ഊര്‍ജ്ജ മന്ത്രാലയം

ഗാർഹിക ഊർജ ഉപഭോഗ ഓഡിറ്റിന്മേലുള്ള സർട്ടിഫിക്കേഷൻ കോഴ്സിന് BEE തുടക്കം കുറിച്ചു

Posted On: 09 DEC 2021 12:06PM by PIB Thiruvananthpuram
 


ന്യൂഡൽഹി: ഡിസംബർ 09, 2021
 
ഗാർഹിക ഊർജ ഉപഭോഗ ഓഡിറ്റിന്മേലുള്ള (HEA) സർട്ടിഫിക്കേഷൻ കോഴ്സിന് ബ്യൂറോ ഓഫ് എനർജി എഫിഷ്യൻസി (BEE) ഇന്നലെ ഓൺലൈനായി തുടക്കംകുറിച്ചു. "ആസാദി കാ അമൃത് മഹോത്സാവത്തിന് കീഴിൽ ഐകോണിക് വാരമായി അടയാളപ്പെടുത്തിയ "ദേശീയ ഊർജ്ജ സംരക്ഷണ വാരം: 2021 ഡിസംബർ 8 -14" ന്റെ ഭാഗമായാണ് കോഴ്സിന് തുടക്കമായത്.

ഊർജ്ജം ഉപയോഗിച്ച് ഒരു വീട്ടിൽ പ്രവർത്തിക്കുന്ന വിവിധ ഉപകരണങ്ങൾ, സാധനങ്ങൾ എന്നിവയുടെ ഊർജ്ജ ഉപഭോഗം തിട്ടപ്പെടുത്തുന്നതിനും, തിരിച്ചറിയുന്നതിനും, നിരീക്ഷിക്കുന്നതിനും, വിശകലനം ചെയ്യുന്നതിനും ഒരു ഗാർഹിക ഊർജ്ജ ഉപഭോഗ ഓഡിറ്റ് വഴിയൊരുക്കുന്നു. ഊർജ്ജ മികവ് കൈവരിക്കുന്നതിന് ആവശ്യമായ നിർദേശങ്ങൾ, പ്രായോഗിക പരിഹാരങ്ങൾ എന്നിവ സഹിതമുള്ള ഒരു സാങ്കേതിക റിപ്പോർട്ടും, ഊർജ്ജ ഉപഭോഗം കുറയ്ക്കുന്നതിനുള്ള കർമ്മ പദ്ധതിയും, ചിലവുകുറഞ്ഞ പ്രവർത്തനങ്ങൾ അടിസ്ഥാനമാക്കിയുള്ള വിശകലനവും ഇതിന്റെ ഭാഗമായി ലഭ്യമാക്കുകയും ചെയ്യും. ഉപഭോക്താവിന്റെ കാർബൺ ഫൂട്ട് പ്രിന്റിലും, വൈദ്യുത ചാര്ജുകളിലും കുറവ് വരുത്താനും ഇത് വഴിതുറക്കും.
 
ഊർജ്ജ സംരക്ഷണം, ഊർജ്ജ ഉപഭോഗം സംബന്ധിച്ച് ഓഡിറ്റിംഗ്, ഊർജ്ജ മികവ് കൈവരിക്കേണ്ടതിന്റെ ആവശ്യകത തുടങ്ങിയവ സംബന്ധിച്ച് എഞ്ചിനീയറിംഗ്/ഡിപ്ലോമ കോളേജുകളിലെ വിദ്യാർഥികൾക്കിടയിൽ ബോധവൽക്കരണം സൃഷ്ടിക്കാൻ ഈ സർട്ടിഫിക്കേഷൻ പ്രോഗ്രാം അവസരമൊരുക്കും. സുസ്ഥിരത, ഊർജ്ജ മികവ്, കാലാവസ്ഥ വ്യതിയാന പരിഹാരനടപടികൾ തുടങ്ങിയ മേഖലകളിൽ യുവാക്കൾക്ക് തൊഴിൽ  ലഭിക്കുന്നതിനുള്ള സാധ്യതകൾ ഇതിലൂടെ വർദ്ധിക്കും.

സർട്ടിഫിക്കേഷൻ കോഴ്സിൽ ഉൾപ്പെടുന്നവ താഴെപ്പറയുന്നു:

 
* ഉപഭോക്താവിന്റെ ആവശ്യപ്രകാരം ഗാർഹിക ഊർജ്ജ ഉപഭോഗ ഓഡിറ്റിംഗ് നടത്തുന്നതിനായി വൈദഗ്ധ്യമുള്ള ഒരു വിഭാഗത്തെ സൃഷ്ടിക്കുക


* അതാത് SDA അംഗീകൃത ഗാർഹിക ഊർജ്ജ ഉപഭോഗ ഓഡിറ്റർമാരുടെ കീഴിൽ തങ്ങളുടെ വീടുകളിലെ ഊർജ്ജ ഉപഭോഗ ഓഡിറ്റിംഗ് സാധ്യമാക്കുന്നതിന് ഗാർഹിക ഉപഭോക്താക്കൾക്ക് അവസരം

* ഊർജ്ജ ഓഡിറ്റിംഗ്, ഊർജ്ജ സംരക്ഷണം, ഊർജ്ജ മികവ് എന്നിവയുടെ പ്രാധാന്യം, ഗുണഫലങ്ങൾ തുടങ്ങിയവ സംബന്ധിച്ച് എൻജിനീയറിങ്/ഡിപ്ലോമ/ഐടിഐ വിദ്യാർഥികൾ, ഊർജ്ജ മേഖലയിൽ പ്രവർത്തിക്കുന്നവർ, വ്യവസായ മേഖലയിലെ പങ്കാളികൾ എന്നിവർക്കിടയിൽ അവബോധം സൃഷ്ടിക്കുകയും ഇത് സംബന്ധിച്ച വിവരങ്ങൾ കൂടുതലായി നൽകുകയും ചെയ്യുക

ഈ മുന്നേറ്റത്തിനുള്ള മെന്റർ SDA ആയി കേരള എനർജി മാനേജ്മെന്റ് കേന്ദ്രത്തെ തെരഞ്ഞെടുത്തിട്ടുണ്ട്. താല്പര്യപ്പെടുന്നവർക്കായി തങ്ങളുടെ സംസ്ഥാനങ്ങളിൽ ഗാർഹിക ഊർജ്ജ ഉപഭോഗ ഓഡിറ്റിംഗ് സർട്ടിഫിക്കേഷൻ കോഴ്സുകൾ നടത്താൻ മറ്റ് 11 SDA-കളും താൽപര്യം അറിയിച്ചിട്ടുണ്ട്. 
കോഴ്സ് വിജയകരമായി പൂർത്തീകരിക്കുന്ന വിദ്യാർത്ഥികൾ, വ്യക്തികൾ എന്നിവർക്ക് സർട്ടിഫിക്കറ്റുകളും അതാത് SDA കൾ നൽകുന്നതാണ്.

 
RRTN/SKY


(Release ID: 1779663) Visitor Counter : 231