ഇലക്ട്രോണിക്സ് & ഐ.ടി മന്ത്രാലയം
azadi ka amrit mahotsav g20-india-2023

കേന്ദ്ര ഐടി വകുപ്പ് സഹമന്ത്രി ശ്രീ രാജീവ് ചന്ദ്രശേഖർ, ഡിജിറ്റൽ സാങ്കേതിക വിദ്യയുമായി ബന്ധപ്പെട്ട അന്താരാഷ്ട്ര സമ്മേളനവും പ്രദർശനവും - "ഫ്യൂച്ചർ ടെക് 2021" ൽ പങ്കെടുത്തു

Posted On: 19 OCT 2021 4:49PM by PIB Thiruvananthpuram
 
 
ന്യൂഡൽഹിഒക്ടോബർ 19, 2021
 
കേന്ദ്ര ഇലക്ട്രോണിക്സ് & ഐടി വകുപ്പ് സഹമന്ത്രി ശ്രീ രാജീവ് ചന്ദ്രശേഖർ, "ഫ്യൂച്ചർ ടെക് 2021"- (ഡിജിറ്റൽ സാങ്കേതികവിദ്യകളുടെ അന്താരാഷ്ട്ര സമ്മേളനവും പ്രദർശനവും) ഉദ്ഘാടന സെഷനിൽ ഓൺലൈനായി പങ്കെടുത്തു. സിഐഐ സംഘടിപ്പിച്ചിരിക്കുന്ന പരിപാടി 2021 ഒക്ടോബർ 19 മുതൽ 27 വരെ നടക്കും. "നമുക്കെല്ലാവർക്കും വിശ്വസിക്കാവുന്ന, ഭാവിയിലേക്കുള്ള സാങ്കേതിക വിദ്യകൾ" എന്ന ആശയത്തെ ആസ്പദമാക്കി നയതന്ത്രം, വളർച്ച, പുനരുജ്ജീവനം, ഉൾക്കൊള്ളൽ, വിശ്വാസം എന്നീ പഞ്ചസ്തംഭങ്ങൾ കേന്ദ്രീകരിച്ചാണ് പരിപാടി ആസൂത്രണം ചെയ്തിരിക്കുന്നത്. സംരംഭകർ, വ്യവസായ പ്രമുഖർ, ഗവൺമെന്റ് ഉദ്യോഗസ്ഥർ എന്നിവർ ഭാഗമാകുന്ന അന്താരാഷ്ട്ര സമ്മേളനം ഡിജിറ്റൽ സാങ്കേതികവിദ്യകളുടെ പ്രയോഗത്തെക്കുറിച്ചുള്ള ചർച്ചയ്ക്ക് വേദിയൊരുക്കും.
 
ഡിജിറ്റൽ സമ്പദ്‌വ്യവസ്ഥയിൽ കോവിഡ് മഹാമാരിയുടെ സ്വാധീനത്തെക്കുറിച്ച് ഉദ്ഘാടന പ്രസംഗത്തിൽ, ശ്രീ രാജീവ് ചന്ദ്രശേഖർ ചൂണ്ടിക്കാട്ടി. കഴിഞ്ഞ 6 വർഷത്തിനിടയിൽ സമ്പദ്‌വ്യവസ്ഥയെയും, അതിനുള്ളിലെ പൊതുസേവനങ്ങളെയും ഡിജിറ്റൈസ് ചെയ്യുന്നതിൽ നാം വളരെയധികം മുന്നേറിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. കോവിഡ് മഹാമാരി ഉയർത്തിയ വെല്ലുവിളികളെ അതിജീവിക്കാൻ ഇന്ത്യയ്ക്ക് ശേഷിയുണ്ടെന്ന് തെളിയിക്കാൻ ഇത് സഹായിച്ചു.  സാങ്കേതിക മേഖലയിൽ ഒരു മാസം 65 ബില്യൺ ഡോളർ എന്ന നിരക്കിൽ നിക്ഷേപം ആകർഷിക്കാൻ കഴിഞ്ഞതായി മന്ത്രി പറഞ്ഞു. ഒരു മാസത്തിൽ  2 - എന്ന നിരക്കിൽ യൂണികോണുകൾ സൃഷ്‌ടിക്കാനായതായും അദ്ദേഹം പറഞ്ഞു. 
 
സ്വകാര്യ മേഖലയുമായി സഹകരണം കൂടുതൽ വർധിപ്പിക്കാൻ ഗവൺമെന്റ് തയ്യാറാണെന്ന് ശ്രീ രാജീവ് ചന്ദ്രശേഖർ പറഞ്ഞു. ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, സൈബർ സുരക്ഷ, സെമി കണ്ടക്ടർ തുടങ്ങിയ രംഗങ്ങളിൽ രാജ്യത്ത് കൂടുതൽ മത്സരക്ഷമത സൃഷ്ടിക്കണമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
 
സാങ്കേതിക മേഖലയിൽ നിർണായക ശക്തിയായി ഇന്ത്യയെ മാറ്റാനുള്ള പ്രധാനമന്ത്രിയുടെ കാഴ്ചപ്പാടിനെക്കുറിച്ചും ശ്രീ രാജീവ് ചന്ദ്രശേഖർ സംസാരിച്ചു. ഈ അഭിലാഷങ്ങൾ സാക്ഷാത്കരിക്കുന്നതിന് വികസിപ്പിക്കേണ്ട കാര്യക്ഷമതയും കഴിവുകളും വിശദീകരിക്കുന്ന 5 വർഷത്തെ തന്ത്രപരമായ ഒരു വീക്ഷണ പദ്ധതി ഗവൺമെന്റ് ഉടൻ തയ്യാറാക്കുമെന്നും മന്ത്രി പറഞ്ഞു.
 
സാങ്കേതിക മേഖലയിലെ എതിരാളികളുമായി, ഇന്ത്യയെ താരതമ്യപ്പെടുത്തുമ്പോൾ, മറ്റേതൊരു രാജ്യത്തേക്കാളും വേഗത്തിൽ മുന്നോട്ടുപോകാൻ കഴിയുന്ന അവസ്ഥയിലാണ് ഇന്ത്യയെന്ന് ശ്രീ രാജീവ് ചന്ദ്രശേഖർ അഭിപ്രായപ്പെട്ടു. ലോകത്തിന്റെ ദ്രുതഗതിയിലുള്ള ഡിജിറ്റലൈസേഷൻ, സെമി കണ്ടക്ടർ മേഖലയിൽ ഹാർഡ്‌വെയർ അധിഷ്‌ഠിത പ്രവർത്തനത്തിൽ നിന്നും അടുത്ത തലമുറയിലെ കമ്പ്യൂട്ടിംഗ് & കമ്മ്യൂണിക്കേഷൻ എന്നിവയിലേക്കായി നൂതനമായ രൂപകല്പന, പൊതു-സ്വകാര്യ മേഖലകളിലെ ഇന്ത്യയുടെ ആഴത്തിലുള്ള സാങ്കേതിക കഴിവ് തുടങ്ങിയ ഘടകങ്ങൾ ഇതിന് കാരണമായി അദ്ദേഹം പറഞ്ഞു.
 
സാങ്കേതിക മേഖലയിൽ ഒരു സുപ്രധാന ശക്തിയായി ഇന്ത്യയെ മാറ്റാനാവശ്യമായ ഒരു മാർഗരേഖ തയ്യാറാക്കാൻ എല്ലാത്തരം കൂടിയാലോചനകൾക്കും ഗവൺമെന്റ് തയ്യാറാണെന്നും ശ്രീ രാജീവ് ചന്ദ്രശേഖർ ചടങ്ങിൽ വ്യക്തമാക്കി.
   
 
 
 
 
 
ReplyReply to allForward


(Release ID: 1765078) Visitor Counter : 266