വിദ്യാഭ്യാസ മന്ത്രാലയം

ഒരു രാജ്യത്തെ ജനങ്ങളുടെ പൊതുസ്വഭാവം രൂപപ്പെടുത്തുന്നതിനുള്ള പ്രധാന ഉപകരണങ്ങളിൽ ഒന്നാണ് വിദ്യാഭ്യാസം എന്ന് ശ്രീമതി അന്നപൂർണ്ണാദേവി 

Posted On: 08 SEP 2021 12:40PM by PIB Thiruvananthpuram

 

 
ന്യൂ ഡൽഹി, സെപ്റ്റംബർ 8, 2021
 
ശിക്ഷക് പർവിന്റെ ഉദ്ഘാടന സമ്മേളനത്തെ പ്രധാനമന്ത്രി നരേന്ദ്രമോദി 2021 സെപ്റ്റംബർ 7ന് വിദൂരദൃശ്യ സാങ്കേതികവിദ്യയിലൂടെ അഭിസംബോധന ചെയ്തിരുന്നു.
 
'ഗുണമേന്മയുള്ളതും സുസ്ഥിരവുമായ വിദ്യാലയങ്ങൾ; ഭാരതത്തിലെ വിദ്യാലയങ്ങളിൽ നിന്നുള്ള അറിവുകൾ' എന്ന ഈ വർഷത്തെ പ്രമേയത്തെ അടിസ്ഥാനമാക്കിയുള്ള ഒരു സാങ്കേതിക കൂട്ടായ്മയും  ഉദ്ഘാടന സമ്മേളനത്തിന് പിന്നാലെ നടന്നു.
 
വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ ചുമതലയുള്ള കേന്ദ്ര സഹമന്ത്രി ശ്രീമതി അന്നപൂർണ്ണാദേവി ചടങ്ങിൽ മുഖ്യാതിഥിയായിരുന്നു.
 
ദേശീയ വിദ്യാഭ്യാസ നയ സമിതി ചെയർമാൻ ഡോ. കെ കസ്തൂരിരംഗൻ ചർച്ചയ്ക്ക് ആധ്യക്ഷ്യം വഹിച്ചു. മന്ത്രാലയത്തിലെ മുതിർന്ന ഉദ്യോഗസ്ഥരും ചടങ്ങിൽ സന്നിഹിതരായിരുന്നു 
 
ഒരു രാജ്യത്തെ ജനങ്ങളുടെ പൊതു സ്വഭാവം രൂപപ്പെടുത്തുന്നതിനുള്ള പ്രധാന ഉപകരണങ്ങളിൽ ഒന്നാണ് വിദ്യാഭ്യാസം എന്നതിനാൽ, രാജ്യത്തിന്റെ വികസനം വിദ്യാഭ്യാസത്തെ വലിയതോതിൽ ആശ്രയിച്ചിരിക്കുന്നത് ആയി ശ്രീമതി അന്നപൂർണ്ണാദേവി ചടങ്ങിൽ അഭിപ്രായപ്പെട്ടു. അധ്യാപകരും വിദ്യാർത്ഥികളും ഒരുപോലെ അറിവ് സ്വന്തമാക്കണം എന്നത് അതീവ പ്രാധാന്യമുള്ള വിഷയം ആണെന്ന് അവർ എടുത്തുപറഞ്ഞു. കൂടാതെ, വർത്തമാനകാലത്ത് വിദ്യാഭ്യാസത്തിന്റെ പ്രാധാന്യം കൂടുതൽ  വർദ്ധിപ്പിക്കുന്നതിനായി, അവർ പ്രാദേശിക നൈപുണ്യങ്ങൾ പഠിച്ചെടുക്കുകയും, അനുഭവാധിഷ്ഠിത അധ്യയനം സ്വന്തമാക്കുകയും വേണമെന്നും കേന്ദ്ര മന്ത്രി അഭിപ്രായപ്പെട്ടു.
 
രാജ്യത്തിന്റെ വിദ്യാഭ്യാസ സംവിധാനത്തെ ശാക്തീകരിക്കുക എന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ദർശനം യാഥാർഥ്യമാക്കാൻ സമ്മേളനത്തിൽ ഉരുത്തിരിഞ്ഞുവരുന്ന ആശയങ്ങളും ചർച്ചകളും വഴി തുറക്കുമെന്ന പ്രതീക്ഷയും ശ്രീമതി അന്നപൂർണ്ണാദേവി പങ്കുവച്ചു.
 
IE
 
 


(Release ID: 1753436) Visitor Counter : 115