പ്രധാനമന്ത്രിയുടെ ഓഫീസ്
മധ്യപ്രദേശില്‍ സ്വാമിത്വ പദ്ധതി ഗുണഭോക്താക്കളുമായി പ്രധാനമന്ത്രി സംവദിച്ചു
1.7 ലക്ഷത്തിലധികം ഗുണഭോക്താക്കള്‍ക്ക് പ്രധാനമന്ത്രി ഇ-ഭൂമി കാര്‍ഡുകളും വിതരണം ചെയ്തു
'ഗ്രാമീണ സ്വത്ത്, ഭൂമി അല്ലെങ്കില്‍ വീടിന്റെ ഉടമസ്ഥാവകാശ രേഖകള്‍ അനിശ്ചിതത്വത്തില്‍ നിന്നും അവിശ്വാസത്തില്‍ നിന്നും സ്വതന്ത്രമാക്കേണ്ടത് നിര്‍ണായകം'.
സ്വാതന്ത്ര്യം ലഭിച്ച് പതിറ്റാണ്ടുകള്‍ പിന്നിടുമ്പോഴും ഗ്രാമങ്ങളുടെ സാധ്യതകള്‍ വിനിയോഗിക്കപ്പെട്ടില്ല. ഗാമങ്ങളുടെ ശക്തി, ഭൂമി, ഗ്രാമത്തിലെ ജനങ്ങളുടെ വീടുകള്‍ എന്നിവ അവയുടെ വികസനത്തിന് പൂര്‍ണ്ണമായി ഉപയോഗിക്കാനായില്ല.
'ആധുനിക സാങ്കേതികവിദ്യയുടെ സഹായത്തോടെ ഗ്രാമങ്ങളില്‍ വിശ്വാസം മെച്ചപ്പെടുത്തുന്നതിനും വികസിപ്പിക്കുന്നതിനുമുള്ള ഒരു പുതിയ മന്ത്രമാണ് സ്വാമിത്വ പദ്ധതി'.
'ഇപ്പോള്‍ ഗവണ്‍മെന്റ് തന്നെ പാവപ്പെട്ടവരുടെ അടുത്തേക്ക് വരികയും അവരെ ശാക്തീകരിക്കുകയും ചെയ്യുന്നു'
'ഇന്ത്യയെ പുതിയ ഉയരങ്ങളിലെത്തിക്കാനുള്ള കഴിവ് ഡ്രോണുകള്‍ക്ക് ഉണ്ട്'.
Posted On:
06 OCT 2021 2:09PM by PIB Thiruvananthpuram
മധ്യപ്രദേശിലെ സ്വാമിത്വ പദ്ധതിയുടെ ഗുണഭോക്താക്കളുമായി പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെ സംവദിച്ചു. ഈ അവസരത്തില്‍ പദ്ധതിക്ക് കീഴിലുള്ള 1,71,000 ഗുണഭോക്താക്കള്‍ക്ക് പ്രധാനമന്ത്രി ഇ-പ്രോപ്പര്‍ട്ടി കാര്‍ഡുകളും വിതരണം ചെയ്തു. പരിപാടിയില്‍ കേന്ദ്ര മന്ത്രിമാര്‍, മധ്യപ്രദേശ് മുഖ്യമന്ത്രി, പാര്‍ലമെന്റ് അംഗം, എംഎല്‍എമാര്‍, ഗുണഭോക്താക്കള്‍, ഗ്രാമ- ജില്ല-സംസ്ഥാന ഉദ്യോഗസ്ഥര്‍ എന്നിവരും പങ്കെടുത്തു.
ഹാന്‍ഡിയ ഹര്‍ദയിലെ ശ്രീ പവനുമായി സംവദിക്കുമ്പോള്‍, ഭൂമി കാര്‍ഡ് ലഭിച്ചതിന് ശേഷമുള്ള അനുഭവത്തെക്കുറിച്ച് പ്രധാനമന്ത്രി ചോദിച്ചു. കാര്‍ഡ് ഉപയോഗിച്ച് തനിക്ക് 2 ലക്ഷത്തി തൊണ്ണൂറായിരം രൂപ വായ്പയെടുക്കാനും ഒരു കട വാടകയ്ക്ക് എടുക്കാനും കഴിഞ്ഞതായി ശ്രീ പവന്‍ അറിയിച്ചു; ഇതിനകം വായ്പ തിരിച്ചടയ്ക്കാന്‍ തുടങ്ങിയതായും പറഞ്ഞു. ഡിജിറ്റല്‍ ഇടപാടുകള്‍ വര്‍ദ്ധിപ്പിക്കാന്‍ പ്രധാനമന്ത്രി അദ്ദേഹത്തോട് ആവശ്യപ്പെട്ടു. ഗ്രാമത്തില്‍ സര്‍വേ നടത്തുന്ന ഡ്രോണിനെക്കുറിച്ചു ഗ്രാമത്തിന്റെ അനുഭവത്തെക്കുറിച്ചും ശ്രീ മോദി ചര്‍ച്ച ചെയ്തു. കാര്‍ഡ് ലഭിക്കുന്നതിനുള്ള തന്റെ ശ്രമങ്ങള്‍ സുഗമമായിരുന്നുവെന്നും ജീവിതത്തില്‍ നല്ലൊരു മാറ്റം ഉണ്ടായെന്നും ശ്രീ പവന്‍ പറഞ്ഞു. പൗരന്മാര്‍ക്ക് ജീവിക്കാനുള്ള സൗകര്യം വര്‍ദ്ധിപ്പിക്കുക എന്നതാണ് ഗവണ്‍മെന്റിന്റെ മുന്‍ഗണനയെന്ന് പ്രധാനമന്ത്രി പറഞ്ഞു.
പ്രധാനമന്ത്രി സ്വാമിത്വ പദ്ധതിയിലൂടെ ഭൂമി കാര്‍ഡ് ലഭിച്ചതിന് ദിന്‍ഡോറിയിലെ ശ്രീ പ്രേം സിംഗിനെ പ്രധാനമന്ത്രി അഭിനന്ദിച്ചു. ഡ്രോണുകളിലൂടെ മാപ്പിംഗിനായി എടുത്ത സമയത്തെക്കുറിച്ച് പ്രധാനമന്ത്രി ആരാഞ്ഞു. കാര്‍ഡ് ലഭിച്ച ശേഷമുള്ള ഭാവി പരിപാടികളെക്കുറിച്ച് അദ്ദേഹം ശ്രീ പ്രേം സിംഗിനോട് ചോദിച്ചു. ഇനി ഉറപ്പുള്ള ഒരു വീടാക്കി തന്റെ വീടിനെ മാറ്റാന്‍ ഉദ്ദേശിക്കുന്നതായി പ്രേം സിംഗ് പറഞ്ഞു. പദ്ധതിയെക്കുറിച്ച് എങ്ങനെയാണ് അറിഞ്ഞതെന്ന് പ്രധാനമന്ത്രി അദ്ദേഹത്തോട് ചോദിച്ചു. സ്വമിത്വ പ്രചാരണത്തിന് ശേഷം പാവപ്പെട്ടവരുടെയും കഷ്ടപ്പെടുന്നവരുടെയും സ്വത്തവകാശത്തിന്റെ സുരക്ഷയില്‍ പ്രധാനമന്ത്രി സംതൃപ്തി പ്രകടിപ്പിച്ചു.
ഈ പദ്ധതിയിലൂടെ ഭൂമി കാര്‍ഡുകള്‍ ലഭിച്ചതിനു ശേഷം ശ്രീമതി വിനീത ബായി, ബുധ്‌നി-സെഹോര്‍ എന്നിവരുടെ പദ്ധതികളെക്കുറിച്ച് പ്രധാനമന്ത്രി ചോദിച്ചു. ബാങ്കില്‍ നിന്ന് വായ്പ ലഭ്യമാക്കിക്കൊണ്ട് ഒരു കട തുറക്കാന്‍ ആഗ്രഹിക്കുന്നുവെന്ന് അവള്‍ മറുപടി നല്‍കി. സ്വന്തം സ്വത്തിനെക്കുറിച്ചുള്ള സുരക്ഷിതത്വബോധം അവര്‍ അറിയിച്ചു. ഈ പദ്ധതിയിലൂടെ കോടതികളിലും ഗ്രാമങ്ങളിലും കേസ് ഭാരം കുറയുമെന്നും രാജ്യം പുരോഗമിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു. അവര്‍ക്കും കുടുംബത്തിനും അദ്ദേഹം നവരാത്രി ആശംസകള്‍ നേര്‍ന്നു.
പ്രധാനമന്ത്രി സ്വാമിത്വ പദ്ധതി ആരംഭിച്ചതോടെ ബാങ്കുകളില്‍ നിന്ന് വായ്പ ലഭിക്കുന്നത് എളുപ്പമായിട്ടുണ്ടെന്ന് സമ്മേളനത്തെ അഭിസംബോധന ചെയ്തു പ്രധാനമന്ത്രി പറഞ്ഞു. പദ്ധതി നടപ്പാക്കിയതിലെ വേഗതയ്ക്ക് അദ്ദേഹം മധ്യപ്രദേശിനെ പ്രശംസിച്ചു. സംസ്ഥാനത്തെ 3000 ഗ്രാമങ്ങളില്‍ ഇന്ന് 1.70 ലക്ഷം കുടുംബങ്ങള്‍ക്ക് കാര്‍ഡുകള്‍ ലഭിച്ചു. ഈ വില്‍പത്രം അവര്‍ക്ക് അഭിവൃദ്ധിയുടെ വാഹനമായി മാറുമെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യയുടെ ആത്മാവ് ഗ്രാമങ്ങളിലാണ് വസിക്കുന്നതെന്ന് പലപ്പോഴും പറയപ്പെടുന്നുണ്ടെങ്കിലും സ്വാതന്ത്ര്യം ലഭിച്ച് പതിറ്റാണ്ടുകള്‍ പിന്നിടുമ്പോഴും ഗ്രാമങ്ങളുടെ സാധ്യതകള്‍ വേണ്ടവിധം വിനിയോഗിക്കപ്പെട്ടില്ലെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഗ്രാമങ്ങളുടെ ശക്തിയും ഭൂമിയും ഗ്രാമവാസികളുടെ വീടുകളും അവരുടെ വികസനത്തിന് പൂര്‍ണ്ണമായി ഉപയോഗിക്കാനായില്ല. നേരെമറിച്ച്, ഗ്രാമത്തിലെ ആളുകളുടെ ഊര്‍ജ്ജവും സമയവും പണവും ഗ്രാമ ഭൂമിയുടെയും വീടുകളുടെയും തര്‍ക്കങ്ങളിലും വഴക്കുകളിലും നിയമവിരുദ്ധ പ്രവൃത്തികളിലും പാഴായി. മഹാത്മാഗാന്ധിയും ഈ പ്രശ്‌നത്തെക്കുറിച്ച് എങ്ങനെ ഉത്കണ്ഠാകുലനായിരുന്നുവെന്ന് പ്രധാനമന്ത്രി ഓര്‍ക്കുകയും താന്‍ മുഖ്യമന്ത്രിയായിരിക്കെ ഗുജറാത്തില്‍ നടപ്പാക്കിയ 'സംരസ് ഗ്രാമപഞ്ചായത്ത് യോജന'യെ ഓര്‍ക്കുകയും ചെയ്തു.
കൊറോണ കാലത്തെ പ്രകടനത്തിന് ഗ്രാമങ്ങളെ പ്രധാനമന്ത്രി അഭിനന്ദിച്ചു. ഇന്ത്യയിലെ ഗ്രാമങ്ങള്‍ എങ്ങനെ ഒരു ലക്ഷ്യത്തില്‍ ഒരുമിച്ച് പ്രവര്‍ത്തിക്കുകയും മഹാമാരിയെ വളരെ ജാഗ്രതയോടെ കൈകാര്യം ചെയ്യുകയും ചെയ്തുവെന്ന് അദ്ദേഹം പറഞ്ഞു. വെവ്വേറെ ജീവിത ക്രമീകരണങ്ങളും പുറത്തുനിന്നും വരുന്ന ആളുകള്‍ക്ക് ഭക്ഷണത്തിനും ജോലിക്കും വേണ്ടിയുള്ള മുന്‍കരുതലുകളിലും ഇന്ത്യയിലെ ഗ്രാമങ്ങള്‍ വളരെ മുന്നിലാണെന്നും പ്രതിരോധ കുത്തിവയ്പ്പുകള്‍ ശ്രദ്ധാപൂര്‍വ്വം പിന്തുടരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പ്രതിസന്ധി ഘട്ടങ്ങളില്‍ പകര്‍ച്ചവ്യാധി തടയുന്നതില്‍ ഗ്രാമങ്ങള്‍ക്ക് പങ്കുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു.
രാജ്യത്തെ ഗ്രാമങ്ങള്‍, ഗ്രാമ സ്വത്ത്, ഭൂമി, വീട് രേഖകള്‍ തുടങ്ങിയവ അനിശ്ചിതത്വത്തില്‍ നിന്നും അവിശ്വാസത്തില്‍ നിന്നും മോചിപ്പിക്കേണ്ടതിന്റെ പ്രാധാന്യം പ്രധാനമന്ത്രി ഊന്നിപ്പറഞ്ഞു. പ്രധാനമന്ത്രി സ്വമിത്വ യോജന ഗ്രാമത്തിലെ നമ്മുടെ സഹോദരീസഹോദരന്മാരുടെ വലിയ ശക്തിയായി മാറുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സ്വാമിത്വ പദ്ധതി സ്വത്ത് രേഖകള്‍ നല്‍കുന്നതിനുള്ള ഒരു പദ്ധതി മാത്രമല്ല, ആധുനിക സാങ്കേതികവിദ്യയുടെ സഹായത്തോടെ രാജ്യത്തെ ഗ്രാമങ്ങളില്‍ വികസനത്തിനും വിശ്വാസം മെച്ചപ്പെടുത്തുന്നതിനുമുള്ള ഒരു പുതിയ മന്ത്രമാണെന്നും പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. 'സര്‍വേയ്ക്കായി ഗ്രാമങ്ങളിലും പ്രദേശങ്ങളിലും പറക്കുന്ന ഉഡാന്‍ ഖതോല (ഡ്രോണ്‍) ഇന്ത്യയിലെ ഗ്രാമങ്ങള്‍ക്ക് ഒരു പുതിയ വിമാനം നല്‍കുന്നു,' അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ 6-7 വര്‍ഷമായി ഗവണ്‍മെന്റിന്റെ ശ്രമങ്ങള്‍ ആരെയും ആശ്രയിക്കാതെ ദരിദ്രരെ സ്വതന്ത്രരാക്കുക എന്നതാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഇപ്പോള്‍, ചെറിയ കാര്‍ഷിക ആവശ്യങ്ങള്‍ക്കായി പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ നിധിക്ക് കീഴിലുള്ള കര്‍ഷകരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് നേരിട്ട് പണം അയയ്ക്കുന്നു. എല്ലാത്തിനും ഗവണ്‍മെന്റ് ഓഫീസുകളിലെ തൂണുകളില്‍ നിന്നു തൂണുകളിലേക്ക പാവങ്ങള്‍ ഓടേണ്ടിവന്നിരുന്ന കഴിഞ്ഞുവെന്ന് ശ്രീ മോദി പറഞ്ഞു. ഇപ്പോള്‍ ഗവണ്‍മെന്റ് തന്നെ പാവപ്പെട്ടവരുടെ അടുത്തേക്ക് വരികയും അവരെ ശാക്തീകരിക്കുകയും ചെയ്യുന്നു. ജാമ്യമില്ലാത്ത വായ്പകളിലൂടെ ജനങ്ങള്‍ക്ക് ധനസഹായം ലഭ്യമാക്കുന്നതിന്റെ ഉദാഹരണമായി അദ്ദേഹം മുദ്ര യോജനയെ ഉദ്ധരിച്ചു. കഴിഞ്ഞ 6 വര്‍ഷത്തിനുള്ളില്‍ ഏകദേശം 15 ലക്ഷം കോടി രൂപ 29 കോടി വായ്പകള്‍ വഴി ജനങ്ങള്‍ക്ക് അനുവദിച്ചതായി അദ്ദേഹം പറഞ്ഞു. ഇന്ന് 70 ലക്ഷം സ്വയംസഹായ സംഘങ്ങള്‍ രാജ്യത്ത് പ്രവര്‍ത്തിക്കുന്നു. ജന്‍ധന്‍ അക്കൗണ്ടുകള്‍ വഴി സ്ത്രീകള്‍ ബാങ്കിംഗ് സംവിധാനവുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. സ്വയംസഹായ സംഘങ്ങള്‍ക്ക് ഈടില്ലാത്ത വായ്പകളുടെ പരിധി 10 ലക്ഷത്തില്‍ നിന്ന് 20 ലക്ഷമായി ഉയര്‍ത്താനുള്ള സമീപകാല തീരുമാനത്തെയും അദ്ദേഹം പരാമര്‍ശിച്ചു. അതുപോലെ, 25 ലക്ഷത്തിലധികം തെരുവ് കച്ചവടക്കാര്‍ക്ക് സ്വനിധി പദ്ധതിയില്‍ വായ്പ ലഭിച്ചിട്ടുണ്ട്.
ഡ്രോണ്‍ സാങ്കേതികവിദ്യയില്‍ നിന്ന് കര്‍ഷകര്‍ക്കും രോഗികള്‍ക്കും വിദൂര പ്രദേശങ്ങള്‍ക്കും പരമാവധി ആനുകൂല്യങ്ങള്‍ ലഭിക്കുന്നതിന് നിരവധി നയപരമായ തീരുമാനങ്ങള്‍ എടുത്തിട്ടുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഇന്ത്യയില്‍ ഡ്രോണ്‍ ഉത്പാദനം പ്രോത്സാഹിപ്പിക്കുന്നതിനുള്ള ഒരു പദ്ധതിയും പ്രഖ്യാപിച്ചിട്ടുണ്ട്. അങ്ങനെ ഇന്ത്യയില്‍ ധാരാളം ആധുനിക ഡ്രോണുകള്‍ നിര്‍മ്മിക്കപ്പെടുകയും ഈ സുപ്രധാന മേഖലയില്‍ ഇന്ത്യ സ്വയം പര്യാപ്തമാകുകയും ചെയ്യുന്നു. ഇന്ത്യയില്‍ കുറഞ്ഞ ചെലവില്‍ ഡ്രോണുകള്‍ നിര്‍മ്മിക്കാന്‍ മുന്നോട്ട് വരണമെന്ന് ശാസ്ത്രജ്ഞര്‍, എഞ്ചിനീയര്‍മാര്‍, സോഫ്റ്റ്വെയര്‍ ഡവലപ്പര്‍മാര്‍, സ്റ്റാര്‍ട്ട്-അപ്പ് സംരംഭകര്‍ എന്നിവരോട് പ്രധാനമന്ത്രി ആവശ്യപ്പെട്ടു. ഇന്ത്യയെ പുതിയ ഉയരങ്ങളിലെത്തിക്കാന്‍ ഡ്രോണുകള്‍ക്ക് ശേഷിയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
(Release ID: 1761492)
Visitor Counter : 252
Read this release in:
English
,
Urdu
,
Marathi
,
Hindi
,
Bengali
,
Manipuri
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada