ഭവന, നഗരദാരിദ്ര ലഘൂകരണ മന്ത്രാലയം
ഏറ്റവും വൃത്തിയുള്ള നഗരങ്ങൾ പ്രഖ്യാപിക്കാനും അവാർഡ് നൽകാനും ഇന്ത്യ
Posted On:
18 NOV 2021 1:13PM by PIB Thiruvananthpuram
2021 നവംബർ 20-ന് ന്യൂഡൽഹിയിലെ വിജ്ഞാൻ ഭവനിൽ കേന്ദ്ര ഭവന, നഗരകാര്യ മന്ത്രാലയം സംഘടിപ്പിക്കുന്ന 'സ്വച്ഛ് അമൃത് മഹോത്സവ'ത്തിൽ രാഷ്ട്രപതി ശ്രീ രാം നാഥ് കോവിന്ദ്, സ്വച്ഛ് സർവേക്ഷൻ 2021 പുരസ്ക്കാര ജേതാക്കളെ ആദരിക്കും. മാലിന്യ രഹിത നഗരങ്ങൾക്കായുള്ള സ്റ്റാർ റേറ്റിംഗ് പ്രോട്ടോക്കോൾ നേടിയ നഗരങ്ങൾക്ക് പുരസ്‌ക്കാരങ്ങൾ നൽകും. മന്ത്രാലയം നേരത്തെ ആരംഭിച്ച സഫായിമിത്ര സുരക്ഷാ ചലഞ്ചിന് കീഴിൽ മികച്ച പ്രകടനം കാഴ്ചവച്ച നഗരങ്ങക്ക് മഹോത്സവത്തിൽ അംഗീകാരം നൽകുന്നത് വഴി ശുചീകരണ തൊഴിലാളികളെയും ആദരിക്കും.
വർഷങ്ങളായി നഗരങ്ങളുടെ എണ്ണത്തിലുണ്ടായിക്കൊണ്ടിരിക്കുന്ന ക്രമാനുഗതമായ വർധന സ്വച്ഛ് സർവേക്ഷന്റെ വ്യാപ്തി തെളിയിക്കുന്നു. 2016-ൽ 73 പ്രധാന നഗരങ്ങളിൽ മാത്രം ഒതുങ്ങിയ സർവേയിൽ 2021-ൽ 4,320 നഗരങ്ങൾ പങ്കെടുത്തിട്ടുണ്ട്. 2021-ൽ നടന്ന സ്വച്ഛ് സർവേക്ഷന്റെ ആറാം പതിപ്പ് ലോകത്തിലെ ഏറ്റവും വലിയ നഗര ശുചിത്വ സർവേയായി മാറി. ഈ വർഷം ലഭിച്ച, പൗരന്മാരുടെ അഭൂതപൂർവമായ പ്രതികരണങ്ങൾ സർവേയുടെ വിജയം കാണിക്കുന്നു. പ്രതികരണത്തിൽ കഴിഞ്ഞ വർഷത്തെ 1.87 കോടിയിൽ നിന്ന് 5 കോടിയിലധികമെന്ന പ്രകടമായ വർധനയാണുള്ളത്.
കൊവിഡ് മഹാമാരി അടിസ്ഥാനതലത്തിൽ സൃഷ്ട്ടിച്ച ഒട്ടേറെ വെല്ലുവിളികൾക്കിടയിലും 2021 ലെ പതിപ്പ് 28 ദിവസത്തെ റെക്കോർഡ് സമയത്തിലാണ് പൂർത്തിയാക്കിയത്. മുൻവർഷത്തെ അപേക്ഷിച്ച് സംസ്ഥാനങ്ങളുടെയും നഗരങ്ങളുടെയും പ്രകടനത്തിൽ കാര്യമായ പുരോഗതി ഉണ്ടായിട്ടുണ്ട്:
* 6 സംസ്ഥാനങ്ങളും 6 കേന്ദ്ര ഭരണ പ്രദേശങ്ങളും കഴിഞ്ഞ വർഷത്തേക്കാൾ അടിസ്ഥാന തല പ്രകടനത്തിൽ മൊത്തത്തിലുള്ള പുരോഗതി (5 മുതൽ 25% വരെ) കാണിച്ചിട്ടുണ്ട്;
* 1,100-ലധികം അധിക നഗരങ്ങൾ മാലിന്യം ഉറവിടത്തിൽ തന്നെ വേർതിരിക്കുന്നത് ആരംഭിച്ചു;
* ഏകദേശം 1,800 അധിക നഗര തദ്ദേശ സ്ഥാപനങ്ങൾ ശുചീകരണ തൊഴിലാളികൾക്ക് ക്ഷേമ ആനുകൂല്യങ്ങൾ നൽകാൻ തുടങ്ങി;
* 1,500 അധിക നഗര തദ്ദേശ സ്ഥാപനങ്ങൾ ജീര്‍ണ്ണിക്കാത്ത പ്ലാസ്റ്റിക് ബാഗുകളുടെ ഉപയോഗം, വിൽപന, സംഭരണം എന്നിവ നിരോധിച്ചു; മൊത്തത്തിൽ, 3,000-ലധികം നഗര തദ്ദേശ സ്ഥാപനങ്ങൾ ഈ നിരോധനം പ്രഖ്യാപിച്ചിട്ടുണ്ട്.
മാലിന്യ രഹിത നഗരങ്ങളുടെ സ്റ്റാർ റേറ്റിംഗ് പ്രോട്ടോക്കോളിന് കീഴിലുള്ള സർട്ടിഫിക്കേഷൻ പ്രക്രിയയിലും സമാനമായ മത്സരം നിരീക്ഷിക്കപ്പെട്ടു. 2018-ൽ 56 നഗരങ്ങൾക്ക് മാത്രമാണ് സ്റ്റാർ റേറ്റിംഗിൽ സർട്ടിഫിക്കേഷൻ ലഭിച്ചത്. ഈ വർഷം, എണ്ണം 342 നഗരങ്ങളായി ഉയർന്നു. ഈ വർഷത്തെ സർട്ടിഫിക്കേഷൻ പ്രക്രിയയിൽ 2,238 നഗരങ്ങളുടെ പങ്കാളിത്തം ഉണ്ടായി.
മലിനജല, സെപ്റ്റിക് ടാങ്ക് ക്ലീനർമാരുടെ സുരക്ഷയും അന്തസ്സും ഉറപ്പാക്കുന്നതിനും, ശുചീകരണത്തിലെ അപകട ഭീഷണി ഒഴിവാക്കുന്നതിനുമുള്ള ആദ്യ വിലയിരുത്തൽ പ്രക്രിയായ ‘സഫായിമിത്ര സുരക്ഷാ ചലഞ്ച്’ സംരംഭത്തിൽ മൊത്തം 246 നഗരങ്ങൾ പങ്കെടുത്തു. |
(Release ID: 1772979)
Visitor Counter : 198