വനിതാ, ശിശു വികസന മന്ത്രാലയം
ആഗോള പട്ടിണി സൂചിക തയ്യാറാക്കിയ രീതി അശാസ്ത്രീയമെന്ന് കേന്ദ്രം; യാഥാര്‍ത്ഥ്യവുമായി പൊരുത്തപ്പെടാത്തതെന്ന് വനിതാ-ശിശുക്ഷേമ മന്ത്രാലയം
Posted On:
15 OCT 2021 5:48PM by PIB Thiruvananthpuram
2021ലെ ആഗോള പട്ടിണി സൂചികയില്‍ ഇന്ത്യയുടെ റാങ്ക് കുറച്ചുകാണിച്ചിരിക്കുന്നത് ഞെട്ടിക്കുന്നുവെന്നു കേന്ദ്ര വനിതാ-ശിശുക്ഷേമ മന്ത്രാലയം പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി. പോഷകാഹാരക്കുറവുള്ള ജനസംഖ്യയുടെ അനുപാതം അടിസ്ഥാനമാക്കി ഇന്ത്യയുടെ റാങ്ക് കുറച്ചത് വസ്തുതകളുടെ അടിസ്ഥാനത്തിലല്ല. അടിസ്ഥാന യാഥാര്‍ത്ഥ്യവുമായി പൊരുത്തപ്പെടാത്തതാണിതെന്നും മന്ത്രാലയം വ്യക്തമാക്കി.
ഏറ്റവും അവസാനം പുറത്തുവന്ന റിപ്പോര്‍ട്ട് പ്രകാരം 116 രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ 101-ാം സ്ഥാനത്താണുള്ളത്. കണ്‍സേണ്‍ വേള്‍ഡ് വൈഡ്, വെല്‍റ്റ് ഹംഗര്‍ ഹൈല്‍ഫ് എന്നീ ഏജന്‍സികളാണ് പട്ടിക തയ്യാറാക്കിയത്. റിപ്പോര്‍ട്ട് തയ്യാറാക്കുന്നതിനു മുമ്പ് ഏജന്‍സികള്‍ വേണ്ടത്ര ശ്രദ്ധ പുലര്‍ത്തിയില്ല. ടെലിഫോണ്‍ മുഖാന്തരം നാലുചോദ്യങ്ങള്‍ മാത്രം ചോദിച്ച് അശാസ്ത്രീയമായ രീതിയിലാണ് ഏജന്‍സികള്‍ സൂചിക തയ്യാറാക്കിയത്. കോവിഡ് കാലത്ത് മുഴുവന്‍ ജനങ്ങളുടെയും ഭക്ഷ്യസുരക്ഷ ഉറപ്പാക്കാന്‍ ഗവണ്‍മെന്റ് നടത്തിയ അശ്രാന്ത പരിശ്രമത്തെ റിപ്പോര്‍ട്ട് പൂര്‍ണ്ണമായും അവഗണിച്ചു. അഭിപ്രായ വോട്ടെടുപ്പില്‍ പങ്കെടുത്തവരോട് ഗവണ്‍മെന്റില്‍ നിന്നോ മറ്റ് സ്രോതസ്സുകളില്‍ നിന്നോ എന്തെങ്കിലും ഭക്ഷ്യ പിന്തുണ ലഭിച്ചോ എന്ന തരത്തിലുള്ള ഒരു ചോദ്യം പോലും ചോദിച്ചില്ല. ഈ അഭിപ്രായ വോട്ടെടുപ്പില്‍ ഇന്ത്യയില്‍ നിന്നും മറ്റിടങ്ങളില്‍ നിന്നുമുള്ള പ്രാതിനിധ്യം പോലും സംശയത്തിന്റെ നിഴലിലാണ്.
ഈ മേഖലയിലെ മറ്റു രാജ്യങ്ങളായ അഫ്ഗാനിസ്ഥാന്‍, ബംഗ്ലാദേശ്, നേപ്പാള്‍, ശ്രീലങ്ക എന്നിവയെ കോവിഡ്-19നാലുണ്ടായ പ്രതിസന്ധികള്‍ ബാധിച്ചില്ലെന്ന തരത്തില്‍ വന്നിട്ടുള്ള പരാമര്‍ശങ്ങളും അതിശയകരമാണ്. മാത്രമല്ല, 'പോഷകാഹാരക്കുറവുള്ള ജനസംഖ്യാനുപാത'ത്തില്‍ അവര്‍ സ്ഥാനം മെച്ചപ്പെടുത്തിയതായും സൂചിപ്പിച്ചിരിക്കുന്നു.
എന്നാല്‍, പൊതുഡൊെമയ്‌നില്‍ തന്നെ ലഭ്യമായ നിരവധി വിവരങ്ങള്‍ കണക്കിലെടുക്കാതെയാണ് ഇന്ത്യയുടെ സ്ഥാനം സൂചികയില്‍ നിര്‍ണയിച്ചിരിക്കുന്നത്. പിഎം ഗരീബ് കല്യാണ്‍ അന്ന യോജന, ആത്മനിര്‍ഭര്‍ ഭാരത് പദ്ധതി എന്നിവയിലൂടെയൊക്കെ ദേശവ്യാപകമായി ഭക്ഷ്യസുരക്ഷ ഉറപ്പാക്കാന്‍ തീവ്രശ്രമങ്ങളാണ് ഇന്ത്യ നടത്തിയത്. പിഎംജികെഎവൈക്കു കീഴില്‍ 80 കോടി ഗുണഭോക്താക്കള്‍ക്കു സൗജന്യമായി ഭക്ഷ്യധാന്യങ്ങള്‍ ലഭ്യമാക്കിയിരുന്നു. 2020ല്‍ 3.22 കോടി മെട്രിക് ടണ്‍ ഭക്ഷ്യധാന്യങ്ങളും 2021ല്‍ 3.28 കോടി മെട്രിക് ടണ്‍ ഭക്ഷ്യധാന്യങ്ങളും അതിനു പുറമെ പയര്‍വര്‍ഗങ്ങളും സൗജന്യമായി ഗുണഭോക്താക്കള്‍ക്കു നല്‍കി. സമൂഹത്തിലെ വിവിധ വിഭാഗങ്ങള്‍ക്ക് ഈ പദ്ധതികളുടെ പ്രയോജനം ലഭ്യമായി. തൊഴിലാളികള്‍ക്കു കൂടുതല്‍ പ്രയോജനം ലഭിക്കുന്നതിനായി എംഎന്‍ആര്‍ജിഎ പദ്ധതി പ്രകാരം വേതനം വര്‍ധിപ്പിക്കുകയും ചെയ്തു. സ്ത്രീകള്‍ക്കും സ്വയം സഹായസംഘങ്ങള്‍ക്കും ദിവ്യാംഗര്‍ക്കും നിരവധി പദ്ധതികളിലൂടെ സഹായമെത്തിച്ചു. ഇതെല്ലാം ആഗോള പട്ടിക സൂചികയില്‍ അവഗണിച്ചു.
ഈ റിപ്പോര്‍ട്ട് അനുസരിച്ച്, ആദ്യ സൂചകത്തില്‍ 2020നെ അപേക്ഷിച്ച് 2021ല്‍ ശിശുമരണനിരക്കില്‍ ഇന്ത്യയുടെ സ്ഥാനം മെച്ചപ്പെട്ടിട്ടുണ്ട്. രണ്ട് സൂചകങ്ങളില്‍, വളര്‍ച്ചമുരടിപ്പു സംഭവിച്ച കുട്ടികളുടെ കാര്യത്തില്‍ ഇന്ത്യയുടെ സ്ഥാനത്തില്‍ മാറ്റമില്ല.
****
(Release ID: 1764254)
Visitor Counter : 1726