പ്രധാനമന്ത്രിയുടെ ഓഫീസ്‌

പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി 2021 ഡിസംബര്‍ 26 ന് രാവിലെ 11 മണിയ്ക്ക്ആകാശവാണിയിലൂടെ നടത്തിയ പ്രത്യേക പ്രക്ഷേപണത്തിന്റെ മലയാള പരിഭാഷ


മനസ്സ് പറയുന്നത് - ഭാഗം 84

Posted On: 26 DEC 2021 11:24AM by PIB Thiruvananthpuram

എന്‍റെ പ്രിയപ്പെട്ട ദേശവാസികളെ,

നമസ്ക്കാരം,

ഇപ്പോള്‍ 2021 നോട് വിടപറയാനും 2022 നെ സ്വാഗതം ചെയ്യാനുമുള്ള തയ്യാറെടുപ്പിലാണല്ലോ എല്ലാവരും. പുതുവര്‍ഷത്തില്‍ ഓരോ വ്യക്തിയും, ഓരോ സ്ഥാപനവും വരുന്ന വര്‍ഷത്തില്‍ കുറച്ചുകൂടി നന്നായി പ്രവര്‍ത്തിക്കാനും നല്ല വ്യക്തി ആകാനും ഉള്ള പ്രതിജ്ഞയെടുക്കുന്നു. കഴിഞ്ഞ ഏഴു വര്‍ഷങ്ങളായി ഈ 'മന്‍ കി ബാത്ത്' പരിപാടിയും നമ്മുടെ രാജ്യത്തെ നന്മകളെ  ഉയര്‍ത്തിക്കാട്ടി നല്ലതു ചെയ്യുവാനും, നന്നാക്കുവാനും ഉള്ള പ്രേരണ നല്കിക്കൊണ്ടിരിക്കുകയാണല്ലോ. ഇക്കഴിഞ്ഞ ഏഴു വര്‍ഷങ്ങളിലും 'മന്‍ കി ബാത്തി'ല്‍ സര്‍ക്കാരിന്‍റെ നേട്ടങ്ങളെക്കുറിച്ചുള്ള ചര്‍ച്ചകളും നടത്താമായിരുന്നു. നിങ്ങള്‍ക്കും അത് ഇഷ്ടപ്പെടും, നിങ്ങളും പ്രശംസിക്കുമായിരിക്കും. എന്നാല്‍ മീഡിയയുടെ തിളക്കങ്ങളില്‍നിന്നും ആഡംബരങ്ങളില്‍ നിന്നും അകന്ന്, വര്‍ത്തമാനപത്രങ്ങളുടെ വാര്‍ത്തകളില്‍പ്പെടാതെ, നന്മ ചെയ്തുകൊണ്ടിരിക്കുന്ന കോടിക്കണക്കിനാളുകള്‍ ഉണ്ടെന്നതാണ് ദശകങ്ങളായുള്ള എന്‍റെ അനുഭവം. രാജ്യത്തിന്‍റെ നല്ല നാളേക്കുവേണ്ടി അവര്‍ സ്വയം ഇന്ന് ഹോമിക്കുകയാണ്. അവര്‍ നാടിന്‍റെ വരുംതലമുറക്കുവേണ്ടി, ആത്മാര്‍ത്ഥമായി പരിശ്രമിങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുകയാണ്. ഇങ്ങനെയുള്ളവരെക്കുറിച്ചുള്ള കാര്യങ്ങള്‍ സന്തോഷംതരുന്നു. വളരെയധികം പ്രചോദനവും നല്കുന്നു. എന്നെ സംബന്ധിച്ചിടത്തോളം 'മന്‍ കി ബാത്ത്' അങ്ങനെയുള്ള ആള്‍ക്കാരുടെ പ്രയത്നങ്ങള്‍കൊണ്ടു നിറഞ്ഞ, വിടര്‍ന്ന, സുന്ദരമായ, ഭംഗിയാര്‍ന്ന ഒരു ഉദ്യാനം തന്നെയാണ്. മാത്രമല്ല, ഓരോ മാസത്തിലെ 'മന്‍ കി ബാത്തി'ലും ഈ ഉപവനത്തില്‍നിന്ന് ഏത് ദളമാണ് നിങ്ങളുടെ മുമ്പിലേക്ക് കൊണ്ടുവരേണ്ടത് എന്നതിലേക്കാണ് എന്‍റെ പരിശ്രമം. നമ്മുടെ ബഹുരത്നയായ ഭൂമിയുടെ (വസുന്ധരയുടെ) പുണ്യ കര്‍മ്മങ്ങളുടെ നിലക്കാത്ത പ്രവാഹം നിരന്തരമായി ഒഴുകിക്കൊണ്ടിരിക്കുന്നു എന്നത് എനിക്ക് സന്തോഷം തരുന്ന കാര്യമാണ്. ഇന്ന് നമ്മുടെ രാജ്യം 'അമൃത മഹോത്സവം' ആഘോഷി ക്കുന്ന ഈ വേളയില്‍ നമ്മുടെ ജനങ്ങളുടെ ശക്തിയെക്കുറിച്ചും ഓരോ പൗരന്‍റേയും ശക്തിയെക്കുറിച്ചും, അവരുടെ പ്രയത്നങ്ങളെക്കുറിച്ചും പരിശ്രമങ്ങളെക്കുറിച്ചും ഉള്ള സൂചന നല്കുക എന്നത് ഭാരതത്തിന്‍റേയും മാനവീയതയുടേയും ഉജ്ജ്വലമായ ഭാവിക്ക് ഒരു പ്രകാരത്തില്‍ ഉറപ്പ് തരുന്നു.

സുഹൃത്തുക്കളേ ! 

ഇതാണ് ജനങ്ങളുടെ ശക്തി. നൂറുവര്‍ഷത്തിനിടയില്‍ വന്ന ഏറ്റവും വലിയ മഹാമാരിയോട് നമുക്ക് പോരാടന്‍ കഴിഞ്ഞത് എല്ലാപേരുടേയും കൂട്ടായ പ്രയത്നത്തിന്‍റെ ഫലമായാണ്. നമ്മള്‍ പ്രതിസന്ധിഘട്ടങ്ങളില്‍ പരസ്പരം ഒരു കുടുംബംപോലെ ഒത്തൊരുമയോടെനിന്നു. നമ്മുടെ പ്രദേശത്ത് അല്ലെങ്കില്‍ നമ്മുടെ നഗരത്തില്‍ ആരെയെങ്കിലും സഹായിക്കണമെങ്കില്‍ ഓരോരുത്തരുടേയും കഴിവിനപ്പുറം സഹായിക്കാന്‍ നാം പരിശ്രമിച്ചു. ഇന്ന് ലോകത്ത് വാക്സിനേഷന്‍റെ കണക്കുകള്‍ താരതമ്യപ്പെടുത്തിയാല്‍ നമ്മള്‍ എത്ര അഭൂതപൂര്‍വ്വമായ കാര്യമാണ് ചെയ്തത്, എത്ര വലിയ ലക്ഷ്യമാണ് നേടിയത് എന്ന് വ്യക്തമാകും ! വാക്സിന്‍റെ 140 കോടി ഡോസ് എന്ന കടമ്പകടക്കുന്നത് ഓരോ ഭാരതീയന്‍റേയും നേട്ടമാണ്. ഇത് ഓരോ ഭാരതീയന്‍റേയും നിലവിലെ വ്യവസ്ഥയിലുള്ള വിശ്വാസം സൂചിപ്പിക്കുന്നു, ശാസ്ത്രത്തിലുള്ള വിശ്വാസം സൂചിപ്പിക്കുന്നു, ശാസ്ത്രജ്ഞരിലുള്ള വിശ്വാസം സൂചിപ്പിക്കുന്നു. മാത്രമല്ല, സമൂഹത്തോടുള്ള നമ്മുടെ ഉത്തരവാദിത്വം നിറവേറ്റിക്കൊണ്ടിരിക്കുന്നു. ഇത് നമ്മുടെ ഇച്ഛാശക്തിയുടെ ഏറ്റവും വലിയ തെളിവുതന്നെ. എന്നാല്‍, കൂട്ടുകാരേ ! കൊറോണയുടെ ഒരു പുതിയ വകഭേദം നമ്മുടെ പടിവാതിലില്‍ മുട്ടിവിളിച്ചുകഴിഞ്ഞു എന്ന കാര്യം പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.  ഈ ആഗോള മഹാമാരിയെ പരാജയപ്പെടുത്താന്‍വേണ്ടി ഒരു പൗരനെന്നനിലയില്‍ നമ്മുടെ ഓരോരുത്തരുടേയും പരിശ്രമത്തിന് വളരെ പ്രാധാന്യമുണ്ടെന്ന് കഴിഞ്ഞ രണ്ടു വര്‍ഷക്കാലത്തെ അനുഭവം നമ്മെ പഠിപ്പിക്കുന്നു. ഈ പുതിയ 'ഓമിക്രോണ്‍' വകഭേദത്തെക്കുറിച്ചുള്ള പഠനം നമ്മുടെ ശാസ്ത്രജ്ഞര്‍ നിരന്തരമായി ചെയ്തുകൊണ്ടിരിക്കുന്നു. ഓരോ ദിവസവും അവര്‍ക്ക് പുതിയ ഡാറ്റ കിട്ടിക്കൊണ്ടിരിക്കുന്നു. അവരുടെ നിര്‍ദ്ദേശങ്ങള്‍ അനുസരിച്ച് കാര്യങ്ങള്‍ നടന്നുകൊണ്ടിരിക്കുന്നു. ഇങ്ങനെയുള്ള ഈ അവസരത്തില്‍ രാജ്യത്തിന്‍റെ ഏറ്റവും വലിയ ശക്തി എന്ന് പറയുന്നത് ഈ കൊറോണാവകഭേദത്തിന് എതിരായി സ്വയം ജാഗ്രതയും അച്ചടക്കവും പാലിക്കുകയാണ്. നമ്മുടെ സാമൂഹികമായ ശക്തികൊണ്ട് കൊറോണയെ പരാജയപ്പെടുത്താം എന്ന ഉത്തരവാദിത്വബോധത്തോടുകൂടി നാം 2022 എന്ന പുതുവര്‍ഷത്തിലേക്ക് പ്രവേശിക്കണം.

എന്‍റെ പ്രിയപ്പെട്ട ദേശവാസികളേ !

മഹാഭാരതയുദ്ധം നടന്ന സമയത്ത് ഭഗവാന്‍ കൃഷ്ണന്‍ അര്‍ജുനനോട് - 'നഭ: സ്പൃഷം ദിപ്തം' അതായത് അഭിമാനത്തോടുകൂടി ആകാശത്തെ സ്പര്‍ശിക്കുക. (ഉയരങ്ങള്‍ കീഴടക്കുക) എന്ന് പറഞ്ഞിരുന്നു. ഇത് നമ്മുടെ വായുസേനയുടെ ആപ്തവാക്യവുമാണല്ലോ. ഭാരതമാതാവിനെ സേവിക്കുന്നവരില്‍ പലരും ആകാശത്തിന്‍റെ ഈ ഉയരങ്ങളെ എന്നും അഭിമാനത്തോടെ സ്പര്‍ശിക്കുന്നു, നമ്മളെ പലതും പഠിപ്പിക്കുന്നു. അതുപോലെ ഒരു വ്യക്തിയായിരുന്നു ഗ്രൂപ്പ് ക്യാപ്റ്റന്‍ വരുണ്‍ സിംഗ്. ഈ മാസം തമിഴ്നാട്ടില്‍ അപകടത്തില്‍പ്പെട്ട ഹെലികോപ്ടര്‍ പറത്തുകയായിരുന്നു വരുണ്‍ സിംഗ്. ആ അപകടത്തില്‍ രാജ്യത്തിന്‍റെ പ്രഥമ സിഡിഎസ്സ്   ജനറല്‍ ബിപിന്‍ റാവത്തും അദ്ദേഹത്തിന്‍റെ സഹധര്‍മ്മിണിയും ഉള്‍പ്പെടെ പല വീരന്‍മാരെയും നമ്മുക്ക് നഷ്ടമായി. വരുണ്‍ സിംഗ് കുറച്ചു ദിവസങ്ങള്‍ മരണത്തോട് ധീരമായി മല്ലടിച്ചു. പക്ഷേ, അദ്ദേഹവും നമ്മെ വിട്ടു പിരിഞ്ഞു. വരുണ്‍ ആശുപത്രിയില്‍ ആയിരുന്നപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ഞാന്‍ കണ്ട ചില കാര്യങ്ങള്‍ എന്‍റെ മനസ്സിനെ സ്പര്‍ശിച്ചു. ഈ വര്‍ഷം ആഗസ്റ്റിലാണ് അദ്ദേഹത്തിനു ശൗര്യചക്രം സമ്മാനിക്കപ്പെട്ടത്. അതിനുശേഷം അദ്ദേഹം താന്‍ പഠിച്ച സ്കൂളിലെ പ്രിന്‍സിപ്പലിനു ഒരു കത്തയച്ചു. അദ്ദേഹം വിജയത്തിന്‍റെ കൊടുമുടിയില്‍ എത്തയപ്പോഴും തന്‍റെ വേരുകളെ നനയ്ക്കാന്‍ മറന്നില്ലല്ലോ എന്നാണ് ആ കത്ത് വായിച്ചപ്പോള്‍ എന്‍റെ മനസ്സില്‍ ആദ്യം വന്ന വിചാരം. മറ്റൊന്ന്, ആഘോഷിക്കാനുള്ള വേളയില്‍ അദ്ദേഹം വരുംതലമുറയെപറ്റി ചിന്തിച്ചു എന്നുള്ളതാണ്. താന്‍ പഠിച്ച സ്കൂളിലെ വിദ്യാര്‍ത്ഥികളുടെ ജീവിതംകൂടി ഒരാഘോഷമാകട്ടെ എന്നു അദ്ദേഹം ആഗ്രഹിച്ചു. തന്‍റെ കത്തില്‍ വരുണ്‍ സിംഗ് അദ്ദേഹത്തിന്‍റെ പരാക്രമങ്ങളുടെ വീമ്പിളക്കിയില്ല. മറിച്ച് തന്‍റെ പരാജയങ്ങളെപറ്റി പറഞ്ഞു. എങ്ങിനെയാണ് അദ്ദേഹം തന്‍റെ കുറവുകളെ കഴിവുകളാക്കി മാറ്റിയതെന്നു പറഞ്ഞു. ആ കത്തില്‍ ഒരിടത്ത് അദ്ദേഹം എഴുതി - "പഠനത്തില്‍ ശരാശരിക്കാരനാകുന്നത് കുഴപ്പമില്ല. എല്ലാരും മിടുക്കരാകില്ല, തൊണ്ണൂറു മാര്‍ക്ക് വാങ്ങിക്കാന്‍ കഴിയില്ല. അങ്ങിനെ ആകാന്‍ സാധിച്ചാല്‍ അത് വലിയ ഒരു നേട്ടമാണ്, അതിനെ അഭിനന്ദിയ്ക്കേണ്ടതാണ്. പക്ഷേ, അതിനു സാധിച്ചില്ലെടങ്കില്‍ നിങ്ങള്‍ ഒരു ശരാശരിക്കാരനാകേണ്ടവനാണെന്ന് അര്‍ത്ഥമില്ല. സ്കൂളില്‍ നിങ്ങള്‍ ഒരു ശരാശരിക്കാരനായിരുന്നിരിക്കാം. പക്ഷേ, അതു ഭാവിജീവിതത്തിന്‍റെ അളവുകോല്‍ ആകുന്നില്ല. നിങ്ങളുടെ താത്പര്യം കണ്ടുപിടിക്കൂ. - അത് കല, സംഗീതം, ഗ്രാഫിക് ഡിസൈന്‍, സാഹിത്യം മുതലായ ഏതുമാകാം. നിങ്ങള്‍ എന്തു ചെയ്താലും ആത്മാര്‍ഥമായി ചെയ്യുക. കഴിവിന്‍റെ പരമാവധി ചെയ്യുക. ദുഷ്ചിന്തകളിലേയ്ക്കും പോകാതിരിക്കുക. സുഹൃത്തുക്കളേ ! ശരാശരിക്കാരനില്‍നിന്നു അസാമാന്യനാകാന്‍ അദ്ദേഹം പറഞ്ഞുതന്ന മന്ത്രവും വളരെ പ്രധാനമാണ്. അത കത്തില്‍ അദ്ദേഹം എഴുതി - "പ്രതീക്ഷ കൈവിടരുത്. നിങ്ങള്‍ എന്താകാന്‍ ആഗ്രഹിക്കുന്നുവോ അതില്‍ ശോഭിക്കില്ല എന്ന് ഒരിക്കലും വിചാരിക്കരുത്. ഒന്നും എളുപ്പം നേടാനാകില്ല; സമയവും സൗകര്യങ്ങളും ബലികഴിക്കേണ്ടിവരും. ഞാന്‍ ഒരു ശരാശരിക്കാരനായിരുന്നു. ഞാന്‍ എന്‍റെ കരിയറിലെ പ്രയാസമേറിയ നാഴികക്കല്ലുകള്‍ കീഴടക്കി. ജീവിതത്തില്‍ നിങ്ങള്‍ക്കു എന്തു നേടുവാന്‍ കഴിയുമെന്ന് തീരുമാനിയ്ക്കുന്നത് 12-ാം ക്ലാസ്സിലെ മാര്‍ക്കുകള്‍ ആണെന്നു കരുതരുത്. അവനവനില്‍ വിശ്വസിക്കുക, അതിലേയ്ക്കു എത്താനായി പണിയെടുക്കുക."

ഒരാള്‍ക്കെങ്കിലും പ്രേരണ നല്‍കാനായെങ്കില്‍ അതു വലിയ നേട്ടമാകും എന്ന് വരുണ്‍ എഴുതി. പക്ഷേ, ഞാന്‍ പറയാന്‍ ആഗ്രഹിക്കുന്നു - അദ്ദേഹം ഒരു ദേശത്തിനു മുഴുവന്‍ പ്രേരണ നല്‍കി. അദ്ദേഹത്തിന്‍റെ കത്ത് കുട്ടികളോടാണ് സംസാരിച്ചതെങ്കിലും അതിലൂടെ വാസ്തവത്തില്‍  അദ്ദേഹം ഒരു സമൂഹത്തിനു മുഴുവന്‍ സന്ദേശം നല്‍കി.

സുഹൃത്തുക്കളേ !

എല്ലാ വര്‍ഷവും പരീക്ഷയുടെ കാലത്ത് ഇത്തരം വിഷയങ്ങളാണ് ഞാന്‍ കുട്ടികളോട് ചര്‍ച്ച ചെയ്യാറുള്ളത്. ഈ വര്‍ഷവും പരീക്ഷയുടെ മുന്നോടിയായി കുട്ടികളോട് ഇത്തരം വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാനാണ് ഞാന്‍ പദ്ധതി ഇടുന്നത്. ഈ പരിപാടിയ്ക്കായി രണ്ടു ദിവസം കഴിഞ്ഞ് അതായത് 28 ഡിസംബര്‍ മുതല്‍ മൈ ഗവ്വ് .ഇന്നിൽ   ല്‍ രജിസ്ട്രേഷനും  ആരംഭിക്കുകയാണ്. രജിസ്ട്രേഷന്‍ 28 ഡിസംബര്‍ മുതല്‍ 20 ജനുവരി വരെയുണ്ടാകും. ഇതിനായി 9-ാം ക്ലാസ്സു മുതല്‍ 12-ാം ക്ലാസ്സുവരെയുള്ള കുട്ടികള്‍ക്കും അദ്ധ്യാപകര്‍ക്കും ഓണ്‍ലൈന്‍ മത്സരവും  സംഘടിപ്പിക്കും. ഇതില്‍ നിങ്ങള്‍ എല്ലാരും പങ്കെടുക്കണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. നിങ്ങളെ കണ്ടുമുട്ടാന്‍ അവസരം ലഭിക്കും. നമുക്കെല്ലാര്‍ക്കും ചേര്‍ന്നു പരീക്ഷ, കരിയര്‍, വിജയം തുടങ്ങി വിദ്യാര്‍ത്ഥിജീവിതവുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങള്‍ വിശകലനം ചെയ്യാം.

എന്‍റെ പ്രിയപ്പെട്ട ദേശവാസികളേ !

അതിര്‍ത്തിക്കപ്പുറം വളരെ ദൂരെ നിന്നു വന്ന ഒരു കാര്യമാണ് ഇനി ഞാന്‍ 'മന്‍ കീ ബാത്തി'ല്‍ കേള്‍പ്പിക്കാന്‍ പോകുന്നത്. ഇതു നിങ്ങളെ സന്തോഷിപ്പിക്കുകയും അത്ഭുതപ്പെടുത്തുകയം ചെയ്യും -

        "വന്ദേ മാതരം, വന്ദേ മാതരം
        സുജലാം, സുഫലാം മലയജ ശീതളാം
        ശസ്യശാമളാം മാതരം / വന്ദേ മാതരം
        ശുഭ്ര ജ്യോത്സനാം പുളകിതയാമിനീം.
        ഫുല്ലകുസുമിതദ്രുമദളശോഭിനീം
        സുഹാസിനീം സുമധുര ഭാഷിണീം
        സുഖദാം വരദാം മാതരം
        വന്ദേ മാതരം / വന്ദേ മാതരം"

നിങ്ങള്‍ക്കിതു കേട്ടപ്പോള്‍ നന്നായിതോന്നി, അഭിമാനം തോന്നി എന്നു എനിക്കുറപ്പുണ്ട്. 'വന്ദേമാതരത്തില്‍ അടങ്ങിയിരിക്കുന്ന ആശയം നമ്മില്‍ അഭിമാനവും ആവേശവും നിറയ്ക്കുന്നതാണ്.

സുഹൃത്തുക്കളേ !

ഈ ഭംഗിയുള്ള ശബ്ദശകലം എവിടെയുള്ളതാണ്, ഏതു നാട്ടില്‍നിന്നു വന്നതാണെന്നു നിങ്ങള്‍ തീര്‍ച്ചയായും വിചാരിക്കുന്നുണ്ടാകും ! ഇതിന്‍റെ ഉത്തരം നിങ്ങളുടെ അതിശയം വര്‍ദ്ധിപ്പിക്കും. വന്ദേമാതരം അവതരിപ്പിച്ച ഈ വിദ്യാര്‍ത്ഥികള്‍ ഗ്രീസില്‍ നിന്നുള്ളവരാണ്. ഇവര്‍ അവിടെ ഇലിയയിലെ ഹൈസ്കൂളില്‍ പഠിക്കുന്നവരാണ്. അവര്‍ ഭാവം ഉള്‍ക്കൊണ്ട് ഭംഗിയായി 'വന്ദേമാതരം' അവതരിപ്പിച്ചത്, അത്ഭുമുളവാക്കുന്നു; ഇതു പ്രശംസനീയമാണ്. ഇത്തരം ശ്രമങ്ങള്‍ രണ്ടു നാടുകളിലെ  ജനങ്ങളെ കൂടുതല്‍ അടുപ്പിക്കുന്നു. ഞാന്‍ ഗ്രീസിലെ ഈ കുട്ടികളേയും അവരുടെ അധ്യാപകരേയും അഭിനന്ദിക്കുന്നു. സ്വാതന്ത്ര്യത്തിന്‍റെ അമൃതമഹോത്സവത്തിന്‍റെ ഈ അവസരത്തില്‍ അവരുടെ ഈ ശ്രമത്തെ ഞാന്‍ പ്രശംസിക്കുന്നു. 

കൂട്ടുകാരെ !

ലക്നൗവില്‍ താമസിക്കുന്ന നീലേഷ്ജിയുടെ ഒരു പോസ്റ്റിനെക്കുറിച്ച് ഞാന്‍ ചര്‍ച്ച ചെയ്യുവാനാഗ്രഹിക്കുന്നു. ലക്നൗവില്‍ നടന്ന വിചിത്രമായ ഒരു ഡ്രോണ്‍ ഷോയെ നീലേഷ് വളരെയധികം പ്രശംസിക്കുന്നു. ഈ ഡ്രോണ്‍ ഷോ ലക്നൗവിലെ റസിഡന്‍സി യിലാണ് സംഘടിപ്പിക്കപ്പെട്ടത്. 1857 ലെ ഒന്നാം സ്വാതന്ത്ര്യസമരത്തിന്‍റെ തെളിവുകള്‍ റസിഡന്‍സിയുടെ ചുവരുകളില്‍ ഇന്നും കാണാം. റസിഡന്‍സിയില്‍ നടന്ന ഡ്രോണ്‍ ഷോ ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തിന്‍റെ വിവിധ സന്ദര്‍ഭങ്ങളെ വിളിച്ചോതുന്നു. 'ചൗരീചൗരാ വിപ്ലവമായിക്കൊള്ളട്ടെ, കാകോരി ട്രെയ്ന്‍ സംഭവമാകട്ടെ അല്ലെങ്കില്‍ നേതാജി സുഭാഷ്ചന്ദ്രബോസിന്‍റെ അദമ്യമായ സാഹസവും പരാക്രമവുമായിക്കൊള്ളട്ടെ. ഈ 'ഡ്രോണ്‍ ഷോ' എല്ലാപേരുടെയും മനം കവര്‍ന്നു. നിങ്ങളും ഇതുപോലെ നിങ്ങളുടെ നഗരങ്ങളിലെ, ഗ്രാമങ്ങളിലെ ഒക്കെ സ്വാതന്ത്ര്യസമരവുമായി ബന്ധപ്പെട്ട വിവിധ സംഭവങ്ങള്‍ ജനങ്ങളുടെ മുമ്പില്‍ കൊണ്ടുവരണം. ഇതിന് ടെക്നോളജിയുടെ സഹായം തേടാവുന്നതാണ്. സ്വാതന്ത്ര്യത്തിന്‍റെ അമൃത മഹോത്സവം നമുക്ക് സ്വാതന്ത്ര്യസമരത്തിന്‍റെ ഓര്‍മ്മകളില്‍ ജീവിക്കുവാനുള്ള അവസരം തരുന്നു, അത് അനുഭവിച്ചറിയാനുള്ള അവസരം പ്രദാനം ചെയ്യുന്നു. ഇത് രാജ്യത്തിനുവേണ്ടി പുതിയ പ്രതിജ്ഞയെടുക്കുവാനുള്ള എന്തെങ്കിലും ചെയ്യുവാനുള്ള ഇച്ഛാശക്തി പ്രകടമാക്കാനുള്ള പ്രേരണ നല്കുന്ന ആഘോഷമാണ്, അവസരമാണ്. വരുവിന്‍, സ്വാതന്ത്ര്യസമരത്തിലെ മഹാന്മാരിൽ  നിന്നും പ്രേരണകൈകൊള്ളാം. രാജ്യത്തിനുവേണ്ടി സ്വന്തം പ്രയത്നത്തെ കൂടുതല്‍ ശക്തിപ്പെടുത്തുവിന്‍.

എന്‍റെ പ്രിയപ്പെട്ട ദേശവാസികളെ,

നമ്മുടെ രാജ്യം ധാരാളം അസാധാരണരായ പ്രതിഭകളുടെ നാടാണ്, അവരുടെ സവിശേഷപ്രവര്‍ത്തികള്‍ എന്തെങ്കിലും ചെയ്യാന്‍ നമ്മെ പ്രേരിപ്പിക്കുന്നു. ഇതിനൊരുദാഹരണമാണ് തെലുങ്കാനയിലെ ഡോക്ടര്‍ കുരേല വിഠലാചാര്യ. അദ്ദേഹത്തിന് 84 വയസ്സുണ്ട്. എന്നാല്‍ സ്വന്തം സ്വപ്നം സാക്ഷാത്കരിക്കുന്ന കാര്യം വരുമ്പോള്‍ അദ്ദേഹം തന്‍റെ പ്രായത്തെപ്പറ്റി ചിന്തിക്കാറേ ഇല്ല.

സുഹൃത്തുക്കളെ !

ഒരു വലിയ പുസ്തകാലയം തുറക്കണം എന്നത് അദ്ദേഹത്തിന്‍റെ കുട്ടിക്കാലം മുതലുള്ള ആഗ്രഹമായിരുന്നു. അന്ന് രാജ്യം സ്വതന്ത്രമായിട്ടില്ലായിരുന്നു. പരിതസ്ഥിതികള്‍ കാരണം അദ്ദേഹത്തിന്‍റെ കുട്ടിക്കാലത്തെ സ്വപ്നം സ്വപ്നമായിത്തന്നെ അവശേഷിച്ചു. കാലം പോയി വിഠലാചാര്യ ലക്ചററായി, തെലുങ്ക് ഭാഷയില്‍ ആഴമേറിയ പഠനം നടത്തി. അതില്‍ ധാരാളം കൃതികള്‍ രചിച്ചു. ആറേഴുവര്‍ഷം മുമ്പ് അദ്ദേഹം വീണ്ടും ഒരിക്കല്‍ക്കൂടി തന്‍റെ സ്വപ്നം പൂര്‍ത്തീകരിക്കാന്‍ തീരുമാനിച്ചു. അദ്ദേഹം സ്വന്തം പുസ്തകങ്ങളുടെ ഒരു പുസ്തകാലയം തുടങ്ങി. തന്‍റെ ജീവിതം മുഴുവനും ഉള്ള സമ്പാദ്യം അതില്‍ നിക്ഷേപിച്ചു. ക്രമേണ ആള്‍ക്കാര്‍ ഇതുമായി ബന്ധപ്പെട്ടു സഹകരിക്കാന്‍ തുടങ്ങി. യദാദ്രി - ഭൂവനാഗിരി ജില്ലയിലെ രമണ്ണാപേട്ടിലുള്ള ഈ ലൈബ്രറിയില്‍ ഇപ്പോള്‍ ഏകദേശം രണ്ടു ലക്ഷം പുസ്തകങ്ങള്‍ ഉണ്ട്. വിദ്യാഭ്യാസത്തിനും വായനക്കുംവേണ്ടി താനനുഭവിച്ച ബുദ്ധിമുട്ടുകള്‍ മറ്റുള്ളവര്‍ക്ക് ഉണ്ടാകരുത് എന്നാണ് ശ്രീ.വിഠലാചാര്യ പറയുന്നത്. ഇന്ന് ധാരാളം വിദ്യാര്‍ത്ഥികള്‍ക്ക് ഈ ലൈബ്രറി പ്രയോജനപ്പെടുന്നത് കാണുമ്പോള്‍ അദ്ദേഹത്തിന് വളരെ സന്തോഷമാണ്. അദ്ദേഹത്തിന്‍റെ പ്രയത്നങ്ങളില്‍ നിന്നും പ്രേരണ ഉള്‍ക്കൊണ്ട് മറ്റു പല ഗ്രാമങ്ങളിലും ആള്‍ക്കാര്‍ ലൈബ്രറി ഉണ്ടാക്കുവാനുള്ള പ്രയത്നത്തില്‍ വ്യാപൃതരാണ്.

സുഹൃത്തുക്കളേ,

പുസ്തകങ്ങള്‍ അറിവ് തരുക മാത്രമല്ല നമ്മുടെ വ്യക്തിത്വത്തേയും രൂപപ്പെടുത്തുന്നു, ജീവിതം വാര്‍ത്തെടുക്കുന്നു. പുസ്തകം വായിക്കുവാനുള്ള താല്പര്യം അതിശയകരമായ ഒരു സന്തോഷം പ്രദാനം ചെയ്യുന്നു. ഈ വര്‍ഷം ഞാന്‍ ഇത്രയും പുസ്തകങ്ങള്‍ വായിച്ചു എന്നും ഇനിയും എനിക്ക് ഈ പുസ്തകങ്ങള്‍ വീണ്ടും വായിക്കണം എന്നും ഒക്കെ ചിലര്‍ അഭിമാനത്തോടുകൂടി പറയുന്നത് ഈയിടെയായി ഞാന്‍ കേള്‍ക്കാറുണ്ട്. ഇതൊരു നല്ല പ്രവണതയാണ്. ഇത് ഇനിയും വര്‍ദ്ധിപ്പിക്കേണ്ടതാണ്. നിങ്ങള്‍ ഏറ്റവും കൂടുതല്‍ ഇഷ്ടപ്പെടുന്ന ഈ വര്‍ഷത്തെ അഞ്ച് പുസ്തകങ്ങളെക്കുറിച്ച് സംസാരിക്കുവിന്‍ - ഇതാണ് 'മന്‍ കീ ബാത്തി'ന്‍റെ ശ്രോതാക്കളോട് എനിക്ക് പറയാനുള്ളത്. ഇങ്ങനെ 2022 ല്‍ മറ്റു വായനക്കാര്‍ക്ക് പുസ്തകങ്ങള്‍ തിരഞ്ഞെടുക്കാനായി സഹായിക്കാന്‍ നിങ്ങള്‍ക്ക് കഴിയും. നമ്മുടെ സ്ക്രീന്‍ ടൈം കൂടിക്കൊണ്ടിരിക്കുന്ന ഈ സമയത്ത് പുസ്തകവായനയെ കൂടുതല്‍ കൂടുതല്‍ ജനപ്രിയമാക്കാന്‍ നമുക്ക് ഒത്തൊരുമിച്ച് പ്രയത്നിക്കേണ്ടിവരും.

എന്‍റെ പ്രിയപ്പെട്ട ദേശവാസികളെ,

ഈയിടെ വളരെ രസകരമായ ഒരു പ്രയത്നത്തിലേക്ക് എന്‍റെ ശ്രദ്ധ തിരിഞ്ഞു. ഈ പരിശ്രമം നമ്മുടെ പുരാതനഗ്രന്ഥങ്ങളേയും സാംസ്ക്കാരിക മൂല്യങ്ങളേയും  ഭാരതത്തില്‍ മാത്രമല്ല ലോകം മുഴുവന്‍ ജനപ്രിയമാക്കുവാന്‍ പൂനെയില്‍   ഭണ്ഡാർക്കർ ഓറിയന്റൽ റിസർച്ച്  ഇൻസ്റ്റിറ്റ്യൂട്ട്   എന്നു പേരുള്ള ഒരു സ്ഥാപനം ഉണ്ട്. ഈ സ്ഥാപനം മറ്റു രാജ്യങ്ങളിലെ ആളുകള്‍ക്ക് മഹാഭാരതത്തിന്‍റെ മഹത്വത്തെ പരിചയപ്പെടുത്തുന്നതിനായി ഓണ്‍ലൈന്‍ കോഴ്സ് ആരംഭിച്ചു. ഈ കോഴ്സ് ഇപ്പോഴെ തുടങ്ങിയുള്ളൂ എങ്കിലും ഇതില്‍ പഠിപ്പിക്കുന്ന ഉള്ളടക്കം തയ്യാറാക്കാന്‍ 100 വര്‍ഷങ്ങള്‍ മുമ്പേ തുടങ്ങിയെന്നറിയുമ്പോള്‍ നിങ്ങള്‍ എന്തായാലും അത്ഭുതപ്പെടും. ഈ കോഴ്സ്  തുടങ്ങിയപ്പോള്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന്  മികച്ച പ്രതികരണം ലഭിച്ചു. നമ്മുടെ പാരമ്പര്യത്തിന്‍റെ വിവിധ വശങ്ങള്‍ എങ്ങിനെ ആധുനിക രീതിയില്‍ അവതരിപ്പിക്കപ്പെടുന്നു എന്നു ആളുകള്‍ മനസ്സിലാക്കാന്‍ വേണ്ടിയാണ് ഈ മഹത്തായ കോഴ്സിനെ കുറിച്ച് ഞാന്‍ ചര്‍ച്ച ചെയ്യുന്നത്. ഏഴു കടലിനക്കരെയുള്ള ആളുകള്‍ക്കുകൂടി നേട്ടം ഉണ്ടാകാനായിട്ടാണ് ഇത്തരം നൂതനരീതികള്‍ അവലംബിക്കുന്നത്.

കൂട്ടുകാരേ !

ഇന്ത്യന്‍ സംസ്കാരത്തെക്കുറിച്ചറിയുവാന്‍ ലോകമെമ്പാടും താത്പര്യം വര്‍ദ്ധിക്കുന്നു. വിവിധ രാജ്യങ്ങളിലുള്ളവര്‍ നമ്മുടെ സംസ്കാരത്തെ അറിയുവാന്‍ മാത്രമല്ല അതിനെ പ്രോത്സാഹിപ്പിക്കുവാനും സഹായിക്കുന്നു. ഇത്തരത്തിലുള്ള ഒരാളാണ് സെര്‍ബിയയിലെ  ഡോ . മോമിർ നികിച്   എന്ന പണ്ഡിതന്‍. ഇദ്ദേഹം ഒരു ദ്വിഭാഷാ  സംസ്‌കൃത-സെർബിയൻ ഡിക്ഷണറി തയ്യാറാക്കി. ഈ ഡിക്ഷണറിയിയില്‍ സംസ്കൃതത്തിലെ എഴുപതിനായിരത്തിലധികം വാക്കുകളുടെ തര്‍ജ്ജിമ സെര്‍ബിയന്‍  ഭാഷയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഡോ . നികിച്  70-ാം വയസ്സില്‍ സംസ്കൃതം പഠിച്ചു എന്നറിയുമ്പോള്‍ നിങ്ങള്‍ക്കു വളരെ സന്തോഷം തോന്നും. മഹാത്മാഗാന്ധിയുടെ ലേഖനങ്ങളില്‍ നിന്നാണ് ഇതിനുള്ള പ്രേരണ അദ്ദേഹത്തിന് ലഭിച്ചതെന്നാണ് അദ്ദേഹം പറയുന്നത്. മംഗോളിയയിലെ 93 വയസ്സുള്ള പ്രൊഫ. ജെ. ഗേന്ദേധരം ഇതുപോലുള്ള മറ്റൊരാളാണ്. അദ്ദേഹം കഴിഞ്ഞ 4 ദശകങ്ങള്‍കൊണ്ട് ഇന്ത്യയിലെ ഏകദേശം 40 പുരാതന ഗ്രന്ഥങ്ങള്‍, മഹാകാവ്യങ്ങള്‍ മംഗോളിയന്‍ ഭാഷയില്‍ തര്‍ജ്ജിമ ചെയ്തു. നമ്മുടെ രാജ്യത്തിലും ഇതേ വികാരം ഉള്‍ക്കൊണ്ടുകൊണ്ട് വളരെയധികം ആളുകള്‍ ജോലി ചെയ്യുന്നുണ്ട്. നൂറുകണക്കിന് വര്‍ഷങ്ങള്‍ മുമ്പുള്ള 'കാവി' ചിത്രകലയെ അന്യംനിന്നുപോകാതെ സംരക്ഷിക്കുവാന്‍ ശ്രമിക്കുന്ന ഗോവയിലെ സാഗര്‍മുളെയുടെ പ്രയത്നങ്ങലെക്കുറിച്ച് എനിക്ക് അറിയാന്‍ കഴിഞ്ഞു. 'കാവി' ചിത്രകല ഭാരതത്തിലെ പ്രാചീന ചരിത്രത്തെ തന്നില്‍ ആവാഹിച്ചിരിക്കുന്നു. 'കാവ്' എന്നതിന്‍റെ അര്‍ത്ഥംതന്നെ ചുവന്ന മണ്ണ് എന്നാണ്. പ്രാചീനകാലത്ത് ചുവന്ന മണ്ണ് ഉപയോഗിച്ചാണ് ഈ ചിത്രകല ഉണ്ടാക്കിയിരുന്നത്. പോര്‍ച്ചുഗീസ് ഭരണകാലത്ത് ഗോവയില്‍ നിന്നും പാലായനം ചെയ്തവര്‍ മറ്റു രാജ്യങ്ങളിലും ഈ അത്ഭുതചിത്രകല പ്രചരിപ്പിച്ചു. കാലക്രമത്തില്‍ ഈ ചിത്രകല അന്യം നിന്നുപൊയ്ക്കൊണ്ടിരിക്കുകയായിരുന്നു. എന്നാല്‍, സാഗര്‍മുളെ ഈ കലക്ക് പുതുജീവന്‍ നല്കി. അദ്ദേഹത്തിന്‍റെ ഈ പ്രയത്നത്തെ എമ്പാടും പ്രശംസിക്കുന്നുണ്ട്. സുഹൃത്തുക്കളേ ! ഈ ചെറിയ ശ്രമത്തിന് ഒരു ചെറിയ ചുവടിന് നമ്മുടെ സമൃദ്ധമായ കലകളെ സംരക്ഷിക്കാന്‍ വളരെ വലിയ സംഭാവനകള്‍ നല്കാന്‍ കഴിയും. നമ്മുടെ രാജ്യത്തിലെ ജനങ്ങള്‍ മനസ്സുവെച്ചാല്‍, രാജ്യത്തുടനീളമുള്ള നമ്മുടെ പ്രാചീനകലകളെ സംരക്ഷിക്കാനും, രക്ഷിക്കാനുമുള്ള വികാരം ഒരു ജനകീയ വിപ്ലവമായി രൂപംപ്രാപിക്കാം. ഞാന്‍ ഇവിടെ ചില പ്രയത്നങ്ങളെക്കുറിച്ചുമാത്രമാണ് പറഞ്ഞത്. നമ്മുടെ രാജ്യത്തുടനീളം ഇങ്ങനെയുള്ള അനേകമനേകം ശ്രമങ്ങള്‍ നടന്നുവരുന്നുണ്ട്. അവയെക്കുറിച്ചുള്ള വിവരങ്ങള്‍ തീര്‍ച്ചയായും നിങ്ങള്‍ നമോ ആപ്പിലൂടെ എനിക്ക് എത്തിച്ചുതരണം.

എന്‍റെ പ്രിയപ്പെട്ട ദേശവാസികളേ,

അരുണാചല്‍ പ്രദേശിലെ ജനങ്ങള്‍ ഒരു വര്‍ഷമായി ഒരു അതിശയകരമായ യജ്ഞം ആരംഭിച്ചിരിക്കുകയാണ്. 'അരുണാചല്‍ പ്രദേശ് എയര്‍ഗണ്‍ സറണ്ടര്‍ യജ്ഞം' എന്നാണതിന്‍റെ പേര്. ഇതില്‍ ആള്‍ക്കാര്‍ സ്വന്തം ഇഷ്ടപ്രകാരം അവരവരുടെ എയര്‍ഗണ്‍ സറണ്ടര്‍ ചെയ്യുകയാണ്. എന്തിനാണെന്നറിയുമോ? അരുണാചല്‍ പ്രദേശിലെ നിയന്ത്രണമില്ലാത്ത പക്ഷിവേട്ട അവസാനിപ്പിക്കാന്‍. സുഹൃത്തുക്കളേ ! അരുണാചല്‍ പ്രദേശ് അഞ്ഞൂറിലധികം ഇനം പക്ഷികളുടെ ആവാസകേന്ദ്രമാണ്. ഇവയില്‍ ലോകത്ത് മറ്റെവിടേയും കാണാത്ത നാടന്‍ ഇനങ്ങളുമുണ്ട്. എന്നാല്‍ ക്രമേണ കാട്ടുപക്ഷികളുടെ സംഖ്യ കുറയുന്നതായി കാണുന്നു. ഇതിന് ഒരു പരിഹാരമായാണ് 'എയര്‍ഗണ്‍ സറണ്ടര്‍' നടന്നുകൊണ്ടിരിക്കുന്നത്. കഴിഞ്ഞ കൂറെ മാസങ്ങളായി കുന്നുംപ്രദേശത്തുനിന്നും സമതല പ്രദേശംവരെയും ഒരു സമുദായത്തില്‍നിന്നും മറ്റൊരു സമുദായം വരെയും, രാജ്യത്തെമ്പാടും ഉള്ളവര്‍ ഇതിനെ തുറന്ന മനസ്സോടെ സ്വീകരിച്ചു. അരുണാചല്‍ പ്രദേശിലെ ആളുകള്‍ ഇതുവരെ സ്വന്തം ഇഷ്ടപ്രകാരം 1600 ലധികം എയര്‍ ഗണ്ണുകള്‍ സറണ്ടര്‍  ചെയ്തു കഴിഞ്ഞു. ഞാന്‍ അരുണാചല്‍ പ്രദേശിലെ ആളുകളെ ഇതിനായി പ്രശംസിക്കുന്നു, അഭിനന്ദിക്കുന്നു.

എന്‍റെ പ്രിയപ്പെട്ട ദേശവാസികളേ !

2022 മായി  ബന്ധപ്പെട്ട് വളരെയധികം സന്ദേശങ്ങളും നിര്‍ദ്ദേശങ്ങളും നിങ്ങളുടെ പക്കല്‍നിന്നും ലഭിച്ചു. എപ്പോഴത്തേയുംപോലെ ശുചിത്വവും സ്വച്ഛഭാരതവും. ഒരേ വിഷയത്തിലാണ് ഒരുപാടാളുകളുടെ സന്ദേശം. അച്ചടക്കവും ജാഗ്രതയും

സമര്‍പ്പണ മനോഭാവവും കൊണ്ടേ ശുചിത്വവുമായി ബന്ധപ്പെട്ട് ഈ പ്രതിജ്ഞ പൂര്‍ണ്ണമാകുകയുള്ളൂ. എന്‍സിസി കേഡറ്റുകള്‍   ആരംഭിച്ച 'പുനീത് സാഗര്‍ അഭിയാന്‍'ലും ഇതിന്‍റെ ഓളങ്ങള്‍ നമ്മള്‍ക്കു കാണാന്‍ കഴിയും. ഈ യജ്ഞത്തില്‍ 30,000ല്‍പരം എന്‍സിസി കേഡറ്റുകള്‍   പങ്കെടുത്തു. ഈ കേഡറ്റുകള്‍ കടപ്പുറം വൃത്തിയാക്കി, അവിടുത്തെ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ റീസൈക്ലിങ്ങിനായി  സ്വരൂപിച്ചു. നമ്മുടെ കടപ്പുറങ്ങളും കുന്നിന്‍പ്രദേശങ്ങളും ചുറ്റിക്കറങ്ങി നടന്നു കാണാന്‍ പറ്റിയ സ്ഥലങ്ങള്‍ ആകുന്നത് അവ വൃത്തിയായി കിടക്കുമ്പോള്‍ മാത്രമാണ്. ഒരുപാടാളുകള്‍ ജീവിതകാലം മുഴുവന്‍ ഏതെങ്കിലും ഒരു സ്ഥലത്തു പോകാനുള്ള സ്വപ്നം നിരന്തരം കാണുന്നു. പക്ഷേ, അവിടെ ചെന്നു കഴിയുമ്പോള്‍ അറിഞ്ഞോ അറിയാതെയോ മാലിന്യങ്ങള്‍ വിതറുന്നു. ഏതു സ്ഥലത്തു പോകുമ്പോഴാണോ നമുക്ക്  വളരെയധികം സന്തോഷം തോന്നുന്നത് ആ സ്ഥലം വൃത്തികേടാക്കരുത് എന്നുള്ളത് നമ്മള്‍ ഓരോരുത്തരുടെയും ഉത്തരവാദിത്തമാണ്.

കൂട്ടുകാരെ !

ഞാന്‍ കുറച്ച് യുവാക്കള്‍ തുടങ്ങിയ 'സാഫ് വാട്ടർ ' എന്ന സ്റ്റാര്‍ട്ടപ്പ് നെ കുറിച്ചറിഞ്ഞു. ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സിന്‍റെയും ഇന്‍റര്‍നെറ്റിന്‍റെയും സഹായത്താല്‍ ഈ സ്റ്റാര്‍ട്ടപ്പ് ആളുകള്‍ക്ക് അവരുടെ പ്രദേശത്തെ വെള്ളത്തിന്‍റെ ശുദ്ധതയേയും ഗുണത്തേയും കുറിച്ചുള്ള അറിവ് നല്‍കും. ഇതു ശുചിത്വവുമായി ബന്ധപ്പെട്ട അടുത്ത ചുവടുവയ്പ്പാണ്. ജനങ്ങളുടെ ശുചിത്വപരമായ, ആരോഗ്യകരമായ ഭാവിക്കുവേണ്ടി ഈ സ്റ്റാര്‍ട്ടപ്പ് ന്‍റെ മഹത്വം ഉള്‍ക്കൊണ്ട് ഇതിന് ഒരു ഗ്ലോബല്‍ അവാര്‍ഡും ലഭിച്ചു.

പ്രിയമുള്ളവരേ, '

ഒരു ചുവട്വയ്പ് ശുചിത്വത്തിലേയ്ക്ക്' എന്ന ഈ പ്രയത്നത്തില്‍ സ്ഥാപനങ്ങള്‍ക്കും ഗവണ്മെന്റിനും മറ്റെല്ലാപേര്‍ക്കും മഹത്തായ പങ്കുണ്ട്. മുമ്പ് ഗവണ്മെന്റ്  ഓഫീസുകളില്‍ പഴയ ഫയലുകളും പേപ്പറുകളും കുന്നുകൂടികിടന്നിരുന്നത് നിങ്ങള്‍ക്ക് അറിയാവുന്നതാണല്ലോ. ഗവണ്മെന്റ്  പഴയ രീതികള്‍ മാറ്റുവാന്‍ തുടങ്ങിയതുമുതല്‍  ഈ ഫയലുകളും പേപ്പര്‍കുന്നുകളും ഡിജിറ്റലൈസായി കമ്പ്യൂട്ടറിന്‍റെ ഫോള്‍ഡറില്‍ ഇടംനേടിക്കൊണ്ടിരിക്കുകയാണ്. എത്ര പഴയതായാലും തീരുമാനം കാത്തുകിടക്കുന്നവയായാലും ആയാലും അവ മാറ്റാന്‍ മന്ത്രാലയങ്ങളിലും, വകുപ്പുകളിലും പ്രത്യേക യജ്ഞം തന്നെ നടന്നുകൊണ്ടിരിക്കുന്നു. ഇതിലൂടെ ചില വലിയ രസകരമായ കാര്യങ്ങളും നടന്നു. പോസ്റ്റല്‍ ഡിപ്പാര്‍ട്ടുമെന്‍റില്‍ ഈ ശുചിത്വയജ്ഞം നടന്നപ്പോള്‍ അവിടത്തെ ജങ്ക്യാഡ് പൂര്‍ണ്ണമായും ഒഴിഞ്ഞു. ഇപ്പോള്‍ ആ ജങ്ക്യാഡും പൂമുഖമായും   കഫറ്റേറിയയുമായി മാറിക്കഴിഞ്ഞു. നഗരവികസന മന്ത്രാലയം ഒരു ശുചിത്വ എടിഎം സ്ഥാപിച്ചിട്ടുണ്ട്. ആള്‍ക്കാര്‍ ചപ്പുചവറുകള്‍ കൊടുത്താല്‍ പകരം പണവുമായി മടങ്ങാം. സിവില്‍ വ്യോമയാന മന്ത്രാലയത്തിലെ വകുപ്പുകള്‍, വൃക്ഷങ്ങളില്‍ നിന്നും വീഴുന്ന ഉണങ്ങിയ ഇലകളും മറ്റുജൈവ മാലിന്യങ്ങളുംകൊണ്ട് ജൈവകംമ്പോസ്റ്റ് വളം ഉണ്ടാക്കാന്‍ തുടങ്ങിക്കഴിഞ്ഞു. ഈ വകുപ്പുകള്‍ വേസ്റ്റ് പേപ്പറില്‍ നിന്ന് സ്റ്റേഷനറി ഉണ്ടാക്കുകയാണ്. അപ്പോള്‍ നമ്മുടെ ഗവണ്മെന്റ്  വകുപ്പുകള്‍ക്കും ശുചിത്വംപോലുള്ള വിഷയങ്ങളില്‍  ഇത്രയും നൂതനമാകാന്‍ കഴിയും. കുറച്ചുവര്‍ഷം മുന്‍പുവരെ ആര്‍ക്കും ഇതില്‍ വിശ്വാസം ഉണ്ടായിരുന്നില്ല. എന്നാല്‍, ഇന്ന് ഇത് നമ്മുടെ വ്യവസ്ഥയുടെ ഭാഗമായിക്കഴിഞ്ഞു. ഇത് നമ്മുടെ രാജ്യത്തിന്‍റെ പുതിയ ചിന്തയാണ്. ഇതിന്‍റെ നേതൃത്വം രാജ്യത്തെ ജനങ്ങള്‍ ഒന്നായി ഏറ്റെടുത്തിരിക്കുകയാണ്.

എന്‍റെ പ്രിയപ്പെട്ട ദേശവാസികളേ !

'മന്‍ കീ ബാത്തി'ല്‍ ഇത്തവണ നമ്മള്‍ ഒരുപാട് വിഷയങ്ങളെക്കുറിച്ച് സംസാരിച്ചു. എപ്പോഴത്തേയുംപോലെ ഒരു മാസത്തിനുശേഷം നമ്മള്‍ വീണ്ടും കണ്ടുമുട്ടും, പക്ഷേ, 2022ല്‍ ! ഓരോ പുതിയ തുടക്കവും നമ്മളുടെ കഴിവുകളെ തിരിച്ചറിയുവാനുള്ള അവസരം നല്‍കുന്നു. ഏതു ലക്ഷ്യങ്ങലേക്കുറിച്ചാണോ പണ്ടു നമ്മള്‍ സങ്കല്‍പ്പിക്കുകപോലും ചെയ്യാത്തത്, ഇന്നു നമ്മുടെ രാജ്യം അവയ്ക്കായി പ്രയത്നിക്കുന്നു. നമ്മള്‍ പറയാറുണ്ട് -

    "ക്ഷണശ: കണശശ്ചൈവ, വിദ്യാം അര്‍ത്ഥം ച സാധയേത്
    ക്ഷണേ നഷ്ടേ കുതോ വിദ്യാ, കണേ നഷ്ടേ കുതോ ധനം"

അതായത് നമുക്കു വിദ്യ ആര്‍ജ്ജിക്കേണ്ടപ്പോള്‍, പുതിയതായി എന്തെങ്കിലും പഠിക്കേണ്ടപ്പോള്‍ നമ്മള്‍ ഓരോ നിമിഷവും പ്രയോജനപ്പെടുത്തണം. അതുപോലെതന്നെ നമുക്കു ധനം ആര്‍ജിക്കേണ്ടപ്പോള്‍ അതായത് ഉയര്‍ച്ചയും പുരോഗതിയും കൈവരിക്കേണ്ടപ്പോള്‍ ഓരോ കണികയും അതായത് ഓരോ വിഭവവും സമുചിതമായി പ്രയോജനപ്പെടുത്തണം. എന്തെന്നാല്‍      ഒരു നിമിഷം പാഴായാല്‍ വിദ്യയും അറിവും ഇല്ലാതാകും; ഒരു കണിക നഷ്ടമായാല്‍ ധനവും പുരോഗതിയുടെ മാര്‍ഗ്ഗവും അടയും. ഈ കാര്യങ്ങള്‍ എല്ലാ ദേശവാസികള്‍ക്കും പ്രേരണ നല്‍കുന്നതാണ്. നമുക്ക് ഒരുപാട് പഠിക്കണം, നവീകരണങ്ങള്‍ നടത്തണം, പുതിയ ലക്ഷ്യങ്ങള്‍ കൈവരിക്കണം; അതിനാല്‍ നാം  ഒരു നിമിഷവും കളയാന്‍ പാടില്ല. നമുക്ക് രാജ്യത്തെ വികസനത്തിന്‍റെ പുതിയ ഉയരങ്ങളില്‍ എത്തിക്കണം; ആയതിനാല്‍ ഓരോ വിഭവവും പൂര്‍ണ്ണമായി പ്രയോജനപ്പെടുത്തണം. ഇതൊരുതരത്തില്‍ സ്വയം പര്യാപ്ത ഭാരതത്തിന്‍റെയും മന്ത്രം ആണ്. എന്തുകൊണ്ടെന്നാല്‍ നാം നമ്മുടെ വിഭവങ്ങള്‍ ശരിയായ രീതിയില്‍ പ്രയോജനപ്പെടുത്തുകയും അവയെ പാഴാക്കാതിരിക്കുമ്പോഴും മാത്രമെ നമ്മുടെ പ്രാദേശിക ശക്തി നാം തിരിച്ചറിയുകയുള്ളൂ. അപ്പോഴാണ് നമ്മുടെ രാജ്യം സ്വയം പര്യാപ്തമാകുന്നത്. വരുവിന്‍ ! നമുക്ക് നമ്മളുടെ പ്രതിജ്ഞ ആവര്‍ത്തിക്കാം. ഉയരത്തില്‍ ചിന്തിക്കാം, വലിയ സ്വപ്നം കാണാം, അവ പൂര്‍ത്തീകരിക്കാന്‍ ആത്മാര്‍ത്ഥമായ് ശ്രമിക്കാം. നമ്മുടെ സ്വപ്നം നമ്മളില്‍ മാത്രം ഒതുങ്ങാന്‍ പാടില്ല. നമ്മുടെ സ്വപ്നങ്ങള്‍ നമ്മുടെ സമൂഹത്തിന്‍റേയും രാജ്യത്തിന്‍റേയും വികസനവുമായി ബന്ധപ്പെട്ടതാകട്ടെ. നമ്മുടെ പുരോഗതിയിലൂടെ രാജ്യത്തിന്‍റെ പുരോഗതിക്കുള്ള വാതില്‍ തുറക്കട്ടെ. ഇതിനുവേണ്ടി ഇന്നുതന്നെ ഒരു നിമിഷംപോലും പാഴാക്കാതെ ഒരു കണികപോലും പാഴാക്കാതെ നമുക്ക് മുന്നേറാം. ഈ ദൃഢ പ്രതിജ്ഞയോടുകൂടി വരാന്‍പോകുന്ന പുതുവര്‍ഷത്തില്‍ നമ്മുടെ രാജ്യം മുന്നേറുകയും 2022 നൂതനമായ ഭാരതം പടുത്തുയര്‍ത്തുവാനുള്ള സുവര്‍ണ്ണ ഏടായി മാറുകയും ചെയ്യും എന്ന് എനിക്ക് വിശ്വാസം ഉണ്ട്. ഈ വിശ്വാസത്തോടുകൂടി എല്ലാപേര്‍ക്കും 2022ലേക്കുള്ള എന്‍റെ കോടികോടി ശുഭാശംസകള്‍.

ആയിരമായിരം നന്ദി !!!

*****
 



(Release ID: 1785265) Visitor Counter : 251