റെയില്‍വേ മന്ത്രാലയം

റെയിൽവേ മന്ത്രാലയവും വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയവും ചേർന്ന് സംയോജിത ഏകജാലക ചിത്രീകരണ സംവിധാനം രൂപീകരിച്ചു

Posted On: 01 NOV 2021 1:38PM by PIB Thiruvananthpuram

 

 

ന്യൂഡൽഹി: നവംബർ 1, 2021

 

റെയിൽവേ പരിസരത്ത് സിനിമ  ചിത്രീകരണത്തിനുള്ള അനുമതി ലഭ്യത നടപടിക്രമങ്ങൾ ഉൾപ്പെടെ   കാര്യക്ഷമമാക്കുന്നതിനായി ദേശീയ ചലച്ചിത്ര വികസന കോർപ്പറേഷന്റെ (എൻഎഫ്ഡിസി) കീഴിലുള്ള ഫിലിം ഫെസിലിറ്റേഷൻ ഓഫീസും (എഫ്എഫ്ഒ )റെയിൽവേ മന്ത്രാലയവും സംയുക്തമായി   ഏകജാലക ചിത്രീകരണ സംവിധാനം രൂപീകരിച്ചു .

 

റെയിൽവേ എന്നും ഇന്ത്യയുടെ സിനിമാ മേഖലയുമായി വളരെയധികം ബന്ധപ്പെട്ടിരിക്കുന്നു.  ലോകത്തെമ്പാടുമുള്ള ചലച്ചിത്ര പ്രവർത്തകർക്ക് താല്പര്യമുള്ള സ്ഥലമായി രാജ്യത്തെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഫിലിം ഫെസിലിറ്റേഷൻ ഓഫീസ്  രൂപീകരിച്ചിരിക്കുന്നത്.   ഇന്ത്യയിൽ എവിടെയും ചലച്ചിത്ര  ചിത്രീകരണത്തിനുള്ള അനുമതി നേടുന്നതിനും ചലച്ചിത്ര ചിത്രീകരണവുമായി ബന്ധപ്പെട്ട പ്രദേശങ്ങളെ കുറിച്ച് അറിയുന്നതിനും അതിന്റെ വെബ് പോർട്ടൽ സഹായിക്കുന്നു.

 

 എഫ് എഫ് ഓ വെബ് പോർട്ടൽ (www.ffo.gov.in) വഴി , ചലച്ചിത്ര പ്രവർത്തകർക്ക് ഒന്നിലധികം  റെയിൽവെ സോണുകളുടെ അധികാരപരിധിയിൽ വരുന്ന റെയിൽവേ ലൊക്കേഷനിൽ ഉൾപ്പെടെ, ചിത്രീകരണത്തിനായി അനുമതി ആവശ്യപ്പെട്ട്  ഓൺലൈൻ അപേക്ഷകൾ സമർപ്പിക്കാം.  അപേക്ഷ സമർപ്പിച്ചുകഴിഞ്ഞാൽ, സോണൽ റെയിൽവേയിലെ ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ ആ വിവരം അറിയിക്കുകയും അവർക്ക് എഫ്എഫ്ഒ പോർട്ടൽ വഴി അപേക്ഷകൾ പരിശോധിക്കാനും  നടപടിക്രമങ്ങൾക്ക് ശേഷം അനുമതി നൽകിക്കൊണ്ടുള്ള ഉത്തരവ്  അപ്‌ലോഡ് ചെയ്യാനും കഴിയും.   സുതാര്യവും സമയബന്ധിതവുമായ രീതിയിൽ ചിത്രീകരണ അനുമതി ലഭ്യമാക്കുന്നതിന്, അപേക്ഷകനും റെയിൽവേ അധികാരികൾക്കും ഒരുപോലെ പ്രയോജനപ്പെടുന്ന ഈ പോർട്ടൽ വഴി  അപേക്ഷ സംബന്ധിച്ച എന്തെങ്കിലും സംശയങ്ങൾ ഉന്നയിക്കുന്നതിനും പരിഹരിക്കുന്നതിനുമുള്ള  സൗകര്യവുമുണ്ട്.

 

റെയിൽവേയെ പ്രതിനിധീകരിച്ച്,എഫ് എഫ് ഓ പോർട്ടൽ വഴി (www.ffo.gov.in)   ഫീച്ചർ ഫിലിമുകൾ, ടിവി/വെബ് ഷോകൾ, പരമ്പരകൾ എന്നിവയ്ക്കുള്ള അപേക്ഷകൾ സ്വീകരിക്കും.  ഡോക്യുമെന്ററി/സംഗീത വീഡിയോകൾക്കും എ വി പരസ്യങ്ങൾക്കും, നിർമ്മാതാക്കൾക്ക് നേരിട്ട് റെയിൽവേയിൽ അപേക്ഷിക്കാം.(Release ID: 1768735) Visitor Counter : 213