പ്രധാനമന്ത്രിയുടെ ഓഫീസ്‌

സന്‍സദ് ടിവിയുടെ സംയുക്ത സമാരംഭത്തിൽ പ്രധാനമന്ത്രിയുടെ പ്രസംഗം

Posted On: 15 SEP 2021 8:42PM by PIB Thiruvananthpuram

നമസ്‌കാരം!

 ബഹുമാനപ്പെട്ട രാജ്യസഭാ അധ്യക്ഷനും രാജ്യത്തിന്റെ ഉപരാഷ്ട്രപതിയുമായ ശ്രീ വെങ്കയ്യ നായിഡു ജി, ബഹുമാനപ്പെട്ട ലോക്‌സഭാ സ്പീക്കര്‍ ശ്രീ ഓം ബിര്‍ളാ ജി, ബഹുമാനപ്പെട്ട രാജ്യസഭാ ഉപാധ്യക്ഷന്‍ ശ്രീ ഹരിവംശ് ജി, ലോക്‌സഭയിലെയും രാജ്യസഭയിലെയും പ്രതിപക്ഷ നേതാക്കളേ , ഈ പരിപാടിയില്‍ ഞങ്ങളോടൊപ്പം പങ്കെടുക്കുന്ന മറ്റ് വിശിഷ്ടാതിഥികളേ, മഹതികളേ, മാന്യരേ!

 നമ്മുടെ പാര്‍ലമെന്ററി സംവിധാനത്തിലെ മറ്റൊരു സുപ്രധാന അധ്യായമാണ് ഇന്ന്.

 രാജ്യത്തെ ജനാധിപത്യത്തിന്റെയും ജനപ്രതിനിധികളുടെയും നവശബ്ദമായി വര്‍ത്തിക്കുന്ന സന്‍സദ് ടിവിയുടെ രൂപത്തിലുള്ള ആശയവിനിമയത്തിന്റെയും സംഭാഷണത്തിന്റെയും ഒരു മാധ്യമമാണ് ഇന്ന് രാജ്യത്തിന് ലഭിക്കുന്നത്.

 ഈ ആശയം യാഥാര്‍ത്ഥ്യമാക്കിയ മുഴുവന്‍ സംഘത്തിനും ഞാന്‍ എല്ലാ ആശംസകളും നേരുന്നു. നമ്മുടെ ബഹുമാനപ്പെട്ട സ്പീക്കര്‍ അറിയിച്ചതുപോലെ, ഇന്ന് ദൂരദര്‍ശന്റെ 62 വര്‍ഷം പൂര്‍ത്തിയായതുകൂടി നാം അടയാളപ്പെടുത്തുകയാണ്. ഇത് വളരെ നീണ്ട യാത്രയാണ്. ഈ യാത്ര വിജയകരമാക്കാന്‍ നിരവധി ആളുകള്‍ സംഭാവന നല്‍കിയിട്ടുണ്ട്.  ദൂരദര്‍ശന്റെ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട എല്ലാ ആളുകളെയും ഞാന്‍ അഭിനന്ദിക്കുന്നു.

 സുഹൃത്തുക്കളേ,

 അതിവേഗം മാറിക്കൊണ്ടിരിക്കുന്ന കാലഘട്ടത്തില്‍, മാധ്യമങ്ങളുടെയും ടിവി ചാനലുകളുടെയും പങ്കും വളരെ വേഗത്തില്‍ മാറിക്കൊണ്ടിരിക്കുന്നു. 21 ാം നൂറ്റാണ്ട് പ്രത്യേകിച്ചും ആശയവിനിമയത്തിലൂടെയും സംഭാഷണത്തിലൂടെയും ഒരു വിപ്ലവം കൊണ്ടുവരികയാണ്. അത്തരമൊരു സാഹചര്യത്തില്‍, നമ്മുടെ പാര്‍ലമെന്റുമായി ബന്ധപ്പെട്ട ചാനലുകളും ഈ ആധുനിക സംവിധാനങ്ങള്‍ക്കനുസരിച്ച് സ്വയം പരിവര്‍ത്തനം ചെയ്യേണ്ടത് സ്വാഭാവികമാണ്.

 ഇന്ന് സന്‍സദ് ടിവിയുടെ രൂപത്തില്‍ ഒരു പുതിയ തുടക്കം കുറിക്കുന്നതില്‍ എനിക്ക് സന്തോഷമുണ്ട്. സന്‍സാദ് അതിന്റെ പുതിയ രൂപത്തില്‍ സമൂഹമാധ്യമങ്ങളിലും ഒടിടി പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാകും, കൂടാതെ സ്വന്തമായി ഒരു ആപ്പും ഉണ്ടായിരിക്കുമെന്നാണ് എനിക്ക് അറിയാന്‍ കഴിഞ്ഞത്.  ഇതോടെ, നമ്മുടെ പാര്‍ലമെന്ററി സംഭാഷണം ആധുനിക സാങ്കേതികവിദ്യയുമായി ബന്ധിപ്പിക്കുക മാത്രമല്ല, സാധാരണക്കാരിലേക്കുള്ള അതിന്റെ വ്യാപ്തി വര്‍ധിക്കുകയും ചെയ്യും.

 ഇന്ന്, സെപ്റ്റംബര്‍ 15 ന് അന്താരാഷ്ട്ര ജനാധിപത്യ ദിനം ആഘോഷിക്കുന്നത് സന്തോഷകരമായ യാദൃശ്ചികതയാണ്. ജനാധിപത്യത്തിന്റെ കാര്യത്തില്‍, ഇന്ത്യയുടെ ഉത്തരവാദിത്തം വളരെ കൂടുതലുമാണ്. ഇന്ത്യ ജനാധിപത്യത്തിന്റെ മാതാവാണ്. ഇന്ത്യയ്ക്ക് ജനാധിപത്യം എന്നത് ഒരു സംവിധാനം മാത്രമല്ല, ഒരു ആശയമാണ്.  ഇന്ത്യയിലെ ജനാധിപത്യം ഒരു ഭരണഘടനാപരമായ ഘടന മാത്രമല്ല, അത് ഒരു ആത്മാവാണ്. ഇന്ത്യയിലെ ജനാധിപത്യം എന്നത് ഭരണഘടനാ ഭാഗങ്ങളുടെ ഒരു ശേഖരം മാത്രമല്ല, അത് നമ്മുടെ ജീവിത ധാരയാണ്. അതിനാല്‍, അന്താരാഷ്ട്ര ജനാധിപത്യ ദിനത്തില്‍ സന്‍സദ് ടിവിയുടെ തുടക്കം തന്നെ വളരെ പ്രസക്തമാകുന്നു.

അതിനിടെ, രാജ്യത്തു നമ്മളെല്ലാവരും ഇന്ന് എഞ്ചിനീയര്‍മാരുടെ ദിനം ആഘോഷിക്കുകയാണ്. എം. വിശ്വേശ്വരയ്യ ജിയുടെ ജന്മദിനമായ ഈ പവിത്ര ദിനം ഇന്ത്യയിലെ കഠിനാധ്വാനികളും പ്രഗത്ഭരുമായ എഞ്ചിനീയര്‍മാര്‍ക്ക് സമര്‍പ്പിക്കുന്നു. ടെലിവിഷന്‍ ലോകത്ത്, ഒബി എഞ്ചിനീയര്‍മാര്‍, സൗണ്ട് എഞ്ചിനീയര്‍മാര്‍, ഗ്രാഫിക്‌സ് ഡിസൈനിംഗില്‍ ഏര്‍പ്പെട്ടിരിക്കുന്ന ആളുകള്‍, പാനലിസ്റ്റുകള്‍, സ്റ്റുഡിയോ സംവിധായകര്‍, ക്യാമറമാന്‍മാര്‍, വീഡിയോ എഡിറ്റര്‍മാര്‍ അങ്ങനെ നിരവധി പ്രൊഫഷണലുകളാണ് പ്രക്ഷേപണം സാധ്യമാക്കുന്നത്. സന്‍സദ് ടിവിക്കൊപ്പം രാജ്യത്തെ എല്ലാ ടിവി ചാനലുകളിലും ജോലി ചെയ്യുന്ന എഞ്ചിനീയര്‍മാരെ ഇന്ന് ഞാന്‍ പ്രത്യേകം അഭിനന്ദിക്കുന്നു.

 സുഹൃത്തുക്കളേ,

 ഇന്ന്, രാജ്യം സ്വാതന്ത്ര്യത്തിന്റെ 75 വര്‍ഷം ആഘോഷിക്കുമ്പോള്‍, നമുക്ക് ഭൂതകാലത്തിന്റെ മഹത്വവും ഭാവിയിലെ തീരുമാനങ്ങളും ഉണ്ട്. ഈ രണ്ട് മേഖലകളിലും മാധ്യമങ്ങള്‍ക്ക് വലിയ പങ്കുണ്ട്.  ശുചിത്വ ഭാരത്  അഭിയാന്‍ പോലുള്ള ഒരു വിഷയം മാധ്യമങ്ങള്‍ ഉയര്‍ത്തുമ്പോള്‍ അത് ജനങ്ങളിലേക്ക് അതിവേഗം വ്യാപിക്കുന്നു. സ്വാതന്ത്ര്യത്തിന്റെ അമൃത് മഹോത്സവത്തില്‍ ജനങ്ങളുടെ ശ്രമങ്ങള്‍ പ്രസിദ്ധീകരിച്ചു കൊണ്ട് മാധ്യമങ്ങള്‍ക്ക് വലിയൊരു ജോലി ചെയ്യാന്‍ കഴിയും.  ഉദാഹരണത്തിന്, ടിവി ചാനലുകള്‍ക്ക് സ്വാതന്ത്ര്യസമരത്തിന്റെ 75 എപ്പിസോഡുകള്‍ ആസൂത്രണം ചെയ്യാനും ഡോക്യുമെന്ററികള്‍ സൃഷ്ടിക്കാനും കഴിയും. അമൃത് മഹോത്സവവുമായി ബന്ധപ്പെട്ട പ്രത്യക പതിപ്പുകള്‍ പത്രങ്ങള്‍ക്ക് പ്രസിദ്ധീകരിക്കാന്‍ കഴിയും.  ക്വിസ്, മത്സരങ്ങള്‍ തുടങ്ങിയ ആശയങ്ങളിലൂടെ ഡിജിറ്റല്‍ മീഡിയയ്ക്ക് യുവാക്കളെ നേരിട്ട് ബന്ധിപ്പിക്കാന്‍ കഴിയും.

 സന്‍സദ് ടിവിയുടെ ടീം ഈ ദിശയില്‍ നിരവധി പരിപാടികള്‍ ആസൂത്രണം ചെയ്തിട്ടുണ്ടെന്ന് എന്നോട് പറഞ്ഞു. അമൃത് മഹോത്സവത്തിന്റെ ചൈതന്യം ജനങ്ങളിലേക്ക് വ്യാപിപ്പിക്കുന്നതില്‍ ഈ പരിപാടികള്‍ വളരെയധികം മുന്നോട്ട് പോകും.

 സുഹൃത്തുക്കളേ,

 നിങ്ങളെല്ലാവരും ആശയവിനിമയ മേഖലയില്‍ സൃഷ്ടിപരമായി പ്രവര്‍ത്തിക്കുന്ന ആളുകളാണ്. 'ഉള്ളടക്കം രാജാവാണ്' എന്ന് നിങ്ങള്‍ പലപ്പോഴും പറയാറുണ്ട്. എന്റെ അനുഭവം നിങ്ങളുമായി പങ്കിടാന്‍ ഞാന്‍ ആഗ്രഹിക്കുന്നു.  എന്റെ അനുഭവം 'ഉള്ളടക്കം കൂട്ടിച്ചേര്‍ക്കലാണ്' എന്നതാണ്. അതായത്, നിങ്ങള്‍ക്ക് മികച്ച ഉള്ളടക്കം ലഭിക്കുമ്പോള്‍, ആളുകള്‍ സ്വയമേവ നിങ്ങളുമായി ഇടപഴകുന്നു. ഇത് മാധ്യമങ്ങള്‍ക്ക് എത്രത്തോളം ബാധകമാണോ, അത് നമ്മുടെ പാര്‍ലമെന്ററി സംവിധാനത്തിനും ഒരുപോലെ ബാധകമാണ്.  കാരണം പാര്‍ലമെന്റില്‍ രാഷ്ട്രീയം മാത്രമല്ല, നയരൂപീകരണവും ഉണ്ട്.

 പാര്‍ലമെന്റ് സമ്മേളിക്കുമ്പോള്‍, വ്യത്യസ്ത വിഷയങ്ങളില്‍ ചര്‍ച്ചകള്‍ നടക്കുന്നു, കൂടാതെ യുവാക്കള്‍ക്ക് പഠിക്കാന്‍ ധാരാളം ഉണ്ട്. രാജ്യം അവരെ ശ്രദ്ധിക്കുന്നുണ്ടെന്ന് നമ്മുടെ ബഹുമാനപ്പെട്ട അംഗങ്ങെലും അറിയുമ്പോള്‍, പാര്‍ലമെന്റിനുള്ളില്‍ മികച്ച പെരുമാറ്റത്തിനും മികച്ച ചര്‍ച്ചകള്‍ക്കും അവര്‍ക്ക് പ്രചോദനം ലഭിക്കുന്നു. ഇത് പാര്‍ലമെന്റിന്റെ ഉല്‍പാദനക്ഷമത വര്‍ദ്ധിപ്പിക്കുകയും പൊതു താല്‍പ്പര്യ പ്രവര്‍ത്തനങ്ങള്‍ ജനപ്രിയമാവുകയും ചെയ്യുന്നു.

 അതിനാല്‍, ആളുകള്‍ സഭയുടെ നടപടികളുമായി ബന്ധപ്പെടേണ്ടത് വളരെ പ്രധാനമാണ്, അവര്‍ രാജ്യത്ത് എവിടെയായിരുന്നാലും അവര്‍ സഭയുടെ പ്രവര്‍ത്തനങ്ങളുടെ ഭാഗമാകണം. അതിനാല്‍, ജനങ്ങളുടെ, പ്രത്യേകിച്ച് യുവാക്കളുടെ താല്‍പ്പര്യങ്ങള്‍ കണക്കിലെടുത്ത് സന്‍സദ് ടിവി അതിന്റെ പരിപാടികള്‍ രൂപകല്‍പ്പന ചെയ്യേണ്ടിവരും.  ഇതിനായി, ഭാഷയില്‍ ശ്രദ്ധിക്കേണ്ടിവരും;  രസകരവും ആകര്‍ഷകവുമായ പാക്കേജുകള്‍ നിര്‍ബന്ധമാക്കേണ്ടി വരും.

 ഉദാഹരണത്തിന്, പാര്‍ലമെന്റിലെ ചരിത്രപരമായ പ്രസംഗങ്ങള്‍ പ്രത്യേക ശ്രദ്ധയില്‍ കൊണ്ടുവരാവുന്നതാണ്. അര്‍ത്ഥവത്തായതും യുക്തിസഹവുമായ സംവാദങ്ങള്‍ക്കൊപ്പം, ചില രസകരമായ നിമിഷങ്ങളും സംപ്രേഷണം ചെയ്യാവുന്നതാണ്. വ്യത്യസ്ത ജനപ്രതിനിധികളെക്കുറിച്ചുള്ള വിവരങ്ങള്‍ പങ്കിടാനും അതുവഴി ആളുകള്‍ക്ക് അവരുടെ ജോലിയുടെ താരതമ്യ വിശകലനം നടത്താനും കഴിയും. പല എംപിമാരും വ്യത്യസ്ത മേഖലകളില്‍ പ്രശംസനീയമായ പ്രവര്‍ത്തനങ്ങള്‍ ചെയ്യുന്നു. നിങ്ങള്‍ ഈ ശ്രമങ്ങള്‍ എടുത്തുകാണിക്കുകയാണെങ്കില്‍, അവരുടെ ഉത്സാഹം വര്‍ദ്ധിക്കുകയും മറ്റ് ജനപ്രതിനിധികള്‍ക്കും ക്രിയാത്മക രാഷ്ട്രീയത്തിന് പ്രചോദനം ലഭിക്കുകയും ചെയ്യും.

 സുഹൃത്തുക്കളേ,

 അമൃത് മഹോത്സവത്തില്‍ നമുക്ക് ഏറ്റെടുക്കാവുന്ന മറ്റൊരു പ്രധാന വിഷയം നമ്മുടെ ഭരണഘടനയും പൗര കര്‍ത്തവ്യവുമാണ്! രാജ്യത്തെ പൗരന്മാരുടെ കടമകളെക്കുറിച്ച് നിരന്തരമായ അവബോധം ആവശ്യമാണ്. ഈ അവബോധത്തിന് മീഡിയ ഒരു ഫലപ്രദമായ മാധ്യമമാണ്.  സന്‍സദ് ടിവി അത്തരം നിരവധി പ്രോഗ്രാമുകളുമായി വരുന്നുണ്ടെന്നാണു ഞാന്‍ മനസ്സിലാക്കുന്നത്.

 ഈ പരിപാടികളില്‍ നിന്ന് നമ്മുടെ യുവജനങ്ങള്‍ക്ക് നമ്മുടെ ജനാധിപത്യ സ്ഥാപനങ്ങളെക്കുറിച്ചും അവയുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ചും പൗരരുടെ കടമകളെക്കുറിച്ചും ധാരാളം പഠിക്കാനാകും. അതുപോലെ, വര്‍ക്കിംഗ് കമ്മിറ്റികള്‍, നിയമനിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ പ്രാധാന്യം, നിയമനിര്‍മ്മാണ സഭകളുടെ പ്രവര്‍ത്തനം എന്നിവയെക്കുറിച്ച് ധാരാളം വിവരങ്ങള്‍ ഉണ്ടാകും, അതുവഴി ഇന്ത്യയുടെ ജനാധിപത്യത്തെ ആഴത്തില്‍ മനസ്സിലാക്കാന്‍ സഹായിക്കും.

 താഴെത്തട്ടില്‍ ജനാധിപത്യമായി പ്രവര്‍ത്തിക്കുന്ന പഞ്ചായത്തുകളെക്കുറിച്ചുള്ള പരിപാടികള്‍ സന്‍സദ് ടിവി ചെയ്യുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. ഈ പരിപാടികള്‍ ഇന്ത്യയുടെ ജനാധിപത്യത്തിന് ഒരു പുതിയ ഊര്‍ജ്ജം, ഒരു പുതിയ ബോധം നല്‍കും.

 സുഹൃത്തുക്കളേ,

 നമ്മുടെ പാര്‍ലമെന്റ്, വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍, മാധ്യമങ്ങള്‍, സ്ഥാപനങ്ങള്‍ എന്നിവയ്ക്ക് വ്യത്യസ്തമായ പ്രവര്‍ത്തന മേഖലകളുണ്ട്.  എന്നാല്‍ രാജ്യത്തിന്റെ തീരുമാനങ്ങള്‍ നിറവേറ്റുന്നതിന് ഒരു കൂട്ടായ ശ്രമം ആവശ്യമാണ്.

 വ്യത്യസ്തമായ റോളുകളില്‍ നമ്മളെല്ലാവരും പങ്കുവെച്ച തീരുമാനങ്ങളുമായി മുന്നോട്ട് പോകുമെന്നും ഒരു പുതിയ ഇന്ത്യയുടെ സ്വപ്നം സാക്ഷാത്കരിക്കുമെന്നും എനിക്ക് ഉറപ്പുണ്ട്.

 ഈ വിശ്വാസത്തോടെ, ഞാനും രവി കപൂറിനെ അഭിനന്ദിക്കാന്‍ ആഗ്രഹിക്കുന്നു, കാരണം ഇത് അദ്ദേഹത്തിന്റെ മേഖല അല്ല. പക്ഷേ, ലോകമെമ്പാടുമുള്ള ആളുകളുമായി അദ്ദേഹം എങ്ങനെ കൂടിയാലോചിക്കുകയും അവരില്‍ നിന്ന് മാര്‍ഗനിര്‍ദേശം സ്വീകരിക്കുകയും ആശയങ്ങള്‍ സ്വീകരിക്കുകയും സന്‍സദ് ടിവിയെ രൂപപ്പെടുത്തുകയും ചെയ്തുവെന്ന് പറഞ്ഞത് എന്നെ ആകര്‍ഷിച്ചു. രവിയെയും അദ്ദേഹത്തിന്റെ മുഴുവന്‍ സംഘത്തെയും ഞാന്‍ അഭിനന്ദിക്കുന്നു. നിങ്ങള്‍ക്കെല്ലാവര്‍ക്കും വളരെയധികം അഭിനന്ദനങ്ങളും ആശംസകളും!

 നന്ദി!



(Release ID: 1755432) Visitor Counter : 178