പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

ആത്മനിര്‍ഭര്‍ ഭാരത് സ്വയംപൂര്‍ണ ഗോവ പദ്ധതിയുടെ ഗുണഭോക്താക്കളുമായും പങ്കാളികളുമായും നടത്തിയ ആശയവിനിമയത്തിൽ പ്രധാനമന്ത്രിയുടെ പ്രസംഗം

Posted On: 23 OCT 2021 2:01PM by PIB Thiruvananthpuram

സ്വയംപൂര്‍ണ ഗോവയിലൂടെ ആത്മനിര്‍ഭര്‍ ഭാരത് എന്ന സ്വപ്നം സാക്ഷാത്കരിച്ച എല്ലാ ഗോവക്കാരെയും ഞാന്‍ സ്വാഗതം ചെയ്യുന്നു.  നിങ്ങളുടെ അശ്രാന്ത പരിശ്രമം കാരണം ഗോവക്കാരുടെ ആവശ്യങ്ങള്‍ ഗോവയില്‍ തന്നെ നിറവേറ്റാന്‍ കഴിഞ്ഞത് ശരിക്കും സന്തോഷകരമാണ്.

 സ്വയംപൂര്‍ണ (സ്വയം പര്യാപ്തമായ) ഗോവയിലെ ഗുണഭോക്താക്കളുമായി സംവദിക്കുമ്പോള്‍, ഗവണ്‍മെന്റിന്റെ പിന്തുണയും ജനങ്ങളുടെ കഠിനാധ്വാനവും തമ്മില്‍ സമന്വയമുണ്ടാകുമ്പോള്‍ സംഭവിക്കുന്ന മാറ്റവും ആത്മവിശ്വാസവും നമ്മള്‍ എല്ലാവരും അനുഭവിച്ചു. ഈ അര്‍ത്ഥവത്തായ മാറ്റത്തിന്റെ പാത ഗോവയ്ക്ക് കാണിച്ചുതന്ന ജനകീയനും ഊര്‍ജ്ജസ്വലനുമായ മുഖ്യമന്ത്രി ഡോ. പ്രമോദ് സാവന്ത് ജി, കേന്ദ്രമന്ത്രിസഭയിലെ എന്റെ മുതിര്‍ന്ന സഹപ്രവര്‍ത്തകന്‍ ശ്രീപദ് നായിക് ജി, ഗോവ ഉപമുഖ്യമന്ത്രിമാരായ ശ്രീ മനോഹര്‍ അജ്ഗാവ്കര്‍ ജി, ശ്രീ ചന്ദ്രകാന്ത് കാവ്‌ലേക്കര്‍ ജി, സംസ്ഥാന മന്ത്രിമാര്‍, എംപിമാര്‍, എംഎല്‍എമാര്‍, തദ്ദേശ സ്ഥാപനങ്ങളുടെ പ്രതിനിധികള്‍, ജില്ലാ പരിഷത്ത് അംഗങ്ങള്‍, പഞ്ചായത്ത് അംഗങ്ങള്‍, മറ്റ് ജനപ്രതിനിധികളേ, ഗോവയിലെ എന്റെ പ്രിയപ്പെട്ട സഹോദരീ സഹോദരന്മാരേ,

 ഗോവ എന്നാല്‍ ആനന്ദം, ഗോവ എന്നാല്‍ പ്രകൃതി, ഗോവ എന്നാല്‍ ടൂറിസം എന്നാണ് അര്‍ത്ഥം. എന്നാല്‍ ഇന്ന് ഞാന്‍ പറയും, ഗോവ എന്നാല്‍ വികസനത്തിന്റെ ഒരു പുതിയ മാതൃകയാണ്. കൂട്ടായ പരിശ്രമത്തിന്റെ പ്രതിഫലനമാണ് ഗോവ. ഗോവ എന്നാല്‍ പഞ്ചായത്ത് മുതല്‍ ഭരണം വരെയുള്ള വികസനത്തിനുള്ള ഐക്യദാര്‍ഢ്യമാണ്.

 സുഹൃത്തുക്കളേ,

 വര്‍ഷങ്ങളായി, ആവശ്യങ്ങളും അഭിലാഷങ്ങളും നിറവേറ്റുക എന്ന ലക്ഷ്യം കൈവരിക്കാന്‍ രാജ്യം ദരിദ്രാവസ്ഥയില്‍ നിന്ന് പുറത്തുവന്നു.  പതിറ്റാണ്ടുകളായി നിര്‍ധനരായ രാജ്യവാസികള്‍ക്ക് ആ അടിസ്ഥാന സൗകര്യങ്ങള്‍ ലഭ്യമാക്കുന്നതിന് മുന്‍ഗണന നല്‍കിയിട്ടുണ്ട്. ഈ വര്‍ഷം ആഗസ്ത് 15-ന് ചെങ്കോട്ടയില്‍ നിന്ന് ഞാന്‍ സൂചിപ്പിച്ചിരുന്നു, ഇനി ഈ പദ്ധതികളെ പരിപൂര്‍ണാവസ്ഥ എന്ന ലക്ഷ്യത്തിലേക്ക് അതായത് 100 ശതമാനത്തിലേക്ക് കൊണ്ടുപോകണമെന്ന്. പ്രമോദ് സാവന്ത് ജിയുടെയും സംഘത്തിന്റെയും നേതൃത്വത്തില്‍ ഗോവ ഈ ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതില്‍ നേതൃപരമായ പങ്ക് വഹിക്കുന്നു. വെളിയിട വിസര്‍ജ്ജനത്തില്‍ നിന്ന് മുക്തമാകുക എന്നതായിരുന്നു ഇന്ത്യയുടെ ലക്ഷ്യം. ഗോവ ഈ ലക്ഷ്യം 100 ശതമാനം കൈവരിച്ചു. എല്ലാ വീട്ടിലും വൈദ്യുതി കണക്ഷന്‍ നല്‍കുകയെന്നതാണ് രാജ്യം ലക്ഷ്യമിടുന്നത്.  ഗോവയും അത് 100 ശതമാനം നേടി. ഹര്‍ ഘര്‍ ജല്‍ അഭിയാനില്‍ 100 ശതമാനം ലക്ഷ്യം നേടിയ ആദ്യ സംസ്ഥാനമായി ഗോവ വീണ്ടും.  ദരിദ്രര്‍ക്കുള്ള സൗജന്യ റേഷനില്‍ ഗോവയും 100 ശതമാനം സ്‌കോര്‍ ചെയ്തു.

 സുഹൃത്തുക്കളേ,

 രണ്ട് ദിവസം മുമ്പ്, 100 കോടി വാക്‌സിന്‍ ഡോസുകള്‍ നല്‍കുകയെന്ന വലിയ നാഴികക്കല്ല് ഇന്ത്യ പിന്നിട്ടു. ഇതിലും ഗോവ ആദ്യ ഡോസിന്റെ കാര്യത്തില്‍ 100 ശതമാനം നേട്ടം കൈവരിച്ചു. രണ്ടാം ഡോസിന്റെ 100 ശതമാനം ലക്ഷ്യം കൈവരിക്കാനുള്ള എല്ലാ ശ്രമങ്ങളും ഗോവ ഇപ്പോള്‍ നടത്തുന്നു.

 സഹോദരീ സഹോദരന്മാരേ,

 സ്ത്രീകളുടെ സൗകര്യത്തിനും അന്തസ്സിനുമായി കേന്ദ്ര ഗവണ്‍മെന്റിന്റെ പദ്ധതികള്‍ ഗോവ വിജയകരമായി നടപ്പാക്കുക മാത്രമല്ല വിപുലീകരിക്കുകയും ചെയ്യുന്നതില്‍ എനിക്ക് സന്തോഷമുണ്ട്. ശൗചാലയങ്ങളായാലും ഉജ്ജ്വല ഗ്യാസ് കണക്ഷനുകളായാലും ജന്‍ധന്‍ ബാങ്ക് അക്കൗണ്ടുകളായാലും സ്ത്രീകള്‍ക്ക് സൗകര്യങ്ങള്‍ ഒരുക്കുന്നതില്‍ ഗോവ മികച്ച പ്രവര്‍ത്തനമാണ് നടത്തിയത്. ഇക്കാരണത്താല്‍ ആയിരക്കണക്കിന് സഹോദരിമാര്‍ക്ക് സൗജന്യ ഗ്യാസ് സിലിണ്ടറുകള്‍ ലഭിച്ചു, കൊറോണ ലോക്ക്ഡൗണ്‍ സമയത്ത് അവരുടെ ബാങ്ക് അക്കൗണ്ടുകളില്‍ പണം നിക്ഷേപിക്കാന്‍ കഴിഞ്ഞു. എല്ലാ വീടുകളിലും ടാപ്പ് വെള്ളം നല്‍കി സഹോദരിമാര്‍ക്ക് ഗോവ ഗവണ്‍മെന്റ് ധാരാളം സൗകര്യങ്ങള്‍ നല്‍കിയിട്ടുണ്ട്. ഗൃഹ ആധാര്‍, ദീന്‍ ദയാല്‍ സാമൂഹിക സുരക്ഷ തുടങ്ങിയ പദ്ധതികളിലൂടെ ഗോവയിലെ സഹോദരിമാരുടെ ജീവിതം കൂടുതല്‍ മികച്ചതാക്കാന്‍ ഗോവ ഗവണ്‍മെന്റ് ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നു.

 സഹോദരീ സഹോദരന്മാരേ,

 സമയങ്ങള്‍ ദുഷ്‌കരമാകുമ്പോഴും വെല്ലുവിളികള്‍ മുന്നില്‍ നില്‍ക്കുമ്പോഴും യഥാര്‍ത്ഥ സാധ്യതകള്‍ അറിയാം.  കഴിഞ്ഞ ഒന്നര വര്‍ഷത്തിനുള്ളില്‍, നൂറുവര്‍ഷത്തെ ഏറ്റവും വലിയ മഹാമാരിയെ ഗോവ അഭിമുഖീകരിച്ചു എന്നു മാത്രമല്ല, കൊടും ചുഴലിക്കാറ്റുകളുടെയും വെള്ളപ്പൊക്കത്തിന്റെയും ഭീകരതകള്‍ സഹിക്കുകയും ചെയ്തു.  ഗോവയുടെ വിനോദസഞ്ചാര മേഖലയ്ക്ക് ഉണ്ടായ ബുദ്ധിമുട്ടുകള്‍ ഞാന്‍ മനസ്സിലാക്കുന്നു. എന്നാല്‍ ഈ വെല്ലുവിളികള്‍ക്കിടയില്‍ ഗോവ ഗവണ്‍മെന്റും കേന്ദ്ര ഗവണ്‍മെന്റും ഗോവയിലെ ജനങ്ങള്‍ക്ക് ഇരട്ടി ശക്തിയോടെ ആശ്വാസം നല്‍കുന്നതില്‍ ഏര്‍പ്പെട്ടിരുന്നു. ഗോവയില്‍ വികസന പ്രവര്‍ത്തനങ്ങള്‍ നിര്‍ത്താന്‍ ഞങ്ങള്‍ അനുവദിച്ചില്ല. സ്വയംപൂര്‍ണ ഗോവ അഭിയാന്‍, ഗോവയുടെ വികസനത്തിന്റെ അടിസ്ഥാനമാക്കിയതിന് പ്രമോദ് ജിയെയും അദ്ദേഹത്തിന്റെ മുഴുവന്‍ സംഘത്തെയും ഞാന്‍ അഭിനന്ദിക്കാന്‍ ആഗ്രഹിക്കുന്നു. ഈ ദൗത്യം ത്വരിതപ്പെടുത്തുന്നതിന്, മറ്റൊരു പ്രധാന ചുവടുവെയ്പ്പ് നട
ത്തിയിട്ടുണ്ട്, അതാണ് 'സര്‍ക്കാര്‍ തുംച്യാ ദാരി' (ഗവണ്‍മെന്റ് നിങ്ങളുടെ പടിവാതില്‍ക്കല്‍).

 സുഹൃത്തുക്കളേ,

 കഴിഞ്ഞ ഏഴ് വര്‍ഷമായി രാജ്യം മുന്നോട്ടുപോകുന്ന ജനോപകാരപ്രദമായ, സജീവമായ ഭരണ മനോഭാവത്തിന്റെ വിപുലീകരണമാണിത്. സര്‍ക്കാര്‍ തന്നെ പൗരന്മാരിലേക്ക് പോയി അവരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്ന ഭരണം!  ഗ്രാമ, പഞ്ചായത്ത്, ജില്ലാ തലങ്ങളില്‍ ഗോവ മികച്ച മാതൃക വികസിപ്പിച്ചെടുത്തിട്ടുണ്ട്.  കേന്ദ്രത്തിന്റെ ഇതുവരെയുള്ള പല കാമ്പെയ്നുകളിലും 100 ശതമാനം വിജയം കൈവരിച്ചതുപോലെ എല്ലാവരുടെയും പ്രയത്നത്താല്‍ ബാക്കിയുള്ള ലക്ഷ്യങ്ങള്‍ വളരെ വേഗം കൈവരിക്കാന്‍ ഗോവയ്ക്ക് കഴിയുമെന്ന് എനിക്ക് പൂര്‍ണ വിശ്വാസമുണ്ട്.

 സുഹൃത്തുക്കളേ,

 ഞാന്‍ ഗോവയെക്കുറിച്ച് പറയുകയും ഫുട്‌ബോളിനെ കുറിച്ച് പരാമര്‍ശം ഇല്ലാതിരിക്കുകയും ചെയ്താല്‍ പറ്റില്ല. ഫുട്‌ബോളിനോടുള്ള ഗോവയുടെ ആവേശം അസാധാരണമാണ്. ഫുട്‌ബോള്‍ കളിയിലെ പ്രതിരോധമോ മുന്നേറ്റമോ ആകട്ടെ, എല്ലാ ഗോളുകളും, ഗോള്‍ അഥവാ ലക്ഷ്യത്തില്‍) അധിഷ്ഠിതമാണ്. ആരെങ്കിലും ഒരു ഗോള്‍ സംരക്ഷിക്കുകയും മറ്റൊരാള്‍ ഒരു ഗോള്‍ നേടുകയും വേണം. തങ്ങളുടെ ലക്ഷ്യങ്ങള്‍ നേടാനുള്ള ഈ മനോഭാവം ഗോവയില്‍ ഒരിക്കലും കാണാതെ പോയിട്ടില്ല.  എന്നാല്‍ മുന്‍കാല ഗവണ്‍മെന്റുകള്‍ക്ക് അനുകൂലമായ അന്തരീക്ഷം സൃഷ്ടിക്കാനുള്ള ടീം സ്പിരിറ്റ് ഇല്ലായിരുന്നു. ഏറെക്കാലമായി ഗോവയില്‍ സദ്ഭരണത്തിന് മേല്‍ രാഷ്ട്രീയ താല്‍പ്പര്യങ്ങള്‍ നിലനിന്നിരുന്നു. രാഷ്ട്രീയ അസ്ഥിരത സംസ്ഥാനത്തിന്റെ വികസനത്തെയും ബാധിച്ചു.  എന്നാല്‍ കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി, ഗോവയിലെ വിവേകശാലികളായ ജനങ്ങള്‍ ഈ അസ്ഥിരതയെ സ്ഥിരതയിലേക്ക് മാറ്റിയിരിക്കുന്നു. പരേതനായ എന്റെ സുഹൃത്ത് മനോഹര്‍ പരീക്കര്‍ ഗോവയെ മുന്നോട്ട് നയിച്ച, വിശ്വാസത്തില്‍ പ്രമോദ് ജിയുടെ ടീം ആത്മാര്‍ത്ഥമായി ഗോവയ്ക്ക് പുതിയ ഉയരങ്ങള്‍ നല്‍കുന്നു.  ഇന്ന് ഗോവ പുതുക്കിയ ആത്മവിശ്വാസത്തോടെ മുന്നേറുകയാണ്.  ടീം ഗോവയുടെ ഈ പുതിയ സ്പിരിറ്റിന്റെ ഫലമാണ് സ്വയംപൂര്‍ണ ഗോവയുടെ ദൃഢനിശ്ചയം.

 സഹോദരീ സഹോദരന്മാരേ,

 ഗോവയില്‍ വളരെ സമ്പന്നമായ ഗ്രാമീണ സമ്പദ്വ്യവസ്ഥയും ആകര്‍ഷകമായ നഗരജീവിതവും ഉണ്ട്.  ഗോവയിലും കൃഷിയിടങ്ങളുണ്ട്, ഒരു സമുദ്ര സമ്പദ്വ്യവസ്ഥയുടെ വികസനത്തിനുള്ള സാധ്യതകളുമുണ്ട്. സ്വാശ്രിത ഇന്ത്യയ്ക്ക് ആവശ്യമായതെല്ലാം ഗോവയിലുണ്ട്. അതിനാല്‍, ഗോവയുടെ മൊത്തത്തിലുള്ള വികസനം ഇരട്ട എഞ്ചിന്‍ ഗവണ്‍മെന്റിന്റെ വലിയ മുന്‍ഗണനയാണ്.

 സുഹൃത്തുക്കളേ,

 ഗോവയിലെ ഗ്രാമീണ, നഗര, തീരദേശ അടിസ്ഥാന സൗകര്യങ്ങളില്‍ ഇരട്ട എഞ്ചിന്‍ ഗവണ്‍മെന്റ് പ്രത്യേക ശ്രദ്ധ ചെലുത്തുന്നു. ഗോവയിലെ രണ്ടാമത്തെ വിമാനത്താവളമായാലും, ലോജിസ്റ്റിക്സ് ഹബ്ബിന്റെ നിര്‍മ്മാണമായാലും, ഇന്ത്യയിലെ രണ്ടാമത്തെ വലിയ കേബിള്‍ പാലമായാലും, ആയിരക്കണക്കിന് കോടി രൂപയുടെ ദേശീയ പാതയുടെ നിര്‍മ്മാണമായാലും, ഈ പദ്ധതികളെല്ലാം ദേശീയതയ്ക്കും ഗോവയുടെ അന്താരാഷ്ട്ര കണക്റ്റിവിറ്റിക്കും പുതിയ മാനങ്ങള്‍ നല്‍കും.  

 സഹോദരീ സഹോദരന്മാരേ,

 ഗോവയില്‍ വികസിപ്പിച്ചുകൊണ്ടിരിക്കുന്ന അടിസ്ഥാന സൗകര്യങ്ങള്‍ കര്‍ഷകരുടെയും ഇടയന്മാരുടെയും നമ്മുടെ മത്സ്യത്തൊഴിലാളികളുടെയും വരുമാനം വര്‍ദ്ധിപ്പിക്കുന്നതിനും സഹായിക്കും.  ഈ വര്‍ഷം, ഗോവയുടെ ഗ്രാമീണ അടിസ്ഥാനസൗകര്യങ്ങളുടെ ആധുനികവല്‍ക്കരണവുമായി താരതമ്യം ചെയ്യുമ്പോള്‍ അഞ്ച് മടങ്ങ് ഫണ്ട് വര്‍ദ്ധിപ്പിച്ചു.  ഗോവയുടെ ഗ്രാമീണ അടിസ്ഥാന സൗകര്യ വികസനത്തിനായി കേന്ദ്ര ഗവണ്‍മെന്റ് 500 കോടി രൂപ അനുവദിച്ചു. കൃഷിയും മൃഗസംരക്ഷണവുമായി ബന്ധപ്പെട്ടുകൊണ്ടിരിക്കുന്ന പദ്ധതികള്‍ക്ക് ഇത് പുതിയ ഊര്‍ജ്ജം നല്‍കും.

 സുഹൃത്തുക്കളേ,

 കര്‍ഷകരെയും മത്സ്യത്തൊഴിലാളികളെയും ബാങ്കുകളുമായും വിപണികളുമായും ബന്ധിപ്പിക്കുന്നതിനുള്ള കേന്ദ്ര സര്‍ക്കാര്‍ പദ്ധതികളില്‍ ഗോവ ഗവണ്‍മെന്റ് പ്രതിജ്ഞാബദ്ധമാണ്. ഗോവയിലെ ധാരാളം ചെറുകിട കര്‍ഷകര്‍ ഒന്നുകില്‍ പഴങ്ങളെയും പച്ചക്കറികളെയും ആശ്രയിക്കുന്നു അല്ലെങ്കില്‍ മത്സ്യബന്ധനത്തില്‍ ഏര്‍പ്പെടുന്നു.  ഈ ചെറുകിട കര്‍ഷകര്‍ക്കും ഇടയന്മാര്‍ക്കും മത്സ്യത്തൊഴിലാളികള്‍ക്കും എളുപ്പത്തില്‍ ബാങ്ക് വായ്പ ലഭ്യമാക്കുക എന്നത് ഒരു വലിയ വെല്ലുവിളിയായിരുന്നു.  ഈ പ്രശ്‌നം മനസ്സില്‍ വച്ചുകൊണ്ട്, കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് പദ്ധതി വിപുലീകരിച്ചു.  ചെറുകിട കര്‍ഷകര്‍ക്ക് മിഷന്‍ മോഡില്‍ കെസിസി നല്‍കുമ്പോള്‍, ഇടയന്മാരെയും മത്സ്യത്തൊഴിലാളികളെയും ആദ്യമായാണ് ഇതിലേക്ക് ബന്ധിപ്പിക്കുന്നത്.  ചുരുങ്ങിയ സമയത്തിനുള്ളില്‍ നൂറുകണക്കിന് പുതിയ കിസാന്‍ ക്രെഡിറ്റ് കാര്‍ഡുകള്‍ ഗോവയില്‍ വിതരണം ചെയ്തു കോടിക്കണക്കിന് രൂപ നല്‍കി.  പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ നിധി പദ്ധതിയില്‍ നിന്ന് ഗോവയിലെ കര്‍ഷകര്‍ക്ക് വലിയ പ്രയോജനം ലഭിച്ചിട്ടുണ്ട്.  അത്തരം ശ്രമങ്ങള്‍ കാരണം, ധാരാളം പുതിയ സുഹൃത്തുക്കള്‍ കൃഷിയും സ്വീകരിക്കുന്നു.  ഒരു വര്‍ഷത്തിനുള്ളില്‍ ഗോവയില്‍ പഴങ്ങളുടെയും പച്ചക്കറികളുടെയും ഉല്‍പാദനത്തില്‍ 40 ശതമാനത്തോളം വര്‍ധനയുണ്ടായി.  പാല്‍ ഉല്‍പാദനവും 20 ശതമാനത്തിലധികം വര്‍ദ്ധിച്ചു.  ഗോവ ഗവണ്‍മെന്റ് ഇത്തവണ കര്‍ഷകരില്‍ നിന്ന് റെക്കോര്‍ഡ് സംഭരണം നടത്തിയെന്നാണ് എന്നോട് പറയുന്നത്.

 സുഹൃത്തുക്കളേ,

 ഭക്ഷ്യസംസ്‌കരണ വ്യവസായം സ്വയംപൂര്‍ണ ഗോവയുടെ ഒരു പ്രധാന ശക്തിയാണ്. ഗോവയ്ക്ക് ഇന്ത്യയുടെ ശക്തിയാകാന്‍ കഴിയും, പ്രത്യേകിച്ച് മത്സ്യ സംസ്‌കരണത്തില്‍. ഇന്ത്യ വളരെക്കാലമായി അസംസ്‌കൃത മത്സ്യം കയറ്റുമതി ചെയ്യുന്നു.  ഇന്ത്യന്‍ മത്സ്യം കിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളില്‍ സംസ്‌കരിച്ച ശേഷം ലോക വിപണിയില്‍ എത്തുന്നു.  ഈ സാഹചര്യം മാറ്റാന്‍, മത്സ്യമേഖലയെ ആദ്യമായി വലിയ തോതില്‍ സഹായിക്കുന്നു.  മത്സ്യവ്യാപാരത്തിനായി മത്സ്യത്തൊഴിലാളികളുടെ ബോട്ടുകള്‍ ആധുനികവത്കരിക്കുന്നതുവരെ ഒരു പ്രത്യേക മന്ത്രാലയം സൃഷ്ടിക്കുന്നത് മുതല്‍ എല്ലാ തലത്തിലും പ്രോത്സാഹനങ്ങള്‍ നല്‍കുന്നു.  ഗോവയിലെ നമ്മുടെ മത്സ്യത്തൊഴിലാളികള്‍ക്കും പ്രധാനമന്ത്രി മത്സ്യ സമ്പത്ത് യോജനയുടെ കീഴില്‍ പ്രയോജനം ലഭിക്കുന്നു.

 സുഹൃത്തുക്കളേ,

 ഗോവയുടെ പരിസ്ഥിതിയുടെയും ടൂറിസത്തിന്റെയും വികസനം ഇന്ത്യയുടെ വികസനവുമായി നേരിട്ട് ബന്ധപ്പെട്ടിരിക്കുന്നു.  ഇന്ത്യയുടെ ടൂറിസം മേഖലയിലെ ഒരു പ്രധാന കേന്ദ്രമാണ് ഗോവ.  ഇന്ത്യയുടെ അതിവേഗം വളരുന്ന സമ്പദ്വ്യവസ്ഥയില്‍ പര്യടനം, യാത്ര, ആഥിത്യ വ്യവസായം എന്നിവയുടെ വിഹിതം തുടര്‍ച്ചയായി വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്.  സ്വാഭാവികമായും ഇതില്‍ ഗോവയുടെ വിഹിതവും വളരെ കൂടുതലാണ്.  കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി, ടൂറിസം, ആതിഥേയത്വ മേഖലയ്ക്ക് toര്‍ജ്ജം പകരാന്‍ എല്ലാവിധ സഹായങ്ങളും വാഗ്ദാനം ചെയ്യുന്നുണ്ട്. വിസ ഓണ്‍ അറൈവല്‍ സൗകര്യം വിപുലീകരിച്ചു.  കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി, കണക്റ്റിവിറ്റിക്ക് പുറമെ മറ്റ് ടൂറിസം അടിസ്ഥാനസൗകര്യ വികസനത്തിനായി കേന്ദ്ര ഗവണ്‍മെന്റ് ഗോവയ്ക്ക് കോടിക്കണക്കിന് രൂപയുടെ സഹായം നല്‍കി.

 സുഹൃത്തുക്കളേ,

 ഇന്ത്യയുടെ പ്രതിരോധ കുത്തിവയ്പു പ്രചാരണത്തില്‍ വിനോദസഞ്ചാര കേന്ദ്രങ്ങളായ ഗോവ ഉള്‍പ്പെടെയുള്ള രാജ്യത്തെ സംസ്ഥാനങ്ങള്‍ക്ക് പ്രത്യേക ആനുകൂല്യങ്ങള്‍ നല്‍കിയിട്ടുണ്ട്.  ഗോവയും ഇതില്‍നിന്ന് ഏറെ പ്രയോജനം നേടി.  യോഗ്യരായ എല്ലാ ആളുകള്‍ക്കും വാക്‌സിനുകളുടെ ആദ്യ ഡോസ് നല്‍കാന്‍ ഗോവ 24 മണിക്കൂറും പരിശ്രമിച്ചു.  ഇപ്പോഴിതാ രാജ്യം 100 കോടി വാക്സിന്‍ ഡോസ് കടന്നിരിക്കുന്നു.  ഇത് രാജ്യത്തെ ജനങ്ങളുടെയും വിനോദസഞ്ചാരികളുടെയും ആത്മവിശ്വാസം വര്‍ദ്ധിപ്പിച്ചു.  ഇപ്പോള്‍ നിങ്ങള്‍ ദീപാവലി, ക്രിസ്മസ്, പുതുവത്സരം എന്നിവയ്ക്കായി ഒരുങ്ങുകയാണ്, ഈ ഉത്സവവും അവധിക്കാലവും ഗോവയുടെ ടൂറിസം മേഖലയില്‍ ഒരു പുതിയ ഊര്‍ജ്ജത്തിന് സാക്ഷ്യം വഹിക്കും.  ഗോവയിലേക്കുള്ള ആഭ്യന്തര-വിദേശ വിനോദ സഞ്ചാരികളുടെ സഞ്ചാരം തീര്‍ച്ചയായും വര്‍ധിക്കും.  ഗോവയിലെ ടൂറിസം വ്യവസായത്തിന് ഇത് വളരെ നല്ല സൂചനയാണ്.

 സഹോദരീ സഹോദരന്മാരേ,

 വികസനത്തിന്റെ അത്തരം എല്ലാ സാധ്യതകളും 100 ശതമാനം പ്രയോജനപ്പെടുത്തുമ്പോള്‍ മാത്രമേ ഗോവ സ്വയം പര്യാപ്തമാകൂ.  സാധാരണക്കാരുടെ അഭിലാഷങ്ങള്‍ സാക്ഷാത്കരിക്കാനുള്ള പ്രമേയമാണ് സ്വയംപൂര്‍ണ ഗോവ.  അമ്മമാരുടെയും സഹോദരിമാരുടെയും പെണ്‍മക്കളുടെയും ആരോഗ്യം, സൗകര്യം, സുരക്ഷ, അന്തസ്സ് എന്നിവയുടെ വിശ്വാസമാണ് സ്വയംപൂര്‍ണ ഗോവ.  സ്വയംപൂര്‍ണ ഗോവയില്‍ യുവാക്കള്‍ക്ക് തൊഴിലും സ്വയം തൊഴില്‍ അവസരങ്ങളും ഉണ്ട്.  സ്വയംപൂര്‍ണ ഗോവയില്‍, ഗോവയുടെ സമ്പന്നമായ ഭാവിയുടെ ഒരു കാഴ്ചയുണ്ട്.  ഇത് കേവലം അഞ്ച് മാസമോ അഞ്ച് വര്‍ഷത്തെയോ പരിപാടിയല്ല, അടുത്ത 25 വര്‍ഷത്തേക്കുള്ള കാഴ്ചപ്പാടിലേക്കുള്ള ആദ്യപടിയാണിത്.  ഈ ഘട്ടത്തിലെത്താന്‍ ഗോവയിലെ ഓരോ വ്യക്തിയും അണിനിരക്കണം.  ഇതിനായി ഇരട്ട എന്‍ജിന്‍ വികസനത്തിന്റെ തുടര്‍ച്ചയാണ് ഗോവയ്ക്ക് വേണ്ടത്.  ഗോവയ്ക്ക് നിലവിലുള്ള വ്യക്തമായ നയവും സുസ്ഥിരമായ സര്‍ക്കാരും ഊര്‍ജസ്വലമായ നേതൃത്വവും ആവശ്യമാണ്.  ഗോവയുടെ മുഴുവന്‍ മഹത്തായ അനുഗ്രഹങ്ങളോടെ, സ്വയംപൂര്‍ണ ഗോവയുടെ ദൃഢനിശ്ചയം ഞങ്ങള്‍ നിറവേറ്റും.  അതേ വിശ്വാസത്തോടെ, നിങ്ങള്‍ക്ക് എല്ലാവിധ ആശംസകളും നേരുന്നു!

വളരെ നന്ദി!


(Release ID: 1766019) Visitor Counter : 206