വ്യോമയാന മന്ത്രാലയം
azadi ka amrit mahotsav

യാത്ര നടപടികൾ സുഗമമാക്കുന്നതിനായി എയർ സുവിധാ പോർട്ടൽ ഉപയോഗം നിർബന്ധമാക്കി വ്യോമയാന മന്ത്രാലയം

Posted On: 07 DEC 2021 12:21PM by PIB Thiruvananthpuram
ഇന്ത്യയിലെത്തുന്ന അന്താരാഷ്ട്ര യാത്രികരുടെ നടപടിക്രമങ്ങൾ സുഗമമാക്കുന്നതിനായി എയർ സുവിധ പോർട്ടലിൽ സമ്പർക്കമില്ലാത്ത സ്വയം സാക്ഷ്യപ്പെടുത്തൽ നിർബന്ധമാക്കി വ്യോമയാന-ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയങ്ങൾ. 
 
2020 ഓഗസ്റ്റിൽ തുടക്കമിട്ട എയർ സുവിധ പോർട്ടലിൽ, 2021 നവംബർ 30 ന് പുറത്തിറക്കിയ യാത്രാമാർഗ നിർദ്ദേശങ്ങൾക്ക് അനുസൃതമായ മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. കേന്ദ്ര വ്യോമയാന മന്ത്രാലയം ആണ് ഈ പോർട്ടൽ വികസിപ്പിച്ചത്. തങ്ങളുടെ യാത്ര, താമസം, ആർ ടി പി സി ആർ, വാക്സിനേഷൻ വിവരങ്ങൾ തുടങ്ങിയവ സമർപ്പിക്കാൻ യാത്രക്കാർക്ക് പോർട്ടൽ സഹായം നൽകുന്നു. യാത്രക്കാരെ കൃത്യമായി നിരീക്ഷിക്കാൻ സംസ്ഥാന തലത്തിലുള്ള ഉദ്യോഗസ്ഥർക്ക് ഇത് സഹായകരമാണ്.
 
2021 നവംബർ 30ന് പുതിയ യാത്രാ മാർഗ്ഗനിർദ്ദേശങ്ങൾ നിലവിൽവന്നശേഷം 2021 ഡിസംബർ ഒന്നു മുതൽ അഞ്ച് വരെയുള്ള കാലയളവിൽ 2,51,210 യാത്രക്കാർക്കാണ് എയർ സുവിധ പോർട്ടലിന്റെ  സഹായം ലഭിച്ചത്. 2020 ഓഗസ്റ്റിൽ പ്രവർത്തനം ആരംഭിച്ചത് മുതൽ ഒരുകോടിയിലേറെ യാത്രക്കാർക്ക് പോർട്ടൽ സഹായം ലഭ്യമാക്കിയിട്ടുണ്ട് 
 
ഇന്ത്യയിൽ എത്തുന്ന എല്ലാ അന്താരാഷ്ട്ര യാത്രികരും വിമാനം കയറുന്നതിനു മുൻപായി തങ്ങളുടെ നിലവിലെ ആരോഗ്യ അവസ്ഥ സംബന്ധിച്ച വിവരങ്ങൾ, ആവശ്യമായ രേഖകൾ സഹിതം എയർ സുവിധ പോർട്ടലിൽ നൽകേണ്ടതാണ്. പാസ്പോർട്ട് പകർപ്പ്, വാക്സിൻഷൻ സർട്ടിഫിക്കറ്റ്, യാത്ര പുറപ്പെടുന്നതിന് 72 മണിക്കൂർ കാലയളവിനുള്ളിൽ നടത്തിയ PCR നെഗറ്റീവ് സർട്ടിഫിക്കറ്റ് തുടങ്ങിയവയാണ് നൽകേണ്ടത്. കുടിയേറ്റക്കാർക്ക് ഇന്ത്യയിൽ എത്തുന്നതിനായി തങ്ങളുടെ ഇ-മെയിൽ വിലാസത്തിൽ ലഭിച്ച പകർപ്പ് ആവശ്യമാണ്. ഇത് APHO കൗണ്ടറിൽ സാക്ഷ്യപ്പെടുത്തണം. 
 
പോർട്ടലിൽ വരുത്തിയിട്ടുള്ള മാറ്റങ്ങൾ, യാത്രക്കാർക്കും ആരോഗ്യ/സംസ്ഥാന തലങ്ങളിലെ ഉദ്യോഗസ്ഥർക്കും എയർ സുവിധ പോർട്ടൽ കൂടുതൽ സൗഹൃദപരമാക്കി മാറ്റിയിട്ടുണ്ട്.
 
* 'അറ്റ്-റിസ്ക്' വിഭാഗത്തിൽ പെടുന്ന രാജ്യങ്ങളിൽ നിന്നുള്ള അപേക്ഷകരെ 'H' & 'റെഡ്' ബാൻഡിലൂടെ അടയാളപ്പെടുത്തിയിട്ടുണ്ട്. മറ്റുള്ളവർക്ക് ഗ്രീനും നൽകിവരുന്നു.
 
* 'അറ്റ്-റിസ്ക്' അപേക്ഷകരെ തിരിച്ചറിയുന്നതിനായി, കഴിഞ്ഞ 14 ദിവസത്തിനിടയിൽ സന്ദർശിച്ച രാജ്യങ്ങളുടെ വിവരങ്ങളും അപേക്ഷയിൽ ആവശ്യപ്പെട്ടിട്ടുണ്ട്  
 
* പുതുക്കിയ ചോദ്യോത്തരങ്ങളും, കസ്റ്റമർകെയർ ലിങ്കും ഏറ്റവും പുതിയ മാർഗ്ഗനിർദ്ദേശങ്ങൾക്കൊപ്പം നൽകിയിട്ടുണ്ട്.
 
* 'അറ്റ്-റിസ്ക്' രാജ്യങ്ങളിൽ നിന്നെത്തുന്ന യാത്രികർ 'ടെസ്റ്റ്‌ ഓൺ അറൈവൽ' സൗകര്യത്തിനായി മുൻകൂട്ടി ബുക്ക് ചെയ്യണം എന്ന് നിർദ്ദേശിക്കുന്നു. SDF സമർപ്പണ വേളയിൽ ബന്ധപ്പെട്ട പരിശോധന കേന്ദ്രം സംബന്ധിച്ച ലിങ്കുകൾ യാത്രക്കാർക്ക് നൽകുന്നതാണ്. 
 
'അറ്റ്-റിസ്'ക് വിഭാഗത്തിൽപെട്ട രാജ്യങ്ങളിൽ നിന്ന് വരുന്ന/കടന്നുപോയ എല്ലാ അന്താരാഷ്ട്ര യാത്രക്കാരും താഴെപ്പറയുന്ന മാർഗ്ഗ നിർദ്ദേശങ്ങൾ കൃത്യമായി പാലിക്കേണ്ടതാണ്:
 
• എയർ സുവിധ പോർട്ടലിൽ സ്വയം സാക്ഷ്യപ്പെടുത്തൽ അപേക്ഷ സമർപ്പിക്കുക 
 
• യാത്രയ്ക്ക് മുൻപായി, 72 മണിക്കൂറിനുള്ളിൽ നടത്തിയ ഏറ്റവും പുതിയ ആർ ടി പി  സി ആർ നെഗറ്റീവ് പരിശോധന റിപ്പോർട്ട് അപ്‌ലോഡ് ചെയ്യുക 
 
• വിമാനത്താവളത്തിൽ എത്തിയാലുടൻ സ്വന്തം ചെലവിൽ കോവിഡ്-19 പരിശോധന 
 
• ഏഴു ദിവസത്തെ ഹോം ക്വാറന്റീൻ
 
• എട്ടാം ദിവസം വീണ്ടും പരിശോധന നടത്തുക. നെഗറ്റീവ് ആയാൽ അടുത്ത ഏഴു ദിവസത്തേക്ക് ആരോഗ്യം സ്വയം നിരീക്ഷിക്കുക 
 
താഴെപ്പറയുന്ന രാജ്യങ്ങളിൽനിന്നും ഇന്ത്യയിൽ എത്തുന്ന അന്താരാഷ്ട്ര യാത്രക്കാരാണ് വിമാനത്താവളത്തിൽ എത്തിയ ശേഷമുള്ള പരിശോധന അടക്കമുള്ള അധിക കരുതൽ നടപടികൾ സ്വീകരിക്കേണ്ടത് ('അറ്റ്-റിസ്ക്' വിഭാഗത്തിൽ പെടുന്ന രാജ്യങ്ങൾ) (2021 ഡിസംബർ ആറിലെ വിവരങ്ങൾ പ്രകാരം):
 
1.യുകെ ഉൾപ്പെടെ ഉള്ള യൂറോപ്യൻ രാജ്യങ്ങൾ 
 
2. ദക്ഷിണാഫ്രിക്ക 
 
3. ബ്രസീൽ 
 
4. ബോട്സ്വാന 
 
5. ചൈന 
 
6. ഘാന 
 
7. മൗറീഷ്യസ്  
 
8. ന്യൂ സിലൻഡ് 
 
9. സിംബാവേ 
 
10. സിങ്കപ്പൂർ 
 
11. ടാൻസാനിയ 
 
12. ഹോങ്കോങ് 
 
13. ഇസ്രായേൽ 
 
എയർ സുവിധ പോർട്ടൽ ലിങ്ക്: https://www.newdelhiairport.in/airsuvidha/apho-registration
 
 കൂടുതൽ വിവരങ്ങൾക്കായി സന്ദർശിക്കുക: https://bit.ly/NewTravelGuidelinesOct2021.
****
 


(Release ID: 1778878) Visitor Counter : 66