പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

സ്വഛ്ഭാരത് മിഷന്‍ നഗരം 2.0, അമൃത് 2.0 എന്നിവയുടെ ഉദ്ഘാടനം നിര്‍വഹിച്ചുകൊണ്ട് പ്രധാനമന്ത്രിയുടെ അഭിസംബോധന

Posted On: 01 OCT 2021 3:28PM by PIB Thiruvananthpuram

നമസ്‌ക്കാരം 

ഇവിടെ ഈ പരിപാടിയില്‍ എന്നോടൊപ്പം സന്നിഹിതരായിരിക്കുന്ന കേന്ദ്ര മന്ത്രിമാരായ ശ്രീ ഹര്‍ദീപ്‌സിംഗ് പുരി ജി, ശ്രീ ഗജേന്ദ്ര സിംഗ് ഷെഖാവത് ജി,  ശ്രീ പ്രഹഌദ് സിംഗ് പട്ടേല്‍ ജി, ശ്രീ കൗശല്‍ കിഷോര്‍ജി, ശ്രീ ബിശ്വേശ്വര്‍ ജി, എല്ലാ സംസ്ഥാനങ്ങില്‍ നിന്നുമുള്ള മന്ത്രിമാരെ,  കോര്‍പ്പറേഷന്‍ മേയര്‍മാരെ, നഗരസഭാ ചെയര്‍മാന്‍മാരെ, മുനിസിപ്പല്‍ കമ്മിഷണര്‍മാരെ, സ്വഛ്ഭാരത് ദൗത്യത്തിലെയും അമൃത് പദ്ധതിയിലെയും സഹപ്രവര്‍ത്തകരെ, മാന്യ മഹതീ മഹാന്മാരെ, നമസ്‌കാരം.


സ്വഛ്ഭാരത് അഭിയാന്‍, അമൃത് ദൗത്യം എന്നിവയുടെ അടുത്ത ഘട്ടത്തിന്റെ  പേരില്‍ ഞാന്‍ രാജ്യത്തെ അഭിനന്ദിക്കുന്നു. ഇന്ത്യയെ വെളിയിട വിസര്‍ജ്യ വിമുക്തമാക്കുന്നതിന് 2014 ല്‍ രാജ്യം ഒരു പ്രതിജ്ഞയെടുത്തു. പത്തു കോടിയിലേറെ ശൗചാലയങ്ങള്‍ നിര്‍മ്മിച്ചു കൊണ്ടാണ് അവര്‍ ആ പ്രതിജ്ഞ പൂര്‍ത്തിയാക്കിയത്. ഇപ്പോള്‍ സ്വഛാഭാരത് ദൗത്യം നഗരം 2.0 ത്തിന്റെ ലക്ഷ്യം പൂര്‍ണമായും മാലിന്യ രഹിത നഗരം എന്നതാണ്. ഇക്കാര്യത്തില്‍ അമൃത ദൗത്യം ജനങ്ങളെ കൂടുതലായി സഹായിക്കും. നഗരങ്ങളില്‍ 100 ശതമാനം ശുദ്ധജല ലഭ്യത,  അഴുക്ക് ചാലുകളുടെ മെച്ചപ്പെട്ട പരിപാലനം  എന്ന ദിശയിലേയ്ക്കാണ് നാം മുന്നേറുന്നത്. അമൃത ദൗത്യത്തിന്റെ അടുത്ത ഘട്ടത്തില്‍ രാജ്യം മാലിന്യ നിര്‍മ്മാര്‍ജ്ജനത്തിനായി അഴുക്കു ചാലുകള്‍ കൂടുതല്‍ നിര്‍മ്മിക്കും. നഗരങ്ങളിലെ ജലസുരക്ഷ ഉറപ്പാക്കും, അതൊടൊപ്പം ഒറ്റ അഴുക്കുചാല്‍ പോലും ഒരിടത്തും നദികളില്‍ പതിക്കുന്നില്ല എന്നും.


സുഹൃത്തുക്കളെ,
സ്വഛ്ഭാരത് അഭിയാന്റെയും അമൃത് ദൗത്യത്തിന്റെയും ഇന്നു വരെയുള്ള യാത്ര ഓരോ ഇന്ത്യന്‍ പൗരനെയും യഥാര്‍ത്ഥത്തില്‍ അഭിമാനിയാക്കാന്‍ പോവുകയാണ്. അതിന് ദൗത്യമുണ്ട്, ആദരവുണ്ട്, ഒരു രാജ്യത്തിന്റെ അന്തസും അഭിലാഷവുമുണ്ട്, മാതൃഭൂമിയോടുള്ള സ്‌നേഹമുണ്ട്.  സ്വഛ്ഭാരത ദൗത്യത്തിന്റെ നേട്ടങ്ങള്‍ ഓരോ ഇന്ത്യക്കാരനിലും  അവന്റെ ഉത്തരവാദിത്വത്തെ കുറിച്ച് ബോധ്യവും ജാഗ്രതയും ഉറപ്പാക്കുന്നു. അതിന്റെ വിജയത്തിനു പിന്നില്‍ ഓരോ ഇന്ത്യന്‍ പൗരന്റെയും കഠിനാധ്വാനവും വിയര്‍പ്പും സംഭാവനയും ഉണ്ട്. നമ്മുടെ ശുചീകരണ തൊഴിലാളികള്‍ മാലിന്യത്തിന്റെ സുര്‍ഗന്ധം സഹിച്ച്  റോഡുകള്‍ എല്ലാ ദിവസവും വൃത്തിയാക്കുന്ന നമ്മുടെ സഹോദരീ സഹോദരന്മാര്‍, അവരാണ് സത്യത്തില്‍ ഈ സംഘടിത പ്രവര്‍ത്തനത്തിലെ ധീര യോധാക്കള്‍. കൊറോണയുടെ ക്ലേശ കാലത്ത് ഈ രാജ്യം അവരുടെ സംഭാവനകളെ അടുത്തു നിന്ന് വീക്ഷിക്കുകയും അനുഭവിക്കുകയും ചെയ്തു.


ഈ നേട്ടത്തിന് ഓരോ ഇന്ത്യക്കാരനെയും അഭിനന്ദിക്കുമ്പോള്‍  സ്വഛ്ഭാരത് ദൗത്യം നഗരം 2-0 , അമൃത് 2.0 എന്നീ പദ്ധതികള്‍ക്ക് ഞാന്‍ എന്റെ എല്ല ശുഭാശംസകളും നേരുന്നു. ഏറ്റവും ആനന്ദം നല്‍കുന്നത് ഇന്ന് ഗാന്ധിജയന്തിയുടെ തലേദിവസം തന്നെ ഒരു പുതിയ തുടക്കം നടക്കുന്നു എന്നതാണ്. ബഹുമാന്യനായ ബാപ്പുവിന്റെ ആദര്‍ശങ്ങളുടെയും പ്രബോധനത്തിന്റെയും ഫലമായ ഈ പ്രചാരണ പരിപാടി, അതിന്റെ പൂര്‍ത്തീകരണത്തിലേയ്ക്ക് അടുക്കുകയാണ്. ശുചിത്വം കൊണ്ട് നമ്മുടെ അമ്മമാര്‍ക്കും സഹോദരിമാര്‍ക്കും ലഭിച്ചിട്ടുള്ള സൗകര്യങ്ങളെ കുറിച്ച് ചിന്തിച്ചു നോക്കുക. ശൗചാലയ സൗകര്യങ്ങള്‍ ഇല്ലാത്തതു കാരണം മുമ്പ് അനേകം സ്ത്രീകള്‍ക്ക് വീട്ടില്‍ നിന്നു പുറത്തു പോകാനും ജോലി ചെയ്യാനും സാധിക്കാത്ത സാഹചര്യം ഉണ്ടായിരുന്നു. സ്‌കൂളില്‍ ശൗചാലയങ്ങളുടെ അഭാവം മൂലം അനേകം പെണ്‍മക്കള്‍ക്ക് പഠനം പാതി വഴിയില്‍ ഉപേക്ഷിക്കേണ്ടി വന്നു. ഇപ്പോള്‍ കാര്യങ്ങള്‍ മാറുകയാണ്. സ്വാതന്ത്ര്യത്തിന്റെ ഈ 75-ാം വര്‍ഷത്തില്‍ രാജ്യത്തിന്റെ  ഈ വിജയങ്ങള്‍, ഇന്നത്തെ പുതിയ പ്രതിജ്ഞ ആരാധ്യമായ ബാപ്പുവിന്റെ പാദങ്ങളില്‍ സമര്‍പ്പിക്കുന്നു.


സുഹൃത്തുക്കളെ,
ബാബാസാഹിവിനു സമര്‍പ്പിതമായിരിക്കുന്ന ഇന്റര്‍നാഷണല്‍ സെന്ററിലാണ് ഈ പരിപാടി സംഘടിപ്പിച്ചിരിക്കുന്നത് എന്നതില്‍ നാം ഭാഗ്യവാന്മാരാണ്. അസമത്വം നീക്കം ചെയ്യുന്നതിനുള്ള ഏറ്റവും മഹത്തായ മാര്‍ഗ്ഗം നഗര വികസനമാണ് എന്ന് ബാബാ സാഹിബ് വിശ്വസിച്ചിരുന്നു. ഗ്രാമങ്ങളില്‍ നിന്നുള്ള അനേകം ആളുകള്‍ മെച്ചപ്പെട്ട ജീവിതാഭിലാഷങ്ങളുമായി നഗരങ്ങളിലേയ്ക്ക് കുടിയേറുന്നുണ്ട്. തൊഴില്‍ ലഭിക്കുന്നുണ്ടെങ്കിലും ഗ്രാമങ്ങളിലെ ജീവിതവുമായി തട്ടിച്ചു നോക്കുമ്പോള്‍ ജീവിത നിലവാരം അവര്‍ ആഗ്രഹിച്ച തലത്തിലേയ്ക്ക് ഇനിയും എത്തിയിട്ടില്ല. ഇത് ഒരു ഇരട്ട ശാപം പോലെയാണ്. കാരണം ഗ്രാമം വിടുകയും ചെയ്തു, എന്നാല്‍ വളരെ ക്ലേശകരമായ സാഹചര്യത്തില്‍ ജീവിക്കാന്‍ നിര്‍ബന്ധിതരാകുകയും ചെയ്തിരിക്കുന്നു. ഈ അസമത്വം അവസാനിപ്പിക്കാനും ആ സാഹചര്യങ്ങള്‍ മാറ്റുന്നതിനും ബാബാസാഹിബ് വലിയ പ്രാധാന്യം നല്‍കി. സ്വഛ് ഭാരത് ദൗത്യത്തിന്റെയും അമൃത് ദൗത്യത്തിന്റെയും അടുത്ത ഘട്ടം ബാബാസാഹിബിന്റെ സ്വപ്‌നങ്ങള്‍ പൂര്‍ത്തീകരിക്കുന്നതിനുള്ള സുപ്രധാനമായ ചുവടുവയ്പ്പാണ്.


സുഹൃത്തുക്കളെ,
സ്വാതന്ത്ര്യത്തിന്റെ ഈ 75-ാം വര്‍ഷത്തില്‍ സബ്കാ സാത്, സബ്കാ വികാസ്, സബ്കാ വിശ്വാസ് എന്ന മുദ്രാവാക്യത്തിനൊപ്പം സബ്കാ പ്രയാസ് എന്ന ആവശ്യം കൂടി രാജ്യം കൂട്ടി ചേര്‍ക്കുകയാണ്. സബ്കാ പ്രയാസ് ( എല്ലാവരുടെയും പ്രയത്‌നം) എന്ന ഈ ചൈതന്യം  ശുചിത്വത്തിന1പ്പം പ്രധാനപ്പെട്ടതാണ്. നിങ്ങളില്‍ പലരും വിദൂര ഗ്രാമീണ മേഖലകളിലുള്ള ഗോത്രസമൂഹങ്ങളുടെ പരമ്പരാഗത വീടുകള്‍ സന്ദര്‍ശിച്ചിട്ടുണ്ടാവും. ഇല്ലായ്മയുടെ നടുവിലും അവരുടെ വീടുകളിലെ ശുചിത്വവും ലഭ്യമായ വസ്തുക്കള്‍ കൊണ്ട് അവര്‍ നടത്തിയിരിക്കുന്ന അലങ്കാരങ്ങളും വളരെ ആകര്‍ഷകമാണ്. നിങ്ങള്‍ വടക്കു കിഴക്കന്‍ മേഖലകളിലേയ്ക്ക് പോയി നോക്കൂ. ഹിമാചല്‍ പ്രദേശിലെയും ഉത്തരാഖണ്ഡിലെയും മലമ്പ്രദേശങ്ങളിലേയ്ക്ക് കടന്നു ചെല്ലൂ, അവരുടെ വീടുകളില്‍ നിന്ന് പ്രത്യേക തരത്തിലുള്ള അനുകൂല  ഊര്‍ജ്ജം പ്രസരിക്കുന്നത് അനുഭവപ്പെടും, കാരണം ശുചിത്വമാണ്.അവര്‍ക്കൊപ്പം താമസിക്കുമ്പോള്‍ ശുചിത്വവും സന്തോഷവും തമ്മിലുള്ള അഗാധമായ ഒരു ബന്ധം നമുക്ക് അറിയാന്‍ സാധിക്കും.


ഗുജറാത്തില്‍ മുഖ്യമന്ത്രി ആയിരിക്കവെ, വിനോദ സഞ്ചാരവികസന സാധ്യതകള്‍ ഞാന്‍ സൂക്ഷ്മമായി പരിശോധിക്കുകയുണ്ടായി. ഈ പരിശ്രമത്തില്‍ ഞാന്‍ എല്ലാവരെയും ബന്ധിപ്പിച്ചത് ശുചിത്വത്തിനുള്ള  ശ്രദ്ധയിലേയ്ക്കാണ്. നിര്‍മ്മല്‍ ഗുജറാത്ത എന്ന പരിപാടി വലിയ ജനകീയ പ്രസ്ഥാനമായപ്പോള്‍  അത് വലിയ ഫലങ്ങള്‍ ഉളവാക്കി. ഇത് ഗുജറാത്തിന് പുതിയ ഒരു വ്യക്തിത്വം നല്‍കിയെന്നു മാത്രമല്ല, സംസ്ഥാനത്തെ വിനോദസഞ്ചാര മേഖലയ്ക്കും വലിയ ഉണര്‍വേകി.


സഹോദരീ സഹോദരന്മാരെ,
ഈ ജനകീയ മുന്നേറ്റത്തിന്റെ  ചൈതന്യമാണ് സ്വഛ്ഭാരത് ദൗത്യത്തിന്റെ വിജയ സത്ത. മുമ്പൊക്കെ ചപ്പുചവറുകള്‍ നഗരവീഥികളില്‍ ചിതറി ക്കിടന്നിരുന്നു. ഇന്ന് വീടുകളില്‍ നിന്നു  മാലിന്യം ശേഖരിക്കുന്നതിനു  മാത്രമല്ല അവ തരംതിരിക്കുന്നതിനും വലിയ ഊന്നലാണ് നാം നല്‍കുന്നത്. നിരവധി വീടുകളില്‍ വിവിധ തരം മാലിന്യങ്ങള്‍ക്ക് പ്രത്യേകം ചവറ്റുകുട്ടകള്‍ സ്ഥാപിച്ചിട്ടുണ്ട്. വീടുകളിലെ കാര്യം വിടാം. പുറത്ത് എവിടെയെങ്കിലും ആളുകള്‍ മാലിന്യം കണ്ടാല്‍ അക്കാര്യം ശുചിത്വ ആപ്പിലൂടെ റിപ്പോര്‍ട്ടു ചെയ്യുന്നു. അങ്ങിനെ ശുചിത്വത്തെ കുറിച്ച് മറ്റ് ആളുകളെയും ബോധവാന്മാരാക്കുന്നു. നമ്മുടെ ഇപ്പോഴത്തെ തലമുറ,  ശുചിത്വ പ്രചാരണം ഏറ്റെടുക്കുയും ശക്തിപ്പെടുത്തുകയും ചെയ്യുന്ന എന്നതില്‍ എനിക്ക് വലിയ സന്തോഷമുണ്ട്. ഇപ്പോള്‍ ആരും മിഠായി കടലാസുകള്‍ പുറത്തേയ്ക്കു വലിച്ചെറിയുന്നില്ല, പോക്കറ്റില്‍ സൂക്ഷിക്കുന്നു. മുതിര്‍ന്നവരെ പുറത്തു തുപ്പുന്നതില്‍ നിന്നു ചെറിയ കുട്ടികള്‍ പിന്തിരിപ്പിക്കുന്നു. അങ്ങിനെ ചെയ്യരുത് എന്ന് അവരുടെ അമ്മൂമ്മമാരെയും അപ്പൂപ്പന്മാരെയും ഉപദേശിക്കുന്നു. നഗരങ്ങളിലെ യുവാക്കള്‍ പല തരത്തില്‍ ശുചിത്വ പ്രചാരണത്തെ സഹായിക്കുന്നു. ചിലര്‍ മാലിന്യത്തില്‍ നിന്നു പണം ഉണ്ടാക്കുന്നു, മറ്റു ചിലര്‍ ബോധവത്ക്കരണത്തിന്റെ തിരക്കിലാണ്.


ഇപ്പോള്‍ ജനങ്ങള്‍ക്കിടയില്‍  അവരുടെ നഗരം സ്വഛ്ഭാരത് റാങ്കില്‍ ഒന്നാമത് എത്തണം എന്ന് ഒരു മത്സരബോധം തന്നെയുണ്ടായിരിക്കുന്നു.അക്കാര്യത്തില്‍ പിന്നിലായി പോയാല്‍ അപ്പോള്‍ തന്നെ അന്വേഷണമായി, എങ്ങിനെ ആ നഗരം നമ്മുടെ മുന്നിലെത്തി, എവിടെയാണ് നമുക്ക് പിഴവ് പറ്റിയത് എന്നൊക്കെ. മികച്ച റാങ്കു നേടുന്ന നഗരങ്ങളെ കുറിച്ച് മാധ്യമങ്ങളും ചര്‍ച്ച ചെയ്യുന്നു. അതിനാല്‍ സമ്മര്‍ദ്ദം കൂടുന്നു. അതാണ്  ശുചിത്വ പദവിയില്‍ സ്വന്തം നഗരം മുന്നിലാകാന്‍ ജനങ്ങള്‍ ആഗ്രഹിക്കുന്ന സാഹചര്യം. സ്വന്തം നഗരം മാലിന്യ കൂമ്പാരമായി അറിയപ്പെടാന്‍ അവര്‍ ആഗ്രഹിക്കുന്നില്ല. ഇന്‍ഡോറിലെ സുഹൃത്തുക്കള്‍ അല്ലെങ്കില്‍ ഇത് ടിവിയില്‍ കാണുന്നവര്‍ ഇക്കാര്യത്തില്‍ എന്നോടു യോജിക്കും. ഇന്ന്  വൃത്തിയുടെ കാര്യത്തില്‍ ഇന്‍ഡോര്‍ നഗരമാണ് ഏറ്റവും മുന്നില്‍  എന്ന് എല്ലാവര്‍ക്കും അറിയാം. ഇത് ഇന്‍ഡോറിലെ ജനങ്ങളുടെ ഒരു പങ്കാളിത്ത നേട്ടമാണ്. ഇനി നമുക്ക് എല്ലാ നഗരങ്ങളെയും ഇത്തരം നേട്ടവുമായി ബന്ധിപ്പിക്കണം.


ഓരോ സംസ്ഥാന ഗവണ്‍മെന്റുകളെയും, പഞ്ചായത്തുകളെയും കോര്‍പ്പറേഷന്‍ മേയര്‍മാരെയും ശുചിത്വത്തിന്റെ ഈ മഹാ യജ്ഞത്തില്‍ പങ്കാളികളാകുവാന്‍ ഒരിക്കല്‍ കൂടി ഞാന്‍ ആഹ്വാനം ചെയ്യുകയാണ്. കൊറോണ കാല്ത്ത് അല്പസ്വല്‍പം ഉപേക്ഷക്കുറവ് സംഭവിച്ചിട്ടുണ്ടാവാം. എന്നാല്‍ ഇനി പുതിയ ഊര്‍ജ്ജവുമായി നമുക്ക് മുന്നേറാം.  ഒരു കാര്യം നാം ഓര്‍മ്മിക്കണം, ശുചിത്വം ഒരു ദിവസത്തേയക്കല്ല, ഒരു വാരത്തേയ്ക്കല്ല, ഒരു വര്‍ഷത്തേയ്ക്കുമല്ല, അത് ഏതാനും പേരുടെ മാത്രം ഉത്തരവാദിത്വവുമല്ല. ശുചിത്വം എല്ലാവരുടെയും കൂടിയുള്ള പരിപാടിയാണ്. അത് എല്ലാ ദിവസവും എല്ലാ വാരത്തിലും, വര്‍ഷം മുഴുവന്‍ തലമുറകള്‍ തലമുറകളായി അനുവര്‍ത്തിക്കേണ്ട മഹത്തായ പ്രവര്‍ത്തനമാണ്. ശുചിത്വം ജീവിത ശൈലിയാണ്, ജീവിത മന്ത്രമാണ്.


രാവിലെ എഴുന്നേല്‍ക്കുമ്പോള്‍ പല്ലു തേയ്ക്കുന്ന ശീലം നമുക്കില്ലേ, അതുപോലെ ശുചിത്വത്തെ നമ്മുടെ ജീവിതത്തിന്റെ ഭാഗമാക്കണം. വ്യക്തിശുചിത്വത്തെ കുറിച്ചു മാത്രമല്ല ഞാന്‍ പറയുന്നത്, മറിച്ച് സാമൂഹിക ശുചിത്വത്തെ കുറിച്ചു കൂടിയാണ്. റെയില്‍വെ കമ്പാര്‍ട്ടുമെന്റുകളിലെയും പ്ലാറ്റ് ഫോമുകളിലെയും ശുചിത്വം അത്ര ബുദ്ധിമുട്ടൊന്നും ഇല്ല. ഗവണ്‍മെന്റ് കുറെയെല്ലാം പരിശ്രമിക്കുന്നുണ്ട്. കുറെയെല്ലാം സഹകരണം ജനങ്ങള്‍ നല്കുന്നു. എന്തായാലും റെയില്‍വെയുടെ ചിത്രം മാറിയിട്ടുണ്ട്.


സുഹൃത്തുക്കളെ,
നഗരങ്ങളില്‍ താമസിക്കുന്ന പാവപ്പെട്ടവരുടെയും ഇടത്തരക്കാരുടെയും ജീവിതനിലവാരം മെച്ചപ്പെടുത്തുന്നതിന്  നമ്മുടെ ഗവണ്‍മെന്റ് വലിയ പദ്ധതികള്‍ നടപ്പിലാക്കുന്നുണ്ട്. 2014 നു മുമ്പുള്ള ആറേഴു വര്‍ഷക്കാലത്തെ കുറിച്ച് നാം പറയുകയാണെങ്കില്‍ അന്ന് നഗരവികസന മന്ത്രാലയത്തിന്റെ ബജറ്റ് ഏകദേശം 1.25 ലക്ഷം കോടി മാത്രമായിരുന്നു. എന്നാല്‍ ഏഴു വര്‍ഷത്തെ നമ്മുടെ ഗവണ്‍മെന്റ് നാലു ലക്ഷം കോടിയാണ് നഗര വികസന മന്ത്രാലയത്തിന് അനുവദിച്ചിരിക്കുന്നത്. ഈ തുക മുഴുവനും നഗരങ്ങളുടെ ശുചിത്വം, മാലിന്യ നിര്‍മ്മാര്‍ജനം, പുതിയ മലിനജല ശുചീകരണ പ്ലാന്റുകള്‍ എന്നിവയ്ക്കാണ് മാറ്റി വച്ചത്.  ഈ നിക്ഷേപം വഴി വീടുകളുമായി ബന്ധപ്പെട്ട പദ്ധതികള്‍, പുതിയ മെട്രോ പാതകള്‍, സ്മാര്‍ട്ട് നഗരങ്ങള്‍, തുടങ്ങിയവ പട്ടണങ്ങളിലെ പാവപ്പെട്ടവര്‍ക്കായി നാം പൂര്‍ത്തിയാക്കി. നമുക്ക് ലക്ഷ്യങ്ങള്‍ നേടാനാവും എന്ന് എനിക്ക് ആത്മവിശ്വാസമുണ്ട്. സ്വഛ്ഭാരത് ദൗത്യത്തിന്റെയും അമൃത ദൗത്യത്തിന്റെയും പ്രവര്‍ത്തന വേഗത എന്റെ വിശ്വാസം വര്‍ധിപ്പിക്കുന്നു.


ഇന്ന്  ഇന്ത്യ ഓരോ ദിവസവും സംസ്‌കരിക്കുന്നത് ഒരു ലക്ഷം ടണ്‍ മാലിന്യമാണ് . 2014 ല്‍ രാജ്യം ശുചിത്വ പ്രചാരണം ആരംഭിക്കുമ്പോള്‍ ഇന്ത്യയില്‍ ഉല്‍പാദിപ്പിച്ചിരുന്ന മാലിന്യത്തിന്റെ 20 ശതമാനം മാത്രമാണ് ദിവസവും നാം സംസ്‌കരിച്ചിരുന്നത്. എന്നാല്‍ ഇന്ന അതിന്റെ അളവ് 70 ശതമാനമായിരിക്കുന്നു. 20 ല്‍ നിന്ന് 70 ലേയ്ക്ക്. പക്ഷെ നമുക്ക്  അതു 100 ശതമാനമാക്കണം.  ഇത് മാലിന്യ നിര്‍മ്മാര്‍ജ്ജനം കൊണ്ടു മാത്രം സാധിക്കില്ല.  മറിച്ച് മാലിന്യത്തെ പണമാക്കണം. ഇത് ഉറപ്പാക്കാന്‍  രാജ്യം 100 ശതമാനം മാലിന്യ വേര്‍തിരിക്കല്‍ എന്ന ഒരു ലക്ഷ്യം വച്ചിട്ടുണ്ട്. ഇതിനായി  ആധുനിക രീതിയിലുള്ള സംവിധാനങ്ങള്‍ എല്ലാ നഗരങ്ങളിലും ഉണ്ടാവണം. മാലിന്യങ്ങള്‍ തരം തിരിക്കണം. ഓരോ ഇനങ്ങളും വെവ്വേറെ പുനചംക്രമണം ചെയ്യണം. ഇതോടൊപ്പം നഗരങ്ങളിലെ മാലിന്യ കൂമ്പാരങ്ങള്‍ സംസ്‌കരിക്കപ്പെടുകയും പൂര്‍ണമായി നിര്‍മ്മാര്‍ജ്ജനം ചെയ്യപ്പെടുകയും ചെയ്യും. ഹര്‍ദീപ് ജി, ഈ വന്‍ മാലിന്യ കൂമ്പാരത്തെ കുറിച്ച് ഞാന്‍ പറയുമ്പോള്‍ഇതുപോലെ ഒരു മല ഡല്‍ഹിയിലും ഉണ്ട്. ഈ മലയും നീക്കം ചെയ്യപ്പെടേണ്ടതാണ്.


സുഹൃത്തുക്കളെ,
ഈ ദിവസങ്ങളില്‍ ഹരിത ജോലികളെ കുറിച്ചാണ് ലോകം ചര്‍ച്ച ചെയ്യുന്നത്.  ഈ പ്രചാരണ പരിപാടി ഇന്ത്യയില്‍ ധാരാളം ഹരിത തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും.നഗര വികസനത്തിനായി ആധുനിക സാങ്കേതിക വിദ്യകളുടെ ഉപയോഗം കൂടി വരികയാണ്. ദേശീയ വാഹന സ്‌ക്രാപ്പേജ് നയം നാം ഓഗസ്റ്റില്‍ ആരംഭിച്ചു കഴിഞ്ഞു. ഈ പുതിയ നയം വര്‍ത്തുള സമ്പദ് വ്യവസ്ഥയ്ക്ക് ആക്കം കൂട്ടും, ഒപ്പം മാലിന്യത്തില്‍ നിന്ന് സമ്പത്ത് എന്ന പ്രചാരണ പരിപാടിക്കും.  നഗരങ്ങളിലെ അന്തരീക്ഷ മലിനാകരണം ലഘൂകരിക്കുന്നതിനും ഈ നയം വലിയ പങ്ക് വഹിക്കും.  പുനരുപയോഗിക്കുക, പുതുക്കുക, വീണ്ടെടുക്കുക എന്നതാണ് അതിന്റെ തത്വം. റോഡുകളുടെയും മറ്റും നിര്‍മ്മാണത്തിന് ഇത്തരം മാലിന്യങ്ങള്‍ ഉപയോഗിക്കുന്നതില്‍ ഗവണ്‍മെന്റ് വലിയ പ്രാധാന്യം നല്കുന്നു. ഗവണ്‍മെന്റ് കെട്ടിടങ്ങളുടെയും ഗവണ്‍മെന്റ് ഭവന  പദ്ധതി പ്രകാരമുള്ള  വീടുകളുടെയും നിര്‍മ്മാണത്തിലും പുനചംക്രമണം പ്രോത്സാഹിപ്പിക്കുന്നുണ്ട്.
സുഹൃത്തുക്കളെ, സന്തുലിത നഗരവത്ക്കരണത്തിനും ശുചിത്വ ഇന്ത്യയ്ക്ക് പുതിയ ദിശാബോധം നല്‍കുന്നതിനും സംസ്ഥാനങ്ങള്‍ വലിയ പങ്കാണ് വഹിക്കുന്നത്. ഇപ്പോള്‍ തന്നെ നാം വിവിധ മുഖ്യമന്ത്രിമാരുടെ സന്ദേശങ്ങള്‍ ശ്രവിച്ചു കഴിഞ്ഞു. രാജ്യത്തെ ഓരോ സംസ്ഥാന ഗവണ്‍മെന്‍രുകളോടും ഞാന്‍ പ്രത്യേക വധത്തില്‍ കൃതജ്ഞത പറയുന്നു. ഓരോ സംസ്ഥാനങ്ങളും അവരുടെ നഗരങ്ങളുടെ അടിസ്ഥാന സൗകര്യങ്ങള്‍, ജലവിതരണം മുതല്‍ ശുചീകരണം വരെയുള്ള കാര്യങ്ങള്‍ അഭിസംബോധന ചെയ്യുന്നുണ്ട്. അമൃത് ദൗത്യത്തിനു കീഴില്‍ 80,000 കോടി രൂപയുടെ പദ്ധതികളാണ് ഇപ്പോള്‍ നടക്കുന്നത്. നഗരങ്ങള്‍ക്ക് മെച്ചപ്പെട്ട ഭാവി ഉണ്ടാകുന്നതിന് യുവാക്കള്‍ക്ക് പുതിയ അവസരങ്ങള്‍ ലഭിക്കുന്നതിന് കൂടിയാണ് ഇതെല്ലാം. ഇപ്പോള്‍ നഗരങ്ങളിലെ 100 ശതമാനം വീടുകളിലേയ്ക്കും ശുദ്ധജല വിതരണവും, മലിനജല ഓടകളും ബന്ധിപ്പിച്ചിട്ടുണ്ട്. മലിന ജല സംസ്‌കരണ സംവിധാനങ്ങള്‍ വര്‍ധിപ്പിച്ചതോടെ ,നഗരങ്ങളിലെ ജല സ്രോതസുകളുംനമ്മുടെ നദികളും ഇനിമലിനമാവില്ല. ഇനി മലിന ജലം ഓരിക്കലും രാജ്യത്തെ നദികളില്‍ പതിക്കില്ല എന്ന  തീരുമാനവുമായി നാം മുന്നോട്ട് പോകും.


സുഹൃത്തുക്കളെ,
ഈ പരിപാടിയില്‍ നഗരങ്ങളുടെ വളരെ പ്രധാനപ്പെട്ട ഒരു സഹയാത്രികനെ കുറിച്ചു കൂടി പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. അത് മറ്റാരുമല്ല നമ്മുടെ പാതയോര വ്യാപാരികളും  വഴിവാണിഭക്കാരുമാണ്. ഈ വിഭാഗം ആളുകള്‍ക്ക് പ്രതീക്ഷയുടെ  കിരണമായി കടന്നു വന്നിരിക്കുകയാണ്  പ്രധാന്‍ മന്ത്രി എസ്‌വിഎ നിധി യോജന. സ്വാതന്ത്ര്യം ലഭിച്ച് പതിറ്റാണ്ടുകള്‍ കഴിഞ്ഞിട്ടും ഇവരെ ആരും ശ്രദ്ധിച്ചിട്ടുല്ല. വ്യാപാരാവശ്യങ്ങള്‍ക്കായി ആരില്‍ നിന്നോ കടം വാങ്ങുന്ന ചെറിയ തുകകള്‍ക്ക്  കൊള്ള പലിശയാണ് അവര്‍ നല്‍കേണ്ടി വരുന്നത്. അതിനാല്‍ അവര്‍ എന്നും ഋണഭാരത്തിലാണ്. ദിവസം മുഴുവന്‍ അവര്‍ അധ്വാനിച്ചുണ്ടാക്കുന്ന പണത്തിന്റെ സിംഹഭാഗവും വീട്ടിലെത്താതെ കൊള്ളപ്പലിശക്കാരന്റെ കരങ്ങളിലേയ്ക്കാണ് പോകുന്നത്.  രേഖകളുടെ അഭാവത്തില്‍ ഇവര്‍ക്ക് ബാങ്കുകളില്‍ നിന്നു സഹായം ലഭിക്കാനും ബുദ്ധിമുട്ടാണ്.


്‌സാധ്യമെന്നു കരുതിയ കാര്യങ്ങളാണ് ഇന്ന് പ്രധാന്‍ മന്ത്രി എസ് വി എ നിധി യോജന വഴി സാധ്യമായിരിക്കുന്നത്. ഇന്ന് 46 ലക്ഷത്തിലധികം വഴിവാണിഭക്കാര്‍ക്കാണ് ഈ പദ്ധതിയില്‍ നിന്ന് പ്രയോജനം ലഭിച്ചിട്ടുള്ളത്.  ഇതില്‍ 2500 കോടി രൂപയും ലഭിച്ചിരിക്കുന്നത് 25 ലക്ഷം ആളുകള്‍ക്കാണ്. തെരുവുകച്ചവടക്കാരുടെ പോക്കറ്റിലേയ്ക്ക് 2500 കോടി രൂപ എത്തി എന്നത് ചെറിയ കാര്യമല്ല. അവരെല്ലാം ഇപ്പോള്‍ ഡിജിറ്റല്‍ പണമിടപാടുകള്‍ നടത്തുകയും ബാങ്കില്‍ നിന്ന് എടുത്ത വായ്പകള്‍ തിരിച്ചടയ്ക്കുകയും ചെയ്യുന്നു. കൃത്യമായി വായ്പകള്‍ തിരിച്ചടയ്ക്കുന്ന വഴിയോര വ്യാപാരികള്‍ക്ക് പലിയശിയില്‍ ഇളവും ലഭിക്കുന്നു. വളരെ കുറഞ്ഞ സമയത്തിനുള്ളില്‍ ഇവര്‍ ഏഴു കോടിയുടെ ഇടപാടുകളാണ് നടത്തിയത്.  ഈ പാവപ്പെട്ട ആളുകള്‍ എങ്ങിനെ ഡിജിറ്റല്‍ പണമിടപാടു നടത്തുവാന്‍ പഠിക്കും എന്ന്  നമ്മുടെ നാട്ടിലെ ബുദ്ധിമാന്‍മാരായ ആളുകള്‍ ചോദിക്കാറുണ്ടായിരുന്നു.. ഇതാണ് അത് സാധിച്ച ആളുകള്‍. 70 മില്യണ്‍ തവണയാണ് ഇവര്‍ ഡിജിറ്റല്‍ ഇടപാടുകള്‍ നടത്തിയിരിക്കുന്നത്.


മൊത്ത വിതരണക്കാരില്‍ നിന്നു വാങ്ങുന്ന സാധനങ്ങളുടെ വില ഇവര്‍ മൊബൈല്‍ ഫോണില്‍ കൂടിയാണ് അടച്ച് തുടങ്ങിയത്. ഒപ്പം ഉപയോക്താക്കള്‍ക്ക് വില്‍ക്കുന്ന  സാധനങ്ങള്‍ക്ക് ഇത്തരത്തില്‍ തന്നെ പണം വാങ്ങുന്നു.   ഇവര്‍ക്ക് ഇത്തരം പണമിടപാടിന്റെ രേഖകകള്‍ കൈവശം ഉണ്ട് എന്നതാണ് ഇതിന്റെ പ്രയോജനം. ഈ രേഖകള്‍ വച്ച് ബാങ്കുകള്‍ക്ക് ഇവരുടെ വ്യാപാര ഇടപാടുകളെ കുറിച്ച് ബോധ്യമാകും. അപ്പോള്‍ തുടര്‍ന്ന് വായ്പകള്‍ നല്‍കാന്‍ അവര്‍ താല്പര്യപ്പെടും.
പ്രധാന്‍ മന്ത്രി എസ് വി എ നിധിയുടെ കീഴില്‍ വഴിയോര വ്യാപാരികള്‍ക്ക് രണ്ടാം വായ്പയായി 20000 രൂപ ലഭിക്കും. ഇത് ആദ്യ വായ്പയായ 10,000 തിരികെ അടച്ചതിനു ശേഷമാണ്. അതുപോലെ രണ്ടാം വായ്പ തിരിച്ചടച്ചാലുടന്‍ മൂന്നാം വായ്പയായി 50000 രൂപകിട്ടും. ഇന്ന് ഇത്തരം ആയിരക്കണക്കിനു വ്യാപാരികള്‍ മൂന്നാം വായ്പ വാങ്ങാന്‍ ഒരുങ്ങുന്നുണ്ട്. ഇത്തരം ആളുകളെ കൊള്ളപ്പലിശക്കാരന്റെ പിടിയില്‍ നിന്നു മോചിപ്പിക്കുന്നതിന് ഞാന്‍ ആഗ്രഹിക്കുന്നു. ഈ പരിപാടിയില്‍ കോര്‍പ്പറേഷന്‍ മേയര്‍മാരോട് പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്ന കാര്യം, സത്യത്തില്‍ ഇതാണ് പാവങ്ങളെ സഹായിക്കല്‍, പാവപ്പെട്ടവരില്‍ പാവപ്പെട്ടവരെ ശാക്തീകരിക്കല്‍. കൊള്ളപ്പലിശയുടെ ദൂഷിത വലയത്തില്‍ നിന്നു പാവങ്ങളെ സ്വതന്ത്രമാക്കല്‍. ഈ വികാരം ഹൃദയത്തില്‍ ഇല്ലാത്ത ഒരു മേയറും ഒരു കൗണ്‍സിലറും ഈ രാജ്യത്തില്ല. അതിനാല്‍ നിങ്ങള്‍ എല്ലാവരും ഒരുമിച്ചു വന്നാല്‍ നമ്മുടെ രാജ്യത്തെ ഈ പാവങ്ങളുടെ വിധി മാറ്റാന്‍ സാധിക്കും. കൊറോണ കാലത്ത് നാം അഭിമുഖീകരിച്ച പ്രശ്‌നങ്ങള്‍ കണ്ടതാണ്, അന്ന് പച്ചക്കറി വ്യാപാരിയോ പാല്‍ക്കാരനോ മുഖം തിരിച്ചിരുന്നുവെങ്കില്‍ എന്താകുമായിരുന്നു സ്ഥിതി. കൊറോണ കാലത്താണ് ഓരോ വ്യക്തിയുടെയും വില യഥാര്‍ത്ഥത്തില്‍ നാം തിരിച്ചറിഞ്ഞത്. ഇതു മനസിലാക്കിയപ്പോള്‍ അവരെ ഡിജിറ്റല്‍ ഇടപാടുകള്‍ പഠിപ്പിക്കാന്‍ നമുക്ക് ഉത്തരവാദിത്വം ഇല്ലേ. അത്തരം അത്ഭുതകരമായ പദ്ധതിയാണ് ഇത്. അയാള്‍ക്ക് പലിശയിളവും ലഭിക്കും, വ്യാപാരം വികസിപ്പിക്കുന്നതിന് പണവും. അവരുടെ ജീവിതത്തില്‍ മാറ്റങ്ങള്‍ വരുത്തുന്നതിന് നടപടികള്‍ സ്വീകരിക്കാന്‍ നഗരത്തിലെ നമ്മുടെ സുഹൃത്തുക്കള്‍ക്ക് സാധിക്കില്ലേ.
ഉറപ്പുള്ള സുഹൃത്തുക്കള്‍ക്കു വേണ്ടി ഞാന്‍ പറയുന്നു, ഇത് ഇന്ത്യ ഗവണ്‍മെന്റിന്റെ പദ്ധതി ആണ് ,  അത് പ്രധാന്‍ മന്ത്രി എസ് വി എ നിധി പദ്ധതിയാണ്.  എന്നാല്‍ നിങ്ങള്‍ ചെയ്യുമ്പോള്‍ ഇതിന്റെ പ്രയോജനം അയാളുടെ ഹൃദയത്തില്‍ നിങ്ങള്‍ ഇടം പിടിക്കും. അയാള്‍ നഗര പിതാവിനെ സ്തുതിക്കും. അല്ലെങ്കില്‍ കൗണ്‍സിലറെ, വാര്‍ഡ് മെമ്പറെ, അയാളെ സഹായിച്ചത് ആരാണോ അയാളെ പുകഴ്ത്തും. അതിനാല്‍ രാജ്യത്തെ മേയര്‍മാര്‍, കൗണ്‍സിലര്‍മാര്‍, വാര്‍ഡ് മെമ്പര്‍മാര്‍ ഈ കൈയടി നേടണം , ഈ വഴിയോര കച്ചവടക്കാരുടെ മനസില്‍ ആരാധാനാ മൂര്‍ത്തിയാവണം എന്നു ഞാന്‍ ആഗ്രഹിക്കുന്നു. അവരുടെ ജീവിതത്തില്‍ മാന്യത ഉറപ്പാക്കാന്‍ അവരുടെ മക്കള്‍ക്ക് നല്ല വിദ്യാഭ്യാസം ഉറപ്പാക്കാന്‍ നിങ്ങള്‍ക്ക് സാധിക്കും.


ഇത് വളരെ എളുപ്പമാണ് സുഹൃത്തുക്കളെ, പക്ഷെ നാമെല്ലാവരും സംഭാവന ചെയ്യണം. എല്ലാ മെമ്പര്‍മാരോടും ഞാന്‍ പറയുന്നു ഇത് മാനവികതയക്കു വേണ്ടിയുള്ള പ്രവര്‍ത്തനമാണ്.  ഇത് അടിത്തട്ടില്‍ നിന്നുള്ള സമ്പദ് വ്യവസ്ഥയുടെ ശുചീകരണമാണ്. ആത്മാഭിമാനം ഉയര്‍ത്തുന്ന പ്രവൃത്തിയാണ്. രാജ്യം നിങ്ങളെ അത്തരത്തില്‍ മഹനീയമായ ഒരു സ്ഥാനത്തേയ്ക്ക് നിങ്ങളെ ഉയര്‍ത്തും, ഈ പ്രധാന്‍ മന്ത്രി എസ് വി എ നിധി പദ്ധതിയെ സര്‍വാത്മനാ പുണരൂ, ഇതിനായി സ്വയം സമര്‍പ്പിക്കൂ. ഗ്രാമത്തിലെ ഓരോ വീട്ടുകാരും പാലും പച്ചക്കറിയും വാങ്ങിയശേഷം ഡിജിറ്റല്‍ പണമിടപാടു നടത്തുന്ന കാഴ്ച്ച നിങ്ങള്‍ വൈകാതെ കാണും. ഇത് വലിയ ഒരു വിപ്ലവമാകും.  അവര്‍ സംഖ്യയില്‍ കുറവായിരിക്കാം. എന്നിട്ടും ഏഴു കോടിയുടെ ഡിജിറ്റല്‍ ഇടപാടുകള്‍ അവര്‍ നടത്തി. നിങ്ങള്‍ കൂടി സഹായിച്ചാല്‍ പുരോഗതി അചിന്തനീയമാകും.


ഇന്ന്  നഗര വികസന പരിപാടിയുമായി ബന്ധപ്പെട്ട ഇവിടെ  സന്നിഹിതരായിരിക്കുന്ന എല്ലാവരോടും, നിങ്ങള്‍ ഇക്കാര്യത്തില്‍  ഉപേക്ഷ വിചാരിക്കരുത് എന്ന് , ഞാന്‍ വ്യക്തിപരമായി അഭ്യര്‍ത്ഥിക്കുകയാണ്.  ബാബാസാഹിബ് അംബേദ്ക്കറുടെ നാമധേയത്തിലുള്ള ഈ മന്ദിരത്തില്‍ നിന്നു ഞാന്‍ സംസാരിക്കുമ്പോള്‍ പാവങ്ങള്‍ക്കു വേണ്ടി എന്തെങ്കിലും ചെയ്യണം എന്നുള്ളത് നമ്മുടെ ഉത്തരവാദിത്വമായി മാറുന്നു.


സുഹൃത്തുക്കളെ,
രാജ്യത്തെ രണ്ടു വലിയ സംസ്ഥാനങ്ങളിലെ, ഉത്തര്‍ പ്രദേശിലെയും മധ്യ പ്രദേശിലെയും വഴിയോര വ്യാപാരികളാണ് ഏറ്റവും കൂടുതല്‍ ബാങ്കേ ലോണ്‍ ഉപയോഗപ്പെടുത്തിയത് എന്നു പറയുന്നതില്‍ എനിക്കു സന്തോഷമുണ്ട്. എന്നാല്‍ എല്ലാ സംസ്ഥാനങ്ങളും പരമാവധി ഡിജിറ്റല്‍ പണമിടപാട്  നടത്തി വഴിയോര കച്ചവടക്കാര്‍ക്ക് മൂന്നാമത്തെ ഗഡുവായ 50000 രൂപയുടെ ലഭ്യമാക്കുന്നതിന് മത്സരബുദ്ധ്യാ മുന്നോട്ടു വരണമെന്ന് ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു.  ഇക്കാര്യത്തില്‍ ഒരു മത്സരം ഉണ്ടായാലും തരക്കേടില്ല എന്ന് എനിക്കു തോന്നുന്നു.  മൂന്ന് അല്ലെങ്കില്‍ ആറ് മാസം കൂടുമ്പോഴും ഇതിന് സംസ്ഥാനങ്ങള്‍ക്കും നഗരങ്ങള്‍ക്കും ഇതിന് സമ്മാനവും നല്‍കണം. പാവങ്ങളുടെ ക്ഷേമത്തിനായുള്ള ആരോഗ്യപരമായ മത്സരമാകട്ടെ ഇത്. എല്ലാ മേയര്‍മാരും കൗണ്‍സിലര്‍മാരും പഞ്ചായത്ത് പ്രസിഡന്റുമാരും ഇതില്‍ പങ്കെടുക്കണം.


സുഹൃത്തുക്കളെ,
നമ്മുടെ പുരാണങ്ങളിൽ  ഒരു ചൊല്ലുണ്ട്,

आस्ते भग आसीनः यः ऊर्ध्वः तिष्ठति तिष्ठतः।

शेते निपद्य मानस्य चराति चरतो भगः चरैवेति॥

അതായത്, കര്‍മ്മ യാത്ര നിങ്ങള്‍ മുടക്കിയാല്‍ നിങ്ങളുടെ വിജയം അവസാനിച്ചു. നിങ്ങള്‍ ഉറങ്ങിയാല്‍ വിജയവും ഉറങ്ങും. നിങ്ങള്‍ എണീറ്റു നിന്നാല്‍ നിങ്ങള്‍ വിജയിക്കും. നിങ്ങള്‍ മുന്നോട്ടു നീങ്ങിയാല്‍ വിജയവും അങ്ങിനെ തന്നെ. അതിനാല്‍ മുന്നോട്ട് പൊയ്‌ക്കൊണ്ടേയിരിക്കുക. चरैवेति चरैवेति। चरैवेति चरैवेति। .ഈ മന്ത്രത്തോടെ നിങ്ങളുടെ നഗരങ്ങളിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ നിങ്ങള്‍ മുന്‍കൈ എടുക്കുക. നിര്‍മ്മലമായ, ഐശ്വര്യപൂര്‍ണമായ ഒരിന്ത്യയെ നമുക്ക് കെട്ടിപ്പടുക്കാം, സുസ്ഥിര ജീവിതത്തിനു ലോകത്തെ തന്നെ വഴികാട്ടാം..


നിങ്ങളുടെ എല്ലാ പരിശ്രമങ്ങളിലും എനിക്കു പൂര്‍ണ വിശ്വാസമാണ്. രാജ്യം തീര്‍ച്ചായായും അതിന്റെ പ്രതിജ്ഞ പൂര്‍ത്തിയാക്കും. ഈ മംഗളാശംസകളോടെ, നിങ്ങള്‍ക്ക് എല്ലാവര്‍ക്കും നന്ദി, വളരെ അഭിനന്ദനങ്ങള്‍.

****


(Release ID: 1760577) Visitor Counter : 341