പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

പന്ഥര്‍പ്പൂരില്‍ ദേശീയ പാത പദ്ധതിക്കു തറക്കല്ലിടുന്ന ചടങ്ങില്‍ പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിന്റെ പരിഭാഷ

Posted On: 08 NOV 2021 6:24PM by PIB Thiruvananthpuram

രാമകൃഷ്ണ ഹരി!

രാമകൃഷ്ണ ഹരി!

പരിപായില്‍ നമ്മോടൊപ്പമുള്ളത് മഹാരാഷ്ട്ര ഗവര്‍ണര്‍ ശ്രീ. ഭഗത് സിങ് കോഷ്യാരി ജി, മഹാരാഷ്ട്ര മുഖ്യമന്ത്രി ശ്രീ. ഉദ്ധവ് താക്കറേ ജി, മന്ത്രിസഭയിലുള്ള എന്റെ സഹപ്രവര്‍ത്തകന്‍ ശ്രീ. നിതിന്‍ ഗഡ്കരി ജി, എന്റെ മറ്റു സഹപ്രവര്‍ത്തകരായ നാരായണ്‍ റാണെ ജി, റാവുസാഹിബ് ദാന്‍വേ ജി, രാംദാസ് അത്താവലെ ജി, കപില്‍ പാട്ടീല്‍ ജി, ഡോ. ഭഗവദ് കാരാട് ജി, ഡോ. ഭാരതി പവാര്‍ ജി, ജനറല്‍ വി.കെ.സിങ് ജി, മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ശ്രീ. അജിത് പവാര്‍ ജി, മഹാരാഷ്ട്ര നിയമസഭയിലെ പ്രതിപക്ഷ നേതാവും എന്റെ സുഹൃത്തുമായ ദേവേന്ദ്ര ഫഡ്‌നവാസ് ജി, ലെജിസ്ലേറ്റീവ് കൗണ്‍സില്‍ ചെയര്‍മാന്‍ രാംരാജ് നായിക് ജി, ബഹുമാനപ്പെട്ട മഹാരാഷ്ട്ര ഗവണ്‍മെന്റ് മന്ത്രിമാരെ, പാര്‍ലമെന്റിലെ സഹ എം.പിമാരെ, മഹാരാഷ്ട്രയിലെ എം.എല്‍.എമാരെ, മറ്റു പൊതു പ്രതിനിധികളെ, നമ്മെ അനുഗ്രഹിക്കാനായി ഇവിടെയെത്തിയ ബഹുമാനപ്പെട്ട സന്യാസിമാരെ, സുഹൃത്തുക്കളെ, 

ഈശ്വരാനുഗ്രഹത്താല്‍ രണ്ടു ദിവസം മുന്‍പ് കേദാര്‍നാഥില്‍ പുനര്‍നിര്‍മിക്കപ്പെട്ട ആദി ശങ്കരാചാര്യ സമാധി അനാച്ഛാദനം ചെയ്യാന്‍ എനിക്ക് അവസരം കിട്ടി. ഇന്ന് ഞാന്‍ വിത്തല്‍ ഭഗവാന്റെ ആരൂഢമായ പന്ഥര്‍പൂരിലാണ്. ദൈവത്തിന്റെ മഹത്വം തിരിച്ചറിയാന്‍ സാധിക്കുന്ന ഇതില്‍ പരം മറ്റെന്ത് ആനന്ദമാണ് ഉള്ളത്? ആദി ശങ്കരാചാര്യര്‍ പറഞ്ഞിട്ടുണ്ട്: 

महा-योग-पीठे,

तटे भीम-रथ्याम्,

वरम् पुण्डरी-काय,

दातुम् मुनीन्द्रैः।

समागत्य तिष्ठन्तम्,

आनन्द-कन्दं,

परब्रह्म लिंगम्,

भजे पाण्डु-रंगम्॥

എന്നുവെച്ചാല്‍ വിത്തല്‍ ഭഗവാന്‍, പാന്ഥര്‍പൂരിലെ ഈ മഹത്തായ ഭൂമിയിലെ ആനന്ദത്തിന്റെ മൂര്‍ത്തീഭാവം. ആനന്ദത്തിന്റെ നേരിട്ടുള്ള രൂപമാണ് പാന്ഥര്‍പൂര്‍. ഇന്ന്, സേവനത്തിന്റെ സന്തോഷവുമുണ്ട്. സന്ത് ജ്ഞാനോബ മൗലിയുടെയും സന്ത് തുക്കോബരായയുടെയും പാല്‍ഖി മാര്‍ഗ് ഇന്ന് ഉദ്ഘാടനം ചെയ്യപ്പെടുന്നതില്‍ എനിക്ക് അതിയായ സന്തോഷമുണ്ട്. വാര്‍ക്കാരികള്‍ക്ക് കൂടുതല്‍ സൗകര്യങ്ങള്‍ ലഭിക്കും. റോഡുകള്‍ വികസനത്തിന്റെ കവാടമാണെന്നു പറയുന്നതുപോലെ, പണ്ടാരിയിലേക്കുള്ള ഈ റോഡുകളും ഭഗവത് ധര്‍മ്മത്തിന്റെ കൊടിമരം ഉയര്‍ത്തുന്ന ഹൈവേകളാകും. ഇത് വിശുദ്ധ പാതയിലേക്കുള്ള കവാടമായിരിക്കും.

സുഹൃത്തുക്കളേ,
ശ്രീശാന്ത് ജ്ഞാനേശ്വര്‍ മഹാരാജ് പാല്‍ഖി മാര്‍ഗിന്റെയും സന്ത് തുക്കാറാം മഹാരാജ് പാല്‍ഖി മാര്‍ഗിന്റെയും ശിലാസ്ഥാപന കര്‍മം ഇന്ന് ഇവിടെ നടന്നു. ശ്രീശാന്ത് ജ്ഞാനേശ്വര്‍ മഹാരാജ് പാല്‍ഖി മാര്‍ഗിന്റെ നിര്‍മ്മാണം അഞ്ച് ഘട്ടങ്ങളിലായാണ് നടക്കുകയെന്ന് വീഡിയോയിലൂടെയും നിതിന്‍ ജി വഴിയും നിങ്ങള്‍ അറിഞ്ഞിട്ടുണ്ടാകും. സന്ത് തുക്കാറാം മഹാരാജ് പാല്‍ഖി മാര്‍ഗിന്റെ നിര്‍മാണം മൂന്ന് ഘട്ടങ്ങളിലായി പൂര്‍ത്തിയാകും. ഈ ഘട്ടങ്ങളിലെല്ലാംകൂടി 11,000 കോടിയിലധികം രൂപ ചെലവില്‍ 350 കിലോമീറ്ററിലധികം നീളമുള്ള ഹൈവേകള്‍ നിര്‍മിക്കും. പ്രധാനമായി, ഈ ഹൈവേകളുടെ ഇരുവശത്തും പല്‍ഖി യാത്രയ്ക്കായി കാല്‍നട തീര്‍ത്ഥാടകര്‍ക്കായി പ്രത്യേക റൂട്ടുകള്‍ ഉണ്ടാക്കും. ഇതുകൂടാതെ പന്ഥര്‍പൂരുമായി ബന്ധിപ്പിക്കുന്ന 225 കിലോമീറ്റര്‍ നീളമുള്ള ദേശീയ പാതയും ഉദ്ഘാടനം ചെയ്തു. ഏകദേശം 1200 കോടി രൂപയാണ് ഇതിന് ചെലവായത്.

സത്താറ, കോലാപൂര്‍, സാംഗ്ലി, ബിജാപൂര്‍, മറാത്ത് വാഡ മേഖല, വടക്കന്‍ മഹാരാഷ്ട്ര മേഖല എന്നിവിടങ്ങളില്‍ നിന്ന് പന്ഥര്‍പൂരിലേക്ക് വരുന്ന ഭക്തര്‍ക്ക് ഈ ഹൈവേ ഏറെ സഹായകമാകും. ഒരു തരത്തില്‍ പറഞ്ഞാല്‍, വിത്തല്‍ ഭഗവാന്റെ ഭക്തരെ സേവിക്കുന്നതിനൊപ്പം ഈ പുണ്യഭൂമിയുടെ മുഴുവന്‍ വികസനത്തിനും ഈ ഹൈവേ ഒരു മാധ്യമമായി മാറും. ദക്ഷിണേന്ത്യയിലേക്കുള്ള കണക്റ്റിവിറ്റി ഈ ഹൈവേയിലൂടെ മെച്ചപ്പെടും. ഇപ്പോള്‍ കൂടുതല്‍ ഭക്തര്‍ക്ക് ഇവിടെയെത്താന്‍ കഴിയും, കൂടാതെ പ്രദേശത്തിന്റെ വികസനവുമായി ബന്ധപ്പെട്ട മറ്റ് പ്രവര്‍ത്തനങ്ങള്‍ക്കും വേഗത ലഭിക്കും. ഈ പവിത്രമായ പദ്ധതികളുമായി സഹകരിക്കുന്ന ഓരോ വ്യക്തിയെയും ഞാന്‍ അഭിനന്ദിക്കുന്നു. നമുക്ക് ആത്മീയ സംതൃപ്തിയും ജീവിതത്തില്‍ പ്രാധാന്യവും നല്‍കുന്ന അത്തരം ശ്രമങ്ങളാണിവ. ഈ വികസന യജ്ഞത്തിന് വിത്തല്‍ ഭഗവാന്റെ എല്ലാ ഭക്തരെയും പ്രദേശത്തെ ജനങ്ങളെയും ഞാന്‍ അഭിനന്ദിക്കുന്നു. എല്ലാ വാര്‍ക്കാരികളെയും ഞാന്‍ അഭിവാദ്യം ചെയ്യുന്നു. വിത്തല്‍ദേവ് ജിയുടെയും എല്ലാ സന്യാസിമാരുടെയും പാദങ്ങളില്‍ ഞാന്‍ വണങ്ങുന്നു.

സുഹൃത്തുക്കളേ,
ഇന്ത്യ മുമ്പ് പലതവണ ആക്രമിക്കപ്പെട്ടിട്ടുണ്ട്. നൂറുകണക്കിന് വര്‍ഷങ്ങളായി ഈ രാജ്യം അടിമത്തത്തിലായിരുന്നു. പ്രകൃതിദുരന്തങ്ങളും വെല്ലുവിളികളും മറ്റ് ബുദ്ധിമുട്ടുകളും ഉണ്ടായിരുന്നു, പക്ഷേ വിത്തല്‍ ദേവിലുള്ള നമ്മുടെ വിശ്വാസം അചഞ്ചലമായി തുടര്‍ന്നു. ഇന്നും, ഈ യാത്ര ലോകത്തിലെ ഏറ്റവും പഴക്കമേറിയതും ഏറ്റവും വലുതുമായ ജനകീയ മാര്‍ച്ചായാണ് കാണുന്നത്. 'ആഷാഢ് ഏകാദശി'യിലെ പന്ഥര്‍പൂര്‍ യാത്രയുടെ വിശാലദൃശ്യം ആര്‍ക്കാണ് മറക്കാന്‍ കഴിയുക. ലക്ഷക്കണക്കിന് ഭക്തരാണ് ഇതിലേക്ക് ആകര്‍ഷിക്കപ്പെടുന്നത്. 'രാമകൃഷ്ണ ഹരി', 'പുണ്ഡലിക് വര്‍ദേ ഹരി വിത്തല്‍', 'ജ്ഞാനബ തുകാറാം' എന്നീ കീര്‍ത്തനങ്ങള്‍ ചുറ്റും കേള്‍ക്കാം. അതുല്യമായ ഒരു അച്ചടക്കവും അസാധാരണമായ ഒരു നിയന്ത്രണവും 21 ദിവസങ്ങളിലും ദൃശ്യമാണ്. വിവിധ പാല്‍ഖി റൂട്ടുകളില്‍ നിരവധി യാത്രകള്‍ ഉണ്ട്, എന്നാല്‍ എല്ലാത്തിനും ഒരേ ലക്ഷ്യസ്ഥാനമാണ്. നമ്മുടെ വിശ്വാസത്തെ ബന്ധിക്കാത്ത, വിമോചിപ്പിക്കുന്ന ഇന്ത്യയുടെ ശാശ്വതമായ അധ്യാപനത്തിന്റെ പ്രതീകമാണിത്. വ്യത്യസ്ത വഴികളും രീതികളും ആശയങ്ങളും ഉണ്ടാകാം, എന്നാല്‍ നമുക്ക് ഒരേ ലക്ഷ്യമുണ്ടെന്ന് ഇത് നമ്മെ പഠിപ്പിക്കുന്നു. അവസാനം എല്ലാ വിഭാഗങ്ങളും 'ഭാഗവത വിഭാഗം' ആണ്, അതിനാല്‍, നമ്മുടെ ഗ്രന്ഥങ്ങള്‍ അത് വളരെ ആത്മവിശ്വാസത്തോടെ പറയുന്നു- एकम् सत् विप्राः बहुधा वदन्ति    (അനന്തമായ രൂപങ്ങളില്‍ ഒറ്റ സത്യമാണ് ഉള്ളത്)

സുഹൃത്തുക്കളേ,

സന്ത് തുക്കാറാം മഹാരാജ് ജി നമുക്ക് നല്‍കിയ മന്ത്രം പറയുന്നതെന്തെന്നാല്‍:  

विष्णूमय जग वैष्णवांचा धर्म, भेदाभेद भ्रम अमंगळ अइका जी तुम्ही भक्त भागवत, कराल तें हित सत्य करा। कोणा ही जिवाचा न घडो मत्सर, वर्म सर्वेश्वर पूजनाचे॥

അതായത് ലോകത്തിലെ എല്ലാം വിഷ്ണുവിന്റേതാണ്. അതിനാല്‍, ജീവജാലങ്ങള്‍ക്കിടയില്‍ വിവേചനം കാണിക്കുന്നത് അശുഭകരമാണ്. അസൂയയും ശത്രുതയും പാടില്ല; നമ്മള്‍ എല്ലാവരേയും തുല്യരായി കാണണം. ഇതാണ് യഥാര്‍ത്ഥ മതം. അതുകൊണ്ടാണ് ഡിണ്ടിയില്‍ ജാതിയോ വിവേചനമോ ഇല്ലാത്തത്. എല്ലാ വാര്‍ക്കാരിയും തുല്യരാണ്. ഓരോ വാര്‍ക്കാരിയും പരസ്പരം 'ഗുരുഭാവു' അഥവാ 'ഗുരു ബഹിന്‍' ആണ്. എല്ലാവരും ഒരു വിത്തലന്റെ മക്കളാണ്, അതിനാല്‍ എല്ലാവര്‍ക്കും ഒരു 'ഗോത്രം' ഉണ്ട്, അതാണ് 'വിത്തല്‍ ഗോത്രം'. വിത്തല്‍ പ്രഭുവിന്റെ കോടതി എല്ലാവര്‍ക്കുമായി തുറന്നിരിക്കുന്നു. എല്ലാവര്‍ക്കുമൊപ്പം, എല്ലാവര്‍ക്കും വികസനം, എല്ലാവരുടെയും വിശ്വാസം എന്നിവയെക്കുറിച്ച് ഞാന്‍ പറയുമ്പോള്‍, അതേ വികാരമാണ് ഇതിന് പിന്നിലുള്ളത്. ഈ ആത്മാവ് രാജ്യത്തിന്റെ വികസനത്തിന് നമ്മെ പ്രചോദിപ്പിക്കുന്നു, എല്ലാവരേയും ഒപ്പം കൊണ്ടുപോകുന്നു, എല്ലാവരുടെയും വികസനത്തിന് നമ്മെ പ്രചോദിപ്പിക്കുന്നു.


സുഹൃത്തുക്കളേ,

പന്ഥര്‍പുരിന്റെ പ്രഭാവലയം, അനുഭവം, ആവിഷ്‌കാരം എന്നിവയെല്ലാം അമാനുഷികമാണ്. आपण म्हणतो ना! माझे माहेर पंढरी, आहे भिवरेच्या तीरी.  തീര്‍ച്ചയായും, പന്ഥര്‍പൂര്‍ ഒരു അമ്മയുടെ വീട് പോലെയാണ്. എന്നാല്‍ എനിക്ക് പന്ഥര്‍പൂരുമായി മറ്റ് രണ്ട് പ്രത്യേക ബന്ധങ്ങളുണ്ട്, ഇത് വിശുദ്ധരുടെ മുന്നില്‍ പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ഗുജറാത്തിലെ ദ്വാരകയുമായാണ് എന്റെ ആദ്യ ബന്ധം. ദ്വാരകാധീശന്‍ വിത്തലന്റെ രൂപത്തില്‍ ഇവിടെയുണ്ട്. എന്റെ രണ്ടാമത്തെ ബന്ധം കാശിയുമായാണ്. ഞാന്‍ കാശിക്കാരനാണ്, ഈ പന്ഥര്‍പുര്‍ ഞങ്ങളുടെ 'ദക്ഷിണ കാശി'യാണ്. അതിനാല്‍, എനിക്ക് പന്ഥര്‍പുരിലേക്കുള്ള സേവനം ശ്രീ നാരായണ ഹരിയുടെ സേവനമാണ്. ഭക്തര്‍ക്ക് ഇന്നും ഭഗവാന്‍ കുടികൊള്ളുന്ന നാടാണിത്. ലോകം പോലും സൃഷ്ടിക്കപ്പെടുന്നുതിനു മുന്നേ പന്ഥര്‍പുര്‍ അവിടെയുണ്ടെന്ന് സന്ത് നാംദേവ് ജി മഹാരാജ് പറഞ്ഞിരുന്നു. അതിന് കാരണം, ശാരീരികമായി മാത്രമല്ല, വൈകാരികമായും നമ്മുടെ മനസ്സില്‍ പന്ഥര്‍പൂര്‍ കുടികൊള്ളുന്നു എന്നതാണ്. സന്ത് ജ്ഞാനേശ്വര്‍, സന്ത് നാംദേവ്, സന്ത് തുക്കാറാം, സന്ത് ഏകനാഥ് തുടങ്ങിയ എത്രയോ സന്യാസിമാരെ യുഗങ്ങളോളം വിശുദ്ധരാക്കിയ നാടാണിത്. ഈ ഭൂമി ഇന്ത്യക്ക് ഒരു പുതിയ ഊര്‍ജ്ജം നല്‍കി, ഇന്ത്യയെ പുനരുജ്ജീവിപ്പിച്ചു. കാലാകാലങ്ങളില്‍, വിവിധ പ്രദേശങ്ങളില്‍, അത്തരം മഹത് വ്യക്തിത്വങ്ങള്‍ ഉയര്‍ന്നുവന്ന് രാജ്യത്തിന് ദിശാബോധം നല്‍കി എന്നതാണ് ഇന്ത്യയുടെ പ്രത്യേകത.

തെക്ക് മാധ്വാചാര്യ, നിംബാര്‍ക്കാചാര്യ, വല്ലഭാചാര്യ, രാമാനുജാചാര്യ, പടിഞ്ഞാറ് നര്‍സി മേത്ത, മീരാഭായി, ധീരോ ഭഗത്, ഭോജ ഭഗത്, പ്രീതം എന്നിവര്‍ ജനിച്ചു. വടക്കുഭാഗത്ത് രാമാനന്ദ, കബീര്‍ദാസ്, ഗോസ്വാമി തുളസീദാസ്, സൂര്‍ദാസ്, ഗുരു നാനാക് ദേവ്, സന്ത് റായ്ദാസ് എന്നിവരുണ്ടായിരുന്നു. കിഴക്ക്, ചൈതന്യ മഹാപ്രഭു, ശങ്കര്‍ ദേവ് തുടങ്ങിയ സന്യാസിമാരുടെ ചിന്തകള്‍ രാജ്യത്തെ വിവിധ സ്ഥലങ്ങളിലും വ്യത്യസ്ത കാലഘട്ടങ്ങളിലും സമ്പന്നമാക്കി; എന്നാല്‍ ഒരേ ലക്ഷ്യത്തോടെ. ഇവരെല്ലാം ഇന്ത്യന്‍ ജനതയുടെ മനസ്സില്‍ ഒരു പുതിയ അവബോധം പകരുകയും ഭാരതത്തിലെ മുഴുവന്‍ ഭക്തിയുടെ ശക്തി തിരിച്ചറിയുകയും ചെയ്തു. അതേ അര്‍ത്ഥത്തില്‍ മഥുരയിലെ കൃഷ്ണന്‍ ഗുജറാത്തില്‍ ദ്വാരകാധീശനും ഉഡുപ്പിയില്‍ ബാലകൃഷ്ണനും പന്ഥര്‍പൂരില്‍ വരുമ്പോള്‍ വിത്തലനും ആകുന്നതു നാം കാണുന്നു. കനകദാസ്, പുരന്ദരദാസ് തുടങ്ങിയ സന്യാസി കവികളിലൂടെ ദക്ഷിണേന്ത്യയിലെ ജനങ്ങളുമായി ബന്ധപ്പെടുന്ന അതേ വിത്തല്‍ ഭഗവാന്‍ കേരളത്തിലും ലീലാശുക്കിന്റെ വരികളില്‍ പ്രത്യക്ഷപ്പെടുന്നു. ഈ ഭക്തിയുടെ ശക്തിയാണ് നമ്മെ ഒന്നിപ്പിക്കുന്നത്. ഇതാണ് 'ഏക ഭാരതം ശ്രേഷ്ഠ ഭാരതം' എന്ന മഹത്തായ തത്വശാസ്ത്രം.


സുഹൃത്തുക്കളേ,

വാര്‍ക്കാരി പ്രസ്ഥാനത്തിന്റെ മറ്റൊരു സവിശേഷതയെന്തന്നാല്‍  നമ്മുടെ സഹോദരിമാര്‍, രാജ്യത്തിന്റെ മാതൃശക്തി, രാജ്യത്തിന്റെ സ്ത്രീശക്തി, പുരുഷന്മാരോടൊപ്പം പടിപടിയായി 'വാരി'യില്‍ നടക്കുന്നുവെന്നതാണ്! അവസരങ്ങളുടെ സമത്വത്തെയാണ് പന്ഥരിയിലെ 'വാരി' സൂചിപ്പിക്കുന്നത്. വാര്‍ക്കാരി പ്രസ്ഥാനത്തിന്റെ മുദ്രാവാക്യം  'भेदाभेद अमंगळ' ( 'വേര്‍തിരിവ് തിന്മയാണ്') എന്നതാണ്! ഇത് സാമൂഹിക സൗഹാര്‍ദ്ദത്തിന്റെ വിളംബരമാണ്, ലിംഗസമത്വവും ഈ ഐക്യത്തില്‍ അന്തര്‍ലീനമാണ്. നിരവധി വാര്‍ക്കാരികളും സ്ത്രീകളും പുരുഷന്മാരും പരസ്പരം 'മൗലി' എന്ന് വിളിക്കുകയും ഭഗവാന്‍ വിത്തലിന്റെയും സന്ത് ജ്ഞാനേശ്വരന്റെയും രൂപം പരസ്പരം കാണുകയും ചെയ്യുന്നു. 'മൗലി' എന്നാല്‍ അമ്മയാണെന്ന് നിങ്ങള്‍ക്കറിയാം. അതായത് മാതൃശക്തിയുടെ അഭിമാനം കൂടിയാണ്.

സുഹൃത്തുക്കളേ,
മഹാത്മാ ഫൂലെ, വീര്‍ സവര്‍ക്കര്‍ തുടങ്ങിയ പ്രമുഖ വ്യക്തിത്വങ്ങള്‍ മഹാരാഷ്ട്രയിലെ തങ്ങളുടെ സംരംഭങ്ങളില്‍ വിജയത്തിന്റെ കൊടുമുടിയില്‍ എത്തിയെങ്കില്‍ അതിന് അടിത്തറ പാകിയത് വാര്‍ക്കാരി പ്രസ്ഥാനത്തിന്റെ സംഭാവനയാണ്. വാര്‍ക്കാരി പ്രസ്ഥാനത്തില്‍ ആരെല്ലാമായിരുന്നു ഉണ്ടാവാതിരുന്നത്? സന്ത് സാവ്ത മഹാരാജ്, സന്ത് ചോഖ, സന്ത് നാംദേവ് മഹാരാജ്, സന്ത് ഗൊറോബ, സെന്‍ ജി മഹാരാജ്, സന്ത് നര്‍ഹരി മഹാരാജ്, സന്ത് കന്‍ഹോപാത്ര തുടങ്ങി സമൂഹത്തിലെ എല്ലാ സമുദായങ്ങളും വാര്‍കാരി പ്രസ്ഥാനത്തിന്റെ ഭാഗമായിരുന്നു.

സുഹൃത്തുക്കളേ,
മനുഷ്യരാശിക്ക് ഭക്തിയുടെയും ദേശസ്‌നേഹത്തിന്റെയും പാത കാണിച്ചുകൊടുക്കുക മാത്രമല്ല, ഭക്തിയുടെ ശക്തിയാല്‍ മാനവികതയെ പരിചയപ്പെടുത്തുക കൂടിയാണ് പാന്ഥര്‍പുര്‍ ചെയ്തത്. ആളുകള്‍ പലപ്പോഴും ദൈവത്തോട് ഒന്നും ചോദിക്കാന്‍ വരാറില്ല. അവരുടെ നിസ്വാര്‍ത്ഥ സമര്‍പ്പണവും ജീവിത ലക്ഷ്യവുമാണ് വിത്തല്‍ ഭഗവാന്റെ ദര്‍ശനം. കാലങ്ങളായി ഇവിടെ ഭക്തരുടെ ആജ്ഞപ്രകാരം ഭഗവാന്‍ തന്നെ അരയില്‍ കൈവച്ച് നില്‍ക്കുന്നു. ഭക്തനായ പുണ്ഡലിക് തന്റെ മാതാപിതാക്കളില്‍ ദൈവത്തെ കണ്ടിരുന്നു, 'നര സേവ നാരായണ സേവ'. ജീവജാലങ്ങളുടെ സേവനം സാധനയായി കണക്കാക്കി സേവ-ദിണ്ടിയിലൂടെ നമ്മുടെ സമൂഹം ഇന്നും അതേ ആദര്‍ശം പിന്തുടരുന്നു. ഓരോ വാര്‍ക്കാരിയും താന്‍ ഭക്തി അനുഷ്ഠിക്കുന്ന അതേ ചൈതന്യത്തോടെ നിസ്വാര്‍ത്ഥ സേവനം ചെയ്യുന്നു. 'അമൃത് കലശ് ദാന്‍-അന്നദാനം' കൊണ്ട് പാവപ്പെട്ടവരെ സേവിക്കുന്നതിനുള്ള പദ്ധതികള്‍ ഇവിടെ തുടരുന്നു, വിദ്യാഭ്യാസ, ആരോഗ്യ മേഖലകളിലെ നിങ്ങളുടെ സേവനം സമൂഹത്തെ ശാക്തീകരിക്കുന്നതിന്റെ അതുല്യമായ ഉദാഹരണമാണ്. നമ്മുടെ രാജ്യത്ത് വിശ്വാസവും ഭക്തിയും രാജ്യസേവനവും രാജ്യസ്‌നേഹവുമായി എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു എന്നതിന്റെ മികച്ച ഉദാഹരണം കൂടിയാണ് സേവാ ദിണ്ടി. ഗ്രാമങ്ങളുടെ ഉന്നമനത്തിനും പുരോഗതിക്കുമുള്ള വലിയ മാധ്യമമായി സേവാ ദിണ്ടി മാറിയിരിക്കുന്നു. ഗ്രാമങ്ങളുടെ വികസനത്തിനായുള്ള രാജ്യത്തിന്റെ പ്രമേയങ്ങളില്‍ നമ്മുടെ വാര്‍ക്കാരി സഹോദരീസഹോദരന്മാര്‍ വലിയ സ്വാധീനം ചെലുത്തുന്നു.

രാജ്യം സ്വച്ഛ് ഭാരത് അഭിയാന്‍ ആരംഭിച്ചു, ഇന്ന് 'നിര്‍മല്‍ വാരി' കാമ്പെയ്‌നിലൂടെ വിഠോബ ഭക്തര്‍ അതിന് ആക്കം കൂട്ടുകയാണ്. അതുപോലെ, അത് 'ബേട്ടി ബച്ചാവോ, ബേട്ടി പഠാവോ' കാമ്പെയ്‌നായാലും ജലസംരക്ഷണത്തിനായുള്ള നമ്മുടെ ശ്രമങ്ങളായാലും; നമ്മുടെ ആത്മീയ ബോധം നമ്മുടെ ദേശീയ ദൃഢനിശ്ചയത്തിന് ഊര്‍ജ്ജം നല്‍കുന്നു. ഇന്ന് ഞാന്‍ എന്റെ വാര്‍ക്കാരി സഹോദരീ സഹോദരന്മാരോട് സംസാരിക്കുമ്പോള്‍, അനുഗ്രഹമായി മൂന്ന് കാര്യങ്ങള്‍ നിങ്ങളോട് ചോദിക്കാന്‍  ആഗ്രഹിക്കുന്നു. ഞാന്‍ വേണോ? സ്ഥിരീകരിക്കാന്‍ നിങ്ങളുടെ കൈകള്‍ ഉയര്‍ത്തുക. ഇന്ന് കൈകള്‍ ഉയര്‍ത്തി നിങ്ങള്‍ എന്നെ അനുഗ്രഹിച്ചതുപോലെ നിങ്ങളുടെ വാത്സല്യം എന്നും എന്നോടൊപ്പമുണ്ട്. ശ്രീശാന്ത് ജ്ഞാനേശ്വര്‍ മഹാരാജ് പാല്‍ഖി മാര്‍ഗിലും സന്ത് തുക്കാറാം മഹാരാജ് പാല്‍ഖി മാര്‍ഗിലുമായി നിര്‍മിക്കുന്ന പ്രത്യേക നടപ്പാതയുടെ ഓരോ മീറ്ററിലും തണല്‍ മരങ്ങള്‍ നട്ടുപിടിപ്പിക്കണം എന്നതാണ് എന്റെ ആദ്യത്തെ അനുഗ്രഹം. നിങ്ങള്‍ എനിക്കായി ഇത് ചെയ്യുമോ? എന്റെ മന്ത്രം 'സബ്ക പ്രയാസ്' (കൂട്ടായ പരിശ്രമം). ഇതു ശരിയാകുമ്പോഴേക്കും ഈ മരങ്ങളും വളര്‍ന്നു വരുന്നതിനാല്‍ നടപ്പാത മുഴുവന്‍ നിഴലായി മാറും. ഈ ബഹുജന പ്രസ്ഥാനത്തെ നയിക്കാന്‍ ഈ പാല്‍ഖി മാര്‍ഗുകളോട് ചേര്‍ന്നുള്ള നിരവധി ഗ്രാമങ്ങളോട് ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു. ഓരോ ഗ്രാമവും അതിന്റെ പ്രദേശത്തുകൂടി കടന്നുപോകുന്ന പാല്‍ഖി മാര്‍ഗില്‍ മരങ്ങള്‍ നട്ടുപിടിപ്പിക്കാനുള്ള ഉത്തരവാദിത്തം ഏറ്റെടുത്താല്‍, ഈ ജോലി വേഗത്തില്‍ പൂര്‍ത്തിയാക്കാനാകും.

സുഹൃത്തുക്കളേ,
ഈ നടപ്പാതയില്‍ ഓരോ നിശ്ചിത ദൂരത്തിലും ശുദ്ധമായ കുടിവെള്ളത്തിനുള്ള ക്രമീകരണമാണ് എന്റെ രണ്ടാമത്തെ അനുഗ്രഹം. ഈ റൂട്ടുകളില്‍ 'പ്യൗസ്' (കുടിവെള്ളത്തിനുള്ള സ്ഥലങ്ങള്‍) നിര്‍മിക്കണം. വിത്തല്‍ ഭഗവാന്റെ ഭക്തിയില്‍ മുഴുകിയ ഭക്തര്‍ പന്ഥാരപ്പൂരിലേക്ക് നീങ്ങുമ്പോള്‍, 21 ദിവസത്തേക്ക് അവര്‍ എല്ലാം മറക്കുന്നു. ഇവ ഭക്തര്‍ക്ക് ഏറെ പ്രയോജനപ്പെടും. ഭാവിയില്‍ ഇന്ത്യയിലെ ഏറ്റവും വൃത്തിയുള്ള തീര്‍ഥാടന കേന്ദ്രങ്ങളിലൊന്നായി പന്ഥര്‍പുരിനെ കാണാന്‍ ഞാന്‍ ആഗ്രഹിക്കുന്നു എന്നതാണ് നിങ്ങള്‍ എന്നെ നിരാശപ്പെടുത്താത്ത മൂന്നാമത്തെ അനുഗ്രഹം. ഇന്ത്യയിലെ ഏറ്റവും വൃത്തിയുള്ള തീര്‍ത്ഥാടന കേന്ദ്രം ഏതെന്ന് ആരെങ്കിലും കണ്ടെത്താന്‍ ആഗ്രഹിക്കുമ്പോള്‍, അത് വിത്തലിന്റെയും പന്ഥര്‍പുരിന്റെയും പുണ്യഭൂമിയായ എന്റെ വിഠോബ ആയിരിക്കണം. ഈ മൂന്ന് കാര്യങ്ങളാണ് നിങ്ങളില്‍ നിന്ന് ഞാന്‍ ആഗ്രഹിക്കുന്നത്, ഇത് പൊതുജന പങ്കാളിത്തത്തിലൂടെ ചെയ്യും. നാട്ടുകാരുടെ നേതൃത്വത്തില്‍ ശുചീകരണ പ്രസ്ഥാനത്തിന്റെ നേതൃത്വം ഏറ്റെടുത്താല്‍ മാത്രമേ നമുക്ക് ഈ സ്വപ്നം സാക്ഷാത്കരിക്കാന്‍ കഴിയൂ. ഞാന്‍ എപ്പോഴും വാദിക്കുന്ന 'സബ്ക പ്രയാസ്' ഇതാണ്.

സുഹൃത്തുക്കളേ,
നമ്മുടെ തീര്‍ത്ഥാടന കേന്ദ്രമായ പന്ഥര്‍പുര്‍ വികസിപ്പിച്ചെടുക്കുമ്പോള്‍, അത് സാംസ്‌കാരിക പുരോഗതിക്ക് മാത്രമല്ല, മുഴുവന്‍ പ്രദേശത്തിന്റെയും വികസനത്തിന് ഉത്തേജനം നല്‍കുന്നു. ഇവിടെ വീതികൂട്ടി നിര്‍മിക്കുന്ന റോഡുകളും പുതിയ ഹൈവേകളും മതപരമായ വിനോദ സഞ്ചാരത്തിന് ഊര്‍ജം പകരും. നമ്മുടെ ആദരണീയനായ അടല്‍ ബിഹാരി വാജ്‌പേയി ജിക്കും ഹൈവേകളും റോഡുകളും എത്തുന്നിടത്ത് വികസനത്തിന്റെ ഒരു പുതിയ അരുവി ഒഴുകാന്‍ തുടങ്ങുന്നു എന്ന വീക്ഷണമുണ്ടായിരുന്നു. ഇത് മനസ്സില്‍ വെച്ചുകൊണ്ട്, രാജ്യത്തെ ഗ്രാമങ്ങളെ റോഡുകളുമായി ബന്ധിപ്പിക്കുന്നതിനുള്ള സുവര്‍ണ്ണ ചതുര്‍ഭുജം എന്ന പ്രചാരണത്തിന് അദ്ദേഹം തുടക്കമിട്ടു. അതേ ആശയങ്ങളില്‍, രാജ്യത്ത് ആധുനിക അടിസ്ഥാന സൗകര്യ വികസനത്തിനു ദ്രുതഗതിയിലുള്ള പ്രവര്‍ത്തനങ്ങള്‍ നടക്കുന്നു. രാജ്യത്ത് ആരോഗ്യ അടിസ്ഥാന സൗകര്യം പ്രോത്സാഹിപ്പിക്കുന്നതിനായി വെല്‍നസ് സെന്ററുകള്‍ തുറക്കുന്നു, പുതിയ മെഡിക്കല്‍ കോളേജുകള്‍ തുറക്കുന്നു, ഡിജിറ്റല്‍ സംവിധാനങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നു. ഇന്ന് രാജ്യത്ത് പുതിയ ഹൈവേകള്‍, ജലപാതകള്‍, റെയില്‍ ലൈനുകള്‍, മെട്രോ ലൈനുകള്‍, ആധുനിക റെയില്‍വേ സ്റ്റേഷനുകള്‍, പുതിയ എയര്‍പോര്‍ട്ടുകള്‍, പുതിയ എയര്‍ റൂട്ടുകള്‍ എന്നിവയുടെ ഒരു വലിയ ശൃംഖല നിര്‍മ്മിക്കപ്പെടുന്നു.

രാജ്യത്തെ എല്ലാ ഗ്രാമങ്ങളെയും ഒപ്റ്റിക്കല്‍ ഫൈബര്‍ ശൃംഖലയുമായി ബന്ധിപ്പിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളും ദ്രുതഗതിയില്‍ നടക്കുന്നു. ഈ പദ്ധതികളെല്ലാം കൂടുതല്‍ ത്വരിതപ്പെടുത്തുന്നതിന് മികച്ച ഏകോപനത്തിനായി പി. എം ഗതിശക്തി ദേശീയ മാസ്റ്റര്‍ പ്ലാനും ആരംഭിച്ചിട്ടുണ്ട്. 100% കവറേജ് എന്ന കാഴ്ചപ്പാടോടെയാണ് രാജ്യം ഇന്ന് മുന്നോട്ട് പോകുന്നത്. പാവപ്പെട്ടവര്‍ക്ക് ഒരു നല്ല വീട്, എല്ലാ വീട്ടിലും കക്കൂസ്, എല്ലാ കുടുംബങ്ങള്‍ക്കും വൈദ്യുതി കണക്ഷന്‍, എല്ലാ വീട്ടിലും ടാപ്പില്‍ നിന്ന് വെള്ളം, നമ്മുടെ അമ്മമാര്‍ക്കും സഹോദരിമാര്‍ക്കും ഗ്യാസ് കണക്ഷന്‍ എന്നിങ്ങനെയുള്ള സ്വപ്നങ്ങളാണ് ഇന്ന് സാക്ഷാത്കരിക്കപ്പെടുന്നത്. സമൂഹത്തിലെ ദരിദ്രരും അധഃസ്ഥിതരും ഇടത്തരക്കാരും പരമാവധി പ്രയോജനം നേടുന്നു.

സുഹൃത്തുക്കളേ,
നമ്മുടെ വാര്‍ക്കാരി ഗുരുഭവനുകളില്‍ ഭൂരിഭാഗവും കര്‍ഷക കുടുംബങ്ങളില്‍ നിന്നുള്ളവരാണ്. ഗ്രാമങ്ങളിലെ പാവപ്പെട്ടവര്‍ക്കായി രാജ്യം നടത്തുന്ന ശ്രമങ്ങള്‍ ഇന്ന് സാധാരണ മനുഷ്യരുടെ ജീവിതത്തെ എങ്ങനെ മാറ്റിമറിക്കുന്നു എന്ന് നിങ്ങള്‍ക്കെല്ലാവര്‍ക്കും കാണാന്‍ കഴിയും. ഗ്രാമങ്ങളിലെ പാവപ്പെട്ട കര്‍ഷകര്‍ ഗ്രാമീണ സമ്പദ്വ്യവസ്ഥയുടെ ചാലകങ്ങളാണ്, കൂടാതെ സമൂഹത്തിന്റെ സംസ്‌കാരത്തിനും രാജ്യത്തിന്റെ ഐക്യത്തിനും നേതൃത്വം നല്‍കുന്നു. നൂറ്റാണ്ടുകളായി ഭാരതത്തിന്റെ സംസ്‌കാരവും ആദര്‍ശങ്ങളും കാത്തുസൂക്ഷിച്ചത് ഭൂമിയുടെ മക്കളാണ്. ഒരു യഥാര്‍ത്ഥ 'അന്നദാതാവ്' സമൂഹത്തെ ഒന്നിപ്പിക്കുകയും സമൂഹത്തിന് വേണ്ടി ജീവിക്കുകയും ചെയ്യുന്നു. നിങ്ങള്‍ സമൂഹത്തിന്റെ പുരോഗതിയുടെ കാരണവും പ്രതിഫലനവുമാണ്. അതിനാല്‍, പുണ്യകരമായ കാലഘട്ടത്തില്‍ നമ്മുടെ പുരോഗതിയുടെ കാതല്‍ നമ്മുടെ കര്‍ഷകരാണ്. ഈ വികാരത്തോടെയാണ് രാജ്യം മുന്നോട്ട് പോകുന്നത്.

സുഹൃത്തുക്കളേ,

നമുക്കെല്ലാവര്‍ക്കുമായി സന്ത് ജ്ഞാനേശ്വര്‍ ജി മഹാരാജിന്റെ വളരെ മനോഹരമായ ഒരു സന്ദേശമുണ്ട്:

दुरितांचे तिमिर जावो । विश्व स्वधर्म सूर्यें पाहो । जो जे वांच्छिल तो तें लाहो, प्राणिजात।

അതായത്, ലോകത്തില്‍ നിന്നുള്ള തിന്മയുടെ അന്ധകാരം അവസാനിക്കണം. ലോകമെമ്പാടും നീതിയുടെയും ഉത്തരവാദിത്തത്തിന്റെയും സൂര്യന്‍ ഉദിക്കുകയും എല്ലാ ജീവജാലങ്ങളുടെയും ആഗ്രഹങ്ങള്‍ നിറവേറുകയും ചെയ്യട്ടെ! നമ്മുടെ ഭക്തിയും പ്രയത്നവും സന്ത് ജ്ഞാനേശ്വര്‍ ജിയുടെ ഈ വികാരങ്ങള്‍ തീര്‍ച്ചയായും സാക്ഷാത്കരിക്കുമെന്ന് നമുക്ക് പൂര്‍ണ വിശ്വാസമുണ്ട്. ഈ വിശ്വാസത്തോടെ ഞാന്‍ ഒരിക്കല്‍ കൂടി എല്ലാ സന്യാസിമാരെയും ഒപ്പം വിഠോബയുടെ പാദങ്ങളിലും വണങ്ങുന്നു. എല്ലാവര്‍ക്കും വളരെ നന്ദി!

ജയ് ജയ് രാമകൃഷ്ണ ഹരി!

ജയ് ജയ് രാമകൃഷ്ണ ഹരി!

****


(Release ID: 1771210) Visitor Counter : 229