്കാനും കൈകള്‍ അണുവിമുക്തമാക്കാനും നാം മറക്കരുത്.
വൈറസ് പരിവര്‍ത്തനം ചെയ്യപ്പെടുമ്പോള്‍, വെല്ലുവിളിയെ നേരിടാനുള്ള നമ്മുടെ ശക്തിയും ആത്മവിശ്വാസവും വര്‍ദ്ധിക്കുകയാണ്. മുന്‍കൈകള്‍ക്കുള്ള നമ്മുടെ മനോഭാവവും വളരുകയാണ്. ഇന്ന് രാജ്യത്ത് 18 ലക്ഷം ഐസൊലേഷന്‍ ബെഡുകളും(രോഗികളെ മറ്റുള്ളവരില്‍ നിന്നും അകറ്റിമാറ്റികിടത്തുന്നതിനുളള കിടക്കകള്‍) അഞ്ച് ലക്ഷം ഓക്‌സിജന്‍ പിന്തുണയുള്ള കിടക്കകളും 1.40 ലക്ഷം ഐ.സി.യു കിടക്കകളും (തീവ്രപരിചരണ കിടക്കകളും) ഉണ്ട്. ഐ.സി.യുവും ഐ.സി.യു അല്ലാത്തതുമായ കിടക്കകളും തമ്മില്‍ ചേര്‍ത്താല്‍ കുട്ടികള്‍ക്ക് മാത്രമായി 90,000 കിടക്കകളുണ്ട്. ഇന്ന് രാജ്യത്ത് മൂവായിരത്തിലധികം പി.എസ്.എ ഓക്‌സിജന്‍ പ്ലാന്റുകള്‍ പ്രവര്‍ത്തിക്കുന്നുമുണ്ട്. ഏകദേശം നാല് ലക്ഷത്തോളം ഓക്‌സിജന്‍ സിലിണ്ടറുകളാണ് രാജ്യത്തുടനീളം എത്തിച്ചിട്ടുമുണ്ട്. അവശ്യ മരുന്നുകളുടെ കരുതല്‍ ഡോസുകള്‍ തയ്യാറാക്കാന്‍ സംസ്ഥാനങ്ങളെ സഹായിക്കുന്നുമുണ്ട്. അവര്‍ക്ക് ആവശ്യമായ പരിശോധനാ കിറ്റുകളും നല്‍കുന്നുണ്ട്.
സുഹൃത്തുക്കളെ,
വ്യക്തിഗത തലത്തിലുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളെല്ലാം പാലിക്കുന്നത് കൊറോണയെ ചെറുക്കാനുള്ള മികച്ച ആയുധമാണെന്നതാണ് ആഗോള മഹാമാരിക്കെതിരായ പോരാട്ടത്തിലെ ഇതുവരെയുള്ള അനുഭവം കാണിക്കുന്നത്. രണ്ടാമത്തെ ആയുധം വാക്‌സിനേഷനാണ്. ഈ രോഗത്തിന്റെ ഗൗരവം മനസ്സിലാക്കികൊണ്ട് നമ്മുടെ രാജ്യം വാക്‌സിനുകള്‍ നിര്‍മ്മിക്കാനുള്ള ശ്രമങ്ങള്‍ ദൗത്യമാതൃകയില്‍ പണ്ടേ തുടങ്ങിയിരുന്നു. വാക്‌സിനുകളെക്കുറിച്ചുള്ള ഗവേഷണത്തോടൊപ്പം തന്നെ നമ്മള്‍, അംഗീകാര പ്രക്രിയ, വിതരണ ശൃംഖല, വിതരണം, പരിശീലനം, വിവരസാങ്കേതിക വിദ്യാ (ഐ.ടി) പിന്തുണാ സംവിധാനം, സര്‍ട്ടിഫിക്കേഷന്‍ എന്നിവയിലും ഒരേസമയം പ്രവര്‍ത്തിച്ചു.
ഈ തയ്യാറെടുപ്പുകളുടെ ഫലമായി ഈ വര്‍ഷം ജനുവരി 16 മുതല്‍ ഇന്ത്യ തങ്ങളുടെ പൗരന്മാര്‍ക്കുള്ള വാക്‌സിനേഷനും ആരംഭിച്ചു. രാജ്യത്തെ എല്ലാ പൗരന്മാരുടെയും കൂട്ടായ പരിശ്രമവും ഇച്ഛാശക്തിയും കൊണ്ടാണ് അഭൂതപൂര്‍വവും വളരെ ബുദ്ധിമുട്ടുള്ളതുമായ 141 ദശലക്ഷം വാക്‌സിന്‍ ഡോസുകള്‍ മറികടക്കാന്‍ ഇന്ന് ഇന്ത്യയ്ക്കായത്
ഇന്ന്, ഇന്ത്യയിലെ ജനസംഖ്യയിലെ പ്രായപൂര്‍ത്തിയായവരില്‍ 61 ശതമാനത്തിലധികം ആളുകള്‍ക്കും രണ്ട് ഡോസുകളും വാക്‌സിനുകള്‍ ലഭിച്ചിട്ടുണ്ട്. അതുപോലെ, ജനസംഖ്യയില്‍ പ്രായപൂര്‍ത്തിയായവരിലെ 90 ശതമാനം പേര്‍ക്കും ഒരു ഡോസും ലഭ്യമാക്കിയിട്ടുണ്ട്. ഇന്ന്, ലോകത്തിലെ ഏറ്റവും വലുതും ഏറ്റവുംവിശാലവും ദുഷ്‌കരവുമായ ഭൂമിശാസ്ത്രപരമായ സാഹചര്യങ്ങള്‍ക്കിടയിലും നമ്മള്‍ ഇത്തരമൊരു സുരക്ഷിത വാക്‌സിനേഷന്‍ സംഘടിതപ്രവര്‍ത്തനം ആരംഭിച്ചതില്‍ ഓരോ ഇന്ത്യക്കാരനും അഭിമാനിക്കുന്നുണ്ട്.
നിരവധി സംസ്ഥാനങ്ങള്‍ പ്രത്യേകിച്ച് വിനോദസഞ്ചാരത്തിന്റെ വീക്ഷണത്തില്‍ പ്രധാനപ്പെട്ട സംസ്ഥാനങ്ങളായ ഗോവ, ഉത്തരാഖണ്ഡ്, ഹിമാചല്‍ തുടങ്ങിയവയൊക്കെ 100% ഒറ്റ ഡോസ് വാക്‌സിനേഷന്‍ ലക്ഷ്യം നേടിയിട്ടുണ്ട്. രാജ്യത്തെ വിദൂര ഗ്രാമങ്ങളില്‍ നിന്ന് 100% വാക്‌സിനേഷനെക്കുറിച്ചുള്ള വാര്‍ത്തകള്‍ വരുന്നത് വലിയ സംതൃപ്തി നല്‍കുന്നു.
ഇത് നമ്മുടെ ആരോഗ്യ സംവിധാനത്തിന്റെയും നമ്മുടെ ആരോഗ്യപരിരക്ഷാ പ്രവര്‍ത്തകരുടെ കൂട്ടായ പ്രദാനത്തിന്റെയും സമര്‍പ്പണത്തിന്റെയും പ്രതിജ്ഞാബദ്ധതയുടെയും അച്ചടക്കത്തിലും ശാസ്ത്രത്തിലും രാജ്യത്തെ സാധാരണക്കാരന്റെ വിശ്വാസത്തിന്റെയും തെളിവാണ്. നാസല്‍ വാക്‌സിനും (മൂക്കിലൊഴിക്കുന്ന വാക്‌സിന്‍) ലോകത്തിലെ ആദ്യത്തെ ഡി.എന്‍.എ (ഡീ ഓക്‌സിറെബോ ന്യൂ€ിക് ആസിഡ്) വാക്‌സിനും നമ്മുടെ രാജ്യത്ത് ഉടന്‍ പുറത്തിറക്കും.
സുഹൃത്തുക്കളെ,
കൊറോണയ്‌ക്കെതിരായ ഇന്ത്യയുടെ പോരാട്ടം തുടക്കം മുതലേ ശാസ്ത്രീയ തത്വങ്ങളും ശാസ്ത്രീയ അഭിപ്രായങ്ങളും ശാസ്ത്രീയ രീതികളും അടിസ്ഥാനമാക്കിയുള്ളതായിരുന്നു. കഴിഞ്ഞ 11 മാസമായി രാജ്യത്ത് വാക്‌സിനേഷന്‍ സംഘടിതപ്രവര്‍ത്തനം നടന്നുവരികയാണ്. അതിന്റെ ഗുണം നാട്ടുകാരും തിരിച്ചറിയുന്നുണ്ട്. അവരുടെ ദൈനംദിന ജീവിതം സാധാരണ നിലയിലാകുകയാണ്. ലോകത്തിലെ പല രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ സാമ്പത്തിക പ്രവര്‍ത്തനങ്ങളും പ്രോത്സാഹജനകമാണ്.
എന്നാല്‍ സുഹൃത്തുക്കളെ,
കൊറോണ ഇതുവരെ അവസാനിച്ചിട്ടില്ലെന്ന് നമുക്കെല്ലാവര്‍ക്കും അറിയാം. അതിനാല്‍, ജാഗ്രത വളരെ പ്രധാനമാണ്. രാജ്യത്തെയും നാട്ടുകാരെയും സുരക്ഷിതമായി നിലനിര്‍ത്താന്‍ നമ്മള്‍ അക്ഷീണം പ്രയത്‌നിച്ചു. വാക്‌സിനേഷനുള്ള സംഘടിതപ്രവര്‍ത്തനം ആരംഭിച്ചപ്പോള്‍, ആര്‍ക്കൊക്കെ ആദ്യത്തെ ഡോസ് നല്‍കണം, ഒന്നും രണ്ടും ഡോസുകള്‍ തമ്മിലുള്ള ഇടവേള എത്രയായിരിക്കണം, ആരോഗ്യമുള്ളവര്‍ എപ്പോഴാണ് വാക്‌സിനേഷന്‍ നല്‍കേണ്ടത്, കൊറോണ ബാധിതരായവര്‍ക്ക് എപ്പോഴാണ് വാക്‌സിനേഷന്‍ നല്‍കേണ്ടത് മറ്റ് രോഗബാധയുള്ളവര്‍ക്ക് എപ്പോഴാണ് വാക്‌സിനേഷന്‍ നല്‍കേണ്ടത് തുടങ്ങിയവയൊക്കെ ശാസ്ത്രീയ നിര്‍ദ്ദേശങ്ങളുടെ അടിസ്ഥാനത്തിലാണ് തീരുമാനിച്ചത്. നിരന്തരമായി അത്തരം തീരുമാനങ്ങള്‍ എടുക്കുകയും സാഹചര്യം കൈകാര്യം ചെയ്യുന്നതില്‍ അവ വളരെ സഹായകരമാണെന്ന് തെളിയിക്കപ്പെടുകയും ചെയ്തു. ഇന്ത്യന്‍ ശാസ്ത്രജ്ഞരുടെ ഉപദേശത്തിനും സാഹചര്യത്തിനും അനുസരിച്ചാണ് ഇന്ത്യ തീരുമാനങ്ങള്‍ എടുത്തത്.
നിലവില്‍, ഒമൈക്രോണാണ് വാര്‍ത്തകളിലെ ഭൂരിഭാഗവും (ഹോഗിംഗ്) കവരുന്നത്. ലോകത്ത് വ്യത്യസ്തമായ അനുഭവങ്ങളും വിലയിരുത്തലുകളും ഉണ്ടായിട്ടുണ്ട്. ഇന്ത്യന്‍ ശാസ്ത്രജ്ഞരും ഇത് സൂക്ഷ്മമായി നിരീക്ഷിക്കുകയും ഇതില്‍ പ്രവര്‍ത്തിക്കുകയും ചെയ്യുന്നുണ്ട്. നമ്മുടെ വാക്‌സിനേഷന്‍ യജ്ഞം ആരംഭിച്ചിട്ട് പതിനൊന്ന് മാസം കഴിഞ്ഞു. ഇന്ന്, ലോകത്തിലെ അനുഭവങ്ങളുടെ പശ്ചാത്തലത്തില്‍ സ്ഥിതിഗതികള്‍ അവലോകനം ചെയ്തതിന് ശേഷം ശാസ്ത്രജ്ഞര്‍ ചില തീരുമാനങ്ങള്‍ എടുത്തിട്ടുണ്ട്. ഇന്ന് അടല്‍ജിയുടെ ജന്മദിനമാണ്, ക്രിസ്മസ് ആഘോഷമാണ്, അതിനാല്‍ ഈ തീരുമാനം നിങ്ങളോടെല്ലാം പങ്കുവെക്കണമെന്ന് എനിക്ക് തോന്നി.
സുഹൃത്തുക്കളെ,
15 നും 18 നും ഇടയില്‍ പ്രായമുള്ള കുട്ടികള്‍ക്കാണ് ഇനി രാജ്യത്ത് വാക്‌സിനേഷന്‍ നല്‍കുന്നത്. ഇത് 2022 ജനുവരി 3 തിങ്കളാഴ്ച ആരംഭിക്കും. ഈ തീരുമാനം കൊറോണയ്‌ക്കെതിരായ രാജ്യത്തിന്റെ പോരാട്ടത്തെ ശക്തിപ്പെടുത്തുക മാത്രമല്ല, സ്‌കൂളുകളിലും കോളേജുകളിലും പോകുന്ന നമ്മുടെ കുട്ടികളുടെയും അവരുടെ മാതാപിതാക്കളുടെയും ഉത്കണ്ഠ കുറയ്ക്കുകയും ചെയ്യും.
സുഹൃത്തുക്കളെ,
ഈ പോരാട്ടത്തില്‍ രാജ്യത്തെ സുരക്ഷിതമായി നിലനിര്‍ത്തുന്നതില്‍ കൊറോണ പോരാളികള്‍ക്കും ആരോഗ്യപരിരക്ഷാ പ്രവര്‍ത്തകര്‍ക്കും മുന്‍നിര പോരാളികള്‍ക്കും വലിയ സംഭാവനയുണ്ടെന്നത് നമ്മുടെയെല്ലാം അനുഭവമാണ്. ഇപ്പോഴും അവര്‍ കൂടുതല്‍ സമയവും കൊറോണ രോഗികളെ സേവിക്കുന്നതിനായി ചെലവഴിക്കുകയാണ്. അതിനാല്‍, മുന്‍കരുതല്‍ എന്ന നിലയില്‍, ആരോഗ്യ പ്രവര്‍ത്തകര്‍ക്കും മുന്‍നിര പോരാളികള്‍ക്കും ഒരു 'മുന്‍കരുതല്‍ ഡോസ്' വാക്‌സിന്‍ ആരംഭിക്കാന്‍ ഗവണ്‍മെന്റ് തീരുമാനിച്ചിട്ടുണ്ട്. 2022 ജനുവരി 10 തിങ്കളാഴ്ച ഇതിന് തുടക്കം കുറിയ്ക്കും.
സുഹൃത്തുക്കളെ,
കൊറോണ വാക്‌സിനേഷന്റെ ഇതുവരെയുള്ള അനുഭവം, പ്രായമായവരും മറ്റു ചില ഗുരുതരമായ രോഗങ്ങളാല്‍ ഇതിനകം ബുദ്ധിമുട്ടുന്നവരുമായവര്‍ മുന്‍കരുതല്‍ ഡോസ് എടുക്കുന്നതാണ് ഉചിതം. ഇത് മനസ്സില്‍ വച്ചുകൊണ്ട്, 60 വയസ്സിന് മുകളിലുള്ള പൗരന്മാര്‍ക്കും രോഗാവസ്ഥയിലുള്ളവര്‍ക്കും അവരുടെ ഡോക്ടര്‍മാരുടെ ഉപദേശപ്രകാരം മുന്‍കരുതല്‍ ഡോസ് വാക്‌സിന്‍ എന്ന സാദ്ധ്യത ഉണ്ടായിരിക്കും. ഇതും ജനുവരി 10 മുതല്‍ ആരംഭിക്കും.
സുഹൃത്തുക്കളെ,
കിംവദന്തികളും ആശയക്കുഴപ്പവും ഭയവും സൃഷ്ടിക്കുന്നതിന് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന ശ്രമങ്ങള്‍ ഒഴിവാക്കണമെന്ന് ഞാന്‍ നിങ്ങളോട് അഭ്യര്‍ത്ഥിക്കുന്നു. ഇതുവരെയുള്ള ലോകത്തിലെ ഏറ്റവും വലിയ വാക്‌സിനേഷന്‍ സംഘടിതപ്രവര്‍ത്തനം നമ്മള്‍ ഒരുമിച്ച് ആരംഭിച്ചു. വരും കാലങ്ങളില്‍ നമുക്ക് അത് വേഗത്തിലാക്കുകയും വികസിപ്പിക്കുകയും വേണം. കൊറോണയ്‌ക്കെതിരായ ഈ പോരാട്ടത്തില്‍ നമ്മുടെ എല്ലാവരുടെയും പ്രയത്‌നങ്ങള്‍ രാജ്യത്തെ ശക്തിപ്പെടുത്തും.
നിങ്ങള്‍ക്കെല്ലാവര്‍ക്കും വളരെ നന്ദി !
ND MRD
*****
(Release ID: 1785280)
Visitor Counter : 159
Read this release in:
English
,
Urdu
,
Marathi
,
Bengali
,
Assamese
,
Manipuri
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada