പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

മേയര്‍മാരുടെ അഖിലേന്ത്യാ സമ്മേളനം പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു



തങ്ങളുടെ നഗരങ്ങളെ പുനരുജ്ജീവിപ്പിക്കാനായി മേയര്‍മാര്‍ക്ക് സ്വീകരിക്കാവുന്ന നിരവധി നടപടികളുടെ പട്ടിക ചൂണ്ടിക്കാട്ടി


''ആധുനികവല്‍ക്കരണത്തിന്റെ ഈ കാലഘട്ടത്തില്‍, നമ്മുടെ നഗരങ്ങളുടെ പൗരാണികതയ്ക്കും തുല്യ പ്രധാന്യമുണ്ട്''


''നമ്മുടെ നഗരങ്ങളെ വൃത്തിയോടെയും ഒപ്പം ആരോഗ്യകരവുമായി നിലനിര്‍ത്തുന്നതിനായിരി ക്കണം നമ്മുടെ പരിശ്രമങ്ങള്‍''


''നദികളെ നഗര ജീവിതത്തിന്റെ കേന്ദ്രത്തിലേക്ക് തിരികെ കൊണ്ടുവരണം. ഇത് നിങ്ങളുടെ നഗരങ്ങള്‍ക്ക് ഒരു പുതിയ ചൈതന്യം നല്‍കും''


'' നമ്മുടെ സമ്പദ്‌വ്യവസ്ഥയുടെ ചാലകശക്തിയാണ് നമ്മുടെ നഗരങ്ങള്‍. നഗരത്തെ നാം ഊര്‍ജസ്വലമായ സമ്പദ്‌വ്യവസ്ഥയുടെ കേന്ദ്രമാക്കി മാറ്റണം''


''നമ്മുടെ വികസന മാതൃകയില്‍ എം.എസ്.എം.ഇകളെ എങ്ങനെ ശക്തിപ്പെടുത്താം എന്ന് പരിഗണിക്കേണ്ടത് അനിവാര്യമാണ്''


''വഴിയോരക്കച്ചവടക്കാരുടെ പ്രാധാന്യം മഹാമാരി കാട്ടിത്തന്നു. അവര്‍ നമ്മുടെ യാത്രയുടെ ഭാഗമാണ് അവര്‍. അവരെ നമുക്ക് പിന്നില്‍ ഉപേക്ഷിച്ച് പോകാനാവില്ല''


''കാശിയെക്കുറിച്ചുള്ള നിങ്ങളുടെ നിര്‍ദ്ദേശങ്ങള്‍ക്ക് ഞാന്‍ നന്ദിയുള്ളവനായിരിക്കും, നിങ്ങളുടെ ആദ്യ വിദ്യാര്‍ത്ഥി ഞാന്‍ ആയിരിക്കും''


''സര്‍ദാര്‍ പട്ടേല്‍, അഹമ്മദാബാദിന്റെ മേയറായിരുന്നു, രാജ്യം ഇന്നും അദ്ദേഹത്തെ ഓര്‍ക്കുന്നു''


Posted On: 17 DEC 2021 12:55PM by PIB Thiruvananthpuram


മേയര്‍മാരുടെ അഖിലേന്ത്യാ സമ്മേളനം ഇന്ന് വീഡിയോ കോണ്‍ഫറന്‍സ് വഴി പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി ശ്രീ യോഗി ആദിത്യനാഥ്, കേന്ദ്രമന്ത്രി ശ്രീ ഹര്‍ദീപ് സിങ് പുരി എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.

പുരാതന നഗരമായ വാരണാസിയില്‍ സമീപകാലത്തുണ്ടായ ചില സംഭവവികാസങ്ങളെക്കുറിച്ച് സമ്മേളനത്തെ അഭിസംബോധന ചെയ്യവെ , പ്രധാനമന്ത്രി പരാമര്‍ശിച്ചു. കാശിയുടെ വികസനം രാജ്യത്തിനാകെ വഴികാട്ടിയാകുമെന്ന അദ്ദേഹത്തിന്റെ പ്രസ്താവനയെ അദ്ദേഹം അനുസ്മരിച്ചു. നമ്മുടെ രാജ്യത്തെ മിക്ക നഗരങ്ങളും പരമ്പരാഗതമായ രീതിയില്‍ വികസിപ്പിച്ച പരമ്പരാഗത നഗരങ്ങളാണെന്നും പ്രധാനമന്ത്രി പറഞ്ഞു. ആധുനികവല്‍ക്കരണത്തിന്റെ ഈ കാലഘട്ടത്തില്‍, ഈ നഗരങ്ങളുടെ പൗരാണികത യ്ക്കും തുല്യ പ്രധാന്യമുണ്ട്. പൈതൃകവും പ്രാദേശിക വൈദഗ്ധ്യങ്ങളും എങ്ങനെ സംരക്ഷിക്കാമെന്ന് ഈ നഗരങ്ങള്‍ക്ക് നമ്മെ പഠിപ്പിക്കാന്‍ കഴിയുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. നിലവിലുള്ള കെട്ടിടങ്ങള്‍ നശിപ്പിക്കുന്നതല്ല ശരിയായ വഴിയെന്നും പുനരുജ്ജീവനത്തിനും സംരക്ഷണത്തിനുമാണ് ഊന്നല്‍ നല്‍കേണ്ടതെന്നതിനും പ്രധാനമന്ത്രി ഊന്നല്‍ നല്‍കി. ആധുനിക കാലത്തിന്റെ ആവശ്യകതകള്‍ക്കനുസൃതമായി ഇത് ചെയ്യണം.

ശുചിത്വത്തിനായി നഗരങ്ങള്‍ തമ്മില്‍ ആരോഗ്യകരമായ മത്സരത്തിന് ആഹ്വാനം ചെയ്ത പ്രധാനമന്ത്രി, മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന നഗരങ്ങള്‍ക്കൊപ്പം ശുചിത്വം കൈവരിക്കാന്‍ ഏറ്റവും മികച്ച ശ്രമങ്ങള്‍ നടത്തുന്ന നഗരങ്ങളെ തിരിച്ചറിയാനുള്ള പുതിയ വിഭാഗങ്ങള്‍ ഉണ്ടോ എന്നതില്‍ ശങ്കയും പ്രകടിപ്പിച്ചു. ശുചിത്വത്തോടൊപ്പം നഗരങ്ങളുടെ സൗന്ദര്യവല്‍ക്കരണത്തിനും അദ്ദേഹം ഊന്നല്‍ നല്‍കി. ഇക്കാര്യത്തില്‍ തങ്ങളുടെ നഗരങ്ങളിലെ വാര്‍ഡുകള്‍ക്കിടയില്‍ ആരോഗ്യകരമായ മത്സരബോധം സൃഷ്ടിക്കാന്‍ അദ്ദേഹം മേയര്‍മാരോട് ആവശ്യപ്പെട്ടു.
ആസാദി കാ അമൃത് മഹോത്സവവുമായി (സ്വാതന്ത്ര്യത്തിന്റെ അമൃത് മഹോത്സവം) ബന്ധപ്പെട്ട് സ്വാതന്ത്ര്യസമരം പ്രമേയമായ രംഗോലി മത്സരങ്ങള്‍ (വര്‍ണ്ണകളങ്ങള്‍ വരയ്ക്കുന്ന മത്സരം), സ്വാതന്ത്ര്യസമരത്തെക്കുറിച്ചുള്ള സംഗീതമത്സരം, തരാട്ട്പാട്ട് മത്സരം തുടങ്ങി പ്രധാനമന്ത്രി തന്റെ പ്രസംഗങ്ങളിലും മന്‍ കിബാത്തിലും ഊന്നല്‍ നല്‍കുന്ന പരിപാടികള്‍ സംഘടിപ്പിക്കാനും അദ്ദേഹം ആഹ്വാനം ചെയ്തു.

തങ്ങളുടെ നഗരങ്ങളുടെ ജന്മദിനങ്ങള്‍ മേയര്‍മാര്‍ കണ്ടെത്തി ആഘോഷിക്കണമെന്നും പ്രധാനമന്ത്രി നിര്‍ദേശിച്ചു. നദികളുള്ള നഗരങ്ങള്‍ നദി ഉത്സവം ആഘോഷിക്കണം. നദികളുടെ മഹത്വം പ്രചരിപ്പിക്കേണ്ടതിന്റെ ആവശ്യകത അദ്ദേഹം ഊന്നിപ്പറഞ്ഞു, അതിലൂടെ ജനങ്ങള്‍ അവയില്‍ അഭിമാനിക്കുകയും അവ വൃത്തിയായി സൂക്ഷിക്കുകയും ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി. ''നദികളെ നഗര ജീവിതത്തിന്റെ കേന്ദ്രത്തിലേക്ക് തിരികെ കൊണ്ടുവരണം. ഇത് നിങ്ങളുടെ നഗരങ്ങള്‍ക്ക് ഒരു പുതുജീവിതം നല്‍കും''. പ്രധാനമന്ത്രി പറഞ്ഞു. ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് നിര്‍മാര്‍ജനത്തിനുള്ള സംഘടിതപ്രവര്‍ത്തനങ്ങള്‍ പുനരുജ്ജീവിപ്പിക്കാന്‍ അദ്ദേഹം മേയര്‍മാരോട് ആവശ്യപ്പെട്ടു. മാലിന്യത്തില്‍ നിന്ന് സമ്പത്ത് സൃഷ്ടിക്കുന്നതിനുള്ള വഴികള്‍ തേടാന്‍ അദ്ദേഹം മേയര്‍മാരോട് നിര്‍ദ്ദേശിച്ചു. ''നമ്മുടെ നഗരം വൃത്തിയും ആരോഗ്യവുമുള്ളതായിരിക്കണം, ഇതിനായിരിക്കണം നമ്മുടെ പരിശ്രമം'', അദ്ദേഹം പറഞ്ഞു.

തങ്ങളുടെ നഗരങ്ങളിലെ തെരുവുവിളക്കുകളിലും വീടുകളിലും എല്‍.ഇ.ഡി ബള്‍ബുകള്‍ വ്യാപകമായി ഉപയോഗിക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ അദ്ദേഹം മേയര്‍മാരോട് ആവശ്യപ്പെട്ടു. ഇത് ഒരു ദൗത്യരൂപത്തില്‍ ഏറ്റെടുക്കാന്‍ അദ്ദേഹം അവരോട് നിര്‍ദ്ദേശിച്ചു. നിലവിലുള്ള പദ്ധതികള്‍ പുതിയ ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്നതിനും മുന്നോട്ട് കൊണ്ടുപോകുന്നതിനും നാം എപ്പോഴും ചിന്തിക്കണമെന്ന് അദ്ദേഹം പറഞ്ഞു. നഗരത്തിലെ എന്‍.സി.സി യൂണിറ്റുകളുമായി ബന്ധപ്പെടാനും നഗരങ്ങളിലെ പ്രതിമകള്‍ വൃത്തിയാക്കാനും ആസാദി കാ അമൃത് മഹോത്സവത്തിന്റെ ആത്മാവുമായി ബന്ധപ്പെട്ട വ്യക്തിത്വങ്ങളെക്കുറിച്ചുള്ള പ്രഭാഷണങ്ങള്‍ സംഘടിപ്പിക്കാനും ഗ്രൂപ്പുകള്‍ രൂപീകരിക്കാനും അദ്ദേഹം മേയര്‍മാരോട് ആവശ്യപ്പെട്ടു. അതുപോലെ, മേയര്‍മാര്‍ക്ക് അവരുടെ നഗരത്തിലെ ഒരു സ്ഥലം കണ്ടെത്തി പി.പി.പി (പൊതു സ്വകാര്യ പങ്കാളിത്ത) മാതൃകവഴി ആസാദി കാ അമൃത് മഹോത്സവവുമായി സമന്വയിപ്പിച്ച് ഒരു സ്മാരകം സൃഷ്ടിക്കാനും കഴിയണം. 'ഒരു ജില്ല ഒരു ഉല്‍പ്പന്നം' എന്ന പരിപാടിയെ പരാമര്‍ശിച്ചുകൊണ്ട് തങ്ങളുടെ നഗരത്തിന്റെ സവിശേഷ സ്വത്വത്തിലുള്ള ഏതെങ്കിലും തനതായ ഉല്‍പ്പന്നത്തേയോ സ്ഥലത്തേയോ പ്രോത്സാഹിപ്പിക്കുന്നതിനായി ശ്രമിക്കാന്‍ പ്രധാനമന്ത്രി മേയര്‍മാരോട് ആവശ്യപ്പെട്ടു. നഗര ജീവിതത്തിന്റെ വിവിധ വശങ്ങളെ സംബന്ധിച്ച് ജനസൗഹൃദ ചിന്ത വികസിപ്പിക്കാനും പ്രധാനമന്ത്രി അവരോട് നിര്‍ദ്ദേശിച്ചു. പൊതുഗതാഗതത്തിന്റെ ഉപയോഗം പ്രോത്സാഹിപ്പിക്കേണ്ടത് അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു. സുഗമ്യ ഭാരത് അഭിയാന്‍- ആക്‌സസബിള്‍ ഇന്ത്യ കാമ്പെയ്ന്‍ പ്രകാരം തങ്ങളുടെ നഗരത്തിലെ എല്ലാ സൗകര്യങ്ങളും ദിവ്യാംഗ സൗഹൃദമാണെന്ന് ഉറപ്പാക്കണമെന്ന് അദ്ദേഹം മേയര്‍മാരോട് നിര്‍ദ്ദേശിച്ചു.

''നമ്മുടെ നഗരങ്ങളാണ് നമ്മുടെ സമ്പദ്‌വ്യവസ്ഥയുടെ ചാലകശക്തി. നമ്മുടെ നഗരത്തെ നാം ഊര്‍ജസ്വലമായ സമ്പദ്‌വ്യവസ്ഥയുടെ കേന്ദ്രമാക്കി മാറ്റണ''മെന്ന് അദ്ദേഹം പറഞ്ഞു. സാമ്പത്തിക പ്രവര്‍ത്തനങ്ങളെ ക്ഷണിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന ഒരു പരിസ്ഥിതി സൃഷ്ടിക്കുന്നതിന് എല്ലാ സൗകര്യങ്ങളും ഒരേസമയം വികസിക്കുന്ന ഒരു സമഗ്ര സംവിധാനം സൃഷ്ടിക്കാന്‍ അദ്ദേഹം അവരോട് ആവശ്യപ്പെട്ടു.

നമ്മുടെ വികസന മാതൃകയില്‍ സൂക്ഷ്മ ചെറുകിട ഇടത്തരം സംരംഭങ്ങ (എം.എസ്.എം.ഇ)ളെ ശക്തിപ്പെടുത്തേണ്ടതിന്റെ ആവശ്യകത പ്രധാനമന്ത്രി ആവര്‍ത്തിച്ചു. ''വഴിയോരക്കച്ചവടക്കാര്‍ നമ്മുടെ സ്വന്തം യാത്രയുടെ തന്നെ ഭാഗമാണ്, അവരുടെ ബുദ്ധിമുട്ടുകള്‍ ഓരോ നിമിഷവും നമ്മള്‍ കാണും. അവര്‍ക്കായി നമ്മള്‍ പ്രധാനമന്ത്രി സ്വനിധി യോജന കൊണ്ടുവന്നു. ഈ പദ്ധതി വളരെ നല്ലതാണ്. നിങ്ങളുടെ നഗരത്തിലെ അവരുടെ ഒരു പട്ടിക ഉണ്ടാക്കി മൊബൈല്‍ ഫോണ്‍ ഇടപാടുകള്‍ നടത്താന്‍ അവരെ പഠിപ്പിക്കുക. ഇത് കൂടുതല്‍ മെച്ചപ്പെട്ട വ്യവസ്ഥകളില്‍ ബാങ്ക് ധനസഹായം സുഗമമാക്കും'', പ്രധാനമന്ത്രി പറഞ്ഞു. മഹാമാരിയുടെ കാലത്ത് അവയുടെ പ്രാധാന്യം വളരെ വ്യക്തമായി പുറത്തുവന്നുവെന്നും അദ്ദേഹം പറഞ്ഞു.
കാശിയുടെ വികസനത്തിന് തങ്ങളുടെ അനുഭവങ്ങളില്‍ നിന്നുള്ള നിര്‍ദ്ദേശങ്ങള്‍ നല്‍കണമെന്ന് മേയര്‍മാരോട് അഭ്യര്‍ത്ഥിച്ചുകൊണ്ട് പ്രസംഗം അവസാനിപ്പിക്കവെ  പ്രധാനമന്ത്രി പറഞ്ഞു. ''നിങ്ങളുടെ നിര്‍ദ്ദേശങ്ങള്‍ക്ക് ഞാന്‍ നന്ദിയുള്ളവനായിരിക്കും, നിങ്ങളുടെ ആദ്യ വിദ്യാര്‍ത്ഥിയും ഞാനായിരിക്കും''. സര്‍ദാര്‍ പട്ടേല്‍ അഹമ്മദാബാദിന്റെ മേയറായിരുന്നുവെന്നും രാജ്യം അദ്ദേഹത്തെ ഇന്നും ഓര്‍ക്കുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു. ''ഈ രാജ്യത്തെ ജനങ്ങളെ സേവിക്കാന്‍ കഴിയുന്ന അര്‍ത്ഥവത്തായ രാഷ്ട്രീയ ജീവിതത്തിലേക്കുള്ള ചവിട്ടുപടിയാകാന്‍ മേയര്‍ പദവിക്ക് കഴിയും'', പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.

*******************

****


(Release ID: 1782595) Visitor Counter : 184