ഊര്‍ജ്ജ മന്ത്രാലയം

വൈദ്യുതി നഷ്ടം കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ കേന്ദ്ര ഊർജ്ജ മന്ത്രാലയം, ഊർജ്ജ വിതരണ കമ്പനികൾക്ക് ഊർജ്ജ അക്കൗണ്ടിംഗ് നിർബന്ധമാക്കുന്നു

Posted On: 11 OCT 2021 3:31PM by PIB Thiruvananthpuram



ഊർജ്ജ മേഖലയിലെ നിലവിലെ പരിഷ്ക്കരണങ്ങൾക്കനുസൃതമായ ഒരു സുപ്രധാന ചുവടുവയ്‌പ്പെന്ന നിലയിൽ, വൈദ്യതി വിതരണ കമ്പനികൾ കൃത്യമായ ഇടവേളകളിൽ ഊർജ്ജ അക്കൗണ്ടിംഗ് നടത്തണമെന്ന്, ഊർജ്ജ മന്ത്രാലയം ഇന്ന് ഉത്തരവിട്ടു. ഊർജ്ജ സംരക്ഷണ നിയമം, 2001 -ലെ (Energy Conservation (EC) Act, 2001) വ്യവസ്ഥകൾ പ്രകാരം, ഊർജ്ജ മന്ത്രാലയത്തിന്റെ അംഗീകാരത്തോടെ, ബ്യൂറോ ഓഫ് എനർജി എഫിഷ്യൻസി (Bureau of Energy Efficiency - BEE) ഇത് സംബന്ധിച്ച ചട്ടങ്ങൾ വിജ്ഞാപനം ചെയ്തു.
വിജ്ഞാപനം നിലവിൽ വന്ന് 60 ദിവസത്തിനുള്ളിൽ സർട്ടിഫൈഡ് എനർജി മാനേജർ, ഊർജ്ജ വിതരണ കമ്പനികളുടെ (DISCOM) ത്രൈമാസ ഊർജ്ജ അക്കൗണ്ടിംഗ് പൂർത്തിയാക്കണം. ഒരു സ്വതന്ത്ര അംഗീകൃത ഊർജ്ജ ഓഡിറ്ററുടെ വാർഷിക ഊർജ്ജ ഓഡിറ്റും നിർബന്ധമാണ്. ഈ രണ്ട് റിപ്പോർട്ടുകളും പൊതുജനസമക്ഷം പ്രസിദ്ധീകരിക്കും.

വ്യത്യസ്ത വിഭാഗങ്ങളിലുള്ള ഉപഭോക്താക്കളുടെ വൈദ്യുതി ഉപഭോഗത്തെക്കുറിച്ചും വിവിധ മേഖലകളിലെ പ്രസരണ, വിതരണ നഷ്ടങ്ങളെക്കുറിച്ചും വിശദമായ വിവരങ്ങൾ ഊർജ്ജ അക്കൗണ്ടിംഗ് റിപ്പോർട്ടിലുണ്ടാകും. ഇത് ഉയർന്ന വൈദ്യുതി നഷ്ടവും വൈദ്യുതി മോഷണവും സംഭവിക്കുന്ന മേഖലകൾ തിരിച്ചറിയുകയും തിരുത്തൽ നടപടികൾ സ്വീകരിക്കാൻ വഴിയൊരുക്കുകയും ചെയ്യും. നഷ്ടത്തിനും മോഷണത്തിനും ഉദ്യോഗസ്ഥരുടെ മേൽ ഉത്തരവാദിത്തം നിർണയിക്കുന്നതിനും സാധിക്കും. വൈദ്യുതി നഷ്ടം കുറയ്ക്കുന്നതിന് ഉചിതമായ നടപടികൾ കൈക്കൊള്ളാൻ ഊർജ്ജ വിതരണ കമ്പനികളെ അക്കൗണ്ടിംഗ് വിവരങ്ങൾ സഹായിക്കും. ഊർജ്ജ വിതരണ കമ്പനികളുടെ അടിസ്ഥാന സൗകര്യ നവീകരണത്തിനും, ആവശ്യകതാധിഷ്ഠിത നടപടികൾ ഫലപ്രദമായി ആസൂത്രണം ചെയ്യാനും സാധിക്കും. പാരീസ് ഉടമ്പടി പ്രകാരം രാജ്യം നിശ്ചയിച്ചിട്ടുള്ള ലക്ഷ്യങ്ങൾ നിറവേറ്റുന്നതിനും കാലാവസ്ഥാ വ്യതിയാനം ചെറുക്കുന്നതിനുള്ള പ്രവർത്തനങ്ങൾക്കും ഈ സംരംഭം കൂടുതൽ ഊർജ്ജം പകരും.

ഊർജ്ജ സംരക്ഷണ നിയമം, 2001-ന്റെ പരിധിക്കുള്ളിൽ നിന്നുകൊണ്ടാണ് ചട്ടങ്ങൾ പുറപ്പെടുവിച്ചിരിക്കുന്നത്. വിതരണ മേഖലയുടെ കാര്യക്ഷമത വർദ്ധിപ്പിച്ച് നഷ്ടം പരമാവധി കുറയ്ക്കാനും അതുവഴി ഊർജ്ജ വിതരണ കമ്പനികളുടെ സാമ്പത്തിക കാര്യക്ഷമത മെച്ചപ്പെടുത്താനുമാണ് ചട്ടങ്ങൾ ലക്ഷ്യമിടുന്നത്.



(Release ID: 1763280) Visitor Counter : 200