പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

പ്രതിരോധകുത്തിവയ്പ് 100 കോടി എന്ന നാഴികക്കല്ലു പിന്നിട്ടതിന്റെ പശ്ചാത്തലത്തില്‍ രാജ്യത്തെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി


''100 കോടി പ്രതിരോധ കുത്തിവയ്പ്പുകള്‍ എന്നത് വെറുമൊരു സംഖ്യയല്ല; രാജ്യത്തിന്റെ കരുത്തിന്റെ പ്രതിഫലനമാണ്''

''ഇന്ത്യയുടെ വിജയം; ഓരോ ഇന്ത്യക്കാരന്റെയും വിജയം''

''രോഗത്തിനു വിവേചനമില്ലെങ്കില്‍ കുത്തിവയ്പിനും വിവേചനമില്ല. അതുകൊണ്ടാണ് വിഐപി സംസ്‌കാരത്തിന് വാക്‌സിനേഷന്‍ ക്യാമ്പയ്‌നില്‍ ആധിപത്യം നല്‍കില്ലെന്ന് ഉറപ്പാക്കിയത്''

''ഔഷധകേന്ദ്രം എന്ന നിലയില്‍ ലോകത്തിന് ഇന്ത്യയിലുള്ള സ്വീകാര്യത കൂടുതല്‍ കരുത്തുറ്റതാക്കും.''

''മഹാമാരിക്കെതിരായ രാജ്യത്തിന്റെ പോരാട്ടത്തില്‍ പൊതുപങ്കാളിത്തത്തെയാണ് ഗവണ്‍മെന്റ് പ്രതിരോധത്തിന്റെ ആദ്യ വ്യൂഹമാക്കിയത്''

''ഇന്ത്യയുടെ പ്രതിരോധകുത്തിവയ്പു പരിപാടി ശാസ്ത്രത്താല്‍ പിറന്നതും ശാസ്ത്രം മുന്നോട്ടുകൊണ്ടുപോകുന്നതും ശാസ്ത്രാധിഷ്ഠിതവുമാണ്''

''ഇന്ന് ഇന്ത്യന്‍ കമ്പനികളില്‍ റെക്കോര്‍ഡ് നിക്ഷേപങ്ങള്‍ വരുന്നുവെന്നു മാത്രമല്ല, യുവാക്കള്‍ക്ക് പുതിയ തൊഴിലവസരങ്ങളും സൃഷ്ടിക്കപ്പെടുന്നു. സ്റ്റാര്‍ട്ടപ്പുകളില്‍ റെക്കോര്‍ഡ് നിക്ഷേപത്തോടെ, യൂണികോണുകളും വളര്‍ന്നുവരുന്നു''

''സ്വച്ഛ് ഭാരത് അഭിയാന്‍ ഒരു ബഹുജന മുന്നേറ്റമായതുപോലെ, ഇന്ത്യയില്‍ നിര്‍മ്മിച്ച സാധനങ്ങള്‍ വാങ്ങുക, ഇന്ത്യക്കാര്‍ നിര്‍മിച്ച ഉല്‍പ്പന്നങ്ങള്‍ വാങ്ങുക, പ്രാദേശികതയുടെ ശബ്ദമാകുക എന്നിവയും പ്രയോഗത്തില്‍ വരുത്തണം''

''സംരക്ഷണം എത്ര മികച്ചതാണെങ്കിലും, കവചം എത്ര നവീനമെങ്കിലും, കവചം പൂര്‍ണ്ണ പരിരക്ഷ ഉറപ്പ് നല്‍കിയാലും, യുദ്ധം നടക്കുമ്പോള്‍ ആയുധങ്ങള്‍ ഉപേക്ഷിക്കാറില്ല. ഒരു കാരണവശാലും അശ്രദ്ധരാകരുത്. നമ്മുടെ ഉത്സവങ്ങള്‍ അതീവ ജാഗ്രതയോടെവേണം ആഘോഷിക്കാന്‍''

Posted On: 22 OCT 2021 11:36AM by PIB Thiruvananthpuram

പ്രതിരോധകുത്തിവയ്പ് 100 കോടി എന്ന നാഴികക്കല്ലു പിന്നിട്ടതിന്റെ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി രാജ്യത്തെ അഭിസംബോധന ചെയ്തു.

രാജ്യത്തെ അഭിസംബോധന ചെയ്യവേ, ബുദ്ധിമുട്ടേറിയതും എന്നാല്‍ സ്തുത്യര്‍ഹവുമായ 100 കോടി വാക്‌സിന്‍ ഡോസുകള്‍ എന്ന നേട്ടത്തെ പ്രധാനമന്ത്രി അഭിനന്ദിച്ചു. രാജ്യത്തെ 130 കോടി ജനങ്ങളുടെ സമര്‍പ്പണമാണ് ഈ നേട്ടമെന്ന് അദ്ദേഹം പറഞ്ഞു. ഈ വിജയം ഇന്ത്യയുടെ വിജയമാണെന്നും ഓരോ ഇന്ത്യക്കാരന്റെയും വിജയമാണെന്നും അദ്ദേഹം പറഞ്ഞു. 100 കോടി പ്രതിരോധ കുത്തിവയ്പ്പുകള്‍ എന്നതു വെറുമൊരു സംഖ്യ മാത്രമല്ലെന്നും രാജ്യത്തിന്റെ കരുത്തിന്റെ പ്രതിഫലനം കൂടിയാണെന്നും ഇത് ചരിത്രത്തില്‍ പുതിയ അധ്യായം സൃഷ്ടിക്കലാണെന്നും അദ്ദേഹം പറഞ്ഞു. ബുദ്ധിമുട്ടേറിയ ലക്ഷ്യങ്ങളിലേക്ക് എങ്ങനെ എത്തിപ്പെടാമെന്നു തിരിച്ചറിയുന്ന നവ ഇന്ത്യയുടെ ചിത്രമാണിത്.

ഇന്ന് ഇന്ത്യയിലെ പ്രതിരോധ കുത്തിവയ്പ്പ് പദ്ധതിയെ ലോകത്തിലെ മറ്റു രാജ്യങ്ങളുമായി പലരും താരതമ്യം ചെയ്യുന്നുണ്ടെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. എത്ര വേഗത്തിലാണ് ഇന്ത്യ 100 കോടി, 1 ബില്യണ്‍, എന്ന ലക്ഷ്യത്തിലെത്തിയത് എന്നതും അഭിനന്ദനാര്‍ഹമാണെന്ന് അദ്ദേഹം പറഞ്ഞു. എന്നിരുന്നാലും ഇത്തരം വിശകലനങ്ങളില്‍ ദൗത്യത്തിന്റെ തുടക്കകാലം പലപ്പോഴും വിട്ടുപോകാറുണ്ട്. വികസിത രാജ്യങ്ങള്‍ക്ക് വാക്‌സിന്‍ ഗവേഷണത്തിലും വികസനത്തിലും പതിറ്റാണ്ടുകളുടെ വൈദഗ്ദ്ധ്യം ഉണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഈ രാജ്യങ്ങള്‍ ഉണ്ടാക്കുന്ന വാക്‌സിനുകളെയാണ് ഇന്ത്യ കൂടുതലും ആശ്രയിച്ചിരുന്നത്. ഈ കാരണത്താല്‍ നൂറ്റാണ്ടിലെ ഏറ്റവും വലിയ മഹാമാരി ഉണ്ടായപ്പോള്‍, ഈ ആഗോള മഹാമാരിക്കെതിരെ പോരാടാനുള്ള ഇന്ത്യയുടെ കഴിവിനെക്കുറിച്ച് നിരവധി ചോദ്യങ്ങള്‍ ഉയര്‍ന്നു. മറ്റ് രാജ്യങ്ങളില്‍ നിന്ന് ഇത്രയധികം വാക്‌സിനുകള്‍ വാങ്ങാന്‍ ഇന്ത്യക്ക് എവിടെ നിന്ന് പണം ലഭിക്കും? ഇന്ത്യയ്ക്ക് എപ്പോഴാണ് വാക്‌സിന്‍ ലഭിക്കുക? ഇന്ത്യയിലെ ജനങ്ങള്‍ക്ക് വാക്‌സിന്‍ ലഭിക്കുമോ ഇല്ലയോ? മഹാമാരി പടരാതിരിക്കാന്‍ ആവശ്യത്തിന് ആളുകള്‍ക്ക് പ്രതിരോധ കുത്തിവയ്പ്പ് നല്‍കാന്‍ ഇന്ത്യയ്ക്ക് കഴിയുമോ? എന്നിങ്ങനെ അനവധി ചോദ്യങ്ങള്‍ക്ക് 100 കോടി പ്രതിരോധ കുത്തിവയ്പ്പുകള്‍ എന്ന ഈ നേട്ടം കൈവരിച്ചുകൊണ്ട് ഉത്തരമേകി. ഇന്ത്യയിലെ പൗരന്മാര്‍ക്ക് 100 കോടി വാക്‌സിന്‍ ഡോസുകള്‍ നല്‍കുക മാത്രമല്ല ചെയ്തത്, അത് സൗജന്യമാക്കിെയന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു. 'ഔഷധകേന്ദ്രം' എന്ന നിലയില്‍ ലോകത്തിന് ഇന്ത്യയിലുള്ള സ്വീകാര്യത കൂടുതല്‍ കരുത്തുറ്റതാക്കുമെന്നും അദ്ദേഹം പറഞ്ഞു.

കൊറോണ മഹാമാരിയുടെ തുടക്കത്തില്‍, ഇന്ത്യ പോലുള്ള ജനാധിപത്യ രാജ്യത്ത് ഈ മഹാമാരിക്കെതിരായ പോരാട്ടം എത്രമാത്രം ബുദ്ധിമുട്ടേറിയതായിരിക്കുമെന്ന കാര്യത്തില്‍ ജനങ്ങള്‍ ഉത്കണ്ഠാകുലരായിരുന്നെന്ന് പ്രധാനമന്ത്രി പറഞ്ഞു. അതിനുവേണ്ട സംയമനവും അത്രത്തോളം അച്ചടക്കവും ഇവിടെയുണ്ടോ എന്ന തരത്തിലും ചോദ്യങ്ങളുയര്‍ന്നു. ഞങ്ങളെ സംബന്ധിച്ചിടത്തോളം ജനാധിപത്യം എന്നാല്‍ ഏവരെയും ഒപ്പം കൂട്ടുക എന്നതാണെന്ന് (സബ്കാ സാഥ്) അദ്ദേഹം പറഞ്ഞു. 'സൗജന്യ വാക്‌സിന്‍, എല്ലാവര്‍ക്കും വാക്‌സിന്‍' എന്ന ക്യാമ്പയ്‌നു രാജ്യം തുടക്കം കുറിച്ചു. പാവപ്പെട്ടവര്‍ക്കും ഗ്രാമീണര്‍ക്കും നഗരവാസികള്‍ക്കും ഒരുപോലെ കുത്തിവയ്പ്പുകള്‍ നല്‍കി. രോഗത്തിനു വിവേചനമില്ലെങ്കില്‍ പ്രതിരോധകുത്തിവയ്പിനും വിവേചനമില്ല എന്ന സന്ദേശമാണ് രാജ്യത്തിനു നല്‍കാനുള്ളത്. അതുകൊണ്ടാണ് വിഐപി സംസ്‌കാരത്തിന് വാക്‌സിനേഷന്‍ ക്യാമ്പയ്‌നില്‍ ആധിപത്യം നല്‍കില്ലെന്ന് ഉറപ്പാക്കിയത്- അദ്ദേഹം പറഞ്ഞു.

വാക്‌സിനേഷനായി ഇന്ത്യയിലെ ഭൂരിഭാഗം ആളുകളും കുത്തിവയ്പു കേന്ദ്രങ്ങളിലേക്കു പോകാന്‍ സാധ്യതയില്ലെന്ന തരത്തിലും ആശങ്കകള്‍ ഉയര്‍ന്നിരുന്നുവെന്ന് പ്രധാനമന്ത്രി പറഞ്ഞു. ലോകത്തിലെ പല പ്രമുഖ വികസിത രാജ്യങ്ങളിലും ഇന്നും വാക്‌സിന്‍ വിമുഖത ഒരു വലിയ വെല്ലുവിളിയായി തുടരുന്നു. എന്നാല്‍ ഇന്ത്യയിലെ ജനങ്ങള്‍ 100 കോടി വാക്‌സിന്‍ ഡോസുകള്‍ എടുത്ത് അതിന് ഉത്തരം നല്‍കി. ഒരു ക്യാമ്പയിന്‍ എന്നാല്‍ 'എല്ലാവരുടെയും പരിശ്രമ'മാണെന്നും എല്ലാവരുടെയും പരിശ്രമങ്ങള്‍ സമന്വയിപ്പിക്കപ്പെട്ടാല്‍ അതിശയകരമായ ഫലങ്ങള്‍ ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. മഹാമാരിക്കെതിരായ രാജ്യത്തിന്റെ പോരാട്ടത്തില്‍ പൊതുപങ്കാളിത്തത്തെയാണ് ഗവണ്‍മെന്റ് പ്രതിരോധത്തിന്റെ ആദ്യ വ്യൂഹമാക്കി അണിനിരത്തിയതെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യയുടെ പ്രതിരോധകുത്തിവയ്പു പരിപാടി ശാസ്ത്രത്താല്‍ പിറന്നതും ശാസ്ത്രീയാടിത്തറകളില്‍ വളര്‍ന്നതുമാണെന്നും ശാസ്ത്രീയ രീതികളിലൂടെ നാലുദിക്കിലും എത്തിച്ചേര്‍ന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു. ഇന്ത്യയുടെ പ്രതിരോധകുത്തിവയ്പു പരിപാടി ശാസ്ത്രത്താല്‍ പിറന്നതും ശാസ്ത്രം മുന്നോട്ടുകൊണ്ടുപോകുന്നതും ശാസ്ത്രാധിഷ്ഠിതവുമാണ് എന്നത് നമുക്കെല്ലാവര്‍ക്കും അഭിമാനകരമാണെന്നും അദ്ദേഹം പറഞ്ഞു. വാക്‌സിന്‍ നിര്‍മാണത്തിനു മുമ്പുതൊട്ട് വാക്‌സിന്‍ നല്‍കുന്നതുവരെയുള്ള മുഴുവന്‍ ക്യാമ്പയിനുകളും ശാസ്ത്രീയ സമീപനത്തെ അടിസ്ഥാനമാക്കിയുള്ളതായിരുന്നെന്ന് അദ്ദേഹം പറഞ്ഞു. ഉത്പാദനം വര്‍ദ്ധിപ്പിക്കേണ്ടതിന്റെ ആവശ്യകത വെല്ലുവിളിയായിരുന്നു. അതിനുശേഷം, വിവിധ സംസ്ഥാനങ്ങളിലേക്കുള്ള വിതരണവും ദൂരസ്ഥലങ്ങളിലേക്ക് വാക്‌സിനുകള്‍ യഥാസമയം എത്തിക്കലും. പക്ഷേ, ശാസ്ത്രീയ രീതികളും പുതിയ കണ്ടുപിടുത്തങ്ങളും ഉപയോഗിച്ച് രാജ്യം ഈ വെല്ലുവിളികള്‍ക്ക് പരിഹാരം കണ്ടെത്തി. അസാധാരണമായ വേഗതയില്‍ വിഭവങ്ങള്‍ വര്‍ദ്ധിപ്പിച്ചു. ഇന്ത്യയില്‍ ഒരുക്കിയ 'കോവിന്‍' പ്ലാറ്റ്‌ഫോം സാധാരണക്കാര്‍ക്ക് സൗകര്യമൊരുക്കുക മാത്രമല്ല, നമ്മുടെ ആരോഗ്യപ്രവര്‍ത്തകരുടെ ജോലി എളുപ്പമാക്കുകയും ചെയ്തു.

ഇന്ത്യയുടെ സമ്പദ്ഘടനയുടെ കാര്യത്തില്‍ അനുകൂലസമീപനമാണ് സ്വദേശത്തും വിദേശത്തുമുള്ള വിദഗ്ദ്ധര്‍ക്കും നിരവധി ഏജന്‍സികള്‍ക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഇന്ന് ഇന്ത്യന്‍ കമ്പനികളില്‍ റെക്കോര്‍ഡ് നിക്ഷേപങ്ങള്‍ വരുന്നുവെന്നു മാത്രമല്ല, യുവാക്കള്‍ക്ക് പുതിയ തൊഴിലവസരങ്ങളും സൃഷ്ടിക്കപ്പെടുന്നു. സ്റ്റാര്‍ട്ടപ്പുകളില്‍ റെക്കോര്‍ഡ് നിക്ഷേപത്തോടെ, യൂണികോണുകളും വളര്‍ന്നുവരുന്നു. ഭവന മേഖലയിലും പുതിയ ഊര്‍ജം ദൃശ്യമാണ്. കഴിഞ്ഞ കുറച്ച് മാസങ്ങളായി സ്വീകരിച്ച നിരവധി പരിഷ്‌കാരങ്ങളും സംരംഭങ്ങളും ഇന്ത്യയുടെ സമ്പദ്ഘടനയെ അതിവേഗത്തില്‍ വളര്‍ത്തുന്നതില്‍ വലിയ പങ്ക് വഹിക്കുമെന്ന് അദ്ദേഹം പറഞ്ഞു. മഹാമാരിക്കാലത്ത് കാര്‍ഷിക മേഖല നമ്മുടെ സമ്പദ്വ്യവസ്ഥയെ കരുത്തോടെ നിലനിര്‍ത്തുകയാണെന്ന് അദ്ദേഹം പറഞ്ഞു. ഇന്ന് ഭക്ഷ്യധാന്യങ്ങളുടെ സംഭരണത്തില്‍ ഗവണ്‍മെന്റ് റെക്കോര്‍ഡിട്ടിരിക്കുകയാണ്. പണം നേരിട്ട് കര്‍ഷകരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് എത്തുന്നു.

ഒരു ഇന്ത്യക്കാരന്‍ അയാളുടെ കഠിനാധ്വാനം കൊണ്ട് ഇന്ത്യയില്‍ നിര്‍മിച്ച ഓരോ ചെറിയ കാര്യവും വാങ്ങണമെന്ന് പ്രധാനമന്ത്രി ജനങ്ങളോട് ആവശ്യപ്പെട്ടു. ഏവരുടെയും പരിശ്രമത്തിലൂടെ മാത്രമേ ഇത് സാധ്യമാകൂ എന്നും അദ്ദേഹം പറഞ്ഞു. സ്വച്ഛ് ഭാരത് അഭിയാന്‍ ഒരു ബഹുജന മുന്നേറ്റമായതുപോലെ, ഇന്ത്യയില്‍ നിര്‍മ്മിച്ച സാധനങ്ങള്‍ വാങ്ങുക, ഇന്ത്യക്കാര്‍ നിര്‍മിച്ച ഉല്‍പ്പന്നങ്ങള്‍ വാങ്ങുക, പ്രാദേശികതയുടെ ശബ്ദമാകുക എന്നിവയും പ്രയോഗത്തില്‍ വരുത്തേണ്ടതുണ്ട്.

വലിയ ലക്ഷ്യങ്ങള്‍ നിര്‍ണയിക്കേണ്ടത് എങ്ങനെയെന്നും അവ നേടേണ്ടത് എങ്ങനെയെന്നും രാജ്യത്തിന് അറിയാമെന്ന് പ്രധാനമന്ത്രി പറഞ്ഞു. പക്ഷേ, ഇതിനായി നാം ജാഗരൂകരാകണം. സംരക്ഷണം എത്ര മികച്ചതാണെങ്കിലും, കവചം എത്ര നവീനമെങ്കിലും, കവചം പൂര്‍ണ്ണ പരിരക്ഷ ഉറപ്പ് നല്‍കിയാലും, യുദ്ധം നടക്കുമ്പോള്‍ ആയുധങ്ങള്‍ ഉപേക്ഷിക്കാറില്ലെന്ന് അദ്ദേഹം പറഞ്ഞു. അതിനാല്‍ ഒരു കാരണവശാലും അശ്രദ്ധരാകരുത്. നമ്മുടെ ഉത്സവങ്ങള്‍ അതീവ ജാഗ്രതയോടെവേണം ആഘോഷിക്കാനെന്നും അദ്ദേഹം അഭ്യര്‍ഥിച്ചു.


(Release ID: 1765700) Visitor Counter : 341