രാഷ്ട്രപതിയുടെ കാര്യാലയം

ഇന്ത്യൻ നാവികസേനയുടെ ഇരുപത്തിരണ്ടാമത് മിസൈൽ വെസ്സൽ സ്‌ക്വാഡ്രന് രാഷ്ട്രപതി 'പ്രസിഡന്റ്‌സ് സ്റ്റാൻഡേർഡ്' പദവി സമ്മാനിച്ചു

Posted On: 08 DEC 2021 1:42PM by PIB Thiruvananthpuram


ന്യൂഡൽഹി: ഡിസംബർ 8, 2021

മഹാരാഷ്ട്രയിലെ മുംബൈയിൽ ഇന്ന് (2021 ഡിസംബർ 8) നടന്ന ചടങ്ങിൽ ഇന്ത്യൻ നാവികസേനയുടെ  
ഇരുപത്തിരണ്ടാമത് മിസൈൽ വെസ്സൽ സ്‌ക്വാഡ്രന് രാഷ്ട്രപതി ശ്രീ രാം നാഥ് കോവിന്ദ്,  'പ്രസിഡന്റ്‌സ് സ്റ്റാൻഡേർഡ്' പദവി സമ്മാനിച്ചു.

ചടങ്ങിൽ സംസാരിക്കവേ, ഇരുപത്തിരണ്ടാമത് മിസൈൽ വെസ്സൽ സ്‌ക്വാഡ്രനുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന എല്ലാ ഉദ്യോഗസ്ഥരെയും നാവികരെയും ഈ നേട്ടം സ്വന്തമാക്കിയതിൽ രാഷ്ട്രപതി അഭിനന്ദിച്ചു. മുൻകാലങ്ങളിലും, നിലവിലും ഈ സ്ക്വാഡ്രനിലെ ഉദ്യോഗസ്ഥരും നാവികരും രാജ്യത്തിന് നൽകിയ നിസ്തുല സേവനത്തിന്റെ സാക്ഷ്യമാണ് ഈ പദവി എന്ന് രാഷ്ട്രപതി അഭിപ്രായപ്പെട്ടു.

വ്യത്യസ്തമായ നിരവധി ദൗത്യങ്ങൾക്കായി ഈ സ്ക്വാഡ്രന് കീഴിലുള്ള യുദ്ധക്കപ്പലുകൾ വിന്യസിക്കപ്പെട്ടിട്ടുള്ളത് അദ്ദേഹം ഓർമ്മിച്ചു. ദൗത്യാധിഷ്ഠിതമായ വിന്യാസങ്ങളിലൂടെ നമ്മുടെ സമുദ്ര അതിർത്തികളെ അവ സുരക്ഷിതമാക്കുന്നു. ഒമാൻ ഉൾക്കടൽ, പേർഷ്യൻ ഉൾക്കടൽ എന്നിവിടങ്ങളിലെ നയതന്ത്ര ദൗത്യങ്ങൾക്കൊപ്പം, കടൽക്കൊള്ളയെ നേരിടുന്നതിനുള്ള പ്രവർത്തനങ്ങളും അവ കാഴ്ചവയ്ക്കുന്നു.
 
സമുദ്രാതിർത്തിയോട് ചേർന്നുകിടക്കുന്ന രാഷ്ട്രം എന്ന് ഇന്ത്യയെ വിശേഷിപ്പിച്ച രാഷ്ട്രപതി, നമ്മുടെ വിദേശനയത്തിൽ കൂടുതൽ പുരോഗതി സൃഷ്ടിക്കുന്നതിലും, രാജ്യ താൽപര്യങ്ങൾ, വാണിജ്യ അഭിലാഷങ്ങൾ എന്നിവ സംരക്ഷിക്കുന്നതിലും ഇന്ത്യൻ നാവികസേനയ്ക്ക് വലിയ പങ്ക് വഹിക്കാനുണ്ടെന്ന് ഓർമിപ്പിച്ചു. ആഗോള ചരക്ക് നീക്കത്തിന്റെ വലിയൊരു പങ്ക് ഇന്ത്യൻ മഹാസമുദ്ര മേഖലയിലൂടെ കടന്നുപോകുന്നത് രാഷ്ട്രപതി ചൂണ്ടിക്കാട്ടി. അതുകൊണ്ടുതന്നെ ഈ മേഖലയിൽ സമാധാനവും സുസ്ഥിരതയും നിലനിർത്തുക എന്നത് അതീവ പ്രാധാന്യമുള്ള വസ്തുതയാണ്. ഇതാകട്ടെ നമുക്ക് മാത്രമല്ല, മൊത്തം ആഗോള സമൂഹത്തിനും ആവശ്യമാണ്.

ലോകത്തിലെതന്നെ ഏറ്റവും വലിയ നാവിക സേനകളിൽ ഒന്ന് എന്ന നിലയിൽ, ഇന്ത്യയുമായി സമുദ്ര അതിർത്തി പങ്കിടുന്ന നമ്മുടെ അയൽക്കാർ, ഇന്ത്യൻ മഹാസമുദ്ര മേഖലയിലെ സുരക്ഷാ ആവശ്യങ്ങൾക്ക് ആശ്രയിക്കാനാകുന്ന ഒരു പങ്കാളി എന്ന നിലയിലാണ് ഇന്ത്യൻ നാവികസേനയെ കാണുന്നത്.
 
ഇന്തോ-പസഫിക് മേഖലയിൽ ഉയർന്നുവരുന്ന ഭൗമ-രാഷ്ട്രീയ വെല്ലുവിളികൾ, ഇക്കാര്യത്തിൽ സുപ്രധാന പങ്ക് വഹിക്കാൻ കഴിയുന്ന ഒരു അവസരമാണ് ഇന്ത്യയ്ക്ക് മുൻപിൽ നൽകുന്നതെന്ന് രാഷ്ട്രപതി ചൂണ്ടിക്കാട്ടി. മേഖലയിലെ തന്നെ ഏറ്റവും വലിയ നാവിക സേനകളിൽ ഒന്ന് എന്ന നിലയിൽ, പ്രാദേശികപരമായ വാഗ്ദാനങ്ങൾ പാലിക്കുന്നതിനും, ഇന്തോ-പസഫിക് മേഖലയിലെ നമ്മുടെ പങ്കാളികളുമായി കൂടുതൽ ബന്ധം സ്ഥാപിക്കുന്നതിനുമുള്ള ശ്രമങ്ങളാണ് ഇന്ത്യൻ നാവികസേന നടത്തുന്നതെന്നും രാഷ്ട്രപതി അഭിപ്രായപ്പെട്ടു.

 രാഷ്ട്രപതിയുടെ മുഴുവൻ പ്രഭാഷണത്തിനായി ഇവിടെ ക്ലിക്ക് ചെയ്യുക
 
 
  RRTN/SKY


(Release ID: 1779319) Visitor Counter : 141