രാജ്യരക്ഷാ മന്ത്രാലയം
azadi ka amrit mahotsav

ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഡിഫൻസ് സ്റ്റഡീസ് ആൻഡ് അനലൈസസിനെ അന്തരിച്ച മനോഹർ പരീക്കറുടെ പേരിൽ നാമകരണം ചെയ്തു കൊണ്ടുള്ള ഫലകം രാജ്യ രക്ഷാ മന്ത്രി അനാച്ഛാദനം ചെയ്തു

Posted On: 15 NOV 2021 1:15PM by PIB Thiruvananthpuram

ന്യൂ ഡൽഹിയിലെ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഡിഫൻസ് സ്റ്റഡീസ് ആൻഡ് അനലൈസസിനെ അന്തരിച്ച മുൻ പ്രതിരോധ  മന്ത്രി മനോഹർ പരീക്കറുടെ പേരിൽ പുനർനാമകരണം ചെയ്തുകൊണ്ടുളള ഫലകം 2021 നവംബർ 15 ന്  പ്രതിരോധ  മന്ത്രി ശ്രീ രാജ്‌നാഥ് സിംഗ്  അനാച്ഛാദനം ചെയ്തു. ഇൻസ്റ്റിറ്റ്യൂട്ട് അധ്യക്ഷനായ  പ്രതിരോധ  മന്ത്രിയുടെ സാന്നിദ്ധ്യത്തിൽ ചേർന്ന ജനറൽ ബോഡി ഈ വർഷം ആദ്യം എടുത്ത ഐക്യകണ്ഠമായ   തീരുമാനത്തെ തുടർന്നാണ് മനോഹർ പരീക്കർ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഡിഫൻസ് സ്റ്റഡീസ് ആൻഡ് അനലൈസസ് (MP-IDSA) എന്ന് പുനർനാമകരണം ചെയ്തത്. ഇൻസ്റ്റിറ്റ്യൂട്ടിന്റെ 57-ാമത് സ്ഥാപക ദിനത്തോടനുബന്ധിച്ചാണ് പുനർനാമകരണം നടന്നത്. എല്ലാ വർഷവും നവംബർ 11-നാണ്  സ്ഥാപക ദിനമാഘോഷിക്കുന്നത്.

മുൻ  പ്രതിരോധ   മന്ത്രിക്ക് ഹൃദയംഗമമായ ആദരാഞ്ജലികൾ അർപ്പിച്ച ശ്രീ രാജ്‌നാഥ് സിംഗ്,  പ്രതിരോധ  മന്ത്രിയായിരിക്കെ, ഇൻസ്റ്റിറ്റ്യൂട്ടിന്റെ പ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിൽ വളരെയധികം ശ്രദ്ധ പതിപ്പിച്ച മനോഹർ പരീക്കറെ തന്റെ പ്രസംഗത്തിൽ  അനുസ്മരിച്ചു. പ്രതിരോധവുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ പരീക്കർ ജിക്ക് ആഴത്തിലുള്ള അറിവുണ്ടായിരുന്നുവെന്നും, സ്വദേശിവൽക്കരണത്തിനുള്ള അദ്ദേഹത്തിന്റെ നിർബന്ധബുദ്ധിയും രാഷ്ട്രീയ-സൈനിക സമന്വയത്തിനുള്ള ശ്രമങ്ങളും വിലമതിക്കാനാവാത്തതാണെന്നും, അദ്ദേഹവുമായുള്ള ദീർഘകാല ബന്ധം അനുസ്മരിച്ചുകൊണ്ട് ശ്രീ രാജ്‌നാഥ് സിംഗ് പറഞ്ഞു. ഉറി ഭീകരാക്രമണത്തെ തുടർന്ന് സ്വീകരിച്ച  2016-ലെ തീവ്രവാദ വിരുദ്ധ നടപടികളിൽ അദ്ദേഹം വഹിച്ച നേതൃപരമായ പങ്കും, സായുധ സേനയുടെ താൽപ്പര്യാർത്ഥം 'വൺ റാങ്ക് വൺ പെൻഷൻ' നടപ്പാക്കാനുള്ള അദ്ദേഹത്തിന്റെ തീരുമാനവും ദീർഘകാലം സ്മരിക്കപ്പെടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ദേശസുരക്ഷയുമായി ബന്ധപ്പെട്ട മേഖലകളെ സംബന്ധിച്ച്  കൂടുതൽ ആഴത്തിൽ ചിന്തിക്കാൻ ശ്രീ രാജ്‌നാഥ് സിംഗ് ഇൻസ്റ്റിറ്റ്യൂട്ടിനോട് നിർദ്ദേശിച്ചു. ഗവേഷണത്തിലും നയരൂപീകരണത്തിലും പുതിയ ആശയങ്ങൾ കൊണ്ടുവരാനും ശക്തവും കഴിവുറ്റതുമായ ഇന്ത്യ കെട്ടിപ്പടുക്കുന്നതിന് മികച്ച സംഭാവന നൽകാനും ഇൻസ്റ്റിറ്റ്യൂട്ടിനെ, പ്രത്യേകിച്ച് വിദഗ്ദ്ധരെ അദ്ദേഹം ഉദ്ബോധിപ്പിച്ചു. ഈ ലക്ഷ്യം കൈവരിക്കുന്നതിന് സർക്കാരിൽ നിന്ന് സാധ്യമായ എല്ലാ പിന്തുണയും അദ്ദേഹം വാഗ്ദാനം ചെയ്തു.

ഗ്രിഡുമായി ബന്ധിപ്പിച്ച 100 കിലോവാട്ട് പുരപ്പുറ സൗരോർജ്ജ  പ്ലാന്റിന്റെ ഉദ്ഘാടനവും ചടങ്ങിൽ പ്രതിരോധ  മന്ത്രി നിർവ്വഹിച്ചു. ഇൻസ്റ്റിറ്റ്യൂട്ടിലെ ഓപ്പൺ എയർ ജിമ്മും ശ്രീ രാജ്‌നാഥ് സിംഗ് ഉദ്ഘാടനം ചെയ്തു. രാജ്യത്തിന്റെ പ്രതിരോധം, സുരക്ഷ, വിദേശനയം, തന്ത്രപരമായ ആവശ്യകതകൾ എന്നിവയുമായി ബന്ധപ്പെട്ട് ഇൻസ്റ്റിറ്റ്യൂട്ടിലെ വിദഗ്ധർ രചിച്ച വിവിധ ഗവേഷണ വിഷയങ്ങൾ ഉൾക്കൊള്ളുന്ന പുസ്തകങ്ങളും  പ്രതിരോധ   മന്ത്രി പുറത്തിറക്കി.

*****

 
 

(Release ID: 1771994) Visitor Counter : 201