തൊഴില്‍, ഉദ്യോഗ മന്ത്രാലയം
അസംഘടിതമേഖലയിലെ തൊഴിലാളികളുടെ രജിസ്‌ട്രേഷന് രാജ്യത്താകമാനം വേഗത കൈവരുന്നു; ഒരു കോടിയിലധികം പേര്‍ ഇ-ശ്രമം പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്തു
ബിഹാര്‍, ഒഡീഷ, ഉത്തര്‍പ്രദേശ്, പശ്ചിമബംഗാര്‍ എന്നീ സംസ്ഥാനങ്ങള്‍ മുന്‍പന്തിയില്‍
കേരളം ഗുജറാത്ത് ഉത്തരാഖണ്ഡ് തുടങ്ങിയ സംസ്ഥാനങ്ങള്‍ വേഗത കൈവരിക്കേണ്ടതുണ്ട്
രജിസ്‌ട്രേഷന്‍ സൗകര്യം ഒരുക്കുന്നതില്‍ പൊതു സേവന കേന്ദ്രങ്ങള്‍ (സി.എസ്.സി) സുപ്രധാന പങ്കുവഹിക്കുന്നു; 68 ശതമാനം രജിസ്‌ട്രേഷനും നടന്നത് സി.എ.സികള്‍ വഴി
തൊഴില്‍ മന്ത്രി, സഹമന്ത്രി മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ വിവിധ സംസ്ഥാനങ്ങള്‍ സന്ദര്‍ശിച്ച് അസംഘടിതമേഖലയിലെ തൊഴിലാളികളും തൊഴിലാളി സംഘടനാ നേതാക്കളും മാധ്യമങ്ങളുമായി ആശയവിനിമയം നടത്തി; ഇ-ശ്രമം പോര്‍ട്ടലിന്റെ സവിശേഷതകളേയും ഗുണത്തേയും കുറിച്ച് അവരെ സംവേദനക്ഷമരാക്കി.
Posted On:
19 SEP 2021 6:11PM by PIB Thiruvananthpuram
അസംഘടിതതൊഴിലാളികളുടെ രജിസ്‌ട്രേഷനായി ഓഗസ്റ്റ് 26ന് ആരംഭിച്ച ഇ-ശ്രമം പോര്‍ട്ടലില്‍ 24 ദിവസം പിന്നിടുമ്പോള്‍ ഒരു കോടിയിലധികം തൊഴിലാളികള്‍ രജിസ്റ്റര്‍ ചെയ്തു കഴിഞ്ഞു. ഇന്നത്തെ കണക്കനുസരിച്ച് 1,03,12,095 തൊഴിലാളികളാണ് പോര്‍ട്ടലില്‍ രജിസ്്റ്റര്‍ ചെയ്തിട്ടുള്ളത്. ഇതിലെ 43% ഗുണഭോക്താക്കള്‍ വനിതകളും ബാക്കി 57% പുരുഷന്മാരുമാണ്.
നിര്‍മ്മാണം, വസ്ത്രനിര്‍മ്മാണം, മത്സ്യബന്ധനം, കാറ്ററിംഗ് മുതല്‍ സോഫ്റ്റ്‌വെയര്‍ വികസനത്തില്‍ വരെ പാര്‍ട്ട്‌ടൈം ജോലി നോക്കുന്നവര്‍ (ഗിഗ് ആന്റ് പ്ലാറ്റ്‌ഫോം വര്‍ക്ക്), വഴിയോരകച്ചവടക്കാര്‍, വീട്ടുജോലിക്കാര്‍, കാര്‍ഷികവും അനുബന്ധമേഖലകളും ഗതാഗതമേഖല തുടങ്ങിയ അസംഘടിതമേഖലകളില്‍ പണിയെടുക്കുന്നവരുടെ സമഗ്രമായ ഒരു വിവരശേഖരണം നടത്തുന്നതിനുള്ള ആദ്യത്തെ മൂര്‍ത്തമായ പരിശ്രമമാണ് ഇത്. ഓഗസ്റ്റ് മാസം 26ന് കേന്ദ്ര തൊഴില്‍ മന്ത്രി ശ്രീ ഭൂപേന്ദ്രയാദവും സഹമന്ത്രി ശ്രീ രാമേശ്വര്‍ തേലിയും ചേര്‍ന്നാണ് പോര്‍ട്ടലിന് സമാരംഭം കുറിച്ചത്.
ഈ മേഖലകളിലെല്ലാം കുടിയേറ്റ് തൊഴിലാളികളുടെ അത്യധികം അനുപാതങ്ങളാണുള്ളത്. 2019-20ലെ സാമ്പത്തിക സര്‍വേ പ്രകാരം രാജ്യത്ത് ഏകദേശം 38 കോടി പേര്‍ അസംഘടിതമേഖലകളില്‍ പണിയെടുക്കുന്നവരാണ്. ഈ പോര്‍ട്ടല്‍ വഴി ഇവരുടെ രജിസ്‌ട്രേഷനാണ് ലക്ഷ്യം വയ്ക്കുന്നത്. ഇ-ശ്രമം പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യുന്നതിലൂടെ ഈ തൊഴിലാളികള്‍ക്ക് ഇപ്പോള്‍ വിവിധ സാമൂഹിക സുരക്ഷാപദ്ധതികളുടേയും അതോടൊപ്പം തൊഴില്‍ അധിഷ്ഠിത പദ്ധതികളുടെയും നേട്ടം നേടിയെടുക്കാന്‍ കഴിയും.
ശ്രീ ഭുപേന്ദ്രര്‍ യാദവ്, ശ്രീ രാമേശ്വര്‍ തേലി, തൊഴില്‍ വകുപ്പ് സെക്രട്ടറി ശ്രീ അപര്‍വ്വ ചന്ദ്ര, ചീഫ് ലേബര്‍ കമ്മിഷണര്‍ (കേന്ദ്രം) സി.എല്‍.സി(ഓര്‍ഗനൈസേഷന്‍ ഓഫ് സെന്‍ട്രല്‍ ലേബര്‍ കമ്മിഷന്‍)യുടെ മറ്റ് പ്രാദേശിക ഓഫീസര്‍മാരും അസംഘടിതമേഖലകളിലെ തൊഴിലാളികളും സംഘടനാനേതാക്കളും മാധ്യമങ്ങളുമായി ഇ-ശ്രമം പോര്‍ട്ടലിന്റെ സവിശേഷതകളെക്കുറിച്ച് സംവദിച്ചു. രജിസ്‌ട്രേഷന്‍ വര്‍ദ്ധിപ്പിക്കുന്നതിനായി കേന്ദ്ര സി.എല്‍.സി ഇത്തരത്തിലുള്ള അഞ്ച് യോഗങ്ങള്‍ സംഘടിപ്പിച്ചുകഴിഞ്ഞു.
കേന്ദ്ര തൊഴില്‍ പരിസ്ഥിതി മന്ത്രി ശ്രീ ഭൂപേന്ദ്രര്‍ യാദവ് ഇന്ന് മണിപ്പൂരിലെ ഇംഫാലില്‍ ഇ-ശ്രമം കാര്‍ഡുകള്‍ വിതരണം ചെയ്യുകയും അവിടുത്തെ അസംഘടിതമേഖലയിലെ തൊഴിലാളികളുമായി സംവദിക്കുകയും ചെയ്തു. സഹമന്ത്രി ശ്രീ രമേശ്വര്‍ തേലി ഇന്ന് മദ്ധ്യപ്രദേശിലെ ജബല്‍പൂരിലാണ് ഇ-ശ്രമം കാര്‍ഡുകള്‍ വിതരണം ചെയ്തുകൊണ്ട് അസംഘടിതമേഖലയിലെ തൊഴിലകളുമായി സംവദിച്ചത്.
ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം ബിഹാര്‍, ഒഡീഷ, ഉത്തര്‍പ്രദേശ്, പശ്ചിമബംഗാള്‍ എന്നീ സംസ്ഥാനങ്ങളാണ് ഈ മുന്‍കൈയില്‍ ഏറ്റവും കൂടുതല്‍ രജിസ്‌ട്രേഷന്‍ നടത്തിയിട്ടുള്ളത്. ചെറിയ സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണപ്രദേശങ്ങളിലും രജിസ്‌ട്രേഷന്‍ എണ്ണം കുറവാണ്. ബിഹാര്‍, ഒഡീഷ, ഉത്തര്‍പ്രദേശ്, പശ്ചിമബംഗാള്‍, മദ്ധ്യപ്രദേശ്, രാജസ്ഥാന്‍, പഞ്ചാബ്, അസം, കര്‍ണാടക, ആന്ധ്രാപ്രദേശ് എന്നീ സംസ്ഥാനങ്ങള്‍ മൂന്നുലക്ഷത്തിലധികം രജിസ്‌ട്രേഷന്‍ നടത്തിയപ്പോള്‍ മഹാരാഷ്ട്രയിലും ജാര്‍ഖണ്ഡിലും ഒരു ലക്ഷത്തിനും മൂന്നുലക്ഷത്തിനുമിടയിലാണ് രജിസ്‌ട്രേഷന്‍, അതേസമയം ഇപ്പോള്‍ പിന്നിലുള്ള കേരളം, തമിഴ്‌നാട്, ഹരിയാന, ഛത്തീസ്ഗഡ്, ഡല്‍ഹി, തെലുങ്കാന, ഗുജറാത്ത്, ഉത്തരാഖണ്ഡ്, ജമ്മുകാശ്മീര്‍, മേഘാലയ എന്നിവിടങ്ങളില്‍ പതിനായിരത്തിനും ഒരുലക്ഷത്തിനുമിടയിലാണ് ഇപ്പോഴും രജിസ്‌ട്രേഷന്‍. മറ്റ് സംസ്ഥാനങ്ങളിലും കേന്ദ്രഭരണപ്രദേശങ്ങളിലും 10,000ലും താഴേയാണ് ഇത്.
കേരളം, ഗുജറാത്ത്, ഉത്തരാഖണ്ഡ്, മേഘാലയ, മണിപ്പൂര്‍, അരുണാചല്‍ പ്രദേശ്, ലഡാക്, ജമ്മു കാശ്മീര്‍, ചണ്ഡിഗഡ് എന്നീ സംസ്ഥാനങ്ങളും കേന്ദ്ര ഭരണപ്രദേശങ്ങളും രജിസ്‌ട്രേഷന്‍ വേഗത്തിലാക്കേണ്ടതുണ്ട്. വിവിധ മേഖലയിലെ അസംഘടിതമേഖലയിലെ തൊഴിലാളികള്‍ക്കും ജോലിക്കാര്‍ക്കും പ്രധാനപ്പെട്ട ക്ഷേമപദ്ധതികള്‍ ലഭ്യമാകുന്നതിന് രജിസ്‌ട്രേഷന്‍ സഹായിക്കും.
കാര്‍ഷിക, നിര്‍മ്മാണ മേഖലയില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ തൊഴിലാളികള്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ഇന്ത്യയില്‍ ഈ രണ്ടുമേഖലകളും വലിയതോതില്‍ സൃഷ്ടിക്കുന്ന തൊഴിലാണ് ഇത് സൂചിപ്പിക്കുന്നത്. വീട്ടുജോലിക്കാര്‍, വസ്ത്രനിര്‍മ്മാണമേഖലയിലെ തൊഴിലാളികള്‍, ഓട്ടോമൊബൈല്‍ ഗതാഗത മേഖല, ഇലക്‌ട്രോണിക്ക് ഹാര്‍ഡ്‌വെയര്‍ ജോലിക്കാര്‍, കാപ്പിറ്റല്‍ ഗുഡ്‌സ് പ്രവര്‍ത്തകര്‍, വിദ്യാഭ്യാസം, ആരോഗ്യപരിരക്ഷ, ചില്ലറ വ്യാപാരം, ടൂറിസം, ആതിഥേയത്വം, ഭക്ഷ്യവ്യവസായം തുടങ്ങി നിരവധിമേഖലകളില്‍ നിന്നുള്ളവര്‍ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
രജിസ്റ്റര്‍ ചെയ്തതില്‍ 48%വും 22-40 വയസിനിടയിലുള്ളവരാണ്. 40-50 വയസിനിടയ്ക്കുള്ള 21% പേരുമുണ്ട്. 16-25 വയസ് പ്രായമുള്ളവരാണ് രജിസ്റ്റര്‍ചെയ്തതില്‍ 19% 50 വയസിന് മുകളിലുള്ള 12%വുമുണ്ട്. രജിസ്റ്റര്‍ചെയ്തവരില്‍ വലിയൊരളവിന് വരെ ഇതിന് സഹായം ചെയ്തത് സി.എസ്.സികളാണ്. എന്നാല്‍ കേരളം, ഗോവ, വടക്കുകിഴക്കന്‍ ഇന്ത്യയിലെ മേഘാലയ, മണിപ്പൂര്‍ എന്നിവിടങ്ങളില്‍ വലിയൊരളവ് രജിസ്റ്റട്രേഷന്‍ വ്യക്തികള്‍ സ്വന്തം നിലയിലാണ് നടത്തിയരിക്കുന്നത്. ദാദ്ര ആന്റ് നഗര്‍ഹവേലി, ആഡമാന്‍ ആന്റ് നിക്കോബാര്‍, ലഡാക്ക് എന്നീ കേന്ദ്ര ഭരണപ്രദേശങ്ങളിലും ഇതേ നിലയാണ്. എന്നാലും 68% തൊഴിലാളികളും സി.എസ്.സികള്‍ വഴിയാണ് രജിസ്‌ട്രേഷന്‍ നടത്തിയിട്ടുള്ളത്. അതുകൊണ്ടുതന്നെ സൗകര്യം കുറവുള്ള മേഖലകളില്‍ സി.എസ്.സികളുടെ എത്തപ്പെടല്‍ നിര്‍ണ്ണായകവുമാണ്. വിവിധ പദ്ധതികള്‍ അവസാന വ്യക്തിയില്‍ വരെ എത്താന്‍ ഈ രജിസ്‌ട്രേഷന്‍ അനിവാര്യവുമാണ്. പ്രത്യേകിച്ച് കുടിയേറ്റ തൊഴിലാളികള്‍ക്കാണ് ഇതുകൊണ്ട് വലിയതോതില്‍ ഗുണമുണ്ടാകുന്നത്.
ഓണ്‍ലൈന്‍ രജിസ്‌ട്രേഷന് വ്യക്തികള്‍ക്ക് ഇ-ശ്രമം മൊബൈല്‍ ആപ്പോ, അല്ലെങ്കില്‍ വെബ്‌സൈറ്റോ ഉപയോഗിക്കാം. അവര്‍ക്ക് പൊതുസേവനകേന്ദ്രങ്ങളോ, സംസ്ഥാന സേവാ കേന്ദ്രങ്ങളോ, ലേബര്‍ ഫെസിലിറ്റേഷന്‍ സെന്ററുകളോ, തെരഞ്ഞെടുക്കപ്പെട്ട പോസ്റ്റ് ഓഫീസുകളുടെ ഡിജിറ്റല്‍ സേവാ കേന്ദ്രങ്ങളോ, എന്നിവ രജിസ്‌ട്രേഷന് വേണ്ടി സന്ദര്‍ശിക്കാം. ഇ-ശ്രമം പോര്‍ട്ടലില്‍ രജിസ്റ്റര്‍ചെയ്ത് കഴിഞ്ഞവര്‍ക്ക് ഇ-ശ്രമം കാര്‍ഡ് ലഭിക്കും. ഈ കാര്‍ഡ് മൊബൈല്‍ ആപ്പോ, അല്ലെങ്കില്‍ പോര്‍ട്ടലിലൂടെയോ കാലാനുസൃതമാക്കാം. അവര്‍ക്ക് ഒരു യൂണിവേഴ്‌സല്‍ അക്കൗണ്ട് നമ്പര്‍ (ഇ-ശ്രമം കാര്‍ഡില്‍) ലഭിക്കും. രാജ്യത്താകമാനം ഇതിന് സ്വീകാര്യതയുള്ളതുകൊണ്ടുതന്നെ ആനുകൂല്യങ്ങള്‍ക്ക് വേണ്ടി വിവിധ സ്ഥലങ്ങളില്‍ പ്രത്യേകം രജിസ്റ്റര്‍ ചെയ്യേണ്ടതില്ല. ഇ-ശ്രമം പോര്‍ട്ടലില്‍ രജിസ്റ്റര്‍ചെയ്തിട്ടുള്ള ഒരു തൊഴിലാളി അപകടത്തില്‍പ്പെട്ട് മരണപ്പെട്ടുകയോ അല്ലെങ്കില്‍ അംഗഭംഗം സംഭവിക്കുകയോ ചെയ്താല്‍ 2 ലക്ഷം രൂപയും ഭാഗീകമായ അംഗഭംഗമുണ്ടായല്‍ ഒരു ലക്ഷം രൂപയും ലഭിക്കും
(Release ID: 1756318)
Visitor Counter : 770