വാണിജ്യ വ്യവസായ മന്ത്രാലയം

ആഗോള ശരാശരിയായ 64 ശതമാനവുമായി താരതമ്യം ചെയ്യുമ്പോൾ ഇന്ത്യയുടെ ഫിൻ‌ടെക് സ്വീകാര്യതാ നിരക്കായ 87 ശതമാനം ലോകത്തെ ഏറ്റവും ഉയർന്നതെന്ന് ശ്രീ പീയുഷ് ഗോയൽ

Posted On: 30 SEP 2021 2:15PM by PIB Thiruvananthpuram

 ന്യൂഡൽഹി, സെപ്റ്റംബർ 30, 2021

ലോകത്തെ ഏറ്റവും വലിയ ഡിജിറ്റൽ വിപണികളിലൊന്നായി ഇന്ത്യ മാറുകയാണെന്ന് കേന്ദ്ര വാണിജ്യ-വ്യവസായ മന്ത്രി ശ്രീ പീയുഷ് ഗോയൽ പറഞ്ഞു. ഇന്ന് നടന്ന രണ്ടാമത് ഗ്ലോബൽ ഫിൻ‌ടെക് ഫെസ്റ്റ് - 2021-നെ വീഡിയോ കോൺഫറൻസിംഗിലൂടെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. ആഗോള ശരാശരിയായ 64 ശതമാനവുമായി താരതമ്യം ചെയ്യുമ്പോൾ ഇന്ത്യയുടെ ഫിൻ‌ടെക് സ്വീകാര്യതാ നിരക്കായ (FinTech adoption rate) 87 ശതമാനം ലോകത്തെ ഏറ്റവും ഉയർന്നതാണെന്ന് അദ്ദേഹം പറഞ്ഞു.

2021 മേയ് വരെയുള്ള കാലയളവിൽ, ഇന്ത്യയുടെ യുണൈറ്റഡ് പേയ്‌മെന്റ്സ് ഇന്റർഫേസ് (UPI) 224 ബാങ്കുകളുടെ പങ്കാളിത്തവും 68 ബില്യൺ ഡോളറിന് മേൽ മൂല്യമുള്ള 2.6 ബില്യൺ ഇടപാടുകൾ രേഖപ്പെടുത്തിയിട്ടുണ്ടെന്നും ശ്രീ ഗോയൽ പറഞ്ഞു. 2021 ഓഗസ്റ്റിൽ ഏറ്റവും ഉയർന്ന നിരക്കായ 3.6 ബില്യൺ ഇടപാടുകളാണ് നടന്നത്. കഴിഞ്ഞ വർഷം AePS (Aadhar-enabled payment system) ഉപയോഗിച്ച് 2 ട്രില്യണിലധികം ഇടപാടുകൾ നടന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.
 
സ്വന്തം വീടിൻറെ സുരക്ഷയിൽ ഇരുന്നുകൊണ്ട്, ലോക്ക്ഡൗൺ കാലത്തും കോവിഡ് രണ്ടാം തരംഗ കാലത്തും പ്രത്യേകിച്ചും, നിർണായക ഇടപാടുകൾ നടത്താൻ ഇന്ത്യയിലെ ജനങ്ങളെ ഫിൻ‌ടെക് വ്യവസായം പ്രാപ്തരാക്കിയെന്ന് മന്ത്രി പറഞ്ഞു.

നാഷണൽ ബ്രോഡ്‌ബാൻഡ് മിഷന് കീഴിൽ ഇന്ത്യയിലെ എല്ലാ ഗ്രാമങ്ങളിലും അതിവേഗ ഇന്റർനെറ്റ് ലഭ്യമാക്കുമെന്നും ഇതിന്റെ ശക്തിയാൽ ഇന്ത്യയെ ഫിൻ‌ടെക് നൂതന സംരംഭകത്വ കേന്ദ്രമാക്കി (ഫിൻ‌ടെക് ഇന്നൊവേഷൻ ഹബ്) മാറ്റുമെന്നും മന്ത്രി പറഞ്ഞു.

മൊബൈൽ ആപ്ലിക്കേഷനുകൾ, ഇ-കൊമേഴ്‌സ് സ്റ്റോറുകൾ, മറ്റ് നിരവധി ഡിജിറ്റൽ അടിസ്ഥാന സൗകര്യങ്ങൾ എന്നീ മേഖലകളിൽ നിക്ഷേപം ആകർഷിക്കാൻ ഫിൻടെക്കിന് സാധ്യതയുണ്ടെന്ന് ശ്രീ ഗോയൽ പറഞ്ഞു. 2016 ൽ ആരംഭിച്ചതിന് ശേഷം ഫിൻ‌ടെക് മേഖലയിലെ നിക്ഷേപം 10 ബില്യൺ ഡോളറായി ഉയർന്നു.

2,100-ലധികം ഫിൻ‌ടെക്കുകളുള്ള ഫിൻ‌ടെക് വിപണിയിൽ ഇന്ത്യയിന്ന് അതിവേഗം വളരുന്ന രാജ്യമാണെന്നും വാണിജ്യ മന്ത്രി പറഞ്ഞു.(Release ID: 1759813) Visitor Counter : 230